സെന്റ് മേരീസ് എൽ പി എസ് തീക്കോയി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് - തീക്കോയി

എന്റെ നാട്

മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ മീനച്ചിലാറിന്റെ തീരത്ത് പ്രകൃതിസൗന്ദര്യം നിറഞ്ഞ സുന്ദരമായ ഒരു ഗ്രാമമാണ് തീക്കോയി.

കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ്  കേന്ദ്രമായ വാഗമൺ മലനിരകൾ തീക്കോയി ഗ്രാമത്തിന്റെ ഭൂപ്രദേശങ്ങൾ  കൂടി ഉൾപ്പെടുന്നതാണ്. തീക്കോയിയിൽക്കൂടി കടന്നു പോകുന്ന മീനച്ചിലാറും, 1961 നിർമ്മാണം പൂർത്തിയാക്കിയ ഈരാറ്റുപേട്ട - വാഗമൺ -  പീരുമേട് സ്റ്റേറ്റ് ഹൈവേയും ആണ് ഈ ഗ്രാമത്തിന്റെ ഇന്നു കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. വൈവിധ്യമാർന്ന കൃഷികളിൽ ഏർപ്പെട്ടിരുന്നെങ്കിലും പ്രധാനമായും കൃഷി ചെയ്തിരുന്നത് റബ്ബറാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് കമ്പനി കൃഷി ചെയ്ത തീക്കോയി റബർ എസ്റ്റേറ്റ് ഇന്നും ഇവിടെ  നിലനിൽക്കുന്നു,  എസ്റ്റേറ്റിന്റെ ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാരാണ് ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിക്ക് റോഡ് വെട്ടി ആദ്യമായി യാത്രാസൗകര്യം ഉണ്ടാക്കിയത്.

വാഴ, കപ്പ, തെങ്ങ്, കുരുമുളക്, കാപ്പി തുടങ്ങിയ വിവിധ വിളകൾ ഇവിടെ കൃഷി ചെയ്തു വരുന്നു.

നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ അധിവസിക്കുന്ന ഈ ഗ്രാമത്തിൽ ഇംഗ്ലണ്ടിൽ നിന്നും വന്ന C. S. I മിഷനറിമാർ കട്ടൂപ്പാറയിൽ 1869 നു മുൻപു സ്ഥാപിച്ച പള്ളിയാണ് ആദ്യമായി ഈ ഗ്രാമത്തിൽ ഉണ്ടായ ആരാധനാലയം. 1875  കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ആച്ചുക്കാവ് ദേവീക്ഷേത്രവും, 1924 ൽ തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയും, 1940ൽ വെള്ളികുളത്തും, 1975ൽ മാവടിയിലും, 1982ൽ മംഗളഗിരിയുലും , 2001ൽ  ശാന്തിഗിരിയിലും പള്ളികൾ സ്ഥാപിക്കപ്പെട്ടു. 1927 -ലാണ് തീക്കോയിയിൽ  ഒരു പ്രാഥമികവിദ്യാലയം ആദ്യമായി ആരംഭിച്ചത്.

വിവിധ സർക്കാർ സ്ഥാപനങ്ങളായ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, V.E.O ഓഫീസ്, പോസ്റ്റ് ഓഫീസ്, മാവേലി സ്റ്റോർ, മൃഗാശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഈ ഗ്രാമത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുവരുന്നു.

ആരോഗ്യരംഗത്ത് വിവിധ സർക്കാർ സ്ഥാപനങ്ങളായ പ്രാഥമിക ആരോഗ്യകേന്ദ്രവും, ഹോമിയോ ആശുപത്രിയും, ആയുർവേദ ആശുപത്രിയും ഈ ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നു.

സഹകരണമേഖലയിൽ  1951ൽ  സ്ഥാപിതമായ തീക്കോയി സർവീസ് സഹകരണ ബാങ്കും, സഹകരണ മിൽക്ക് സൊസൈറ്റിയും, കൂടാതെ വിവിധ ധനകാര്യ സ്ഥാപനങ്ങളായ ഫെഡറൽ ബാങ്ക്, SBI, മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് എന്നിവയുടെ ശാഖകളും ഈ ഗ്രാമത്തിലുണ്ട്.

നാനാജാതി മതസ്ഥരായ ഈ ഗ്രാമത്തിലെ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ഒത്തൊരുമയോടെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഇവിടെ ജീവിച്ചു വരുന്നു.