സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് കല്ലോടി സ്ഥിതി ചെയുന്നത്.നവീനശിലായുഗ കാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം.കുറ്റ്യാടി ചുരം വഴി കോഴിക്കോട് പോയിരുന്ന പാതയുടെ സാമീപ്യം കൊണ്ട് പ്രധാന്യമർഹിച്ചിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്ക് വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി പോരാടിയ പഴശ്ശി രാജാവിന്റെ സേനാനായകൻ >wiki എടച്ചന കുങ്കൻ ജന്മദേശമെന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.കല്ലോടിക്ക് സമീപം പാതിരിച്ചാലിൽ ഉള്ള മീത്തല വീടാണ് എsച്ചന കുങ്കന്റ തറവാട് വീട് എന്നാണ് കരുതപ്പെടുന്നത്. കൽവിളക്ക്, കുടുംബ ക്ഷേത്രം തുടങ്ങിയവ അവിടെയുണ്ട്.എടച്ചന കുങ്കന്റ എന്നു കരുതപ്പെടുന്ന വാൾ തറവാട് ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.എsച്ചന കുങ്കന്റെ കുടുംബത്തിൽപ്പെട്ടത് എന്നു പറയപ്പെടുന്ന പാ ലി യ ണ തറവാട്ടിൽ ആട്ടുകട്ടിലുകൾ, മഞ്ചലിന്റെ ഭാഗം എന്നിവ സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ മുകൾതട്ടിൽ തന്നെ നെല്ല് പുഴുങ്ങി ഉണങ്ങാനുള്ള സൗകര്യം ഈ വീടിന്റെ .ആകർഷക ഘടകമാണ്.

കല്യാണത്തും പള്ളി

    പള്ളിക്കൽ എന്ന സ്ഥലത്താണ് കലാണത്തും പള്ളിസ്ഥിതി ചെയ്യുന്നത്.ഈ പള്ളി സ്ഥാപിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പള്ളിക്കൽ ഭാഗത്ത്  താമസിച്ചിരുന്ന ഹൈന്ദവ കുടുംബത്തിൽ ചികിത്സക്കായി വന്ന ശൈഖ് ശാഹുൽ മുർത്തളയാണ് പള്ളിക്കൽ താമസിച്ചിരുന്ന ആദ്യ മുസ്ലിം ഇദ്ദേഹം ഒരു സിദ്ധനായിരുന്നു.മേൽ പ്രസ്താവിച്ച കുടുംബത്തിലെ രോഗിയായ പെൺകുട്ടിയെ സുഖപ്പെടുത്തിയതിനാൽ കുട്ടിയുടെ പിതാവ് ശൈഖിന് സമ്മാനിച്ചതാണ് കൂടിക്കത്തും പള്ളിയിരിക്കുന്ന സ്ഥലവും മറ്റും.കുട്ടിയുടെ പേര് കല്യാണി  ആയതിനാലാണ് കല്യാണത്തും പള്ളി എന്ന പേര് വന്നത് എന്നതാണ് ഒരു വാദം. പള്ളിക്ക് സ്ഥലം അനുവദിച്ച ദിവസം അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു  എന്നൊരു വാദവും നിലവിലുണ്ട് 1826 ലാണ് ഇന്ന് കാണുന്ന പള്ളി നിർമ്മിക്കുന്നതിന് ശ്രമം ആരംഭിച്ചത്.

പള്ളിയറ ക്ഷേത്രം

      എള്ളുമന്ദത്താണ് പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം രാജാക്കമാർ ഇവിടം സന്ദർശിക്കുമ്പോൾ അവർക്ക് കുളിച്ചു തൊഴുന്നതിനുള്ള സൗകര്യവും വിശ്രമിക്കുന്നതിനുള്ള കെട്ടിടങ്ങളും  ഇവിടെ ഉണ്ടായിരുന്നു. രാജാവ് പള്ളിയുറങ്ങുന്ന സ്ഥലമാണ് പള്ളിയറ  എന്നറിയപ്പെട്ടത്.എല്ലാ വർഷവും വള്ളിയൂർക്കാവ് ഉത്സവത്തിന് ഇവിടെ നിന്നും വാൾ എഴുന്നെള്ളിക്കുന്ന പതിവുണ്ട്.

ചായുമ്മൽ തറവാട്

   കല്ലോടി പ്രദേശത്തെ പ്രമുഖ തറവാടാണ് ചായുമ്മൽ തറവാട്. കോട്ടയം രാജാക്കന്മാരോടൊപ്പം വേടൻ കോട്ടപിടിക്കാൻ വന്ന കരി നായന്മാരുടെ പിൻഗാമികളാണ് തങ്ങൾ എന്നാണ് ചായുമ്മൽ തറവാട്ടുകാർ പറയുന്നത്.ജന്മദേശത്തു നിന്ന്  ഭ്രഷ്ട് കല്പിക്കപ്പെട്ടതിനാൽ കോട്ടയം രാജാവ് അവർക്ക് ഭൂമി പതിച്ചു നൽകി. കേരളവർമ്മ പഴശ്ശിരാജായും ബ്രിട്ടീഷ്കാരും തമ്മിലുള്ള യുദ്ധത്തിൽ പഴശ്ശിരാജായുടെ  പക്ഷത്തായിയുദ്ധം ചെയ്തവരാണ് ചായുമ്മൽ തറവാട്ടുകാർ. എള്ളുമന്ദത്തിനടുത്താണ് ചായുമ്മൽ തറവാട് സ്ഥിതി ചെയുന്നത്.കൂട്ടുകുടുംബ വ്യവസ്ഥിതി പിൻതുടരുന്ന ഇവിടെ കുടുംബാംഗങ്ങൾ എല്ലാം മാറിയാണ് താമസിക്കുന്നത്. കൃഷിയും മതാനുഷ്ഠാനുങ്ങളും ഒന്നിച്ചാണ് അനുവർത്തിക്കുന്നത്. നാഗ സർപ്പത്തിന്റെ തലയിൽ നിന്നെടുത്തത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു മാണിക്യ കല്ലും ചായുമ്മൽ തറവാട്ടിലുണ്ട്. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, തിരുവാഭരണങ്ങൾ, വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന അമ്പും വില്ലും തുടങ്ങിയ പുരാവസ്തുക്കളും തറവാടിന്റെ പൂജാമുറിയിലുണ്ട്.

ആലഞ്ചേരി തറവാട്

   കല്ലോടിയുടെ സമീപ പ്രദേശമായ ചൊവ്വയിലാണ് ആലഞ്ചേരി തറവാട് സ്ഥിതി ചെയ്യുന്നത്.ദേശവാസികളായിരുന്ന ഈ തറവാട്ടുകാർ ഇന്ന് ദാരിദ്രാവസ്ഥയിലാണ്.എന്നിരുന്നാലും പഴയ പ്രൗഡിയുടെ പ്രതീകമായി നിരവധി വസ്തുക്കൾ അവിടെയുണ്ട്.നൂറു കണക്കിനു വർഷം പഴക്കമുള്ള തൂക്കുവിളക്ക്, ചെല്ലം, പാത്രങ്ങൾ, എണ്ണ തേച്ച പോത്തിൻ കൊമ്പ്  കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തുടങ്ങിയവയും, നെല്ലുപുഴുങ്ങി ഉണക്കുന്നതിനുള്ള തട്ടിൻപുറം തുടങ്ങിയവ മുൻ തലമുറക്കാരുടെ ജീവിതാവസ്ഥയെ കാണിക്കുന്നു.

ചൊവ്വ ക്ഷേത്രം

    എടവക ദേശത്തെദേശ വാസികളായിരുന്നു ആലഞ്ചേരി തറവാട്ടുകാർ കണ്ണൂർ ചൊവ്വയിൽ  നിന്ന് വന്നവരാണ്.ഈ പ്രദേശത്ത് വന്നപ്പോൾ അവരുടെ കുടുംബ ഭഗവതിയെ താമസ സ്ഥലത്ത് കുടിയിരുത്തി. ആ സ്ഥലത്തിന് ചൊവ്വ എന്ന പേരിടുകയും ചെയ്തു. ഈ പ്രദേശമാണ് ചൊവ്വ എന്നറിയപ്പെടുന്നത്.ചൊവ്വ ക്ഷേത്രത്തിലേക്ക് വാൾ എഴുന്നെള്ളിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്.

കാലിച്ചന്ത

   വയനാട്ടിലെ ആദ്യത്തെ കാലിച്ചന്തയാണ് എടവകയിലെ പാണ്ടിക്കടവിലുള്ള കാലിച്ചന്ത . കർണ്ണാടകയിലെ ഗോണി കുപ്പയിൽ നിന്നും കൊണ്ടുവരുന്ന കന്നുകാലികളെ വിൽപ്പനയ്ക്കായി ചന്തയിൽ എത്തിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ചന്ത നടക്കുന്നത്. 1000 ലധികം കന്നുകാലികളെ ഇവിടെ വിൽക്കുന്നു. ചുറ്റുപാടുമുള്ള അനേകർക്ക് തൊഴിൽ നൽക്കുന്നു .

സ്ഥലപേരുകൾക്കും പറയാനുണ്ട്

  ഓരോ പ്രദേശത്തിനും ആ പേര് വന്നതിനു പിന്നിൽ എന്തെങ്കിലും സംഭവങ്ങളോ കഥകളോ ഉണ്ടായിരിക്കും. കല്ലോടി പ്രദേശത്തെ വിവിധ സ്ഥലനാമങ്ങൾക്ക് പിന്നിലും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കഥകളും ഐതിഹ്യങ്ങളും ഉണ്ട്. അവയിൽ ചിലത് താഴെ കുറിക്കുന്നു.

എടവക

  ഈ പേര് ലഭിച്ചതിനു പിന്നിൽ പല അഭിപ്രായങ്ങളും ഉണ്ട്. അതിലൊന്ന് ഇവിടുത്തെ മണ്ണുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ മണ്ണ് വളക്കൂറുകൊണ്ടും മണൽപ്പറ്റുകൊണ്ടും ഒത്തിരി മേൽ വകയുമല്ല കീഴ് വകയുമല്ല ഇടവകയായിരുന്നത്രേ 'ഇടവക 'പിന്നീട് എടവകയായി

പന്നിച്ചാൽ

   കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന കാലത്ത് പതിവായി കാട്ടുപന്നി ഇറങ്ങിയിരുന്ന സ്ഥലo എന്നതാണ് പന്നിച്ചാൽ എന്ന പേരു വരാൻ കാരണം.

മൂളിത്തോട്

     കല്ലോടിയുടെ സമീപ പ്രദേശമാണ് മൂളിത്തോട്. മോളിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണിവിടം മോളിൽ ഭഗവതിയുടെ സാമീപ്യം ഉള്ളതിനാൽ അതിലൂടെ ഒഴുകുന്ന തോട് മൂളിത്തോട് എന്നറിയപ്പെട്ടു. മോളിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഈ തോട്ടിൽ ഭഗവതിയെ കുളിപ്പിക്കുന്ന പതിവുണ്ട്.

രണ്ടേ നാല്

   മാനന്തവാടി  പക്രന്തളം റോഡിൽ മാനന്തവാടിയിൽ നിന്ന് രണ്ട്മൈൽ നാല് ഫർലോങ്ങ് നടന്നാൽ എത്തുന്ന സ്ഥലം

പുലിക്കാട്

  പുലികൾ യഥേഷ്ടം വിഹരിച്ചിരുന്ന സ്ഥലം.

പാണ്ടിക്കടവ്

    മാനന്തവാടിയിൽ നിന്ന് കല്ലോടിക്ക് വരുന്നവർ താഴെ അങ്ങാടിക്ക് സമീപം വെച്ച് പുഴ കടക്കണമായിരുന്നു. പാലം ഇല്ലാതിരുന്ന കാലത്ത് വാഴപ്പിണ്ടി കൊണ്ട് പാണ്ടിയുണ്ടാക്കിയാണ് പുഴ കടന്നിരുന്നത്‌. അങ്ങനെ ആ സ്ഥലം പാണ്ടിക്കടവ് എന്നറിയപ്പെട്ടു.

ചൊവ്വ

   എടച്ചന ദേശത്തിന്റെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ചൊവ്വ ഇവിടെയാണ്  1500-ാം ആണ്ടോടുകൂടി കണ്ണൂർ ചൊവ്വയിൽ നിന്നു വന്ന ആലഞ്ചേരി നമ്പ്യാന്മാർ താമസമുറപ്പിച്ചത്.അവർ തങ്ങളുടെ ഭഗവതിയെ കുടിയിരുത്തിയ സ്ഥലത്തെ ചൊവ്വ എന്നു വിളിച്ചു. കല്ലോടി ഒരപ്പ് റോഡിലാണ് ചൊവ്വ ക്ഷേത്രം. ഇവിടുത്തെ തിറ ഉത്സവം പണ്ടുമുതലേ പ്രസിദ്ധമാണ്.

പുളിയാറില തൊടുകറി

        ചെറിയ ഉള്ളി, പ‌‌ച്ചമുളക്, ഇ‍ഞ്ചി ഇവ  ചെറുതായി അരി‍‍ഞ്ഞ് എണ്ണയിൽ വഴറ്റുക. ശേഷം പുളിയാറില ചേ൪ത്ത് വഴറ്റി വേവിച്ച് ഉപയോഗിക്കുക.