പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

.=== "മണ്ണന്തല വേലായുധൻ നായർ സാർ; മഹാനായ ഗുരു ശ്രേഷ്ഠൻ. "=== (അഡ്വ ജോൺസൺ എബ്രഹാം-മാവേലിക്കര അഡീ.ജില്ലാ കോടതി അഭിഭാഷകൻ) നവതിയിലെത്തി നിൽക്കുന്ന പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ, ഞങ്ങളുടെ പ്രിയപ്പെട്ട, ഹെഡ്മാസ്റ്ററായിരുന്നു മണ്ണന്തല പി.വേലായുധൻ നായർ സാർ. മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തിയതോടൊപ്പം, വിദ്യാർത്ഥികളിൽ രാഷ്ട്രീയ ബോധവും, സാമൂഹിക പ്രതിബദ്ധതയും,ദേശ സ്നേഹവും, കാരുണ്യ പ്രവൃത്തികളും ജനിപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രവൃത്തികൾക്ക് കഴിഞ്ഞു.

1971, ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം നടക്കുന്നത്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവി. രാജ്യ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ഞങ്ങൾ ആയിരത്തിൽ പരം വിദ്യാർത്ഥികൾ നിരത്തിലൂടെ, കെ.പി.റോഡിൽ പ്രകടനമായി നീങ്ങി.

അന്ന് മണ്ണന്തല സാർ കാറിൽ കെട്ടിയ മൈക്കിലൂടെ വിളിച്ചു തന്ന മുദ്രാവാക്യം ഇന്നും ഓർക്കുന്നു. 'പാറ്റൺ ടാങ്കും,സാംബർ ജെറ്റും, ചീറിപ്പായും നേരത്ത്, ഭാരത നാടിൻ,അതിർത്തി കാക്കും, ധീരജവാന്മാർക്കഭിവാദ്യങ്ങൾ' ആദ്യമായിട്ടാണ് ഞാൻ മുഷ്ടി ചുരുട്ടി ആവേശപൂർവ്വം മുദ്രാവാക്യം വിളിക്കുന്നത്.

കോയിക്കൽ ചന്ത പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും പ്രകടനം തിരിച്ചു വന്നപ്പോൾ, മുദ്രാവാക്യം വിളിച്ചു കൊടുക്കാൻ ഞാനും കൂട്ടത്തിൽ ആവേശപൂർവ്വം ചേർന്നു.

പാക്കിസ്ഥാൻ പട്ടാള മേധാവി യാഹ്യാ ഖാന്റെ കോലം കത്തിക്കുന്നതിന് മുമ്പായി ഞങ്ങളെല്ലാവരും തുണിയും, വൈക്കോലും കൊണ്ടുണ്ടാക്കിയ കോലത്തിൽ വടി കൊണ്ടടിച്ച് ആർത്തുവിളിച്ചു. ദേശീയ ബോധവു, രാജ്യസ്നേഹവും നിറഞ്ഞൊഴുകിയ അവസരമായിരുന്നു അത്.

സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പ്രതിഭകളെയും,നേതാക്കളെയും നേരിൽ കാണുവാനും, യൂത്ത് ഫെസ്റ്റിവൽ, സ്കൂൾ ആനിവേഴ്സറി തുടങ്ങി വിവിധ സമ്മേളനങ്ങൾ വഴി സാധിച്ചു.

ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ.ഗ്രിഗോറിയോസ്, പാറപ്പുറത്ത്, തോപ്പിൽ ഭാസി, പൂർവ്വ വിദ്യാർത്ഥികളായ കാർട്ടൂണിസ്റ്റ് യേശുദാസൻ, ഡോ.പുതുശ്ശേരി രാമചന്ദ്രൻ, വേളൂർ കൃഷ്ണൻകുട്ടി. വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ആർ.രാമചന്ദ്രൻ നായർ തുടങ്ങിയ പ്രതിഭകളും,മുൻ മന്ത്രിമാരായ ടി.കെ.ദിവാകരൻ, ആർ.ബാലകൃഷ്ണപിള്ള ഡെപ്യൂട്ടി സ്പീക്കർമാരായിരുന്ന പൂർവ്വ വിദ്യാർത്ഥി നഫീസത്ത് ബീവി, കെ.ഓ.അയിഷാഭായി തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു.

കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും,കായംകുളം നെല്ലു ഗവേഷണ കേന്ദ്രത്തിലെയും സയന്റിസ്റ്റുകളുടെ പ്രഭാഷണം കേൾക്കാൻ അവസരം ലഭിച്ചു.

ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് നൽകിവന്ന പൊതിച്ചോർ ഭക്ഷണം വലിയ കാരുണ്യ പ്രവൃത്തിയായിരുന്നു. ക്ഷീണിച്ചു വാടിയ മുഖവുമായി എത്തുന്ന വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ മനസിലാക്കാൻ മണ്ണന്തല സാറിന് കഴിഞ്ഞു. ഇന്ന് സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി ആരംഭിക്കുന്നതിന് വളരെ മുമ്പായി വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണപ്പൊതി ആദ്യമായി ഏർപ്പെടുത്തിയത് ഹെഡ്മാസ്റ്ററായ അദ്ദേഹമായിരുന്നു. 5 മുതൽ 10 വരെ ക്ലാസുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് ദിവസവും ഭക്ഷണപ്പൊതി നൽകി. വിദ്യാർത്ഥികളോടൊപ്പമിരുന്ന് ഹെഡ്മാസ്റ്ററും ഉച്ച ഭക്ഷണം കഴിച്ചു. മിക്കവരും രാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വരുന്നവരായിരുന്നു.

വിദ്യാർത്ഥികളും ,അധ്യാപകരുമൊത്ത് 4 ബസുകളിലായി ( നെൽസൺ, എസ്.പി.എം.എസ് ബസുകൾ) തിരുവനന്തപുരം, കോവളം ഏകദിന ടൂർ പോയത് ഹൃദ്യമായ അനുഭവമായിരുന്നു. രാവിലെ 4 മണിക്ക് സ്കൂളിൽ നിന്ന് യാത്ര പുറപ്പെട്ടു. പ്രഭാത ഭക്ഷണം മണ്ണന്തല സാറിന്റെ വീട്ടിൽ നിന്നായിരുന്നു. സ്വാദിഷ്ടവുമായ ഇഡലിയും,സാമ്പാറും, പഴവും ചായയും വിഭവങ്ങൾ.

പാഠ്യ വിഷയങ്ങളിലും,കലാകായിക മേഖലയിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം ലഭിച്ചു. സ്കൂൾ അസംബ്ലിയിൽ, അതാതു ദിവസത്തെ പ്രധാന വാർത്തകൾ വിശകലനം ചെയ്യുമായിരുന്നു.

അധ്യാപകർ അവധിയെടുക്കുന്ന ക്ലാസുകളിൽ ഹെഡ്മാസ്റ്ററെത്തി പഠിപ്പിക്കുമായിരുന്നു. കണക്കധ്യാപകനായ അദ്ദേഹം ഞങ്ങളുടെ മലയാളം ക്ലാസിൽ, മയൂര സന്ദേശം പഠിപ്പിച്ചത് ഓർമ്മിക്കുന്നു.

മികച്ച അധ്യാപകനുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചപ്പോൾ നാടു മുഴുവൻ ആദരവ് അർപ്പിക്കാൻ ഒത്തുകൂടി.

നിരവധി അധ്യാപക ശ്രേഷ്ഠരെ ഓർമിക്കുന്നു. വർത്തമാന പത്രങ്ങളിലെ വാർത്തകൾ എഴുതികൊണ്ടുവരാൻ പ്രേരിപ്പിക്കുകയും ഉറക്കെ വായിപ്പിക്കുകയും,ചെയ്ത അന്നമ്മ. കെ.ജോൺ ടീച്ചർ, ഭാഷാ ശുദ്ധിയും,പൊതു വിജ്ഞാനവും കൈവരിക്കാൻ പ്രോൽസാഹനം നൽകി. 10.ബി യിലെ ക്ലാസ് ടീച്ചറായിരുന്ന റവ.ഫാ.അംബ്രോസ് (അംബ്രോസ് അച്ചൻ) സ്നേഹനിധിയായ അധ്യാപകനായിരുന്നു. ഫാ.അംബ്രോസിന്റെ നേതൃത്വത്തിലാണ് സ്കൂളിന് തിലകക്കുറിയായി കറ്റാനം ബോർഡിംഗ് സ്കൂളും ആരംഭിച്ചത്.

വി.ഡി.ചാക്കോ സാർ,ഡാനിയേൽ സാർ, ജോണി സാർ, മോളി ടീച്ചർ,എലിസബത്ത് ടീച്ചർ,പി.ഒ ഏലിയാമ്മ ടീച്ചർ, ടൈറ്റസ് സാർ,എം.ജി.ജോർജ്ജ് സാർ തുടങ്ങിയ ഗുരു ശ്രേഷ്ഠരെ സ്നേഹാദരപൂർവ്വം ഓർമ്മിക്കുന്നു.

10. ബി യിലെ എന്റെ സഹപാഠികൾ, മാമ്മൻ ജോർജ്ജ്, കെ.എൻ.ഹരിലാൽ, ഡാനിയേൽ ജോർജ്ജ്, സുനിൽ (പള്ളിക്കൽ സുനിൽ), ആർ.പ്രവീൺ,ജോസ് മാത്യു, ജയിംസ് ചെറിയാൻ, സന്തോഷ് സാമുവേൽ,അലക്സാണ്ടർ. പി.ഉമ്മൻ, സജി ഫിലിപ്പ്,ശശി തുടങ്ങി സുഹൃത്തുക്കളുടെ നിര അവസാനിക്കുന്നില്ല. ഇവരെപ്പറ്റിയുള്ള നിത്യ ഹരിത ഓർമ്മകൾ ഒഴുകിയെത്തുന്നു.

സ്കൂളിന്റെ പുരോഗതിയിലും, വളർച്ചയിലും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ശ്രീ. എ.കെ.ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് സയൻസ് ലാബ് ആൻഡ് സെമിനാർ ഹാൾ,രാജ്യ സഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന പ്രൊഫ.പി.ജെ കുര്യന്റെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറി ആൻഡ് റീഡിംഗ് ഹാൾ, ഗാന്ധി പ്രതിമാ നിർമാണത്തിൽ കെപിസിസി ഫണ്ടിൽ നിന്നും നൽകിയ സഹായം തുടങ്ങിയവയായിരുന്നു പ്രസ്തുത പ്രവർത്തനങ്ങൾ.

തിരുവനന്തപുരത്തു നിന്നും നാലാഞ്ചിറ, മണ്ണന്തല, കേരളാദിത്യപുരം വഴി യാത്ര ചെയ്തപ്പോൾ വേലായുധൻ നായർ സാറിന്റെ വീടിനു മുന്നിൽ എത്തി. സാറിന്റെ വീട്ടിൽ കയറി ഗുരുപത്നിയുടെ കാലിൽ തൊട്ട് നമസ്‌കരിച്ചു. ഗുരുഭക്തി പ്രകടിപ്പിച്ചു.

ഇന്നും ദേശീയ ഗാനം ആലപിക്കുമ്പോഴും, കേൾക്കുമ്പോഴും പോപ്പ് പയസ് ഹൈസ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി കൂട്ടായ്മയോടൊപ്പം ജനഗണമന ആലപിക്കുന്ന മധുര സ്മരണകൾ ഓടിയെത്താറുണ്ട്.

ഓണാട്ടുകരയുടെ വിദ്യാഭ്യാസ, സാംസ്കാരിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സരസ്വതീ ക്ഷേത്രമാണ് കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്‌കൂൾ.