ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/നാളെയുടെ പൊൻവെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ പൊൻവെളിച്ചം

ശ്രീരാജരാജേശ്വരി ഹെെസ്കൂൾ ആയിരുന്നു ദേവപുരം ഗ്രാമത്തിന്റെ ഐശ്വര്യം. ആ ഗ്രാമത്തിലേയും തൊട്ടുത്ത ഗ്രാമങ്ങളിേയും ധാരാളം കുട്ടികളുടെ ഏക വിദ്യാലയം. അറിവാണ്  ധനം.അറിവ് പകരുന്നതിലൂടെ നന്മനിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മാത്രം ഉള്ള ഒരു കൂട്ടം അധ്യാപകരും ജീവിതവിജയം നേടാൻ വിജ്ഞാനം ഉള്ളവരാകുക എന്ന ബോധം നിറഞ്ഞ കുട്ടികളും സ്കൂളിൻറെ ഉന്നമനത്തിനായി എന്തിനും തയ്യാറാകുന്ന രക്ഷകർത്താക്കളും നാട്ടുകാരും ഒക്കെയാണ് ആ ഹൈസ്കൂളിന്റെ ബലം. എട്ടാം ക്ലാസ് വിദ്യാർഥിയായ മിലൻ ആയിരുന്നു ശ്രീ രാജരാജേശ്വരി സ്കൂളിൻറെ അഭിമാനം. പഠനമികവ് മാത്രമല്ല കലാകായിക രംഗങ്ങളിലും അവൻ കേമനായിരുന്നു. ഇതിനേക്കാളൊക്കെ അവനെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു.മിലന്റെ ക്ലാസ് ടീച്ചറും  ഇംഗ്ലീഷ് അധ്യാപികയുമായിരുന്ന  രഞ്ജിത ടീച്ചർ  എപ്പോഴും അത് പറയുമായിരുന്നു.എന്തെന്നാൽ എല്ലായിപ്പോഴും വളരെ വൃത്തിയുള്ള വന്നായിരുന്നു മിലൻ. പാഠപുസ്തകങ്ങൾ,ബാഗ്, വാട്ടർ ബോട്ടിൽ ഒക്കെ കാണുമ്പോഴേ അതറിയാം.യൂണിഫോമിൽ ഒരു മഷി പാടും ഇല്ലാത്ത ഒരേ ഒരാൾ എന്നാണ് അവനെ ടീച്ചർ വിശേഷിപ്പിച്ചിരുന്നത്.മിലന്റെ പെരുമാറ്റത്തിലും ആ വൃത്തി നിറഞ്ഞ സ്വഭാവം പ്രകടമായിരുന്നു. കൈകാലുകളിലെ നഖങ്ങൾ വൃത്തിയാക്കുന്നതിൽ അവൻ അങ്ങേയറ്റം ശ്രദ്ധാലുവുമായിരുന്നു. ഋതുക്കൾ മാറി മറിഞ്ഞു കൊണ്ടിരുന്നു. മഴക്കാലം തുടങ്ങി. ചെറിയ ചാറ്റൽ മഴയിൽ തുടങ്ങി സ്കൂൾ ഒരാഴ്ച അവധി നൽകുന്നത് വരെ മഴയുടെ തിമിർപ്പ്. കുറേ ദിവസത്തിനുശേഷം കണ്ട സന്തോഷം കുട്ടികളിലുണ്ടായി. രഞ്ജിത ടീച്ചർ ഓരോരുത്തരോടും കുശലം ചോദിച്ചു. പക്ഷേ അന്ന് മിലൻ ക്ലാസിൽ വന്നിട്ടില്ലായിരുന്നു. മറ്റു കുട്ടികൾക്ക് അവനെക്കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞതുമില്ല. ദിവസങ്ങൾ കടന്നുപോയി. മിലൻ സ്കൂളിൽ ഇല്ലാത്തതിനാൽ സ്കൂളിന് പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല. പക്ഷേ രഞ്ജിത ടീച്ചർക്ക് ആവലാതിയായി. ഒരാഴ്ച കഴിഞ്ഞിട്ടും മിലൻ വരാത്തതിനെ തുടർന്ന് ടീച്ചർ അവൻറെ വീട് തേടിപ്പിടിച്ച് പോയി.കൂടെ ഫിസിക്സ് ടീച്ചറായ ഷാഹിന ടീച്ചറിനേയും കൂട്ടി. പുഴകടന്ന് വേണമായിരുന്നു അവന്റെ വീട്ടിൽ എത്താൻ. തൊട്ടടുത്തായി പാലം പണി പുരോഗമിക്കുന്നു.കടത്തിറങ്ങി  അവിടെ കണ്ട നാട്ടുകാരോട് വീട്ടുപേര് പറഞ്ഞു ചോദിച്ച് അവർ നടന്നു. റോഡിലൂടെ രണ്ടുവളവ് തിരിഞ്ഞപ്പോഴേക്കും അവന്റെ വീടിനു മുന്നിലെത്തി. ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ടീച്ചർമാർ ചുറ്റും നോക്കി.കരിയിലകൾ കുമിഞ്ഞുകൂടി കിടക്കുന്നു. മഴവെള്ളം അങ്ങുമിങ്ങും കിടക്കുന്നു. പ്ലാസ്റ്റിക് കവറുകളിലും ചിരട്ടയിലും മറ്റും തങ്ങി നിന്ന് ദുർഗന്ധം വമിക്കുന്നു. ഷാഹിന ടീച്ചർ കോളിംഗ് ബെല്ലടിച്ചു. മിലന്റെ സഹോദരിയാണ് വാതിൽ തുറന്നത്.മിലന് ഡെങ്കിപ്പനി ആണെന്നറിഞ്ഞ് ടീച്ചർമാർ വിഷമിച്ചു. കുറെയധികം സമയം രഞ്ജിത ടീച്ചർ അടുത്തിരുന്നു. നഷ്ടമായ ക്ലാസുകൾ എല്ലാം നമുക്ക് പഠിച്ചെടുക്കാം എന്നാശ്വസിപ്പിച്ചു.തിരികെ ഇറങ്ങുംമുമ്പ് കോളേജ് വിദ്യാർഥിനിയായ സഹോദരിയെയും അമ്മയെയും അച്ഛനെയും  കൂട്ടി ടീച്ചർ വീടിന്റെ പുറത്തിറങ്ങി.സ്കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയാണ് മിലൻ എന്നും പ്രത്യേകിച്ച് ടീച്ചറിന്റെ ക്ലാസിലെ വ്യക്തിശുചിത്വം ഉള്ള കുട്ടിയാണെന്നും പറഞ്ഞു.പക്ഷേ എന്നിട്ടും അവന് ഡെങ്കിപ്പനി വന്നതിനെക്കുറിച്ച് ടീച്ചർ ആകുലപ്പെട്ട് ഇങ്ങനെ പറഞ്ഞു." കൃത്യമായ ചികിത്സ ഇല്ലാത്ത ഒരു രോഗമാണ് ഡെങ്കിപ്പനി. അതിനാൽ തന്നെ പ്രതിരോധ നടപടികൾ വളരെ പ്രാധാന്യമുണ്ട്. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് പ്രധാനം.അതിന് ആദ്യം ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ്.നിങ്ങൾ ഈ വീടിന് ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഇല്ലാതാക്കണം. ഈ വീടിന് ചുറ്റുമുള്ള കരിയിലകളും പാഴ് വസ്തുക്കളും ഒഴിവാക്കണം.കരിയിലകൾ കുറച്ചു കുറച്ചായി തീയിടാം. ആ ചാരം വളമായി ഉപയോഗിക്കാം. ചിരട്ടകൾ വെള്ളം കെട്ടി കിടക്കാതെ കമഴ്ത്തിയിടാം. അതേപോലെ വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ എല്ലാം തന്നെ അടച്ചു വയ്ക്കുക.കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും." മിലന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ രഞ്ജിത ടീച്ചർ മനസ്സിൽ കണക്കുകൂട്ടി എല്ലാ വീടുകളിലും ഇത്  അറിയിക്കുക എന്നത്. അടുത്ത ദിവസം തന്നെ ഈ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിസര ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ എടുത്തു. "ഒരു വ്യക്തി വൃത്തിയാകുമ്പോൾ ഒരു കുടുംബം വൃത്തിയാകുന്നു ഒരു പരിസരം വൃത്തിയാകുമ്പോൾ ഒരു നാടും വൃത്തിയാകുന്നു" എന്ന് കുട്ടികൾ മുദ്രാവാക്യം ചൊല്ലി. ആഹാരം കഴിച്ചാൽ മാത്രം ആരോഗ്യം കിട്ടില്ല, അതിന് ശുചിത്വം അത്യാവശ്യമാണെന്ന് നാടിനെ മനസ്സിലാക്കിച്ച ശ്രീ രാജരാജേശ്വരി ഹൈസ്കൂൾ വീണ്ടും അങ്ങനെ ദേവപുരം ഗ്രാമത്തിൻറെ ഐശ്വര്യമായി മാറി.

ഐശ്വര്യ വി നായർ
9 A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ