തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്


പരിസ്ഥിതി സംരക്ഷണം

നമ്മുടെ മുൻ തലമുറ നമുക്ക് കൈമാറിയതാണ് ഈ ഭൂമി. വലിയ കോട്ടമൊന്നും ഏൽപ്പിക്കാതെയാണ് നമ്മളെ ഇത് ഏൽപ്പിച്ചത്. അതേ രീതിയിൽത്തന്നെ ഇത് വരും തലമുറയ്ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്. എന്നാൽ ഇന്നത്തെ തലമുറ എന്താണ് ചെയ്യുന്നത്? നമുക്ക് ലഭിച്ച ഭൂമിയേ എങ്ങിനെ നശിപ്പിക്കാം എന്ന കാര്യത്തിൽ ഗവേഷണം നടത്തുകയാണ്. പൊന്നോണത്തിന് പൂക്കൾ തരുന്ന കുന്നുകൾ എവിടെയെങ്കിലുമുണ്ടോ? എല്ലാം ജെ.സി.ബി.യുടെ യന്ത്രക്കൈകൾ കീറി മുറിച്ച് നശിപ്പിച്ചില്ലേ?കുന്നുകൾ ഇല്ലാതായതോടെ കിണറുകളിലെ മധുരമൂറുന്ന ദാഹജലമാണ് ഇല്ലാതായത്.ഇന്ന് നമ്മുടെ ഗ്രാമങ്ങളിൽ പോലും ക്ലോറിൻ കലർന്ന പൈപ്പ് വെള്ളം കുടിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. പൊൻകതിരൊളി വിതറുന്ന നെൽവയലുകൾ മുഴുവൻ ഓർമ്മകളായി. ഇവ കാണണമെങ്കിൽ കുട്ടനാട്ടിൽ പോകേണ്ട അവസ്ഥയാണ് മലയാളിക്ക്. നാട്ടിലെവയലുകൾ മുഴുവൻ ഫ്ലാറ്റുകൾ കൊണ്ട് നിറഞ്ഞു.വയലുകളിൽ വിളയുന്ന കണിവെള്ളരിയും ചീരയും ഇന്ന് സ്വപ്നം മാത്രമായി ഒതുങ്ങി. കർണ്ണാടകയിൽ നിന്ന് വിഷം തളിച്ച പച്ചക്കറികൾ കഴിക്കേണ്ട ഗതികേടിലാണ്നമ്മൾ.നമ്മുടെ നാട്ടിലെ നദികളുടെ അവസ്ഥയും ദയനീയമാണ്.ഏറ്റവും കൂടുതൽ നദികളുള്ള നാടായിട്ട് കൂടി വേനൽക്കാലം കുടിനീരിനായി നെട്ടോട്ടമോടുകയാണ് നമ്മൾ. മഴ പെയ്താൽ മാത്രമേ നദികളിൽ വെള്ളമുള്ളൂ എന്ന അവസ്ഥയാണ്. മണൽ മാഫിയ നദികളിലെ മണലൂറ്റി ക്കൊണ്ടിരിക്കുന്നു. കാടുകൾ കയ്യേറി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ലോക പൈതൃക പട്ടികയിലിടം പിടിച്ച പശ്ചിമഘട്ടം ഇന്ന് നിലനിൽപ്പിന്റെ ഭീഷണിയിലാണ്. നമ്മുടെ വീട് നമ്മൾ എത്രമാത്രം ശുഷ്കാന്തിയോടെയാണ് സംരക്ഷിക്കുന്നത് എന്ന് എല്ലാവർക്കുമറിയാമല്ലോ? വളരെ വെടിപ്പായി ഒരു കോട്ടവും വരാതെ യാണ് സംരക്ഷിക്കുന്നത്.ഈ നാടും നമ്മുടെ വീട് തന്നെയാണ്.ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. ഈ തിരിച്ചറിവ് എല്ലാ ആളുകൾക്കു മുണ്ടാവണം. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമായി കാണണം. ചെറുപ്പത്തിൽത്തന്നെ ഇത് കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയണം. പ്രകൃതിയെ ദൈവത്തെ പോലെ കരുതണം. അതിനെ നശിപ്പിക്കുന്നത് പാപമാണെന്ന ചിന്ത ഓരോരുത്തരിലുണ്ടായാൽ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കപ്പെടും.

അനുഗ്രഹ് ശ്രീയേഷ്
6 തന്നട സെൻട്രൽ യു.പി. സ്കൂൾ , കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം