എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/അക്ഷരവൃക്ഷം/പുതുനാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പുതുനാമ്പ്

  മീന രാവിലെ ഉണർന്നതു തന്നെ മരം മുറിക്കുന്നേ പോലെയുള്ള അസഹ്യമായ ആ ശബ്ദത്തോടുകൂടിയാണ്.എന്താണിവിടെ സംഭവിക്കുന്നത് ? അവൾ പുറത്തേക്കോടി. അവിടെ കണ്ടത് ഒരു ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു .മീന അവളുടെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് എട്ട് വർഷം മാത്രമേ ആയിരുന്നുള്ളൂ.അന്നവൾക്ക് നാല് വയസ്സു കാണും. അവളുടെ മനോഹരമായ വീടിനു മുന്നിൽ അതിമനോഹരമായ ഒരു മാളികയും അതിലും മനോഹരമായ പൂന്തോട്ടവുമായിരുന്നു. പൂന്തോട്ടം മാത്രമല്ല പച്ചക്കറികളും പഴവർഗങ്ങളുമടങ്ങുന്ന വലിയ തോട്ടവും ഒട്ടനവധി മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളുമുള്ള ഒരു ഫാമുണ്ടായിരുന്നു. ഇതെല്ലാം നോക്കി നടത്തുന്നത് ഒരു വൃദ്ധയും അവരുടെ മൂന്ന് ജോലിക്കാരുമായിരുന്നു. ഒരു വൃദ്ധയായിരുന്നെങ്കിലും അവർക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു.
        മീന ഒഴിവു സമയങ്ങളിൽ അവിടെ പോകുമായിരുന്നു വൈകാതെ ആ വൃദ്ധയും അവളും നല്ല കൂട്ടുകാരായ്മാറി. മൃഗങ്ങളുടെ ഫാമിൽ അവൾക്ക് ഏറ്റവും ഇഷ്ട്ടം ഡാഷ് എന്ന നായയെയായിരുന്നു. മീനയും വൃദ്ധയും ഡാഷുമൊത്ത് എപ്പോഴും കളിക്കുമായിരുന്നു. അവൾ അവിടെയുള്ള എല്ലാത്തിനേയും സ്നേഹിച്ചു.
    ഏറെ നാൾ കടന്നു പോയി. വൃദ്ധയ്ക്ക് പഴയ ആരോഗ്യമെല്ലാം നഷ്ട്ടപ്പെട്ടു. വൃദ്ധ അസുഖം ബാധിച്ച് കിടപ്പിലായ്.വൈകാതെ അവർ മരണമടഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം ആ വീട്ടിലേക്ക് വൃദ്ധയുടെ വിദേശത്തായിരുന്ന മക്കൾ വന്നു.അവർ മറ്റു ചിലരെ ആ വീട്ടിലേക്ക് ക്ഷണിക്കുന്നതും അവരുമായി എന്തോ സംസാരിക്കുന്നതും മീന തന്റെ വീട്ടിലെ ജനലിലൂടെ നോക്കി നിന്നു. കുറച്ചു നാൾ കഴിഞ്ഞവൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. ആ സുന്ദരമായ വീട് പൊളിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയുള്ള മരങ്ങളും ചെടികളും ഒന്നൊന്നായി വെട്ടിമാറ്റുകയാണ്. മൃഗങ്ങളേയും പക്ഷികളേയും അവർ വിറ്റുകൊണ്ടിരിക്കുകയാണ്.കൂട്ടത്തിൽ ഡാഷിനേയും. അവൾ ആ വൃദ്ധയെ ഓർത്തു കരഞ്ഞു.
രണ്ട് ദിവസങ്ങൾക്കു ശേഷം ആ സ്ഥലം വെറും തരിശുഭൂമിയായ് മാറി. അവൾക്കു വളരെയേറെ വിഷമം തോന്നി. അവൾ പതുക്കെ അവിടേക്കു നടന്നു. ഒരു നിമിഷം അവൾ കണ്ണടച്ചു.അവൾക്കാ വീടും വൃദ്ധയേയും പൂക്കളേയും മരങ്ങളേയും ചെടികളേയും പക്ഷികളേയും ഡാഷിനേയും മൃഗങ്ങളേയും എല്ലാം കാണാൻ പറ്റി. പക്ഷേ........ ഇല്ല ഒന്നും തന്നേ ബാക്കിയില്ല എല്ലാം ഓർമ്മകൾ മാത്രം. മാറ്റേണ്ടതു പ്രകൃതിയെയല്ല ചിലരുടെ മനസ്സുകളെയാണ് അവൾക്ക് തോന്നി. പക്ഷേ എന്തു ചെയ്യാം ? എല്ലാം അവർ വെട്ടിനശിപ്പിച്ചില്ലേ ? അവൾ കരഞ്ഞു.അവളുടെ കണ്ണുനീർത്തുള്ളിയിൽ നിന്ന് ഒരു ചെടി മുളച്ചു വന്നതായ് അവൾക്ക് തോന്നി.

ഹെൽവിൻ ഡെലിക്ക്
7 B എസ്.എഫ്.എ.എച്ച്.എസ്.എസ്.അർത്തുങ്കൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ