ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/അവധിക്കാലം അന്നും ഇന്നും
അവധിക്കാലം അന്നും ഇന്നും
സ്‌കൂൾ അടക്കാൻ കാത്തിരിക്കുന്ന കുട്ടികളെ തേടിവരുന്ന ആദ്യത്തെ ആഘോഷമാണ് വിഷു. കുടുംബത്തിലെ എല്ലാവരും തറവാട്ടിൽ ഒത്തുകൂടുന്ന അവസരങ്ങളിൽ ഒന്നാണിത്. കുട്ടികൾ ആർത്തുല്ലസിച്ച് പറമ്പുകളിലെല്ലാം ഓടി നടന്നു ചക്കയും മാങ്ങയും തിന്നുന്നു. പടക്കം വാങ്ങുന്നതിനുവേണ്ടി അമ്മാവന്മാരെ ഏർപ്പാടു ചെയ്യുന്നു. അവർ കൊണ്ടു വരുന്ന കമ്പിത്തിരികളും മത്താപ്പുകളും നിലച്ചക്രങ്ങളും കത്തിക്കുവാനും പടക്കങ്ങൾ പൊട്ടിക്കാനും കുട്ടികൾക്കിടയിൽ മത്സരം ഉണ്ടാകുമായിരുന്നു. മുതിർന്ന സ്ത്രീകളെല്ലാവരും പുലർച്ചെ എഴുന്നേറ്റ് കുട്ടികൾക്ക് കണികാണാൻ വേണ്ട സാധനങ്ങൾ ഒരുക്കി വയ്ക്കുമായിരുന്നു. കണി തയാറായാൽ ഓരോ കുട്ടികളെയും കണ്ണു പൊത്തി കൊണ്ടുവന്നു കണി കാണിക്കും. അതിനുശേഷം മുതിർന്നവർ എല്ലാവരും കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുന്നു. കുട്ടികൾ പുത്തനുടുപ്പിട്ട് കളിച്ചും പടക്കം പൊട്ടിച്ചും നടക്കുമ്പോൾ മുതിർന്നവർ വിഭവസമൃദ്ധമായ സദ്യ ഒരുക്കി എല്ലാവർക്കും വിളമ്പുന്നു. അങ്ങനെ ആഘോഷമായി കൊണ്ടാടിയിരുന്ന ആ വിഷുക്കാലം ഇന്നില്ല. ചുറ്റും മതിൽ കെട്ടി ബന്ധിച്ച അണു കുടുംബ വീടുകളിൽ ഇതൊന്നും കാണാൻ ഇല്ല. വിഷു എന്താണെന്നോ എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നോ അറിയാത്ത കുട്ടികളാണ് ഇന്നുള്ളത്. പണ്ടത്തെ ആ ഒരു സ്‌നേഹക്കൂട്ടായ്മ ഇന്നുള്ള കുട്ടികൾക്ക് ഒരു അദ്ഭുതം മാത്രമായി തീരുന്നു. എന്നാൽ അതിലും വേറിട്ട ഒരു വിഷുക്കാലമായിരുന്നു ഇപ്പോൾ കഴിഞ്ഞു പോയത്. കൊറോണ എന്ന വൈറസ്സിന്റെ ഭയപ്പാടിൽ കഴിഞ്ഞു പോയ ഒരു വിഷു. എവിടെയും പടക്കങ്ങളുടെ ഒച്ചയും ബഹളവുമില്ലാത്ത ഒരു വിഷുക്കാലം. ചിരിയില്ലാത്ത കളിയില്ലാത്ത ഈ വിഷു നമ്മുടെയെല്ലാം മനസ്സുകളിൽ ഒരു വേദനയായി എന്നും നിലനിൽക്കും. വുഹാനിൽ തുടക്കം കുറിച്ച ഈ മഹാമാരി ലോകമെമ്മാടും പടർന്നു പന്തലിക്കുകയാണ്. അതിൽനിന്നു രക്ഷ നേടാൻ വേണ്ടി ആരോഗ്യ പ്രവർത്തകരും മറ്റും നെട്ടോട്ടമോടുകയാണ്. ആളുകളെല്ലാം വീടിനുള്ളിൽ അഭയം പ്രാപിച്ചിരിക്കുന്നു. ഈ ഭീതിതമായ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന നമ്മൾ ഇതുപോലുള്ള മഹാമാരികൾ വരാതിരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുകയും ചിന്തിക്കുകയും അതിനുവേണ്ടിയുള്ള മുൻകരുതലുകൾ ജീവിതത്തിൽ പാലിക്കുകയും ചെയ്യണം. അങ്ങനെ ഈ വർഷത്തെ അവധിക്കാലം ആഘോഷങ്ങളോ ഉൽസവങ്ങളോ കളിചിരികളോ ഇല്ലാതെ നിശ്ശബ്ദമായി കടന്നുപോകുകയാണ്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം