ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം - ചില ശുഭചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം-ചില ശ‍ുഭചിന്തകൾ
           ലോകമെമ്പാടും കൊറോണ വൈറസ് മഹാമാരിയുടെ കരാളഹസ്തങ്ങളിൽപെട്ട് ഉഴലുകയാണ്. മനുഷ്യജീവൻ അപഹരിച്ച് കൊണ്ടുള്ള അതിന്റെ ജൈത്രയാത്ര നിർബാധം തുടരുകയാണ് .ലോകാരോഗ്യസംഘടനയുടെ പുത്തൻ കണക്കനുസരിച്ച് ഈ രോഗം ബാധിച്ചവരുടെ എണ്ണം  18 ലക്ഷം കടന്നിരിക്കുന്നു. ഇതിൽ ബഹുഭൂരിപക്ഷവും യൂറോപ്യൻ അമേരിക്കൻ വൻകര നിവാസികളാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മരണസംഖ്യ 1.10ലക്ഷം കടന്നിരിക്കുന്നു .ഇറ്റലി,സ്പെയിൻ, ഫ്രാൻസ്,ബ്രിട്ടൻ, ജർമനി ,ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ വൻ ആഘാതമാണ് കോവിഡ്- 19 ഏൽപ്പിച്ചത് .അമേരിക്കയിലാകട്ടെ അവരുടെ ന്യൂയോർക്ക് സംസ്ഥാനത്തെ സ്ഥിതി അത്യന്തം ഭീതിജനകമാണ് .
                             ഏഷ്യൻ വൻകരയില‍ും സ്ഥിതി വിഭിന്നമല്ല .ചൈന, ഇന്ത്യ ,സൗദി അറേബ്യ ,യു.എ.ഇ ,സിംഗപ്പൂർ ,ഇന്തോനീഷ്യ,തായലന്റ്,ഇറാൻ എന്നീ രാജ്യങ്ങൾ മഹാമാരിയുടെ പ്രഭവകേന്ദ്രങ്ങളായി മാറി .ഇന്ത്യയിൽ ഏകദേശം 300 പേർക്ക് രോഗം ബാധിക്കുകയും 290 ജീവനുകൾ അപഹരിക്കുകയും ചെയ്തു. കൊച്ച‍ുകേരളത്തിലാകട്ടെ ഇതുവരെ രണ്ടു ജീവനുകൾ പൊലിഞ്ഞു .373 പേർക്ക് രോഗം സ്ഥിരീകരിക്ക‍ുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും SCERT യ‍ും  ചേർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ  സർഗ്ഗാത്മകത ഉത്തേജിപ്പിക്കാനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ആരോഗ്യവ‍ും രോഗപ്രധിരോധവ‍ും'

          ഈ കൊറോണക്കാലത്ത് കൂലങ്കഷമായി ചർച്ച ചെയ്യേണ്ട‍ുന്ന വിഷയമാണ് രോഗപ്രതിരോധം എന്നത്. മാധ്യമങ്ങളിലും മറ്റും ദിനംപ്രതി പ്രതിരോധം മാർഗങ്ങളെപ്പറ്റി വിശദമായ ചർച്ചകൾ നടക്കുന്നുണ്ട് .  എല്ലായിപ്പോഴും ആരോഗ്യവാന്മാരായി ഇരിക്കാനാണ് നാം ആഗ്രഹിക്കാർ.എന്താണ് ആരോഗ്യം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്? ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ ശാരീരികവും    മാനസികവുമായ സ‍ുസ്ഥിതിയാണ് ആരോഗ്യം. സുപ്രസിദ്ധ ചിന്തകൻ അർനോൾഡ് ഗ്ലാസോയ‍ുടെ വാക്കുകളിൽ പറഞ്ഞാൽ "നികുതി  ചുമത്തപ്പെടാത്ത സമ്പത്താണ് ആരോഗ്യം" .പ്രസിദ്ധമായ ഒരു  അറബി പഴമൊഴിയ‍ും ഇത്തരുണത്തിൽ പ്രസക്തമാണ് അത് ഇങ്ങനെയാണ് ആരോഗ്യമുണ്ടെങ്കിൽ പ്രതീക്ഷയുണ്ട്, പ്രതീക്ഷ ഉണ്ടെങ്കിൽ എല്ലാം ഉണ്ട് .അതിനാൽ നമുക്കെല്ലാം ആരോഗ്യവാന്മാരായിരിക്കാൻ ഇത്തരം ഉപദേശങ്ങൾ മാർഗദർശകങ്ങളാകട്ടെ .ചുരുക്കിപ്പറഞ്ഞാൽ രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് വിളിക്കുന്നത് .
                    ഒര‍ു വ്യക്തിയ‍ുടെ ആരോഗ്യത്തിൽ  പ്രതിരോധശക്തിക്ക്  വലിയ സ്ഥാനമാണുള്ളത്. രോഗകാരികൾ വൈറസ്,ബാക്ടീരിയ,ഫംഗസ്,എന്നിവ ഒരു വ്യക്തിയെ കടന്നാക്രമിക്കാതിരിക്കാൻ പ്രതിരോധശക്തി കൂടിയേതീരൂ .നാളിതുവരെ അനേകം വൈറസ് രോഗങ്ങൾ മനുഷ്യരാശിയെ അവയിൽ ചിലതാണ് AD 165 ലെ ആന്റോനിൻ പ്ലേഗ് ,AD 541 ലെ ജസ്റ്റീനിയൻ പ്ലേഗ് ,1346 ലെ കറുത്തമരണം ,1960-ലെ ഹോങ്കോങ് ഫ്ല‍ൂ ,1918-ലെ സ്പാനിഷ് ഫ്ല‍ൂ, 1956 ലെ ഏഷ്യൻ ഫ്ല‍ൂ , HIV AIDS (1981) എബോള, സാർസ്,മെർസനിപ്പ എന്നിവ .അതുപോലെ തന്നെ പ്രധാനമാണ് ബാക്ടീരിയ മൂലമുണ്ടാകുന്ന കുഷ്ഠം,കോളറ,ക്ഷയം,പ്ലേഗ് തുടങ്ങിയ രോഗങ്ങൾ. ഇവയെല്ലാം ഫലപ്രദമായി നിയന്ത്രിക്കാൻ മനുഷ്യന്റെ പ്രതിരോധശക്തി നിലനിർത്തേണ്ടത് അനിവാര്യമാണ്.

ജനപ്പെരുപ്പം രോഗപ്രതിരോധവും'

                    ലോകജനസംഖ്യ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇതിൽ തന്നെ ഏഷ്യൻ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ആണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്.യ‍ു.എൻ സ്ഥിതിവിവര കണക്കനുസരിച്ച് ലോകത്തെ ആകെ ജനസംഖ്യ 780 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ ആകെയുള്ള നിന്റെ 17.70% ശതമാനം ആണ് ലോകത്തിൽ ഏറ്റവും വളർച്ചനിരക്ക് രേഖപ്പെടുത്തുന്നത് ഇന്ത്യയാണ്.നമ്മുടെ സംസ്ഥാനമായ കേരളമാകട്ടെ ഏകദേശം 3.4 കോടി ജനങ്ങളുള്ള ഒരു ഭൂപ്രദേശമാണ്. ഭ‍ൂവിസ്തൃതമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിലും കേരളത്തിലും ജനസാന്ദ്രത ഭീതിജനകമാണ്.ഇന്ത്യയിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ശതമാനം എട്ടാണ്. എന്നാൽ കേരളത്തിൽ ഇത് 15 % ആണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് പ്രകടമല്ല .ഇക്കൂട്ടരിൽ രോഗം പിടിപെടാനുള്ള സാധ്യത ത‍ുലോം കൂടുതലാണ് കാരണം പ്രതിരോധശക്തി വളരെ താഴ്ന്ന വിഭാഗമാണ് ഇക്കൂട്ടർ മാത്രമല്ല, ജീവിതശൈലി രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, എന്നിവ പിടിപെടാൻ സാധ്യത കൂടുതലാണ് .ബൃഹത്തായ ജനസംഖ്യയുള്ള നമ്മുടെ നാട്ടിൽ ഓരോ വ്യക്തിയിലും പ്രതിരോധശക്തി വർധിപ്പിക്കുക ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാക്കുക എന്നിവ അതത് ഗവൺമെന്റ്കൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു .

പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും

                       നാം ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും അതിലെ അസംഖ്യജീവജാലങ്ങളും മണ്ണും ജലവും എല്ലാം അടങ്ങിയതാണ് പ്രകൃതി അഥവാ പരിസ്ഥിതി. രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ പരിസ്ഥിതി മലിനീകരണം വല്യ വിലങ്ങ‍ുതടിയാണ്. മനുഷ്യന്റെ അത്യാർത്തിയ‍ും ദ‍ുരയ‍ും എല്ലാം വെട്ടിപ്പിടിക്കാനുള്ള ത്വരയും മൂലം പരിസ്ഥിതി ചൂഷണം പാരമ്യത്തിലെത്തി  നിൽക്കുകയാണ്. പരിസ്ഥിതി മലിനീകരണം മുന്നത്തെകാളും രൂക്ഷമായിരിക്കുന്നു.വായു, ജലം, മണ്ണ്, എന്നിവയിലൂടെയുള്ള മലിനീകരണം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളാണ് മനുഷ്യർക്ക് സമ്മാനിച്ചിരിക്കുന്നത്. ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും മറ്റും ഒഴുക്കി വിടുന്ന മലിനജലത്താൽ നമ്മുടെ ജലസ്രോതസ്സുകൾ മലിനമാക‍ുന്നു. കാർബൺഡയോക്സൈഡ്,കാർബൺമോണോക്സൈഡ്, സി,എഫ്സി, മീഥേയ്ൻ   തുടങ്ങിയ വാതകങ്ങളെല്ലാം അന്തരീക്ഷ കവചമായ ഓസോൺ പാളിക്ക് കനത്ത പ്രഹരമേൽപ്പിക്കുന്ന.അത‍ുമ‍ൂലം കടന്നുവരുന്ന വികിരണങ്ങൾ കാൻസർ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് വഴിമരുന്നിട‍ുന്ന‍ു. ഭൂമിയിൽ ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് രണ്ട് ശതമാനമാണ് ഉപയോഗയോഗ്യമായത് കേവലം ഒരു ശതമാനം മാത്രം. ജലമലിനീകരണത്താല‍ും ദൗർലഭ്യത്താല‍ും മലിനജലം ഉപയോഗിക്കേണ്ട ഗതികേടിലേക്ക് മനുഷ്യർ എത്തുന്നു. ഇത് ജലജന്യമായ എലിപ്പനി, ടൈഫോയ്ഡ്, കോളറ, ക‍ൂടാതെ മന്ത് ത‍ുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. അമിതവും അനിയന്ത്രിതവുമായ രാസവളത്തിന് ഉപയോഗത്താൽ മണ്ണ് മലിനമാകുന്നത് മറ്റും കാർഷികവിളകൾ വിഷലിപ്ത്തമാക‍ുകയ‍ും അത് ഭക്ഷ്യവിഷഭാതകൾക്ക‍ും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും രോഗപ്രതിരോധത്തിന് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ എന്തെല്ലാം'

                            ലോകാരോഗ്യസംഘടനയും ലോകത്താകമാനമുള്ള ഭിഷഗ്വരന്മാരും രോഗപ്രതിരോധത്തിനെപ്പറ്റി വിശദമായ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. അത് പാലിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ജനനം മുതൽ ഓരോ വ്യക്തിയും ചില കുത്തിവെപ്പുകൾ ക്രമം തെറ്റാതെ എടുക്കേണ്ടതാണ് ഉദാഹരണം ബി.സി.ജി,ടെറ്റെനസ് പോളിയോ, ചിക്കൻപോക്സ്, മീസിൽസ് തുടങ്ങിയ തുടങ്ങിയവർക്കെതിരെ എന്നാൽ ചില അന്ധവിശ്വാസങ്ങൾ അടിപെട്ട്  ദൈവകോപം എന്നാരോപിച്ച് ശരിയാം വിധം ചികിത്സ തേടാതിരിക്കുകയും രോഗബാധിതരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. തക്കസമയത്തുള്ള ഇടപെടലുകളാണ് ഉത്തമ മാർഗം.

ആഹാരവും പ്രതിരോധവും'

           പാകം ചെയ്ത‍ും അല്ലാത്തതുമായ പോഷകസമൃദ്ധമായ ആഹാരം ആണ് രോഗപ്രതിരോധത്തിന് ഉതകുന്നത്. വൈദ്യശാസ്ത്ര പിതാവായ ഹിപ്പോക്രറ്റസ് ഇങ്ങനെ അഭിപ്രായപ്പെട്ടു നിന്റെ ആഹാരം എന്നത് നിന്റെ ഔഷധം തന്നെയാണ് ഓരോ വ്യക്തിയും സമീകൃതാഹാരങ്ങൾ തിരഞ്ഞെടുക്കണം.വിഷരഹിതമായ പഴം പച്ചക്കറികൾ, മാംസം, മുട്ട, ഇലക്കറികൾ ,മത്സ്യം, പയറുവർഗങ്ങൾ,  എന്നിവയുടെ അപര്യാപ്‍ത്തത പരിഹരിക്കുന്നു.

വ്യായാമത്തിന് പ്രസക്തി

          രോഗപ്രതിരോധം സാധ്യമാകുന്നതിൽ വ്യായാമം സുപ്രധാനപങ്കു് വഹിക്കുന്നു. ചിട്ടയായ വ്യായാമരീതികൾ നമ്മുടെ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നു. ദിവസവ‍ും കുറഞ്ഞത് 45 മിനിറ്റ് എങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നത് അഭികാമ്യമാണ്. ചിലവില്ലാത്ത ഒരേയൊരു വ്യായാമമാണ് നടത്തം. നമ്മുടെ രാഷ്ട്രപിതാവ് ദിവസവും എട്ടു മൈലെങ്കില‍ും നടന്നിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. യോഗ, ആയോധനകലകൾ, നൃത്തം, എന്നിവ അഭ്യസിക്കുന്നത് ഞരമ്പുകളെയും പേശികളുടെയും അസ്ഥികളുടെയും ഉത്തേജിപ്പിക്ക‍ുന്നു‍. ദിവസം എട്ടുമണിക്കൂർ ഉറങ്ങുന്നതാണ് ഉത്തമം.

കേരളവ‍ും ആരോഗ്യമേഖലയ‍ും

         ശക്തവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനങ്ങൾ ആണ് നമ്മുടെ രാജ്യത്തുള്ളത്. ആയുർവേദം അലോപ്പതി, ഹോമിയോ, സിദ്ധ, നാച്വ‍ുറോപ്പതി തുടങ്ങിയ വൈവിധ്യമാർന്ന ചികിത്സാ പദ്ധതികൾ നമുക്കുണ്ട്. ഇന്ത്യയിൽ തന്നെ പല രംഗങ്ങളിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളത്തിന് വികസിത രാജ്യങ്ങളെ വെല്ല‍ുന്ന  ആരോഗ്യ പ്രവർത്തനങ്ങളാണ്. ദീർഘകാലമായി കേരളം കാഴ്ചവയ്ക്കുന്നത് വിശിഷ്യ, കൊറോണ, നിപ്പ എന്ന മഹാമാരികളെയ‍ും പ്രളയവുമായി ബന്ധപ്പെട്ട ആരോഗ്യ  പ്രശ്നങ്ങളും നേരിടുന്നതിൽ എല്ലാം ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികൾ സജീവമാണ്. സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 32 മെഡിക്കൽ കോളേജുകൾ കേരളത്തിൽ ഉണ്ട്.
   1- ആയുർവേദ മെഡിക്കൽ കോളേജ് (കണ്ണൂർ)
അഞ്ചോളം ആയുർവേദ കോളേജുകൾ, ഹോമിയോസിദ്ധ കോളേജുകൾ,അസംഖ്യം സ്വകാര്യ ആശുപത്രികൾ, ക്ലിനിക്ക‍ുകൾ എന്നിവ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന‍ു. തിരുവനന്തപുരത്തെ RGCBയ‍ും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‍ും രോഗനിർണയത്തിൽ നിർണായക പങ്കുവഹിക്കുന്നു. മികച്ച സേവനം കാഴ്ചവെയ്ക്കുന്ന  ഒരുപറ്റം ആരോഗ്യപ്രവർത്തകരും നമുക്കുണ്ട്. സംസ്ഥാന ഭരണകൂടവും ആരോഗ്യവകുപ്പും ഇതിനെ ഫലപ്രദമായി നിയന്ത്രിക്കുന്ന‍ു.


നാം ചെയ്യേണ്ടത് എന്തെല്ലാം

    രോഗപ്രതിരോധത്തിന് നാമോരോരുത്തരും ചെയ്യേണ്ടത് എന്തെല്ലാം എന്ന് പരിശോധിക്കാം. 
1- ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ    അണ‍ുകിട തെറ്റാതെ പാലിക്ക‍ുക.
2-അംഗീകൃത ഡോക്ടർമാരിൽ നിന്ന് മാത്രം ചികിത്സ തേടുക.
3-രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ അരുത്.
4- വ്യക്തിശ‍ുചിത്വവ‍ും പരിസരശുചിത്വവും പാലിക്കുക.
5- ഭക്ഷണം പോഷക സമ്പുഷ്ടമായ ഇരിക്കണം. 
6-വിഷരഹിതമായ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും മാത്രം ഉപയോഗിക്കുക.
7-ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക. 
8-പരമ്പരാഗതരീതിയിലുള്ള കാർഷികവൃത്തി അവലംബിക്കുക.
9-ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക.
10-വിദ്യാർഥികൾ ഈ വിഷയത്തെ ആസ്പദമാക്കി രചനകൾ നടത്തുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക  എന്നിവ അതിൽ ചിലതു മാത്രം.

കൊറോണ കാലത്തെ പ്രതിരോധം

             ഈ ലേഖനത്തിൽ ആരംഭത്തിൽതന്നെ കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന ഭീതിജനകമായ സാഹചര്യത്തെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ഈ സാഹചര്യത്തിൽ കൈക്കൊള്ളോണ്ട പ്രതിരോധ നടപടികൾ എന്തെല്ലാം എന്ന് പരിശോധിക്കാം. 
1- കേന്ദ്ര സംസ്ഥാന സർക്കാരുകള‍ും ലോകാരോഗ്യ സംഘടനയ‍ും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
2- വിദേശത്തു നിന്നു വരുന്നവരും രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ഇടപഴകിയവർ നിർബന്ധമായും ക്വാന്റിന് വിധേയരാകണം.
3-രോഗബാധിതർ 28 ദിവസത്തെ ഏകാന്തം ഏകാന്തമായി കഴിയ‍ുകയ‍ും ആരോഗ്യ പ്രവർത്തകരോട് സഹകരിക്കുകയും വേണം. 
4-ഐസ്വലേഷനിൽ കഴിയ‍ുന്നവരെ പരിചരിക്കുന്നവരും പുറത്തുപോയ വരും കൈകൾ സാനിറ്റേച്ചറ്‍\സോപ്പ് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുകയും മുഖാവരണം ധരിക്കുകയും വേണം.
5- അനാവശ്യ സന്ദർശനങ്ങളും പുറത്തിറങ്ങല‍ും ഒഴിവാക്കണം.
6-വ്യാപാരസ്ഥാപനങ്ങളിൽ തിരക്ക് ഒഴിവാക്കുകയും വേണം
7-സംശയദൂരീകരണത്തിനായി disha helpline നമ്പർ (1056) ഉപയോഗപ്പെടുത്താവുന്നതാണ്.
8- സാമൂഹിക അകലം (ഒരു മീറ്ററെങ്കിലും) പാലിക്കുക.
9-മാധ്യമപ്രവർത്തകളും മറ്റും ശ്രദ്ധിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുകയും വേണം.
    മേൽപ്പറഞ്ഞ നിർദേശങ്ങൾ അവലംബിക്കുകയും പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ മടങ്ങിപ്പോക്ക് സാധ്യമാക്കുകയും ചെയ്താൽ അത് രോഗപ്രതിരോധ നടപടികൾ കരുത്തുപകരും. രോഗപ്രതിരോധത്തിനായി പ്രവർത്തിക്കുന്നത് കർമധീരരായ നിസ്വാർത്ഥ സേവനം നടത്തുന്ന ആരാഗ്യപ്രവർത്തകർക്ക‍ും അതിനു ചുക്കാൻ പിടിക്കുന്ന സർക്കാരിന‍ും  ആദരമർപ്പിച്ച്ക്കൊള്ളുന്നു.
അനുഗ്രഹ് വി.കെ
9 ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം