സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി കലകൾ

ഒരു പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടി കലകളും സാഹിത്യവും, അവിടുത്തെ സംസ്കാരത്തിന്റെ മുഖമുദ്രകളാണ്. തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും, അവരുടെ സ്വത്വം നിലനിർത്തുവാനും ഇവ സഹായിക്കുന്നു. പൂർവ്വികർ; ദൈവങ്ങളെ പ്രീതിപ്പെടുത്തുവാനും, മാനസികോന്മേഷത്തിനും രൂപം നൽകിയ ഗ്രാമീണ വിശ്വാസത്തിലധിഷ്ഠിതമായ കലാരൂപങ്ങളാണിവ. സാമുദായിക മൈത്രിയുടെ വിശാല അന്തരീക്ഷത്തിൽ നടത്തുന്ന കാവശ്ശേരി പൂരമഹോത്സവത്തോടനുബന്ധിച്ചുള്ള അനുഷ്ഠാന കലകൾ, സാമുദായിക കലാരൂപങ്ങൾ എന്നിവ പൂരത്തിന് നിറച്ചാർത്ത് നൽകുന്നു. ഇവ കൂടാതെ മറ്റ് നാടൻ കലാരൂപങ്ങളാലും ഈ നാട് സമ്പന്നമാണ്. ഒരു ദേശത്തിന്റെ സമ്പൽ സമൃദ്ധിക്കും ജനങ്ങളുടെ ഐശ്വര്യത്തിനും നിദാനം, ദേശത്ത് സാന്നിദ്ധ്യം ചെയ്തരുളുന്ന ക്ഷേത്രചൈതന്യത്തിന്റെ അനുഗ്രഹാശ്ശിസ്സുകളും, അനശ്വരമായ പൂര്വ്വകാല ചടങ്ങുകളുടെ സമൃദ്ധിയും, സർവ്വ സമുദായ പങ്കാളിത്തവും, ഉത്സവ ലഹരിയ്ക്ക് മാറ്റുകൂട്ടുന്ന നാടൻ കലാരൂപങ്ങളാണ്. അവയിലേക്ക് ഒരെത്തിനോട്ടം........

  • തിറയാട്ടം

കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്'തിറയാട്ടം.(English-"Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ്‌ തിറയാട്ടം. തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തിനെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിന്റെ തനതു കലാരൂപമാണ്‌.

  • തോൽപ്പാവക്കൂത്ത്

കുംഭമാസത്തിലെ മകയിരം നാൾ മുതൽ കൂത്തൂമാടത്തിൽ, ഏഴു ദിവസം രാമായണകഥ ( യുദ്ധകാണ്ഡം ) പാവക്കൂത്തായി അവതരിപ്പിക്കുന്നു. ആയില്യം നാളിൽ കൂത്തിൽ 'ഗരുഡപ്പത്ത് ' നടത്തുന്നു. കൂത്തു കാണാൻ ഭഗവതി ദേേശവാദ്യത്തിന്റെ അകമ്പടിയോടെ എത്തുമെന്ന് വിശ്വസിക്കുന്നു. കൂത്ത് വഴിപാടായും നടത്താറുണ്ട്.

  • കൂത്തുമാടത്തിലെ തോൽപ്പാവക്കൂത്ത്

കൂത്തുമാടത്തിനുള്ളിൽ ചെറിയാണ്ടി - വലിയാണ്ടി

പൂരത്തിന് കൂറ (കൊടി) യിട്ട നാൾ മുതൽ കുട്ടികളുടെ ആണ്ടി വേേലയാണ്. ചെറിയാണ്ടി - വിറകിനെ കനലാക്കി ദേവീസ്തുതികളോടെ തീ പറപ്പിക്കുന്നു. മൂന്നു ദിവസം ഇതു നടത്തുന്നു. വലിയാണ്ടി - നാൽക്കവലകളിൽ പന്തം കൊളുത്തി, വാഴച്ചപ്പ് കൊണ്ട് ആൾരൂപമുണ്ടാക്കി കത്തിക്കുന്നു. മൂന്നാം ദിവസം ആര്യവേപ്പില കൊണ്ട് ആൾവേഷം കെട്ടി ദേവീസ്തുതികളോടെ ആർപ്പുവിളിച്ച് ഒാരോ ദിക്കിലുള്ളവർ അമ്പലത്തിലെത്തി ദേവിയെ തൊഴുതു മടങ്ങുന്നു.

  • പറവേല

പൂരത്തിന് മുന്നോടിയായി ഒരോ ദിക്കിലുമുള്ള പറയസമുദായക്കാർ, അവർ താമസിക്കുന്ന കോളനികളിൽ പറവേല നടത്താറുണ്ട്. ദേവിയ്ക്കുള്ള വഴിപാടാണിത്.

  • ഊർവലം

പൂരം കൂറയിട്ട് ഏഴു ദിവസം നടത്തുന്നതാണ് ഊർവലം. ദേശത്തിലെ; ദേവിയ്ക് അവകാശപ്പെട്ട പതിനെട്ടര ഊരുകളിൽ കൊടിമരം നാട്ടി, ഒരോ കൊടിമരച്ചുവട്ടിലും, പ്രത്യേകം അവകാശപ്പെട്ട കുടുംബത്തിലെ സ്ത്രീകൾ ദേവീവിഗ്രഹം കൈയ്യിലേന്തിക്കൊണ്ട് ഊരു‍വലം നടത്തുന്നു. കാവശ്ശേരി ദേശത്തിലെ അനുഗ്രഹീതരായ കുളങ്ങര വീട്ടുകാർക്കാണ് ഇതിന് അവകാശം സിദ്ധിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ അത്താഴപൂജയ്കു ശേഷം ചേറുമംഗലം കൊട്ടി, ചിലമ്പുമേന്തിയാണ് ഈ തറവാട്ടമ്മ ഊരിലെ ഗൃഹങ്ങൾ സന്ദർശിക്കുന്നത്.

  • കുതിരവേല

വാഴച്ചപ്പും മറ്റും കൊണ്ടുണ്ടാക്കി അലങ്കരിച്ച കമ്മാള വിഭാഗത്തിന്റെ കുതിര പൂരത്തിനു തലേന്ന് രാത്രി ആഘോഷപൂർവ്വം ക്ഷേത്രത്തിലെത്തുന്നു. ഇതാണ് കുതിരവേല (പറവേല).

  • കളമെഴുത്തുപാട്ട്

ദേവീ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകലാരൂപമാണിത്. പ്രത്യേക പൊടിക്കൂട്ടുകൾ ഉപയോഗിച്ച് ദേവീരൂപം കളത്തിൽ വരച്ച്, ദാരികവധം പാട്ട് ഉടുക്കുകൊട്ടി പാടുന്നു. പൂരത്തോടനുബന്ധിച്ചും, വൃശ്ചിക മാസത്തിലും, ഈ കലാരൂപം നടത്താറുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.

  • കണ്യാർകളി, കുമ്മാട്ടി, പഴംപൂരം എന്നിവയും പൂരത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മറ്റ് ഉത്സവ പരിപാടികളാണ്.

പ്രാദേശികമായ ഇതര കലാരൂപങ്ങൾ:

  • പൊറാട്ടൻ കളി

പാലക്കാടിന്റെ തനതു കലാരൂപമായ പൊറാട്ടൻ കളിയുടെ ശ്രുതിതാളങ്ങൾ നെഞ്ചേറ്റുന്ന നാടാണ് കാവശ്ശേരിയും. വിഷയം പുരാണ കഥയാണെങ്കിലും, അവതരണ ശൈലിയാണ് പൊറാട്ടൻ കളിയുടെ പ്രത്യേകത. നിത്യജീവിതത്തിലെ പല സംഭവങ്ങളും ഫലിതരൂപേണ ഇതിൽ അവതരിപ്പിക്കുന്നു.

  • അയ്യപ്പൻ പാട്ട്

അയ്യപ്പൻ പാട്ട് ശാസ്താം പാട്ടെന്നും അറിയപ്പെടുന്നു. അയ്യപ്പക്ഷേത്രങ്ങളിലും വീടുകളിലും മണ്ഡലമാസക്കാലത്ത് നടത്താറുള്ള ഒരു ചടങ്ങാണിത്. അയ്യപ്പന്റെ സാന്നിദ്ധ്യം അറിയിക്കാൻ മണ്ഡപം കൂട്ടി അയ്യപ്പനെ കുടിയിരുത്തുന്നു. ശാസ്താവിന്റെ ജനനം മുതലുള്ള ചരിത്രം ഉടുക്കുകൊട്ടി പാടി അവതരിപ്പിക്കുന്നു.

  • കൈകൊട്ടിക്കളിപ്പാട്ടുകൾ.

സ്ത്രീകളുടെ വിനോദകലയാണ് കൈകൊട്ടിക്കളി (തിരുവാതിരക്കളി). ചിങ്ങമാസത്തിലെ ഓണാഘോഷത്തിനും ധനുമാസത്തിലെ ആതിരാഘോഷത്തിനും കൈകൊട്ടിക്കളി മുഖ്യമാണ്. കൈകൊട്ടിക്കളിപ്പാട്ടുകൾ ധാരാളം പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും ഇന്നു നഷ്ടപ്രായമായിരിക്കയാണ് (നോ. കൈകൊട്ടിക്കളിയും പാട്ടുകളും). സാഹിത്യലോകത്ത് പ്രശസ്തങ്ങളായ ചില കൈകൊട്ടിക്കളിപ്പാട്ടുകളുണ്ട്. പാർവതീസ്വയംവരം നാലു വൃത്തം, അംബരീഷചരിതം പന്ത്രണ്ടുവൃത്തം, പാർവതീസ്വയംവരം പന്ത്രണ്ടുവൃത്തം, ഗജേന്ദ്രമോക്ഷം നാലു വൃത്തം, ശാകുന്തളം നാലു വൃത്തം, സീതാസ്വയംവരം നാലു വൃത്തം, വൃകാസുരവധം രണ്ടു വൃത്തം, കല്യാണസൗഗന്ധികം രണ്ടു വൃത്തം തുടങ്ങിയ പാട്ടുകൾ മച്ചാട്ട് ഇളയതിന്റെ സംഭാവനകളാണ്. കോട്ടൂർ നമ്പ്യാർ കുചേലവൃത്തം, സുഭദ്രാഹരണം എന്നീ കഥകൾ കൈകൊട്ടിക്കളിപ്പാട്ടുകളായി രചിച്ചിട്ടുണ്ട്. അഹല്യാമോക്ഷം ഏഴു വൃത്തം, ലക്ഷ്മീസ്വയംവരം മൂന്നു വൃത്തം, അജാമിളമോക്ഷം നാലു വൃത്തം, ദക്ഷയാഗം പതിനെട്ടു വൃത്തം, പൂതനാമോക്ഷം എട്ടു വൃത്തം, രാസക്രീഡ ആറു വൃത്തം, രാജസൂയം പത്തു വൃത്തം, കിരാതം എട്ടു വൃത്തം മുതലായ അനേകം കൈകൊട്ടിക്കളിപ്പാട്ടുകളെപ്പറ്റി സാഹിത്യചരിത്രഗ്രന്ഥങ്ങളിൽ സൂചനകൾ കാണാം.

ധനുമാസത്തിലെ തിരുവാതിര ഹൈന്ദവവനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുമ്പേ കുളിക്കുവാൻ ചെല്ലും. ഗംഗയുണർത്തുപാട്ട്, കുളംതുടിപ്പാട്ട് എന്നിവ ആ സന്ദർഭത്തിൽ പാടുന്നവയാണ്. ഊഞ്ഞാൽപ്പാട്ടുകൾ പാടി ഊഞ്ഞാലാടുന്ന പതിവുണ്ട്. താലോലംപാട്ട്, തുമ്പിതുള്ളൽപ്പാട്ട് എന്നിവ തിരുവാതിരപ്പാട്ടുകളിൽപ്പെടുന്നവയാണ്. തിരുവാതിരക്കളിക്ക് ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, പരമേശ്വരൻ തുടങ്ങിയവരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾ പാടും. കൂടാതെ മംഗളാതിരാപുരാണം, പാർവതീസ്വയംവരം, സത്യാസ്വയംവരം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകൾ പാടും. സാഹിത്യലോകത്ത് പ്രശസ്തങ്ങളായ ചില തിരുവാതിരപ്പാട്ടുകളുമുണ്ട്. കുഞ്ചൻ നമ്പ്യാരുടെ രുക്മിണീസ്വയംവരം പത്തു വൃത്തം, ഇരട്ടക്കുളങ്ങര രാമവാര്യരുടെ കിരാതം, കോട്ടൂർ നമ്പ്യാരുടെ കുചേലവൃത്തം, സുഭദ്രാഹരണം, കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ശിവരാത്രിമാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം എന്നിവ ഇവയിൽ ചിലതാണ്. മച്ചാട്ടിളയത്, വെണ്മണിമഹൻ നമ്പൂതിരി തുടങ്ങിയവരും തിരുവാതിരപ്പാട്ടുകൾ എഴുതിയിട്ടുണ്ട്. ആതിരവ്രതം അനുഷ്ഠിക്കുന്ന സ്ത്രീകളാണ് തിരുവാതിരക്കളിയിൽ ഏർപ്പെടുന്നതെങ്കിലും അനുഷ്ഠാനത്തെക്കാൾ വിനോദത്തിനാണ് ഈ കളിയിൽ മുൻതൂക്കം കാണുന്നത്. പ്രസിദ്ധങ്ങളായ കഥകളിപ്പദങ്ങളും തിരുവാതിരക്കളിക്ക് ഉപയോഗിച്ചുവരുന്നു. നോ. കൈകൊട്ടിക്കളിയും പാട്ടുകളും

  • ഓണപ്പാട്ടുകൾ.

കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും കളികളും കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളിൽ പ്രായേണ ഓണാഘോഷത്തിന്റെ ഐതിഹ്യങ്ങളും ചടങ്ങുകളുമാണ് വർണിക്കുന്നത്. 'മാവേലി നാടുവാണീടും കാലം' എന്ന നാടോടിപ്പാട്ട് പ്രചുരപ്രചാരമുള്ളതാണ്. ഓണത്തിന് പൂവിടുകയും പൂക്കളം നിർമിക്കുകയും ചെയ്യുമ്പോൾ പൂപ്പാട്ടുകൾ (പൂവിളിപ്പാട്ടുകൾ) പാടിവരുന്നു. അത്യുത്തര കേരളത്തിൽ 'ഓണത്താർ' എന്ന തെയ്യം ഭവനംതോറും വന്നു പാട്ടു പാടി ആടാറുണ്ട്. വണ്ണാന്മാർ പാടിവരുന്ന ഈ പാട്ടിന്റെ ഉള്ളടക്കം മഹാബലിയുടെ കഥയാണ്. ഓണക്കാലത്തു പുള്ളുവരും പാണരും ഭവനങ്ങളിൽ വന്നു പാട്ടു പാടും . ഓണപ്പാട്ടുകൾ പാടിയാൽ അവർക്കു പ്രത്യേക പാരിതോഷികങ്ങൾ ലഭിക്കും . ഓണക്കാലത്തെ വിനോദങ്ങൾക്കു പാടുന്ന പാട്ടുകളും കുറവല്ല. തുമ്പിതുള്ളൽപ്പാട്ടുകളും തലയാട്ടപ്പാട്ടുകളും ഊഞ്ഞാൽപ്പാട്ടുകളും കുമ്മിപ്പാട്ടുകളും മറ്റും ഗ്രാമീണാന്തരീക്ഷത്തിൽ ഇന്നും പ്രചാരത്തിലിരിക്കുന്നു.