ഗവ. എച്ച് എസ് കല്ലൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 19 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalloor (സംവാദം | സംഭാവനകൾ) ('കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ൽ മൂലങ്കാവ് ഹൈസ്ക്കൂൾ നിലവിൽ വരുന്നതുവരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്. ഇന്നത്തെ തമിഴ്നാട്, കർണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങൾ, കേരളത്തിലെ മലബാർ എന്നിവ ഉൾപ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സർക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരർ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സർക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികൾ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരിൽ മിക്കവരും പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആയിരുന്നു. ശ്രീ മാധവൻ നായർക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരിൽ ശ്രീ അമ്പക്കുറുപ്പ്, ഗോപാലൻ നമ്പ്യാർ, ബാലൻ എന്നിവർ ഉൾപ്പെടുന്നു.1889 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ സ്ക്കൂൾ പല സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജർ പട്ടിക പരിശോധിച്ചതിൽ ഹിന്ദുബോർഡ് ബോയ്സ് എലമെന്ററി സ്ക്കൂൾ എന്നാണ് സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. 1956 -ൽ സ്ഥാപനം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു.6,7 എന്നീ ക്ലാസുകൾ ഉൾപ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങൾ വളരെ പരിമിതമായി തീർന്നു. കല്ലൂർ 66 ൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കൻ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരെ വയനാട്ടിൽ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേർന്നതോടെ വിദ്യാലയത്തിൽ പഠിക്കാൻ കൂടുതൽ കുട്ടികൾ വന്നു. കർത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ഇപ്പോൾ 1, 2 ക്ലാസുകൾ പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടമാണ് ആദ്യം നിർമ്മിച്ചത്. വള്ളിയിൽ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണൽ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ൽ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു.ഹൈസ്ക്കൂളിന്റെ ആരംഭം ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂൾ പഠനത്തിന് കാൽ നടയായി ബത്തേരിയിൽ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാൻ കാരണമായി. 1974-ൽ നൂൽപ്പുഴ യു പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സ്ക്കൂൾ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സർക്കാരിൽ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോൺ, ശ്രീ സി രാമൻകുട്ടി, ശ്രീ ടി ഹുസൈൻ, ശ്രീ എ കെ അഹമ്മദ്, ശ്രീ എൻ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പൻ നൂൽപ്പുഴ ഗവ. ഹൈസ്ക്കൂൾ ഉൽഘാടനം ചെയ്തതോടെ കല്ലൂർ നിവാസികളുടെ സ്വപ്നം സാർത്ഥകമായി.ശ്രീ സദാനന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീമതി നാരായണികുട്ടി, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. 1995- 96 വർഷത്തിൽ നൂൽ.പ്പുഴ ഗവ ഹൈസ്ക്കൂൾ എന്ന പേര് ഗവ ഹൈസ്ക്കൂൾ കല്ലൂർ എന്നായി. 2010 ൽ കല്ലൂർ ഗവ.ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർപ്പെട്ടു. കൊമേഴ്സ് ഹ്യുമാണിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഓരോബാച്ചുവീതമാണ് ഇന്നിവിടെ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത് ഈ വിദ്യാലയത്തിൽ നിന്നും പത്താം തരം വിജയിച്ചെത്തുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾക്കും തുടർപഠനത്തിനുള്ള സാഹചര്യം സംജാതമാക്കിയിരിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും വലിയൊരു ശതമാനം കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിലെത്തുന്നു എന്നത് അഭിമാനകരമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അതിർവരമ്പുകൾക്കപ്പുറം സമത്വത്തിന്റെ കാഴ്ചയുമായി ജനകീയ വിദ്യാലയമെന്ന നിലയിലേക്കുയരുവാൻ ഇന്നീ വിദ്യാലയത്തിനായിരിക്കുന്നു.2014 വർഷം ഈ വിദ്യാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കല്ലൂർ/History&oldid=613786" എന്ന താളിൽനിന്ന് ശേഖരിച്ചത്