ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി - എന്താണ് പരിസ്ഥിതി?
പരിസ്ഥിതി - എന്താണ് പരിസ്ഥിതി?
നമുക്കു ചുറ്റും കാണുന്ന തികച്ചും പ്രകൃതിദത്തമായ ഘടകം. ഇതാണ് പരിസ്ഥിതി എന്ന് ഒറ്റവാക്കിൽ പറയാം. വൈവിധ്യമാർന്ന ജന്തുക്കളും സസ്യങ്ങളും എല്ലാം നമ്മുടെ ഭൂമിയിലുണ്ട്. ഒന്നു മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജീവജാലങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ഒരു ജീവിയാണ് മനുഷ്യൻ. അവൻ്റെ വിവേകം മറ്റുള്ള ജീവികളിൽ നിന്നും അവനെ വേർതിരിച്ചു നിർത്തുന്നു. എന്നാൽ പ്രകൃതിയെ ആശ്രയിക്കാതെ മനുഷ്യനും നിലനിൽപ്പില്ല. എന്നാൽ മനുഷ്യൻ്റെ ബുദ്ധി തന്നെ അവൻ്റെ രക്ഷയ്ക്കും അതെ സമയം നാശത്തിനും കാരണമാകുന്നു. മനുഷ്യൻ്റെ ബുദ്ധിയിലൂടെ തന്നെ ശാസ്ത്രവും ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്നു. പ്രകൃതിയാൽ അല്ലാതെ കൃത്രിമമായും അവൻ്റെ സൃഷ്ടികൾ വളർന്നു. അത്തരത്തിലുള്ള സൃഷ്ടികൾ നമ്മുടെ പ്രകൃതിക്കും ഭീഷണിയായി. അവൻ ആകാശത്തോളം ഉയരുന്ന സുന്ദരമായ സൗധങ്ങൾ പണിയാൻ മരങ്ങൾ വെട്ടി നശിപ്പിക്കാൻ തുടങ്ങി. അതു നമുക്ക് തന്നെ ദോഷമായി തീർന്നു. ഋതുഭേദങ്ങൾ മാറി വന്നു. അന്തരീക്ഷത്തിൽ ഓക്സിജൻ്റെ അളവു കുറഞ്ഞു. മലവെള്ളപാച്ചിലിനും മണ്ണിടിയലിനും കാരണമായി. മറ്റൊരു ഭീഷണി വനത്തിൽ മരങ്ങൾ വെട്ടിനശിപ്പിച്ചതിലൂടെ വന്യമൃഗങ്ങൾക്ക് അവിടെ വസിക്കാനുള്ള സാഹചര്യം ഇല്ലാതായി. അവ നാട്ടിലിറങ്ങി മനുഷ്യൻ്റെ കൃഷിയും മറ്റും നശിപ്പിക്കാൻ തുടങ്ങി. മനുഷ്യൻ്റെ ജീവനും ഭീഷണിയായി. പരിസ്ഥിതി മലിനീകരണം പലവിധത്തിലാണ്. പ്രകൃതി മലിനീകരണം കൂടാതെ അന്തരീക്ഷ മലിനീകരണം ശബ്ദമലിനീകരണം ജലമലിനീകരണം തുടങ്ങിയവയാണ്. മനുഷ്യൻ്റെ കൃത്രിമ നിർമ്മാണങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷമയമാകുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു . ഇന്ന് റോഡിൽ വാഹനങ്ങൾ പെരുകുന്ന ഒരു കാലം കൂടിയാണ്. വാഹനങ്ങളിൽ നിന്നും പുറത്തേക്ക് വിടുന്ന കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. കൂടാതെ ഇത്തരത്തിലുള്ള വിഷമയമായ പുകകൾ നമ്മുടെ ഭൂമിക്ക് സംരക്ഷണമായിട്ടുള്ള ഓസോൺ പാളികളിൽ വിള്ളൽ വീഴ്ത്തുന്നു. വിള്ളൽ വീഴുന്നതു മൂലം സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്താൻ കഴിയാതെ അവ നേരിട്ട് ഭൂമിയിൽ പതിക്കുകയും ത്വക്ക് ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. പരിസ്ഥിതിയിൽ അടുത്ത വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പ്ലാസ്റ്റിക്. അതും അവൻ്റെ കൃത്രിമ സൃഷ്ടി തന്നെയാണ്. ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ പറ്റാത്ത പ്ലാസ്റ്റിക്കുകൾ ആവശ്യം കഴിഞ്ഞു മനുഷ്യൻ തന്നെ നമ്മുടെ ജലാശയങ്ങളിലും മണ്ണിലും വലിച്ചെറിയുന്നു. ഇത്തരം പ്ലാസ്റ്റിക്കുകൾ കടൽ ജീവികൾ ഭക്ഷിക്കുന്നതിലൂടെ അവ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നു. ഇത് ജലമലിനീകരണത്തിന് കാരണമാകുന്നു കടൽ വിഭവങ്ങളെ സാരമായി ബാധിക്കുന്നു മണ്ണിൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ലയിക്കില്ല. അതു മണ്ണിനെ കേടാക്കുന്നു. മണ്ണിലെ ഗുണകരമായിട്ടുള്ള ബാക്ടീരിയകളെ നശിപ്പിക്കുന്നു. നാം കൃഷിക്ക് ആവശ്യമായ രാസവളപ്രയോഗം മണ്ണിൽ നടത്തുന്നതും ജല മലിനീകരണത്തിന് കാരണമാകുന്നു. തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തള്ളുന്ന മാലിന്യങ്ങൾ, നഗരത്തിലെ ഓടകളിൽ നിന്നുള്ള മാലിന്യങ്ങൾ, ചപ്പുചവറുകൾ, ഡിറ്റർ ജൻ്റുകൾ എന്നിവ ജല മലിനീകരണത്തിന് കാരണമാകുന്നു. പരിസ്ഥിതി ഇനിയും നാശത്തിലേക്ക് പോകാതെ മനുഷ്യൻ ഒത്തൊരുമയോടെ വിചാരിച്ചാൽ രക്ഷപ്പെടുത്താൻ സാധിക്കും. മരങ്ങൾ വച്ചു പിടിപ്പിക്കാം. മരം ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. 'മരം ഒരു വരം' എന്നാണല്ലോ പറയുന്നത്. പരിസരം മലിനമാകാതിരിക്കാൻ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ മനുഷ്യൻ ഇന്ന് ബോധവാന്മാർ കൂടിയാണ്. രാസവള പ്രയോഗത്തിന് പകരം ജൈവ വളങ്ങൾ ഉപയോഗിക്കാം. മനുഷ്യൻ അറിഞ്ഞും അറിയാതെയും ഭൂമിയെ നശിപ്പിക്കുമ്പോൾ പ്രകൃതിക്ഷോഭങ്ങളി ലൂടെയും മഹാവ്യാധി കളിലൂടെയും ഭൂമിതന്നെ മനുഷ്യനോട് പ്രതികരിച്ച് നമ്മെ ബോധവാന്മാരാക്കുക കൂടിയാണ് ചെയ്യുന്നത്. ശുചിത്വം:- ശുചിത്വം എന്നാൽ പരിസ്ഥിതിയും വ്യക്തിയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തി ശുചിത്വം മാത്രം പാലിച്ചാൽ പോര പരിസ്ഥിതിയും ശുചിത്വമുള്ളതായിരിക്കണം. ഒരു നാടിൻ്റെ വികസനം മുഴുവൻ ആരോഗ്യമുള്ള ജനത യിലാണ് ഉൾക്കൊണ്ടിരിക്കുന്നത്. പാഴായസ്തുക്കൾ മണ്ണിലേക്ക് വലിച്ചെറിയരുത്. ശുചിത്വത്തിൻ്റെ കാര്യം പറയുമ്പോൾ തന്നെ നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊ വിഡ് 19. കൊറോണ വൈറസിനെ കുറിച്ച് വ്യക്തമായ ഒരു അനുമാനത്തിൽ എത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ചൈനയിലാണ് ഇതാദ്യം പടർന്നുപിടിച്ചത് ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ പച്ചയായ മാംസങ്ങൾ എല്ലാം ഭക്ഷിക്കുന്ന ഒരു ജീവിതശൈലിയാണ് അവരുടേത്. ഭക്ഷയോഗ്യമായ മാംസങ്ങൾ മാത്രം നല്ലതുപോലെ വേവിച്ചു കഴിക്കുക എന്നുള്ള കാര്യം ഇലൂടെ ശ്രദ്ധേയമാണ്. ജലദോഷം പടരുന്നതുപോലെ കൊറോണ ഇന്ന് ഏതാണ്ട് ലോകരാജ്യങ്ങളെ എല്ലാം കീഴടക്കി കഴിഞ്ഞു. നാമെല്ലാം പരസ്പരം അകലം പാലിക്കുന്ന ഒരു വിശേഷത്തിലേക്ക് കടന്നു. പുറത്തിറങ്ങാൻ കഴിയാതെ അവരവരുടെ വീടുകളിൽ മാത്രം ഒതുങ്ങി കഴിയേണ്ട സ്ഥിതിയായി. നമ്മുടെ വാണിജ്യ-വ്യവസായങ്ങളെ എല്ലാം അത് സാരമായി ബാധിച്ചു. ഈ രോഗത്തിനെ ചെറുക്കുന്നതിന് പ്രതിരോധ നടപടിയായി ലോകമൊന്നടങ്കം വിളിച്ചോതുന്നത് ഓരോ വ്യക്തിയുടെയും ശുചിത്വവും പരിസര ശുചിത്വവും തന്നെയാണ്. അടുത്തതായി നമ്മുടെ പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന ഒന്ന് വീടിനുള്ളിലെ മാലിന്യങ്ങൾ, കക്കൂസ് മാലിന്യങ്ങൾ, പൗൾട്രി ഫാമിലെ അവശിഷ്ടങ്ങൾ മുതലായവ പൊതു സ്ഥലങ്ങളിൽ തള്ളുന്നു എന്നതാണ്. അവ പരിസരം ദുർഗന്ധമയമാക്കുന്നു. കൂടാതെ അതിൽ പെരുകുന്ന ഈച്ചകളും കൊതുകുകളും എത്ര മാരകമായ വിപത്താണ് മനുഷ്യന് ഉണ്ടാക്കി വയ്ക്കുന്നത് എന്ന് അവർ അറിയുന്നില്ല. എല്ലാ വിദ്യാർത്ഥികളും നാളത്തെ നമ്മുടെ സമൂഹത്തിലെ നല്ല പൗരന്മാരാവണമെങ്കിൽ ശുചിത്വത്തെ കുറിച്ചും വൃത്തിയുള്ള പരിസരത്തെ കുറിച്ചും ഇന്നേ ബോധവാൻമാരാകേണ്ടീയിരിക്കുന്നു. കടകളിലും മറ്റുമുള്ള വൃത്തിഹീനമായ ഭക്ഷണപദാർത്ഥങ്ങൾ എത്ര രുചി ഉണ്ടെങ്കിലും അവ വാങ്ങി കഴിക്കരുത് എന്ന് കുട്ടികളെ ബോധവാന്മാരാക്കുക. അതിൽ ഈച്ചകൾ മുട്ടയിട്ട് പെരുകാനിടയുണ്ട്. ഡെങ്കിപ്പനി , മലമ്പനി, ജപ്പാൻ ജ്വരം, മഞ്ഞപ്പിത്തം, കോളറ, പലതരത്തിലുള്ള ത്വക് രോഗങ്ങൾ എന്നിവ ശുചിത്വ കുറവ് മൂലം വരുന്ന രോഗങ്ങളാണ്. പ്രതിരോധം:- പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ നാം പ്രധാനമായി ചെയ്യേണ്ടത് പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക തന്നെയാണ്. സൃഷ്ടിക്കപ്പെടുന്ന മാലിന്യം പുനരുപയോഗത്തിന് വിധേയമാക്കിയാൽ മാലിന്യത്തിൽ നിന്ന് മോചനം നേടാം. മാലിന്യങ്ങൾ കുറച്ചുകൊണ്ടുവരാനുള്ളമനോഭാവം ജനതയ്ക്ക് വേണം. അടുക്കള അവശിഷ്ടങ്ങൾ കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിക്കാം. ഇത് ജൈവവളമാക്കി മാറ്റാം. മാലിന്യങ്ങൾ വലിച്ചെറിയാതെ അവ സംസ്കരിക്കണം. വിസർജ്യങ്ങൾ പൊതുസ്ഥലങ്ങളിൽ പാടില്ല. ഓരോ വ്യക്തിയും ശുചിത്വം പാലിക്കണം. നമ്മുടെ ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കണം. ആഹാരത്തിന് മുൻപും പിൻപും കൈകൾ സോപ്പിട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കണം. ദിവസവും കുളിക്കണം. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി നല്ല വസ്ത്രങ്ങൾ ധരിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇതെല്ലാം വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു. ഇന്ന് ലോകത്താകമാനം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു വൈറസാണ് കൊറോണ.അതിനെ ഓരോരുത്തരും വിചാരിച്ചാൽ ചെറുത്തു നിർത്താൻ കഴിയും. ചില ആചാരങ്ങളും ആഡംബരങ്ങളും കുറച്ചുകാലത്തേക്ക് മാറ്റിവയ്ക്കാം. ഹസ്തദാനത്തിനു പകരം നമസ്തേ പറയാം. മാസ്ക് ധരിക്കാം. ഇടയ്ക്കിടെ കൈകൾ കഴുകി വൃത്തിയാക്കണം. രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ ആണ് ഈ അസുഖം പെട്ടെന്ന് പടരുന്നത്. അതിനാൽ സമീകൃത പോഷകാഹാരം കഴിക്കണം. തിളപ്പിച്ചാറിയ വെള്ളം രണ്ട് ലിറ്റർ കുടിക്കണം. കൃത്യമായ വ്യായാമം ചെയ്യണം. തലച്ചോറിന് ശരിയായ വിശ്രമം കിട്ടാൻ ആറു മണിക്കൂർ ഉറങ്ങണം. ലഹരി ഉപയോഗം പൂർണമായി ഒഴിവാക്കണം. ടെൻഷൻ ഒഴിവാക്കുക. പ്രഷർ പ്രമേഹം, നിയന്ത്രിച്ചു നിർത്തുക. വ്യക്തി ശുചിത്വം പാലിക്കുക. തുടങ്ങിയവയെല്ലാം കൊറോണാ വൈറസിനെ പോലെയുള്ള മഹാ വ്യാധികളെ ചെറുക്കാനുള്ള പ്രതിരോധനടപടികളാണ്. പണ്ടുകാലത്ത് കാർത്തികദീപം വീട്ടിൽ തെളിയിച്ചിരുന്നു. കാർഷിക വിളകൾ തിന്നു നശിപ്പിക്കുന്ന മനുഷ്യന് വിനയാകുന്ന ധാരാളം കീടങ്ങൾ ദീപത്തിൽ ആകൃഷ്ടരായി വീണ് നശിച്ചിരുന്നു സന്ധ്യക്ക് വിളക്ക് കത്തിക്കുമ്പോൾ കുന്തിരിക്കം പുകയ്ക്കുന്നത് വായുവിൽ തങ്ങി നിൽക്കുന്ന അണുക്കളെ ഇല്ലാതാക്കിയിരുന്നു. ചിങ്ങം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വീടിന് അകവും പുറവും വൃത്തിയാക്കിയിരുന്നു ഇതിനെ 'മൂദേവി കളയൽ' എന്നാണ് പറഞ്ഞിരുന്നത് ഇതിലൂടെ വീടിൻ്റെ അകത്ത് കൈയെത്താത്ത മൂലകൾ പോലും വൃത്തിയാക്കപ്പെ ട്ടിരുന്നു. ഇന്ന് ഇതൊക്കെ ആധുനിക ജനതയുടെ ആഡംബരങ്ങളിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മൾ പുറത്തു പോയി വന്ന് കൈകാൽ കഴുകി വീടിനകത്ത് കയറുന്ന ഒരു സമ്പ്രദായം പണ്ട് കേരളത്തിൻ്റെ സംസ്കാരമായി നിലകൊണ്ടിരുന്നു . ഇന്ന് ആധുനികതയുടെ ഫാഷൻ തേടി പോകുന്ന നമ്മൾ അതൊക്കെ വിസ്മൃതിയിലാക്കി കഴിഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള കേരളത്തിൻ്റെ സംസ്കാരം ഇന്ന് എപ്പോഴോ നമ്മൾ തേടിപ്പോയിരിക്കുന്നു. ഇന്ന് ലോകത്ത് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊവിഡ് 19 എന്ന മഹാമാരിയിലൂടെ പ്രധാനമായും വ്യക്തിശുചിത്വമാണ് വിളിച്ചോതുന്നത്. ശാസ്ത്രം എത്ര വളർന്നാലും ആധുനിക മനുഷ്യൻ എന്തൊക്കെ പരിഷ്കാരങ്ങൾ വരുത്തിയാലും ശുചിത്വത്തിന് വേണ്ടി ഇത്തരത്തിലുള്ള പഴമകൾ തേടി പോകുന്നത് ഗുണം ചെയ്യും ഓരോ വ്യക്തിയും ശുചിത്വം പാലിക്കുക അപ്പോൾ സമൂഹവും നമ്മുടെ പരിസരവും ശുചിയാകും. ശുചിത്വത്തെക്കുറിച്ച് വിദ്യാർത്ഥി സമൂഹത്തെ ബോധവാന്മാരാക്കി നല്ല ജനതയെ വാർത്തെടുക്കുക 'കേരളം ദൈവത്തിന്റെ സ്വന്തം നാട്', 'ശുചിത്വ കേരളം സുന്ദര കേരളം' എന്ന സുന്ദരമായ വാക്യങ്ങൾക്ക് മൂല്യമേറും. പരിസര ശുചീകരണവും വ്യക്തിശുചിത്വവും പാലിക്കാതെ മഹാ വ്യാധികൾ പിടികൂടുന്നതിനെക്കാളും എത്രയോ നല്ലതാണ് അവ വരാതെയുള്ള മുൻകരുതലുകൾ നാം പാലിക്കുന്നത്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം