എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നിശ്ശബ്ദയായ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശ്ശബ്ദയായ ഗ്രാമം

പടിപ്പുരവാതിൽ കടന്നാൽ നെൽപ്പാടം. സ്വർണ്ണവർണമാർന്ന നെൽക്കതിരുകൾ ഒരേ താളത്തിൽ നൃത്തമാടുന്നു. മന്ദമാരുതൻ അവരുടെ നൃത്തത്തിനു വെഞ്ചാമരം വീശുന്നുവെന്നുതോന്നിപ്പോകും. പെട്ടന്നെന്റെ ചിന്തകളെമുറിച്ചുകൊണ്ട് ഊട്ടുപുരയിൽനിന്ന് ചില ശബ്ദങ്ങൾ കടന്നുവന്നു. തറവാട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട്. ഇനിയൊരു ഓണക്കാലം തന്നെ. ഞാൻ പതിയെ പടിക്കെട്ടുകളിറങ്ങി അകത്തളത്തിലെത്തി. മുതിർന്നവർ വാർത്തകൾ കേൾക്കുന്ന തിരക്കിലാണ്. ഞാൻ അടുക്കളയിലേക്ക് നടന്നു. അമ്മയെവിടെ എന്നായിരുന്നു എന്റെ അന്വേഷണം. ആ അന്വേഷണം ചെന്നവസാനിച്ചത് തെക്കേ തൊടിയിലെ വരിക്കപ്ലാവിന്റെ ചുവട്ടിലായിരുന്നു. അമ്മ ചക്ക പറിക്കുവാനുള്ള പരിശ്രമം തുടർന്നുകൊണ്ടിരിക്കുന്നു."അമ്മേ,ഞാൻ സഹായിക്കണോ?"ചോദ്യത്തിനു മുമ്പേതന്നെ ഉത്തരമെത്തി."വേണ്ട മോനേ" എന്നായിരുന്നു മറുപടി. മുറ്റത്ത് കുട്ടികൾ മണ്ണപ്പം ചുട്ടുകളിക്കുന്നു.വല്യച്ഛന്റെ ശാസന പുറകേയെത്തി."മണ്ണിൽ കളി നിർത്തി കൈ നന്നായി സോപ്പിട്ടുകഴുകി അകത്തുകേറിക്കോ, പുറത്ത് രോഗങ്ങളുടെ മഹാപ്രളയമാണ്”. ശാസനയ്ക്ക് ആക്കം കൂട്ടാനെന്നോണം കൈയിൽ ചൂരൽവടിയുമുണ്ട്. കുട്ടികൾ പാത്രത്തിൽനിന്നും വഴുതിവീണ മുത്തുകൾപോലെ നാലുവഴിക്കും ചിതറി. വല്യമ്മ അടുത്ത അടവുമായി രംഗത്തെത്തി."കൈ നന്നായി സോപ്പിട്ടുകഴുകി കയറി വരുന്നവർക്ക് നല്ല കായ വറുത്തത് കൊടുക്കുന്നുണ്ട്”. ഇതുകേൾക്കേണ്ട താമസം കുട്ടികൾ പൈപ്പിൻ ചുവട്ടിലൊത്തുചേർന്നു. എല്ലാവരും കൈകഴുകി കായ വറുത്തതും വാങ്ങി ഉമ്മറത്തേക്കു നടന്നു. വല്യച്ഛൻ കുട്ടികളോടു പറഞ്ഞു "ഇനി ആരും പുറത്തിറങ്ങേണ്ട. മാധവന്റെ മുറിയിൽ ഒരുപാട് പുസ്തകങ്ങളുണ്ട്.അതെടുത്ത് വായിച്ചിട്ട് വൈകിട്ട് നിങ്ങൾ വായിച്ച കഥ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണം. ഏറ്റവും നന്നായി അവതരിപ്പിക്കുന്നവർക്ക് വല്യച്ഛന്റെ വക പ്രത്യേക സമ്മാനവും”. ഇതുകേൾക്കേണ്ടതാമസം കുട്ടികൾ എന്റെ മുറിയിലേക്ക് ഓടി. പുസ്തകങ്ങൾ അലങ്കോലമാക്കിയിടരുത് ആവശ്യമുള്ളത് മാത്രം എടുത്ത് ബാക്കി അടുക്കി വയ്ക്കുക എന്ന താക്കീതും ഞാൻ നൽകി. ഞാൻ പാടവരമ്പിലൂടെ മുൻപോട്ടുനടന്നു. ആധുനികത ഒട്ടും എത്തിനോക്കിയിട്ടില്ലാത്ത എന്റെ കൊച്ചുഗ്രാമം...എത്ര മനോഹരിയാണു നീ...ഒരു ആത്മഗതമെന്നപോൽ ഞാൻ മനസ്സിൽ പറഞ്ഞു. പാടത്തിനരികിലെ കേശവൻ ചേട്ടന്റെ വീടിനടുത്തെത്തിയിട്ടും ഒരനക്കവുമില്ല. "കേശവൻ ചേട്ടാ...കേശവൻ ചേട്ടാ..."ഞാൻ വിളിച്ചു. കേശവൻ ചേട്ടൻ പതിയെ പുറത്തിറങ്ങി വന്നു. "ആ മാധവൻകുഞ്ഞോ, എപ്പോ എത്തി?” "രണ്ടുമൂന്നു ദിവസമായി. തറവാട്ടിൽനിന്നു പുറത്തിറങ്ങിയില്ലയെന്നേയൊള്ളൂ. ഇപ്പോഴത്തെ നാട്ടിലെ അവസ്ഥ കണ്ടില്ലെ ആകെ പേടിയാകുന്നു”. കേശവൻചേട്ടൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "ഹേയ്, പേടിക്കേണ്ട ആവശ്യമൊന്നുമില്ല. സോപ്പുപയോഗിച്ചുകൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ മതിയെന്നല്ലേ പറയുന്നത് പിന്നെ നമ്മുടെ തൊടിയിലെ ചക്കയും, മാങ്ങയും, മുരിങ്ങയുംപോലുള്ള പ്രതിരോധ ഔഷധങ്ങൾ കഴിക്കുകയും ചെയ്താൽ മറ്റൊന്നും പേടിക്കേണ്ടതില്ല”. ഇത്രയും പറഞ്ഞ് ഞാൻ തിരിച്ച് തറവാട്ടിലേക്കു നടന്നു. കേശവൻ ചേട്ടൻ എന്നെ വിളിച്ചു "കുഞ്ഞേ ഞാനും തറവാട്ടിലേക്കുവരാം”. അങ്ങനെ ഞങ്ങൾ രണ്ടാളും വരമ്പിലൂടെ തറവാട്ടിലെത്തി. നല്ല ചക്കപ്പുഴുക്കിന്റെ മണം തറവാടിന്റെ പടിപ്പുരവരെയെത്തിയിരുന്നു. കുട്ടികൾക്കെല്ലാം വരാന്തയിൽ കഴിക്കാനുള്ള ഇലകൾ നിരന്നിരുന്നു. ഒപ്പം ഞാനും ചേർന്നു. കേശവൻചേട്ടനും അമ്മ ഒരു ഇലയിട്ടു പുഴുക്കുവിളമ്പി. പ്രാവുകൾക്ക് അരിമണി വിതറുന്ന കാര്യവും വല്യച്ഛൻ മറന്നില്ല. വല്യച്ഛൻ കുട്ടികളോടായി പറഞ്ഞു. "മക്കളെ നമ്മുടെ കപ്പയും ചക്കയും മാങ്ങയുമൊക്കെയാണ് നമുക്ക് ആരോഗ്യം നൽകുന്ന ഭക്ഷണങ്ങൾ. മാത്രമല്ല ആരോഗ്യമുള്ള ശരീരത്തിൽ രോഗങ്ങൾ പ്രവേശിക്കത്തുമില്ല. എന്റെയൊക്കെ ചെറുപ്പകാലത്ത് ഇതൊക്കെയായിരുന്നു ഞാൻ കഴിച്ചിരുന്നത്. അന്ന് ഇന്നത്തേപോലെ ഫാസ്റ്റ്ഫുഡ് ഒന്നുമില്ലായിരുന്നു. അന്നെല്ലാം രോഗങ്ങളും കുറവായിരുന്നു”. ഇതുപറയുമ്പോഴേക്കും അമ്മ പത്താഴത്തിൽ പഴുക്കാൻ വച്ചിരുന്ന പൂവൻ പഴങ്ങളുമായി എത്തി. രാവിലത്തെ ആഹാരത്തിനുശേഷം ഞാൻ എന്റെ മുറിയിലേക്കു നടന്നു. സീതചേച്ചി മുറികൾ വൃത്തിയാക്കുന്ന തിരക്കിലാണ്. ചേച്ചി എന്നോടായി ചോദിച്ചു. "ഈ പുസ്തകങ്ങളിൽ കുറയൊക്കെ വല്ല വായനശാലയ്ക്കും കൊടുത്തുകൂടെ എന്തിനാ ഇങ്ങനെ മുറിയിൽ പൊടിപിടിപ്പിക്കുവാൻ വയ്ച്ചിരിക്കുന്നത്?"അതിനുള്ള ഉത്തരം ഒരു ചെറിയ നേർത്ത പുഞ്ചിരിയായിരുന്നു. തറവാടിന്റെ തറകളെല്ലാം പളുങ്കുപോലെ തിളങ്ങിയിരുന്നു. പുസ്തകക്കൂട്ടങ്ങളിൽ നിന്ന് ഒരു പുസ്തകമെടുത്ത് ഞാൻ എന്റെ കട്ടിലിലേക്ക് കിടന്നു. വായനയ്ക്കിടയ്ക്ക് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു. പെട്ടന്നു കേട്ടൊരു ശബ്ദം എന്നെ ഉറക്കത്തിൽനിന്നുണർത്തി. ബസ് പാലക്കാട് എത്തിയിരിക്കുന്നു. 2 വർഷങ്ങൾക്കുശേഷമുള്ള തിരിച്ചുവരവ്. മുഖത്ത് മാസ്കുകൾ ധരിച്ച മനുഷ്യർ ബസിന്റെ ചിലഭാഗങ്ങളിലായി ഇരിക്കുന്നു. എന്റെ ഗ്രാമത്തിലെങ്ങും നിശബ്ദത തളം കെട്ടിയിരിക്കുന്നു. ഈ രോഗമെന്ന മഹാമാരി എന്റെ ഗ്രാമത്തിനെ നിശബ്ദയാകാൻ പഠിപ്പിച്ചിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലുമായി ഞാൻ എന്റെ തറവാട്ടിലേക്ക് നടന്നു.....

പാർവതി അശോക്
9 സി എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ