ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 28 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു സരസ്വതീക്ഷേത്രത്തിൻ്റെ സമാരംഭവും മൂന്നു വിശിഷ്ട വ്യക്തികളുടെ സമാഗമവും - പള്ളിക്കോണം രാജീവ്

സി.എൻ. തുപ്പൻ നമ്പൂതിരി എംഎൽസി.
ബിഷപ്പ് ഡോ ചാൾസ് ഹോപ് ഗിൽ

തിരുവിതാംകൂർ ശ്രീമൂലം അസംബ്ലിയിലും പ്രജാസഭയിലും കാൽ നൂറ്റാണ്ടിലധികം കാലത്തോളം അംഗമായിരുന്ന സി.എൻ തുപ്പൻ നമ്പൂതിരി എം.എൽ.സി രചിച്ച ശ്രീകുമാരനല്ലൂർ ദേവീക്ഷേത്രം - ഒരു ചരിത്രസംഗ്രഹം എന്ന ഗ്രന്ഥത്തിൽ കുമാരനല്ലൂർ ദേവീവിലാസം സ്കൂൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഭാഗം വായിക്കാനിടയായി. അദ്ദേഹത്തിൻ്റെ പൗത്രനായ Hari Chemmangattu അയച്ചു തന്ന പ്രസ്തുത പേജുകളുടെ പകർപ്പ് കൗതുകത്തോടെയാണ് വായിച്ചത്. സ്കൂളിൻ്റെ സ്ഥാപനത്തെ കുറിച്ച് പറയുന്ന ഭാഗത്ത് ഇങ്ങനെയാണ്: "......ശ്രീമൂലം പ്രജാസഭയിൽ എനിക്കു മെമ്പർ സ്ഥാനം കിട്ടിയതോടുകൂടി അവിടെ ചെയ്ത നിവേദനത്തിൻ്റെ ഫലമായി മലയാളം ഏഴു ക്ലാസ്സുള്ള ഒരു വിദ്യാലയം നടത്തുവാൻ അനുവദിക്കുകയും ചെയ്തു. വിദ്യാലയത്തിനു കെട്ടിടം ഇല്ലാത്തതു കൊണ്ടു നമ്പൂതിരിമാരിൽ നിന്നും ധനശേഖരം ചെയ്തു ഇന്നു കാണുന്ന വലിയ കെട്ടിടം പണി തീർപ്പിക്കപ്പെട്ടു. ആ വിദ്യാലയം ഉൽഘാടനം ചെയ്തത് അന്നത്തെ ദിവാൻ കൃഷ്ണൻ നായർ (മന്നത്ത്) ആയിരുന്നു. ബഹുമാന്യ അതിഥിയായി ബിഷപ്പ് ഡോ. ഗിൽ സായിപ്പ് സന്നിഹിതനാവുകയും ഒരു പ്രസംഗം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സ്കൂളിൽ വിദേശത്തുനിന്നും വന്ന നമ്പൂതിരിക്കുട്ടികൾക്കായി ഒരു ബോർഡിംഗും നടത്തപ്പെട്ടു. ആ ബോർഡിംഗിലേക്ക് അഞ്ഞൂറു രൂപാ ഗ്രാൻറും ഗവർമെൻറിൽ നിന്ന് ലഭിക്കുകയുണ്ടായി." പ്രഗത്ഭരായ രണ്ടു വ്യക്തികൾ CN തുപ്പൻ നമ്പൂതിരിയോടൊപ്പം ഉദ്ഘാടനവേദി പങ്കിട്ടു എന്നതാണ് ഈ യോഗത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം. ഉദ്ഘാടനം ചെയ്ത മന്നത്ത് കൃഷ്ണൻ നായർ തിരുവിതാംകൂറിലെ ദിവാൻ എന്ന നിലയിൽ മാത്രമല്ല ദേശീയപ്രസ്ഥാനത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും ശ്രദ്ധേയരായവരിൽ ഒരാൾ കൂടിയായിരുന്നു. സർ മന്നത്ത് കൃഷ്ണൻ നായർ 1870ൽ മലബാറിലാണ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തെ തുടർന്ന് കൊൽക്കത്ത ഗവൺമെന്റ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കൃഷ്ണൻ നായർ മദ്രാസ് ലോ കോളേജിൽ നിയമപഠനവും നടത്തി. 1914 മുതൽ 1920 വരെയാണ് അദ്ദേഹം തിരുവിതാംകൂറിലെ ദിവാൻ സ്ഥാനം വഹിച്ചിരുന്നത്. പിന്നീട് മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലും തുടർന്നു മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിലിലും അംഗമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട് പിൽക്കാലത്ത് അദ്ദേഹം ജസ്റ്റിസ് പാർട്ടിയിൽ ചേർന്നു.1920, 1923 തിരഞ്ഞെടുപ്പുകളിൽ മലബാറിൽ നിന്ന് വിജയിച്ചു. മദ്രാസ് ഗവർണറായിരുന്ന ഗോസ്റ്റിൻ പ്രഭു കൃഷ്ണൻ നായരെ നിയമ അംഗമായി നിയമിച്ചിരുന്നു. ദേവദാസി സമ്പ്രദായത്തിനെതിരെ മുത്തുലക്ഷ്മി റെഡ്ഡി പാസാക്കിയ ദേവദാസി ബില്ലിന് നിയമ അംഗമെന്ന നിലയിൽ കൃഷ്ണൻ നായർ ശക്തമായി പിന്തുണച്ചത് അദ്ദേഹത്തിൻ്റെ പുരോഗമന നിലപാടുകൾ വ്യക്തമാക്കുന്നതാണ്. 1930 ജനുവരിയിൽ കൃഷ്ണൻ നായരെ ബ്രിട്ടീഷ് സർക്കാർ നൈറ്റ് കമാൻഡർ എന്ന ബഹുമതി നൽകി ആദരിച്ചു. 1938 ലാണ് അദ്ദേഹം അന്തരിച്ചത്. യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തത് CSl ആംഗ്ലിക്കൻ സഭയുടെ തിരുവിതാംകൂർ,കൊച്ചി മേഖലയിലെ ബിഷപ്പായിരുന്ന ഡോ. ചാൾസ് ഹോപ് ഗിൽ സായിപ്പായിരുന്നു. കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സിഎംഎസ് കോളജ് ഉൾപ്പെടെ വിവിധ സഭാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലക്കാരൻ! 1861 ൽ ഇംഗ്ലണ്ടിൽ ജനിച്ച ചാൾസ് ഹോപ് ഗിൽ, കാന്റർബറിയിലെ സെന്റ് എഡ്മണ്ട്സ് സ്കൂൾ, ഐൽ ഓഫ് മാൻ കിംഗ് വില്യംസ് കോളേജ്, കേംബ്രിഡ്ജിലെ ക്വീൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1865-ൽ അദ്ദേഹം ടൈനെ മൗത്തിലെ സെന്റ് പീറ്റേഴ്സിൽ ക്യൂറേറ്റായി ഔദ്യോഗികജീവിതം ആരംഭിച്ചു. ഇന്ത്യയിലെത്തിയ അദ്ദേഹം പിന്നീട് ശിക്കാർപൂരിലും പിന്നീട് ജബൽപൂരിലും സി.എം.എസ് മിഷനറിയായിരുന്നു. പതിനെട്ടു വർഷത്തോളം ഉത്തരേന്ത്യയിൽ അദ്ദേഹം മിഷണറി പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. 1905ൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയും മൂന്നാമത്തെ ബിഷപ്പായി ഗില്ലിനെ അവരോധിച്ചു. കേരളത്തിൽ ആംഗ്ലിക്കൻ മിഷണറി സമൂഹം വിദ്യാഭ്യാസമേഖലയിലും സാധു പരിപാലന രംഗത്തും നടത്തിവന്നിരുന്ന പ്രവർത്തനങ്ങൾ ബിഷപ്പ് ഗില്ലിൻ്റെ ചുമതലയിൽ കൂടുതൽ ശക്തിയാർജ്ജിച്ചു. സി. എം എസ് കോളജിൻ്റെ പ്രധാന കെട്ടിടം (ഇന്നത്തെ ഓഫീസ്) പണി കഴിപ്പിച്ചത് ബിഷപ്പ് ഗില്ലിൻ്റെ കാലത്താണ്. സാധാരണ ആംഗ്ലിക്കൻ പ്രൊട്ടസ്റ്റൻ്റ് മതപുരോഹിതന്മാരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ബിഷപ്പ് ഗിൽ. വിവിധ സംസ്കാരങ്ങളോടും മതാചാരങ്ങളോടുമൊക്കെ സഹിഷ്ണുതയോടെ താൽപ്പര്യം പുലർത്തി. ഹിന്ദുമത ആചാരങ്ങളെ പറ്റിയും മതസംഹിതയെ പറ്റിയും അറിയുവാനുള്ള ഒരു യൂറോപ്യനുണ്ടാകുന്ന സ്വാഭാവികമായ താൽപ്പര്യമാണ് പ്രൊട്ടസ്റ്റൻ്റ് മതക്കാരിൽ പൊതുവേ കാണുന്ന പാരമ്പര്യ ആചാരങ്ങളോടുള്ള വിരോധത്തിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അദ്ദേഹത്തിൻ്റെ ഇതര മത വിഭാഗക്കാരോളോടുള്ള ആഭിമുഖ്യം വെളിവാക്കുന്ന പല സന്ദർഭങ്ങളുമുണ്ട്. 1921ൽ റവ. ആസ്ക്വിത്ത് പദവി ഒഴിഞ്ഞതിനെ തുടർന്ന് റവ.ഡബ്ലു.ഇ.എസ് ഹോളണ്ട് സി.എം എസ് കോളജ് പ്രിൻസിപ്പൽ ആയി. കോളജിൽ എല്ലാ ദിവസവും നടക്കുന്ന ബൈബിൾവേദപാഠ ക്ലാസ്സുകളിൽ എല്ലാ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും കർശനമായി പങ്കെടുക്കണമെന്ന് റവ.ഹോളണ്ട് നിബന്ധന വച്ചു. ഇതിൽ പ്രതിഷേധിച്ച് ഹിന്ദുമതത്തിൽ പെട്ട വിദ്യാർത്ഥികൾ സമരം ചെയ്തു. വിദ്യാർത്ഥികൾ സമരം ചെയ്യുന്നതിനെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാതിരുന്ന അക്കാലത്ത് ഇത്തരമൊരു പ്രതിഷേധം ആദ്യമായിട്ടായിരുന്നു. ഇതറിഞ്ഞ ഉടൻ തന്നെ ബിഷപ്പ് ഗിൽ ഇടപെട്ട് പ്രിൻസിപ്പാളിനെ തിരുത്തി. വേദപാഠ ക്ലാസ്സുകളിൽ ഹാജർ പാടില്ല, ഇതര മതവിദ്യാർത്ഥികളെ ബൈബിൾ ക്ലാസ്സിൽ പങ്കെടുക്കാൻ നിർബന്ധിച്ചു കൂടാ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കി. തുടർന്ന് നടന്ന ബൈബിൾ വേദപാഠ ക്ലാസ്സുകളിൽ ഹിന്ദു വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സ്വമേധയാ സംബന്ധിക്കുന്നതിന് ബിഷപ്പ് ഗില്ലിൻ്റെ ഈ സമീപനം കാരണമായി. 1924ൽ ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ചു. ബിഷപ്പ് ഗില്ലിൻ്റെ കാലത്താണ് മതപരിവർത്തനം ചെയ്യപ്പെട്ട ദളിത് വിഭാഗത്തിൽ പെട്ടവർക്ക് സഭയിൽ അംഗീകാരങ്ങൾ ലഭിച്ചുതുടങ്ങിയത്. ആ വിഭാഗങ്ങളിൽ നിന്നും കൂടുതൽ പേരെ കണ്ടെത്തി അധ്യാപകരായും പ്രേഷിത പ്രവർത്തകരായും മാറ്റുന്നതിനായി കോട്ടയത്തെ സി.എൻ.ഐ., പള്ളത്തെ ബുക്കാനൻ ഇൻസ്റ്റിട്ട്യൂട്ട് എന്നീ സ്ഥാപനങ്ങളിൽ പരിശീലനം നൽകി. കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ദളിത് വിഭാഗത്തിലെ സഭാ വിശ്വാസികൾക്കായി വേർതിരിച്ച് ഇട്ടിരുന്ന സ്ഥാനങ്ങൾ ബിഷപ്പ് നീക്കം ചെയ്തു. അവരെ പരമ്പരാഗത നസ്രാണികൾക്കൊപ്പം ഇരിക്കാൻ പ്രേരിപ്പിക്കുകയും മറ്റുള്ളവരെ കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്തു. ബിഷപ്പ് ഗില്ലിൻ്റെ ശ്രമഫലമായി പാൻ ആംഗ്ലിക്കൻ കോൺഗ്രസിൽ നിന്നും ലഭിച്ച 85000 രൂപ ദളിത് വിഭാഗത്തിൽ പെട്ടവരുടെ സമുദ്ധാരണത്തിനായി വിനിയോഗിച്ചു. ഹോസ്റ്റലുകളും സ്കൂളുകളും പുതുതായി ആരംഭിച്ചു. ദളിത് വിദ്യാർത്ഥികൾക്ക് പഠന കാര്യത്തിനായി സഭയുടെ കീഴിലുള്ള വിദ്യാർത്ഥി സ്ഥാപനങ്ങളിൽ സ്റ്റൈപ്പൻഡ് ഏർപ്പെടുത്തി. ദളിത് വിദ്യാർത്ഥികൾക്ക് ലംസംഗ്രാൻറ് നൽകുന്നതിനായി തിരുവിതാംകൂർ സർക്കാരിന് മാർഗ്ഗനിർദ്ദേശം നൽകിയത് ബിഷപ്പ് ഗിൽ ആയിരുന്നു. ദളിത് ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി തനിക്ക് സാധിക്കുന്നതൊക്കെയും അധികാരസ്ഥാനത്തിരുന്ന കാലയളവിൽ അദ്ദേഹം ചെയ്തിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവ് കോട്ടയത്ത് വന്നപ്പോൾ ബിഷപ്പിനെ സന്ദർശിച്ചിരുന്നു. യൂറോപ്പിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ജെറാർഡ്സ് ക്രോസിന്റെ വികാരിയും പിൽക്കാലത്ത് ഹൈറസിലെ ബ്രിട്ടീഷ് ചാപ്ലെയിനുമായി സേവനമനുഷ്ടിച്ചു. 1946 ജൂൺ 29 ന് ബിഷപ്പ് ഗിൽ കാലം ചെയ്തു. ബിഷപ്പ് ഗിൽ ഹിന്ദുമതവിശ്വാസികളുടെ തികഞ്ഞ ആദരവ് നേടിയിരുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള സാംസ്കാരിക വേദികളിൽ അദ്ദേഹം സ്വാത്മനാ പങ്കെടുത്തിരുന്നു. കുമാരനല്ലൂർ ദേവീവിലാസം സ്കൂളിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ബഹുമാനിത വ്യക്തിയായി അദ്ദേഹം ക്ഷണിക്കപ്പെട്ടതു തന്നെ കോട്ടയത്തെ ക്രൈസ്തവ ഇതര സമൂഹങ്ങളിലും അദ്ദേഹം എത്രയും സ്വീകാര്യനായിരുന്നു എന്നത് തെളിയിക്കുന്നതാണ്. സ്കൂളിൻ്റെ സ്ഥാപകനായ C.Nതുപ്പൻ നമ്പൂതിരിയെ കുറിച്ച് ചിലതു സൂചിപ്പിച്ച് നിർത്താം. നട്ടാശ്ശേരി ചെങ്ങഴിമറ്റം മനയിൽ 1885 ൽ ജനിച്ച C.N തുപ്പൻ നമ്പൂതിരിക്ക് തിരുവിതാംകൂറിലെ ജനപ്രതിനിധിസഭയിൽ അംഗമായിരുന്ന് നിരവധി വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായി. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരത്തിനോടനുബന്ധിച്ച് കുമാരനല്ലൂർ ക്ഷേത്രം ഏവർക്കുമായി തുറന്നുകൊടുത്ത ആദ്യത്തെ ഊരാണ്മ ക്ഷേത്രമായി അറിയപ്പെടുന്നത് അദ്ദേഹത്തിന് അക്കാര്യത്തിലുണ്ടായ പരിശ്രമങ്ങളുടെ ഫലമായിരുന്നു. മഹാത്മാഗാന്ധി കുമാരനല്ലൂർ ക്ഷേത്രം സന്ദർശിക്കുന്നതിന് ഇടയാക്കിയത് ദേശീയപ്രസ്ഥാനത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം കൂടി വ്യക്തമാക്കുന്നതാണ്. തിരുവിതാംകൂർ രാജകുടുംബത്തിന് CN ന് ഉണ്ടായിരുന്ന സൗഹൃദവും മതിപ്പും പ്രസിദ്ധമാണ്. അപ്പർ പ്രൈമറി സ്കൂളായി ആരംഭിച്ച് ഹയർ സെക്കണ്ടറി തലം വരെ വളർന്ന ദേവിവിലാസം സ്കൂളിൻ്റെ സ്ഥാപനത്തിന് കാരണഭൂതനായി എന്നത് നിഷ്കാമകർമ്മിയായിരുന്ന ആ ജനപ്രതിനിധിയുടെ ഓർമ്മകൾക്ക് പൊൻതൂവൽ ചാർത്തുന്ന ചരിത്ര നിയോഗമാണ്. പിൻകുറിപ്പ്: ഗ്രന്ഥത്തിലെ ഈ ഭാഗം ശ്രദ്ധിക്കുക "ഈ സ്കൂളിൽ വിദേശത്തുനിന്നും വന്ന നമ്പൂതിരിക്കുട്ടികൾക്കായി ഒരു ബോർഡിംഗും നടത്തപ്പെട്ടു" മലബാറും കൊച്ചിയുമൊക്കെ തിരുവിതാംകൂർകാർക്ക് അന്ന് വിദേശ രാജ്യങ്ങളായിരുന്നു എന്നത് ഓർക്കണം. സ്വദേശം, വിദേശം എന്ന സങ്കല്പങ്ങളൊക്കെ കാലികവും ആപേക്ഷികവുമൊക്കെയാണെന്ന ബോധ്യം ചിലപ്പോഴെങ്കിലും ഓർമ്മയിലെത്തുന്നത് ഇത്തരം പരാമർശങ്ങൾ കാണുമ്പോഴാണ്. (പള്ളിക്കോണം രാജീവിന്റെ ഫേസ് ബുക്ക് കുറിപ്പ്)