ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061 (സംവാദം | സംഭാവനകൾ) (മലയാലപ്പുഴ ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാലപ്പുഴ

പ്രാദേശിക ചരിത്രം

തയ്യാറാക്കിയത് - ജെഎംപി ഹൈസ്കൂൾ വിദ്യാർത്ഥികൾ

പത്തനംതിട്ട ജില്ലയുടെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് മലയാലപ്പുഴ. സഹ്യപർവത മലനിരകളോടു തൊട്ടുരുമ്മി നില്ക്കുന്ന ഈ ഗ്രാമം മൺമറഞ്ഞു കൊണ്ടിരിക്കുന്ന കേരളീയ ഗ്രാമവിശുദ്ധിയുടെ നേർക്കാഴ്ച നമുക്കു നല്കുന്നു. ചരിത്രാതീത കാലം മുതൽ ഇവിടം ജനവാസ കേന്ദ്രമായിരുന്നു. അതിനുള്ള തെളിവുകൾ പല ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്.

മയിലാടും പാറ – കോട്ടമുക്കു ഭാഗത്തും ഉപ്പിടും പാറയിലും കുമ്പളത്താമണ്ണിലും തൊപ്പിക്കല്ലുകളുടെ അവശിഷ്ടങ്ങളുണ്ട്. ഏതാനും വർഷം മുമ്പ് ചീങ്കൽത്തടത്തിൽ റോഡ് നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ ചില മൺകുടങ്ങൾ കണ്ടെത്തുകയുണ്ടായി. അഞ്ചടി പൊക്കവും മൂന്നിഞ്ച് കനവും ഉണ്ടായിരുന്ന ഈ കുടങ്ങളിൽ ചെറിയ വാളിന്റെയും മറ്റ് ആയുധങ്ങളുടെയും അവശിഷ്ടങ്ങളുണ്ടായിരുന്നു. ഈ കലങ്ങൾക്ക് രണ്ടായിരത്തി എഴുന്നൂറു വർഷത്തെ പഴക്കമുണ്ടെന്ന് കേരള സർവകലാശാലയിലെ ചരിത്ര വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പൊതീപ്പാട് എസ്എൻഡിപി യുപിസ്കൂളിന്റെ സമീപത്തും ഇത്തരം കുടങ്ങൾ കണ്ടെത്തിയിട്ടുള്ളതായി പറയപ്പെടുന്നു. ഇറമ്പാത്തോട് ഭാഗത്ത് മുമ്പു കാണപ്പെട്ടിരുന്ന ആഴവും വിസ്താരവുമുള്ള ശിലാഗുഹകൾ പ്രചീനകാലത്ത് ജനവാസം നിലനിന്നിരുന്നതിന്റെ സൂചനകളാണ്.

പേരും പ്രശസ്തിയും

മലയാലപ്പുഴ എന്ന പേരിൽ മലയും ആലും പുഴയുമുണ്ട്. മനോഹരമായ മലനിരകളും പച്ചക്കുട വിടർത്തി നില്ക്കുന്ന ആൽമരങ്ങളും ഗ്രാമാതിർത്തികളിലൂടെ ഒഴുകുന്ന രണ്ടു നദികളും ഇവിടെ കാണുവാനു

മുണ്ട്. പേര് അർത്ഥപൂർണം തന്നെ.

ഈ ഗ്രാമത്തിന്റെ പ്രശസ്തിക്കുള്ള കാരണം ഇവിടെയുള്ള ദേവീക്ഷേത്രമാണ്. മലയാലപ്പുഴയുടെ ഹൃദയഭാഗത്തായി ഈ ക്ഷേത്രം നിലകൊള്ളുന്നു. ശക്തിസ്വരൂപിണിയായ മലയാലപ്പുഴയമ്മയെ കണ്ടു വണങ്ങുവാൻ നാനാദേശങ്ങളിൽ നിന്നും നിരവധിയാളുകൾ നിത്യവും ഇവിടെയെത്തുന്നു. ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം പഴക്കമുണ്ട്. ബലിക്കല്ലിൽ കൊല്ലവർഷം 90 എന്നു രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ക്രിസ്ത്വബ്ദം കണക്കാക്കിയാൽ AD 915. അതായത് പത്താം നൂറ്റാണ്ടിൽ ഈ ക്ഷേത്രം നിലവിലുണ്ടായിരുന്നു എന്നു കരുതാം. ദീർഘകാലം പന്തളം രാജാക്കന്മാരുടെ അധീനതയിലായിരുന്നു ക്ഷേത്രവും പരിസര പ്രദേശങ്ങളും. പിന്നീട് എളങ്ങല്ലൂർ(ഇടപ്പള്ളി) സ്വരൂപത്തിന്റെ ദേശങ്ങളിലൊന്നായിത്തീർന്നു. ക്ഷേത്രത്തിന്റെ ഭാഗമായി ഒരു കൊട്ടാരവും ഇവിടെയുണ്ട്. നല്ലൂർ ഭാഗത്തുള്ള തോമ്പിൽ കൊട്ടാരം. അനാഥമായിത്തീർന്ന ഈ കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

എന്നും പൂക്കുന്ന ഒരു കണിക്കൊന്ന ഈ ക്ഷേത്രത്തിലുണ്ട്. പൗരാണിക ശില്പഭംഗി വിളിച്ചോതുന്ന ചതുരശ്രീകോവിലും ദാരു ശില്പങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അഭീഷ്ട വരദായിനിയായ അമ്മയുടെ മുമ്പിൽ ഭക്തിപൂർവം എത്തുന്നവരെ ഒരിക്കലും കൈവെടിയുകയില്ല എന്നാണ് വിശ്വാസം.

സമൂഹം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ശക്തമായ ജന്മിത്തം ഇവിടെ നിലനിന്നിരുന്നു. തോമ്പിൽ കൊട്ടാരത്തിലേക്ക് വാരവും ഇടപ്പള്ളി സ്വരൂപത്തിലേക്ക് മിച്ചവാരവും ജനങ്ങൾ നല്കിയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രതാപൈശ്വര്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടു കൊണ്ടിരുന്നപ്പോൾ ഗ്രാമത്തിന്റെ ഒരു ഭാഗം വഞ്ഞിപ്പുഴ മഠത്തിനു ലഭിച്ചു. കണ്ടത്തിൽ ചെറിയാൻ മാപ്പിള ഈ സ്ഥലം മഠത്തിൽ നിന്നു വാങ്ങി. 1088 കന്നി 13 ന് ഹാരിസൺ ആന്റ് ക്രോസ് ഫീൽഡ് കമ്പനി ഈ സ്ഥലം കണ്ടത്തിൽ കുടുംബത്തിൽ നിന്നു വാങ്ങുകയും ആദ്യം തേയിലത്തോട്ടവും പിന്നീട് റബ്ബർ എസ്റ്റേറ്റും ആക്കി മാറ്റുകയും ചെയ്തു. ചെങ്ങറ എസ്റ്റേറ്റ് ഇന്നും ഈ കമ്പനിയുടെ കൈവശമാണ്.

ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത നിരവധിയാളുകൾ ഇവിടെയുണ്ടായിരുന്നു. നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച കല്ലിടുക്കിൽ കിട്ടൻ സാർ ജയിൽ മോചിതനായപ്പോൾ വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒരു കാലത്ത് ഇവിടെ ശക്തമായി നിലനിന്നിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ സ്വാധീനവും, ദേശീയ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും വളർന്നു വന്നതും, ക്ഷേത്രപ്രവേശന വിളംബരവും ഈ അവസ്ഥയെ വളരെ വേഗം തുടച്ചുനീക്കി. 1940 കളിൽ തന്നെ കുമ്പഴ എസ്റ്റേറ്റിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം ശക്തിപ്പെട്ടു. ആദ്യം എഐറ്റിയുസിയും തുടർന്ന് ഐഎൻറ്റിയുസിയും പ്രവർത്തനമാരംഭിച്ചു. ഇന്ന് പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം ഇവിടെ ശക്തമാണ്. തൊഴിലാളികളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് ഈ സംഘടനകൾ വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. അൻപതുകളിൽ രൂപം കൊണ്ട കർഷക പ്രസ്ഥാനവും മഹിളാ സംഘടനകളും ജനജീവിതത്തിൽ ഇന്നും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

നഗരവത്കരണത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണിത്. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയർന്ന ഒരു ജനതതിയാണ് ഇവിടെ വസിക്കുന്നത്. സമൂഹത്തിന്റെ വിവിധനിലകളിൽ ഉന്നതരംഗത്തെത്തിയ നിരവധി വ്യക്തികൾ ഈ ഗ്രാമത്തിലുണ്ട്. കൃഷിപ്പണിയിൽ ഏർപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. തൊഴിൽ തേടി അന്യനാടുകളിലേക്കു പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. 2001 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 18266 ആണ്. പുരുഷന്മാർ 8684 ഉം സ്ത്രീകൾ 9582 ഉം. സാക്ഷരതാ ശതമാനം 93.94. സ്ത്രീ പുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 1040 സ്ത്രീകളെന്ന നിലയിൽ കേരളത്തിന്റെ പൊതുവായ ‌അവസ്ഥയുമായി ഒത്തു പോകുന്നു..

വിദ്യാഭ്യാസസ്ഥാപനങ്ങൾ

മലയാലപ്പുഴയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം കൊല്ലവർഷം 1091 മിഥുനം ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച മലയാലപ്പുഴ ഗവണ്മെന്റ് എൽ.പി.സ്കൂളാണ്. തോമ്പിൽ കൊട്ടാരത്തിൽ നിന്നും സൗജന്യമായി നല്കിയ 30സെന്റ് സ്ഥലത്ത് താനുവേലിൽ ശ്രീ.ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ ഉല്പതിഷ്ണുക്കളായ ഏതാനും ആളുകൾ ചേർന്ന് കെട്ടിടം പണിത് സ്കൂൾ ആരംഭിച്ചു. കോന്നി സ്വദേശിയായ കൃഷ്ണൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1936 ൽ സഹകരണസംഘം വക കെട്ടിടത്തിൽ മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ചക്കാലത്തു കിഴക്കേതിൽ നാരായണൻ കൃഷ്ണൻ സംഭാവന ചെയ്ത 90 സെന്റ് സ്ഥലത്തേക്ക് സ്കൂൾ പിന്നീട് മാറ്റി സ്ഥാപിച്ചു. അതാണ് ഇന്നത്തെ എൻഎസ്എസ് യുപി സ്കൂൾ. 1940 ൽ പൊതീപ്പാട് എസ്എൻഡിപി എൽ പി സ്കൂൾ ആരംഭിച്ചു. 1960 ൽ അത് യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

1966 ജൂൺ ഒന്നാം തീയതി പ്രവർത്തനം തുടങ്ങിയ ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളാണ് ഇവിടെയുള്ള ഏക ഹൈസ്കൂൾ. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സ്കൂളിനു വേണ്ടിയിരുന്ന മൂന്നര ഏക്കർ സ്ഥലവും നാട്ടുകാർ സൗജന്യമായി നല്കിയതാണ്. ഇപ്പോൾ ഇത് ഗവണ്മെന്റ് സ്കൂളാണ്. ജില്ലാ പഞ്ചായത്താണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

മലയാലപ്പുഴ, പുതുക്കുളം, പരപ്പനാൽ, കിഴക്കുപുറം, വെട്ടൂർ എന്നിവിടങ്ങളിലുള്ള ഗവണ്മെന്റ് എൽപി സ്കൂളുകളും ചീങ്കൽതടം ദേവമാതാ എൽപി സ്കൂൾ, കോഴികുന്നം കെഎച്ച്എം എൽപി സ്കൂൾ, വെട്ടൂർ എംഎസ് സി എൽപി സ്കൂൾ ഉൾപ്പെടെ എട്ട് എൽപി സ്കൂളുകളും, പൊതീപ്പാട് എസ്എൻഡിപി യുപി സ്കൂൾ, മലയാലപ്പുഴ എൻഎസ്എസ് യുപി സ്കൂൾ , വെട്ടൂർ എസ് പി എം യുപി സ്കൂൾ ഉൾപ്പെടെ മൂന്ന് യുപി സ്കൂളുകളും ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളും - ആകെ 12 സ്കൂളുകളാണ് ഇവിടെയുള്ളത്. കുമ്പഴ എസ്റ്റേറ്റിൽ ഒരു അൺ എയ്ഡഡ് എൽപി സ്കൂളും ഉണ്ട്.

പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികളാണ് ഈ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നത്.

ആശുപത്രികൾ

ആയുർവേദ ചികിത്സാരംഗത്ത് നല്ല പാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കൊട്ടാരം വൈദ്യൻ ശ്രീ രാമവാര്യരുടെ ശിഷ്യൻ കൈപ്ലാവിൽ പരമേശ്വരൻ നമ്പൂതിരി ഈ രംഗത്തെ ഒരു അതികായനാണ്. ഇറമ്പാത്തോട്ടിൽ നാണുപിള്ള വൈദ്യർ, പത്തിശ്ശേരിൽ നീലകണ്ഠൻ വൈദ്യർ, പുതുക്കുളം പദ്മനാഭൻ വൈദ്യർ, വട്ടമൺകുഴിയിൽ കേശവൻ വൈദ്യർ എന്നിവരൊക്കെ പേരുകേട്ട ഭിഷഗ്വരന്മാരായിരുന്നു. ഇന്ന് വെട്ടൂരിൽ ഒരു ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നു. അലോപ്പതി രംഗത്ത് പൊതീപ്പാട് പ്രവർത്തിക്കുന്ന ഒരു പ്രൈമറി ഹെൽത്ത് സെന്റർ ഉണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്ക് പത്തനംതിട്ടയിലോ കോട്ടയത്തോ പോകണം. മലയാലപ്പുഴ ജങ്ഷനു സമീപമുള്ള ഗവണ്മെന്റ് ഹോമിയോ ആശൂപത്രി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

പാരമ്പര്യ ചികിത്സ നടത്തുന്ന ചില നാടൻ വൈദ്യന്മാരുടെ സേവനം ഇപ്പോഴും ലഭിക്കുന്നുണ്ട്. 1944 ൽ ചീങ്കൽ തടത്തിൽ കാക്കു വൈദ്യൻ ആരംഭിച്ച മണ്ണു ചികിത്സാകേന്ദ്രം 1971 വരെ നല്ല രീതിയിൽ പ്രവർത്തിച്ചു. പൊതീപ്പാടുള്ള ശുശ്രുത ഹോസ്പിറ്റലും താഴം ഭാഗത്ത് മാർത്തോമാ സഭയുടെ നോതൃത്വത്തിലുള്ള ലഹരി വിമോചന ചികിത്സ നടത്തുന്ന നവജീവകേന്ദ്രവും നന്നായി മുന്നോട്ടു പോകുന്നു.

ഗതാഗതം

ആദ്യകാലത്ത് മലയാലപ്പുഴയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ രണ്ടു നടപ്പാതകൾ മാത്രമാണുണ്ടായിരുന്നത്. മുക്കൂട്ടുങ്കൽ കണ്ണൻപാറ വഴിയും പത്തിയം - വെട്ടൂർ വഴിയും. കയറ്റങ്ങളും തോടുകളും പാറക്കെട്ടുകളും കൊണ്ട് ദുർഘടങ്ങളായ വഴികൾ. 1914 ലാണ് കുമ്പഴ- മലയാലപ്പുഴ റോഡ് നിർമിച്ചത്. ഇത് 1957 ൽ പിഡബ്ല്യുഡി ഏറ്റെടുത്തു. തുടർന്ന് മണ്ണാരക്കുളഞ്ഞി - പുതുക്കുളം റോഡും കാഞ്ഞിരപ്പാറ – കിഴക്കുപുറം - വെട്ടൂർ റോഡും നിർമ്മിച്ചു. ഇന്ന് 27 കി.മീ. പിഡബ്ല്യുഡി റോഡുകളുണ്ട്. പ്രധാന ഗതാഗത മാർഗം ബസ്സുകളാണ്. സ്വകാര്യ വാഹനങ്ങളും ധാരാളമുണ്ട്.

ആരാധനാലയങ്ങൾ

നാനാജാതി മതസ്ഥരായ ജനങ്ങൾ സാഹോദര്യത്തോടെ വസിക്കുന്ന നാടാണിത്. ഹിന്ദുക്കളുടെ പ്രധാന ആരാധനാലയം മലയാലപ്പുഴ ദേവീ ക്ഷേത്രമാണ്. മലകളെയും കാവുകളെയും ആരാധിക്കുന്ന പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്. പൊന്നമ്പി, കിഴക്കുപുറം, വടക്കുപുറം, പുതുക്കുളം പ്രദേശങ്ങളിലുള്ള ക്രിസ്തീയ ദേവാലയങ്ങൾ പ്രസിദ്ധങ്ങളാണ്. വിവിധ ക്രിസ്തീയ സഭകളുടെ ആരാധനാലയങ്ങൾ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. പ്രധാനപ്പെട്ട മുസ്ലീം ആരാധനാലയം വെട്ടൂരിലാണുള്ളത്.

ഭൂപ്രകൃതി

ഭൂവിസ്തൃതിയുടെ തൊണ്ണൂറ്റിമൂന്നു ശതമാനവും സഹ്യപർവതത്തോടു ചേർന്നു കിടക്കുന്ന മലനിരകളാണ്. വടക്കു പടിഞ്ഞാറു ഭാഗത്തുനിന്നും തെക്കു കിഴക്കു ഭാഗത്തേക്കു ചരിഞ്ഞാണ് സ്ഥലത്തിന്റെ കിടപ്പ്. വടക്ക് കല്ലാറും വടശ്ശേരിക്കര പഞ്ചായത്തും, തെക്ക് അച്ചൻ കോവിലാറും, കിഴക്ക് കോന്നി പഞ്ചായത്തും, പടിഞ്ഞാറ് മൈലപ്ര പഞ്ചായത്തുമാണ് അതിരുകൾ.

വടക്കു പടിഞ്ഞാറു ഭാഗങ്ങളിൽ പൊക്കം കൂടിയ മലകളാണുള്ളത്. ഏകദേശം 850-900 അടി വരെ പൊക്കമുള്ള മലകൾ ഈ ഭാഗത്തുണ്ട്. കുമ്പഴ എസ്റ്റേറ്റിലെ ഒന്നാം ഡിവിഷൻ, ബംഗ്ലാമുരുപ്പ്, ചീങ്കൽത്തടം, കോട്ടമല, നീളാത്തി മുരുപ്പ്, ചെറുകുന്നത്തു മല, മോളൂത്തറ മുരുപ്പ്, മുണ്ടയ്ക്കൽ മുരുപ്പ്, മണലൂർ മുരുപ്പ്, ഉപ്പിടുംപാറ, വെള്ളറ മുരുപ്പ്, പാറപ്പള്ളിൽ മുരുപ്പ് തുടങ്ങിയ രണ്ടു ഡസനിലധികം മലകൾ. ഇവയുടെ വശങ്ങൾ കുത്തനെയുള്ള ചരിവുകളാണ്. മണ്ണൊലിപ്പു വളരെ കൂടുതലുള്ള പ്രദേശങ്ങൾ. ചില പ്രദേശങ്ങളിൽ മണ്ണൊലിച്ചു പോയി പാറക്കെട്ടുകൾ തെളിഞ്ഞിരിക്കുന്നു. കുന്നിൻ പ്രദേശങ്ങളിലെ റബ്ബർ കൃഷിയും മണ്ണൊലിപ്പു കൂട്ടാനേ സഹായിക്കുന്നുള്ളൂ.

മലകൾക്കിടയിലുള്ള താഴ്വരകളിൽ ചിലത് വയലുകളായി രൂപപ്പെട്ടിട്ടുണ്ട്. വെള്ളറ, കിഴക്കുപുറം, പൊതീപ്പാട്, മുണ്ടയ്ക്കൽ, വെട്ടൂർ എന്നിവിടങ്ങളിലായി ഏകദേശം 160 ഹെക്ടർ വയലുണ്ട്. വെട്ടൂരിൽ അച്ചൻകോവിലാറിന്റെ തീരത്തുള്ള നദീതീര സമതലം വളരെ ഫലഭൂയിഷ്ഠമാണെങ്കിലും കൃഷിയൊക്കെ മാറ്റിവെച്ച് ഇഷ്ടിക കളങ്ങളായി മാറ്റിയിരിക്കുകയാണ്.

കൃഷിരീതി

ഗ്രാമത്തിന്റെ ഒരു പ്രധാന ഭാഗം ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ റബ്ബർ എസ്റ്റേറ്റ് ആണ്. പ്രകൃതിസുന്ദരമായ ഒരു പ്രദേശമാണിത്. കുന്നിൻ ചരിവുകളും താഴ്വരകളും ഇന്ന് റബ്ബർ കൊണ്ടു നിറയുകയാണ്. കേരളീയരുടെ പൊതുവിലുള്ള സ്വാർത്ഥതാ മനോഭാവം ഇവിടെയും ഏറെ മുന്നിട്ടു നില്ക്കുന്നു. വാഴ, കപ്പ, കാച്ചിൽ, ചേമ്പ്, ചേന തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യുന്നത് നഷ്ടമാണെന്നാണ് ചിലരുടെ കണക്കുകൂട്ടൽ. എങ്കിലും ഇത്തരം വിളകൾക്ക് പ്രാധാന്യം നല്കുന്ന കുറെ കൃഷിക്കാർ ഉണ്ടെന്നുള്ളത് ആശ്വാസകരമാണ്. തെങ്ങും കമുകും ഗ്രാമത്തിലെങ്ങും കാണാവുന്നതാണ്. പരസ്യ തന്ത്രങ്ങളിൽ വിശ്വസിച്ച് പെട്ടെന്ന് പണമുണ്ടാക്കുവാനായി വാനില കൃഷിയിൽ ഏർപ്പെട്ട ചിലരും ഇവിടുണ്ട്. തേനീച്ച വളർത്തലും പട്ടുനൂൽ കൃഷിയും മീൻ കൃഷിയും ചെറിയ തോതിലുണ്ട്. കുടുംബശ്രീ മിഷന്റെ പ്രവർത്തനഫലമായി കാർഷിക വൃത്തിയിൽ ഒരു പുത്തനുണർവ് അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്.

ജലസ്രോതസ്സുകൾ

ഗ്രാമത്തിന്റെ തെക്കും വടക്കും അതിർത്തികളിലൂടെ അച്ചൻ കോവിലാറും കല്ലാറും ഒഴുകുന്നു. ഈ നദികൾ ഗ്രമത്തിന് വലിയ പ്രയോജനം ചെയ്യുന്നില്ല. പന്ത്രണ്ടോളം കുളങ്ങളും ധാരാളം ചെറിയ തോടുകളുമാണ് ഗ്രാമസമൃദ്ധിക്കു കാരണം. മലയാലപ്പുഴ ക്ഷേത്രക്കുളമാണ് ഏറ്റവും വലുത്. വേനൽക്കാലത്തും ധാരാളം വെള്ളം ഇതിലുണ്ട്. ചാത്തൻതുണ്ടി തോട്, മുക്കൂട്ടുങ്കൽ തോട്, ഇറമ്പാത്തോട് എന്നിവയിൽ കടുത്തവേനലിലും കുറച്ചു വെള്ളമുണ്ടാകും. മിക്ക വീടുകളിലും കിണറുകളുണ്ട്. കുഴൽക്കിണറുകളും ധാരാളം. എങ്കിലും ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന പ്രദേശമാണ് മലയാലപ്പുഴ.

കാലാവസ്ഥ

ഉയർന്ന പ്രദേശമായതിനാൽ മഴ ഏറെ ലഭിക്കുന്ന പ്രദേശമാണ് മലയാലപ്പുഴ. ജൂൺ മുതൽ സെപ്റ്റംബർ വരെ കാലവർഷവും ഒക്ടോബർ നവംബർ മാസങ്ങളിൽ തുലാവർഷവും ലഭിക്കുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ നല്ല ചൂട് അനുഭവപ്പെടുന്നു. വേനൽമഴ ഇടയ്ക്ക് കുളിർമ നല്കാറുമുണ്ട്. ഡിസംബർ ജനുവരി മാസങ്ങളിൽ നല്ല തണുപ്പുണ്ടാകും. എങ്കിലും ആഗോളതാപനത്തിന്റെ ഫലമായി ഇന്ന് കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.

സഹ്യസാനുവിൽ പച്ചപുതച്ച് കുളിരണിഞ്ഞ് പുതുപൂക്കളുടുത്ത് ലാസ്യനടനം ചെയ്ത് വർഷമേഘങ്ങളുടെ അകമ്പടിയിൽ താണ്ഡവമാടി വേനലിന്റെ മാമ്പൂമണമെറിഞ്ഞ് മഞ്ഞായി മഴയായി വെയിലായി ഈ നാട് ഓരോ മനസ്സിലും നിറഞ്ഞു നില്ക്കുകയാണ്. പ്രകൃതിയുടെ സർവസൗന്ദര്യവും ഒന്നിച്ചിണങ്ങി നില്ക്കുന്ന ഒരു സുന്ദരനാട്.