തിരുവിതാംകൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 23 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (added Category:സ്വതന്ത്രതാളുകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


തിരുവിതാംകൂർ

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ . തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു 1940-കളിലെ തിരുവിതാംകൂറിന്റെ ഭൂപ്രദേശം. അതുവരെ ചോളന്മാരുടെ കയ്യിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊ.ഇളംകുളം കുഞ്ഞൻ പിള്ള പ്രസ്താവിക്കുന്നു. ചേരതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെയാണ് കൊല്ലം തുറമുഖം പ്രത്യക്ഷപ്പെടുന്നതെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിൽക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശം അവിടെ പനങ്കാവു കൊട്ടാരത്തിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു. രണ്ടാം ചേരരാജവംശത്തിന്റെ തുടർച്ചയിലെ ഒരു കണ്ണിയാണ് ഇവർ എന്നു പറയപ്പെടുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്താണ്‌ തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവൺമെൻ്റ്1949 ജുലൈ‌ 1 നു തിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാർ ജില്ലയോട്‌ ചേർത്ത് 1956 നവംബർ 1 നു കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ വലംപിരി ശംഖിന്റെ ചിത്രം ആലേഖനം ചെയ്തതായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ നാട്ടുരാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസൻ എന്നറിയപ്പെട്ടിരുന്നു.

പേരിനു പിന്നിൽ

ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നതു്. ഈ പേരു് തിരുവാഴുംകോട് എന്നും പിന്നീട് തിരുവാങ്കോട് എന്നും ആയിത്തീർന്നു. ഇംഗ്ലീഷുകാർ ഈ സ്ഥലത്തിനെ ട്രാവൻകൂർ (Travancore) എന്നു വിളിച്ചു. താമസിയാതെ, തിരുവിതാംകോട് എന്നും തിരുവിതാംകൂർ എന്നും അറിയപ്പെടാൻ തുടങ്ങി. കൊല്ലത്തുനിന്നും പലപ്പോഴായി വേണാട്ടുരാജാക്കന്മാർ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്ടും കൽക്കുളത്തും കൊട്ടാരങ്ങൾ പണിത് താമസിച്ചിരുന്നു. ഈ തിരുവിതാംകോട് എന്ന സ്ഥലനാമത്തിൽ നിന്നാകാം പിന്നീട് തിരുവിതാംകോട് എന്ന രാജ്യനാമം തന്നെ ഉണ്ടായത്. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കൽക്കുളത്തായിരുന്നു ആദ്യം തിരുവിതാംകോടിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി.

തിരുവിതാംകൂർ രാജാക്കന്മാർ

  1. വീരമാർത്താണ്ഡവർമ്മ
  2. ഉദയ മാർത്താണ്ഡ വർമ്മ
  3. വീരരാമമാർത്താണ്ഡവർമ്മ
  4. ഇരവിവർമ്മ
  5. കേരള വർമ്മ
  6. ചേര ഉദയ മാർത്താണ്ഡ വർമ്മ
  7. വേണാട് മൂത്തരാജ
  8. വീരമാർത്താണ്ഡവർമ്മ രണ്ട്
  9. ആദിത്യ വർമ്മ
  10. ഇരവി വർമ്മ
  11. ശ്രീ മാർത്താണ്ഡവർമ്മ
  12. ശ്രീ വീര ഇരവിവർമ്മ
  13. മാർത്താണ്ഡവർമ്മ ഒന്ന്
  14. ഉദയ മാർത്താണ്ഡ വർമ്മ രണ്ട്
  15. കേരള വർമ്മ
  16. ആദിത്യ വർമ്മ
  17. ഉദയ മാർത്താണ്ഡ വർമ്മ മൂന്ന്
  18. ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ
  19. ശ്രീ വീര വർമ്മ
  20. ഇരവി വർമ്മ
  21. ഉണ്ണി കേരള വർമ്മ
  22. ഇരവി വർമ്മ
  23. ഉണ്ണി കേരള വർമ്മ
  24. ആദിത്യ വർമ്മ
  25. ഉമയമ്മ റാണി
  26. രവി വർമ്മ
  27. ഉണ്ണി കേരള വർമ്മ
  28. രാമ വർമ്മ
  29. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  30. ധർമ്മരാജാ
  31. അവിട്ടം തിരുനാൾ
  32. ഗൌരി ലക്ഷ്മിഭായി
  33. ഗൌരി പാർവ്വതിഭായി
  34. സ്വാതി തിരുനാൾ രാമവർമ്മ
  35. ഉത്രം തിരുനാൾ
  36. ആയില്യം തിരുനാൾ
  37. വിശാഖം തിരുനാൾ
  38. ശ്രീമൂലം തിരുനാൾ
  39. സേതു ലക്ഷ്മിഭായി
  40. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

"https://schoolwiki.in/index.php?title=തിരുവിതാംകൂർ&oldid=2029679" എന്ന താളിൽനിന്ന് ശേഖരിച്ചത്