പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണത്തിന്റെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം

ഇന്ന് സാർവത്രികമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എന്നത്. പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം അർത്ഥപൂർണമായിത്തീരുന്നത് എന്നാണ്‌ ഭാരതീയ സങ്കൽപം. എന്നാൽ പ്രപഞ്ചവുമായുള്ള ഈ പാരസ്പര്യബോധം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. മതിയായ ആസൂത്രണങ്ങളും പഠനങ്ങളും നടത്താതെയുള്ള വികസന പ്രവർത്തനങ്ങളും പുകതുപ്പിയും മലിനജലം ഒഴുക്കിവിട്ടും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന വ്യവസായ ശാലകളും കൃഷിയിടം നികത്തിയും വനമേഖല കൈയടക്കിയുമുള്ള നിർമാണ പ്രവർത്തനങ്ങളും വാഹന പെരുപ്പവും എല്ലാം കാരണം പ്രകൃതിയുടെ മാറ് പിളർന്നിരിക്കുന്നു. കരയും കടലും ആകാശവും എല്ലാം മനുഷ്യർ ഇങ്ങനെ മലിനമാക്കികൊണ്ടിരിക്കുന്നു.

വനങ്ങൾ വെട്ടി നശിപ്പിച്ചും പാറ പൊട്ടിച്ചും കുഴി നികത്തിയും പുഴകളിൽ നിന്നും മണ്ണ് എടുത്തും മാലിന്യം തള്ളിയും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ മാറി. മനുഷ്യന്റെ പ്രവർത്തികൊണ്ട് കലിതുള്ളിയ പ്രകൃതി പേമാരിയും ഭൂകമ്പവും കൊടും വേനലും പകർച്ചവ്യാധികളും കൊണ്ട് തിരിച്ചടിച്ചു. നമ്മുടെ ജലസ്രോതസുകൾ കൈയേറിയത്തിന്റെയും ഫലമായി നീരൊഴുക്ക് സാധ്യമല്ലാതെ നാട്ടിലെങ്ങും വെള്ളപൊക്കം ഉണ്ടാകുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുകയും പകരം പുതിയവ വച്ച് പിടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് മഴ കാലക്രമം തെറ്റി പെയ്യുന്നു. നമ്മുടെ ഹരിത സുന്ദരമായ ഭൂമി മരുഭൂമിആയി മാറികൊണ്ടിരിക്ക്കുന്നു. ഭൂമിയുടെ ചൂട് ക്രമാതീതമായി വർധിച്ചു വരികയാണ്. ഈ അവസ്ഥ നമ്മെ കൊണ്ട് എത്തിക്കുന്നത് ആഗോളതാപനം എന്ന പ്രശ്നത്തിലേക്കാണ്. അതുകൊണ്ട് ഇതിൽ നിന്നെല്ലാം മോചനം ഉണ്ടാകണമെങ്കിൽ നമ്മുടെ പ്രകൃതിയെ നാം സംരക്ഷിച്ചേ മതിയാകൂ.

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലുത് എന്ന് തന്നേ പറയാൻ പറ്റുന്നതാണ് ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ നമ്മൾ നേരിട്ട രണ്ട്‌ മഹാപ്രളയങ്ങൾ. പരിസ്ഥിതിലോല പ്രദേശങ്ങൾ നാം കൈയേറി വികസനത്തിന്റെ കൊടി കുത്തിയപ്പോഴും മലകൾ തുരന്ന് വികസനത്തിന്റെ സ്മാരകങ്ങൾ കെട്ടിപൊക്കിയപ്പോഴും നാം അവഗണിച്ചത് പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ് എന്നോണം വന്ന ഗാഡ്ഗിൽ സമിതി റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടുമൊക്കെയാണ്. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നാം നടത്തിയ ഖനനപ്രവർത്തനങ്ങൾ പ്രകൃതിയുടെ മാർ പിളർക്കുന്നവയായിരുന്നു എന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടായപ്പോഴേക്കും പ്രളയം നമ്മെ വിഴുങ്ങിയിരുന്നു പ്രളയത്തെ അതിജീവിച്ചു കേരള ജനത ഇപ്പോഴും പ്രകൃതിയോടുള്ള നിലപാടിൽ യാതൊരു മാറ്റവും വരുത്തിയില്ല.

ലോകമാം തറവാട്ടിൽ നാമെല്ലാം വാടകക്കാർ മാത്രമാണ്. നമ്മുടെ പൂർവീകർ നമുക്ക് നൽകിയ പ്രകൃതി എന്ന സമ്പത്തിനു അവകാശികൾ ഇനി വരുന്ന തലമുറയാണ് എന്ന യാഥാർഥ്യം നമുക്ക് മനസിലാക്കാം

കേരള മോഡൽ വികസനം എന്ന് മറ്റുള്ളവരുടെ മുന്നിൽ ആർജവത്തോടെ പറയുമ്പോഴും മാലിന്യ സംസ്കരണം നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന വികസന വെല്ലുവിളിയായി തുടരുകയാണ്. കേരളത്തിന്റെ മാലിന്യ പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം കാണാനുള്ള പരിശ്രമങ്ങൾ നാൾ ഇതുവരെ ആയിട്ടും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ഓരോ പരിസ്ഥിതി ദിനങ്ങളും ഓരോ മുന്നറിയിപ്പുകളായി തുടരുകയാണ്. അവയൊക്കെയും കണ്ടില്ലെന്നു നടിക്കാനാണ് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം താൽപര്യപ്പെടുന്നത്. ആധുനികതയും വികസനവും ഒരിക്കലും പ്രകൃതിക്കു നേരെയുള്ള വെല്ലുവിളികളായി തുടരേണ്ടവയല്ല. മറിച് അവ കൈകോർത്തു പ്രകൃതിക്കൊപ്പം നീങ്ങേണ്ടവയാണ്.

ഇനി എങ്കിലും പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിന് മാറ്റം വരുത്തണം. "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം " എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് മാലിന്യ സംസ്കരണത്തിൽ പങ്കാളികളായിക്കൊണ്ടും പ്രകൃതി സൗഹാർദമായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടും പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിച്ചുകൊണ്ടും ജൈവ കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചുകൊണ്ടും മാറ്റത്തിനു തുടക്കം കുറിക്കാം അങ്ങനെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നതിലൂടെ ഹരിതസുന്ദരമായ ഒരു നാളെ നമുക്ക് യാഥാർഥ്യമാക്കാം.


Paul Oscar S S
IX B Pallithuran hss
Kaniyapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം