സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pulinthanam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ കൊറോണക്കാലം       <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൊറോണക്കാലം      

കേരള ജനത അഭിമുഖീകരിച്ച പ്രളയദുരന്തങ്ങൾ ഒത്തൊരുമയുടേയും,എെക്യത്തിന്റേയും ഫലമായി പ്രതിരോധിക്കാൻ കഴിഞ്ഞു.നവ കേരള സൃഷ്ടിക്കായ് നമ്മൾ കൂട്ടായ് ശ്രമിച്ച് അതിജീവിനത്തിന്റെ പാതയിൽ മുന്നേറുമ്പോഴാണ് ലോക ജനതയെയാകെ മുൾമുനയിൽ നിർത്തിക്കൊണ്ട് മഹാമാരിയായ കോവിഡ്-19 എത്തിയത്.നമ്മുടെ ജീവിതത്തെയാകെ തകിടം മറിക്കുന്ന സംഭവപരമ്പരകളാണ് പിന്നീടുണ്ടായത്.

സാമൂഹിക,രാഷ്ട്രീയ,സാമ്പത്തിക,വിദ്യാഭ്യാസ മേഖലകളെ ആകെ തകിടം മറിച്ചുകൊണ്ടാണ് കൊറോണ എന്ന വിപത്ത് നമ്മെ തേടിയെത്തിയത്.ആരോഗ്യപ്രവർത്തകരുടേയും ജനനേതാക്കളുടേയും, പോലീസുക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ മഹാമാരിയെ കേരളം പിടിച്ചുകെട്ടുന്നതിൽ ഒരുപടി വിജയിച്ചു ലോകത്തിന് മാതൃകയായിരിക്കുകയാണ്.

കുറേകാലങ്ങളായി ജനങ്ങൾ തിരക്കുപിടിച്ച ജീവിതത്തിൽ ഒന്നിനും സമയം തികയാതെ ആവലാതികളും വേവലാതികളുമായി പോകുമ്പോഴാണ് ഈ കൊറോണക്കാലം വന്നെത്തിയത്.ഈ രോഗത്തെ പ്രതിരോധിക്കാൻ ഏറ്റവും ഫലവത്തായ മാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നുള്ളതായതിനാൽ എല്ലാ രംഗങ്ങളും നിശ്ചലമായപ്പോൾ ഞങ്ങൾ കുട്ടികളുടെ ലോകം മറ്റൊന്നായി മാറി.ഒന്നിലും ശ്രദ്ധ ചെലുത്താതെ ചുമ്മാ നടക്കാം.കുടുംബബന്ധങ്ങൾക്ക് കൂടുതൽ ഊഷ്മളത വന്നു. ജോലി തിരക്കിനിടയിൽ നിന്നും അച്ഛന്റെയും അമ്മയുടെയും സ്മേഹവും പരിഗണനയും കൂടുതൽ കിട്ടാൻ തുടങ്ങി. അച്ഛൻ ഒരു പോലീസുക്കാരനായതുകൊണ്ട് ഈമഹാമാരിയെ തുരത്തുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരാൽ കഴിഞ്ഞതിൽ ഞാനും അഭിമാനിക്കുന്നു.

പുസ്തകങ്ങളുടെ ലോകത്തിൽ സന്തോഷത്തോടെ വിരാജിക്കാൻ കൂടുതൽ സമയംകിട്ടി.ഞാൻ വായിച്ച ചാൾസ് ഡിക്കൻസിന്റെ 'ഒലിവർ ട്വിസ്റ്റ്'’ എന്നെ വല്ലാതെ ആകർഷിച്ചു.എ.പി.ജെ യുടെ ആത്മകഥയായ 'അഗ്നിച്ചിറകുകൾ 'എന്നെ വല്ലാതെ സ്വാധിനിച്ചു. അച്ഛന്റെയും അമ്മയുടെയും കൂടെ പച്ചക്കറി കൃഷിയിൽ പങ്കുച്ചേരാനും ,പൂന്തോട്ടം നിർമ്മിക്കാനും ഒക്കെ ഒരുപാട് സമയം കിട്ടി.വീട് ഹരിതാഭമാക്കാൻ എന്നാൽ പറ്റുന്നതെല്ലാം ഞാനും ചെയ്തു.അമ്മ പറഞ്ഞു, അവരുടെ ചെറുപ്പക്കാലം ഇതുപോലെ തിരക്കു കുറഞ്ഞൊരു സന്തോഷകരമായ കാലമായിരുന്നു എന്ന്.ചെറിയ ചെറിയ പാചകങ്ങൾ ചെയ്തു നോക്കാനും ഞാൻ സമയംകണ്ടെത്തി.അതിൽ മികച്ചത് ഗോതമ്പുകൊണ്ടുണ്ടാക്കിയ പപ്സ് ആയിരുന്നു. അതുപോലെതന്നെ പാഴ് വസ്തു നിർമ്മാണത്തിൽഏർപ്പെട്ടു.അതിൽ പഴയകുപ്പിയിൽ ചെയ്ത ഡിസൈനുകൾ നന്നായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.ചുമ്മാ വീട്ടിലിരുന്ന് സമയം മുഴുവൻ കളയാതെ ആരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എനിക്ക് സാധിച്ചീട്ടുണ്ട്.വീടും പരിസരവും വൃത്തിയായി.

എങ്കിലും കൊറോണ എന്ന മഹാമാരിയെക്കുറിച്ച് പത്ര മാധ്യമങ്ങളിൽ വരുന്ന പല വാർത്തകളും എന്നെ വല്ലാതെ വേദനിപ്പിച്ചു.പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാൻ സാധിക്കാതെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ,രോഗംപിടിപ്പെട്ട് ഏകാന്തതയിൽ കഴിയുന്നവർ,എല്ലാം മനസ്സിനെ പിടിച്ചു കുലുക്കുന്നു. സർവ്വശക്തനായ ദൈവത്തോടു പ്രാർഥിക്കുന്നത് ഒന്നുമാത്രം, എത്രയും പെട്ടെന്ന് ലോകം വീണ്ടും പഴയരീതിയിലേക്ക് സന്തോഷത്തിന്റെ നാളുകളിലേക്ക് തിരിച്ച് വരണേയെന്ന് മാത്രം.

ഗംഗ ദേവി ബി എസ്
9 A സെന്റ് ജോൺസ് എച്ച് എസ്,പുളിന്താനം
മൂവാറ്റുപ്പുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം