സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/"ശുചിത്വമാണ് മഹത്വം".

Schoolwiki സംരംഭത്തിൽ നിന്ന്
"ശുചിത്വമാണ് മഹത്വം".


സാങ്കേതിക നേട്ടത്തിന്റെയും, മാധ്യമങ്ങളുടേയും പിന്നാലെ ലോകം നെട്ടോട്ടമോടുമ്പോൾ മരിച്ചുവീഴുന്ന ചില പാരമ്പര്യങ്ങളും, സനാതന സത്യങ്ങളും ഉണ്ട്. അതിലൊന്നാണ് ശുചിത്വം. വൃത്തിയും, ശുദ്ധിയുമുള്ള ഒരു വ്യക്തിയെ സമൂഹം എന്നും അംഗീകരിക്കും. ബഹുമാനിക്കും. അറിവും വിജ്ഞാനവും എന്നപോലെതന്നെ ശുചിത്വവും ജീവിതവിജയത്തിന് അനിവാര്യമാണ്. നമ്മുടെ വീടും, പരിസരവും, പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നത് മഹത്തരമായ ഒരു കർമ്മം തന്നെ. പലവിധ മാരകരോഗങ്ങളും പടരുന്നതിന്റെ ഒരു പ്രധാന കാരണം ശുചിത്വമില്ലായ്മ തന്നെയാണ്. കോവിഡ്-19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്ന് പന്തലിച്ച് നിൽക്കുന്ന ഈ വേളയിൽ നാമെല്ലാം ഉണർന്നു ചിന്തിക്കേണ്ട കാലമായി. ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റേയും ചുമതലയായി കരുതണം. നിയമങ്ങൾ നമ്മുടെ നന്മയ്ക്ക് ആണെന്ന് കരുതി അനുസരിക്കാൻ തയ്യാറാകണം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ. നമ്മുടെ ശരീരം ആരോഗ്യം ഉള്ളതാകാൻ സമയ നിഷ്ഠയും, വ്യായാമവും, സമീകൃതാഹാരവും മാത്രം പോരാ... മറിച്ച്, ശാരീരിക ശുചിത്വം അത്യാവശ്യമാണ്. മനസ്സും ശരീരവും നാം ജീവിക്കുന്ന ചുറ്റുപാടുകളും തമ്മിൽ അഭേദ്യമായ ബന്ധമുള്ളതിനാൽ ഇവ മൂന്നും വൃത്തിയായും ശുചിത്വപൂർണമായും കാത്തുസൂക്ഷിക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. കോവിഡ് -19 നെ തുടച്ചുനീക്കാൻ കുട്ടികളായ നമുക്ക് ശുചിത്വബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നാം തയ്യാറാകണം. വീട്ടിലും, വിദ്യാലയത്തിലും നാം ഇത് ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ, ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുക ആണെന്ന സത്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. എന്നെയും, സഹജീവികളെയും സംരക്ഷിക്കുക എന്റെ കടമയാണെന്ന് ഓരോരുത്തരും മനസ്സിലാക്കുക. വ്യക്തിയുടെയും, സമൂഹത്തിന്റെയും, രാജ്യത്തിന്റെയും തന്നെ മഹത്വമാണ് ശുചിത്വം എന്ന് തിരിച്ചറിയുക. ഇന്ത്യയെ ശുചിത്വ പൂർണമാക്കാൻ, കോവിഡ് -19 എന്ന മഹാമാരിയെ ഈ മണ്ണിൽ നിന്നും തൂത്തെറിയാൻ നമുക്ക് കരങ്ങൾ കോർക്കാം, പ്രതിജ്ഞയെടുക്കാം. വാക്കിലൂടെ.... പ്രവർത്തിയിലൂടെ.... "ശുചിത്വമാണ് മഹത്വം".

കുര്യൻ ജോസഫ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം