ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/ന്റെ കൊറോണേ
ന്റെ കൊറോണേ😷
കൊച്ചാപ്പു സ്വപ്നം കാണുകയാണ്. മുറ്റത്ത് എന്തോ ഒരു നിഴൽ. ഭീതിദമായ അന്തരീക്ഷം. ഏതൊരു മനുഷ്യജീവനുമെന്ന പോലുള്ള ജിജ്ഞാസ അവനിലും ഉണ്ടായി.ഉമ്മറത്തു നിന്നും മുറ്റത്തിറങ്ങി മുകളിലേക്ക് നോക്കിയതേ ഉള്ളു. അപ്പോഴേക്കും മഴ ഇരച്ചെത്തി.മഴയുടെ ആദ്യ തുള്ളികൾ മുഖത്ത് പതിച്ചപ്പോഴേക്കും കൊച്ചാപ്പു ഞെട്ടി യുണർന്നു.ആരോ കുറച്ചകലെ ബക്കറ്റ് താഴത്തു വയ്ക്കുന്ന ശബ്ദവും അവൻ കേട്ടു. കണ്ണുകൾ ബദ്ധപ്പെട്ടു തുറന്നപ്പോഴാണു മനസ്സിലായത് അതു കാർമേഘം പൊഴിച്ച മഴത്തുള്ളിയല്ല,മറിച്ച് അമ്മ കാർത്യായനി ബക്കറ്റിൽ വെള്ളം കോരി ഒഴിച്ചതാണെന്ന്. ഒരാശ്വാസം -ഫോൺ നനഞ്ഞിട്ടില്ല. അനിയൻ കൊച്ചാപ്പിയെ കണ്ടില്ല.കാര്യം തിരക്കിയപ്പോൾ അവൻ പണിക്കുപോയിക്കഴിഞ്ഞു. പിന്നെയായിരുന്നു ചക്കിൽ ബന്ധിച്ച കാളകളെ പോലെ ഇഴഞ്ഞു നീങ്ങുന്ന ഘടികാരത്തിലെ സൂചികൾ കണ്ടത്.ഇന്നവൻ നേരത്തെ എഴുന്നേറ്റു - 10 മണി. ചായ കുടിച്ചു.ഉമിക്കരി തിരക്കി വിട്ടുമാറാത്ത ഉറക്കച്ചടവോടെ നടന്നു നീങ്ങി.ഉമിക്കരിയെടുത്ത് കൂട്ടിത്തിരുമ്മുമ്പോഴേക്കും അമ്മ വന്നു. അടുക്കളയിലെ കാടിവെള്ളം തെങ്ങിൻ ചുവട്ടിലേക്ക് വീശിയെറിഞ്ഞു കൊണ്ട് പരിഹാസചതുരയായി പുലമ്പി: " ആ ഇന്നെന്റെ മോന് എന്തു പറ്റീ.!! പതിവില്ലാതെ പല്ലു തേക്കുന്നു." " ഡാ... ഇന്ന് നാടു കാണാൻ പോണില്ലേടാ ". അതും കേട്ട് കൊച്ചാപ്പു അവിടെ നിന്നും അപ്രത്യക്ഷനായി. അയ്യോ, നമ്മൾ കൊച്ചാപ്പുവിനെ പരിചയപ്പെട്ടില്ലല്ലോ. നമ്മൾ ബസ്സിലും മറ്റും പോകുമ്പോൾ KSRTC സൂപ്പർഫാസ്റ്റിനെപ്പോലും വെട്ടിച്ച്, ശരവേഗത്തിൽ ലങ്കയിലേക്കു കുതിക്കുന്ന ഹനുമാനെ പോലെ ഇരുചക്രവാഹനത്തിൽ പായുന്നവരെ നമ്മൾ കാണും. എങ്ങാനും ചെക്കിങ്ങിൽ പോലീസ് പിടിച്ചു ചോദ്യം ചെയ്താൽ ലൈസൻസ് ഇല്ലാതെ, Insurance ഇല്ലാതെ, എന്തിന് 18 തെകയാത്ത ചേട്ടന്മാരെ കാണാം. ആ ഗണമാകുന്ന കായലിന്റെ കൈത്തോട്ടിൻ കരയിൽ ചൂണ്ടയിടുന്ന കൊച്ചു ചെറുക്കനാണ് ഈ കൊച്ചാപ്പു. ദൈവം കനിഞ്ഞ് നല്ല ആരോഗ്യവാനും ഒന്നിനോടും അതിയായ ഭ്രമമില്ലാത്തവനുമാണ് കൊച്ചാപ്പു. വേലയും കൂലിയുമി ല്ലാത്തവർക്ക് ഒരു സ്ഥിരം സദ്യയുടെ കഥ പറയാനുണ്ടാകും .വീട്ടുകാരുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും നല്ല ഒന്നാംതരം ശകാരസദ്യ. അവന്റെ വീട്ടിലും ഈ സദ്യ സ്ഥിരം സംഭവമാണ്. നേരത്തേ അമ്മയുടെ നാവിൽ നിന്നു കേട്ടത് അതിലെ പച്ചടിയാണ്. കിച്ചടിയും അവിയലും എന്തിനേറെ, ചോറും സാമ്പാറും വരെ ഓരോ ദിവസവും അവനു കിട്ടും. ചിലത് വിളമ്പുക നാട്ടുകാരാകും. നിർഭാഗ്യവശാൽ ശർക്കര പെരട്ടിയും പായസവും ഒരു ദിവസം പോലും അവന് കിട്ടിയിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, അതിനുള്ള അവസരം മാത്രം വീണു കിട്ടാറില്ല. ചോറു കിട്ടുക വൈകുന്നേരം അപ്പൻ വീട്ടിൽ എത്തുമ്പോഴാണ്. ഇതെല്ലാം സ്ഥിരം കേൾക്കുന്ന കാരണം വെള്ളത്തിന്റെ ആവശ്യം ഇല്ലാതാകുന്നു. പതിവുതെറ്റിയില്ല. സൈക്കിളുമെടുത്ത് ചങ്ങാതിയായ കുട്ടന്റെ വീട്ടിലേക്ക് പോകും വഴി ചോറും ശർക്കര വരട്ടിയും പായസവുമൊഴികെ എല്ലാം കിട്ടി. അങ്ങനെ കുട്ടന്റെ വീട്ടിലെ മാതൃഭൂമി പത്രം ഒരു കാരണവുമില്ലാതെയായിരുന്നു അന്ന് അവന്റെ കണ്ണിലുടക്കിയത്. പത്രത്തില് ദേ നിക്കണ് പ്രധാനമന്ത്രി ' .രാജ്യമാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. എന്തോ പണിയുള്ള കാര്യമാണ്. കൊറോണ പരന്ന കാലമാണല്ലോ, അത് സംബന്ധിച്ചായിരിക്കും .കൊച്ചാപ്പുവിന്റെ സംശയം അസ്ഥാനത്തായില്ല. വാർത്ത വായിച്ച അവൻ ഞെട്ടി. 23ന് കർഫ്യു .തുടർന്ന് 21 ദിവസം ലോക് ഡൗൺ. ആ സമയത്ത് ജോലിയില്ലാത്ത കൊച്ചാപ്പുവിന്റെ മനസിലെവിടെയോ ഒരു ലഡ്ഡു പൊട്ടി. തൊട്ടു താഴത്തെ വാർത്തകൂടി വായിച്ചു: ' കേരളത്തിൽ മാസ്കിന് ക്ഷാമം' എന്ന് ചെരിപ്പൂരി പടികൾ ചവിട്ടിയപ്പോൾ ഒരു ഉൾവിളി പോലെ ആ ആശയം മനസിൽ അങ്ങനെ അലതല്ലി. സ്വന്തം ചെലവിൽ മാസ്ക്കുണ്ടാക്കി വിതരണം ചെയ്യുക . ഫോണിനെ അക്ഷമനായി കുത്തിനോവിക്കുന്ന കുട്ടനെ നോക്കി കൊച്ചാപ്പു വാതിൽപ്പടി കയറി. ആദ്യ ചുവടുവച്ചപ്പോൾ "ഓടെടാ പുല്ലേ " എന്ന് അതിഘോര സ്വരത്തിൽ കുട്ടൻ അലറി. ഇവന് എന്തു പറ്റി എന്ന് ചെറു ആശങ്കയോടെ ,മെല്ലെ അടുത്തുചെന്ന കൊച്ചാപ്പുവിന്റെ മുഖം തെളിഞ്ഞു. പേടിക്കേണ്ട ,PUBG ആയിരുന്നു. പെട്ടെന്നു തന്നെ കുട്ടൻ കളിയിൽ തോറ്റു, ഫോണും ചത്തു.ആ ഇടവേള മുതലാക്കി കൊച്ചാപ്പു അവന്റെ മനസു തുറന്നു. "എടാ കുട്ടാ, നമുക്ക് നമ്മടെ ചെലവില് മാസ്ക്കുണ്ടാക്കി പോലീസിനും ആരോഗ്യ വകുപ്പിനും കൊടുത്താലോ? " കുട്ടൻ വായ കുറച്ച് വിടർത്തി, പുഞ്ചിരിച്ചു കൊച്ചാപ്പൂനെ നോക്കി പറഞ്ഞു " നല്ല കാര്യം". കൊച്ചാപ്പുവിന്റെ കണ്ണുകൾ ആനന്ദത്തിലായി. പിന്നെ തുടർന്നു . " നമുക്ക് ആദ്യം Youtube-ൽ നോക്കി മാസ്ക് ഉണ്ടാക്കുന്നത് പഠിക്കാം. പഠിച്ച അന്നു തന്നെ അതിനുള്ള തുക ഉപയോഗിച്ച് അവശ്യസാധനങ്ങളും വാങ്ങാം." കേട്ടയുടൻ കുട്ടൻ ചോദിച്ചു: "എത്രയെണ്ണം ഉണ്ടാക്കും?" കൊച്ചാപ്പു പറഞ്ഞു - "1000 എണ്ണം " കുട്ടൻ വീണ്ടും ചോദിച്ചു: "ആര്ണ്ടാക്കും" കൊച്ചാപ്പു കുറച്ചു നേരം ആലോചിച്ച ശേഷം പറഞ്ഞു: അത്.... നമ്മുടെ വീടിനടുത്ത് ഉച്ചനേരങ്ങളിൽ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന, എന്നാൽ തയ്യൽ മെഷീൻ ഉള്ള വരുമായ വീട്ടമ്മമാരെ കണ്ടെത്താം. ഒരാളെ കൂടുതൽ ഉൾപ്പെടുത്തണം ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ ഇപ്പറഞ്ഞയാള് ചെയ്തോളും. ചെയ്തു കിട്ടിയത് ഓരോ ദിവസവും ശേഖരിച്ച് ,എണ്ണിത്തിട്ടപ്പെടുത്തി പിറ്റേ ദിവസം രാവിലെ 9 മണിക്കു പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും എത്തിക്കണം." ഇരുവരുടെയും ചർച്ച കേട്ട് കുട്ടന്റമ്മ സുമതി അടുക്കളയിൽ നിന്നും അവരെ ഒന്നു പാളി നോക്കി;കാക്ക മലർന്നു പറന്നു എന്നു കേട്ട പോലെ. എണ്ണാൻ ആളെ നോക്കുന്ന കുട്ടൻ തല വെട്ടിച്ചപ്പോൾ കണ്ടത് സുമതിച്ചേച്ചിയെയാണ്. കുട്ടൻ കാര്യം പറഞ്ഞു. വീട്ടിൽ അമ്മയോടും കൊച്ചാപ്പു വിവരം പറഞ്ഞു. കാര്യങ്ങൾ ഡബിൾ OK. പദ്ധതിക്ക് 10000 രൂപ അവർ സ്വരൂപിച്ചു.അതിൽ 3000 രൂപയും ബക്കറ്റ് പിരിവാണ്. ബാക്കി 7000 രൂപ കൂട്ടുകാരും വീട്ടുകാരും കൊടുത്തതാണ്. 2 ദിവസവും കഴിഞ്ഞു. മറ്റന്നാൾ ജനതാ കർഫ്യൂ .അവരുടെ പദ്ധതി പ്രകാരം വാങ്ങിച്ച തുണിയിൽ നിന്നു തൈച്ചത് 1050 മാസ്കുകൾ.11 വീട്ടമ്മമാരും കൊച്ചാപ്പുവും കുട്ടനും അവരുടെ അമ്മയും ഒത്തു പിടിച്ചപ്പോൾ 1000 മാസ്കെന്ന കരിമല താനേ പോന്നു. പിറ്റേന്നു തന്നെ മാസ്കുകൾ നാട്ടിലെ പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. ഫേസ് ബുക്കിലും വാട്സാപ്പിലും ഇപ്പോൾ ഇവരാണ് താരങ്ങൾ. വിശിഷ്ട വ്യക്തികളുൾപ്പെടെയുള്ളവരുടെ അഭിനന്ദന പ്രവാഹമായി. കൊച്ചാപ്പുവിനെയും കുട്ടനെയും വഴിയേ പോകുമ്പോൾ കാർ ക്കിച്ചു തുപ്പുന്നവർ, പുച്ഛിക്കുന്നവർ, പണിയെടുത്ത് ജീവിക്കെടാ എന്ന് അമർഷത്തോടെ പറയുന്നവർ പിന്നെ താനേ താണുവണങ്ങുന്നു. അഭിനന്ദിക്കുന്നു. കൊറോണയെ കേരളത്തിന്റെമേൽ വീഴാതിരിക്കാൻ നടത്തുന്ന പോരാട്ടത്തിന് തന്നാലാകും വിധം അവരും നൽകി ഒരു കൈത്താങ്ങ്.. ആ താങ്ങൽ Zero ആയിരുന്ന കുട്ടനെയും കൊച്ചാപ്പുവിനെയും നാട്ടിലെ Hero കളാക്കി മാറ്റി. 🙏🏻😎 ന്റെ കൊറോണേ ......!.🙏🏻 😎 .................................
ചാലക്കുടി |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ