ജി എം യു പി എസ് പൂനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (GMUPS POONOOR/ചരിത്രം എന്ന താൾ GMUPS POONOOR/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിന്നോട്ടു നോക്കുമ്പോൾ

1925 ഓഗസ്റ്റ് 3 നാണ് "പൂനൂർ ബോർഡ് മാപ്പിള സ്കൂൾ" എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.
പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്.
ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ ഗോപാലൻ എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. 
ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ മൂന്നു പെൺകുട്ടികൾ മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ.
മാപ്പിള സ്കൂൾ ആയിരുന്നിട്ടും ആരംഭ വർഷത്തിൽ പ്രവേശനം നേടിയ മൂന്നു പെൺകുട്ടികളും അമുസ്ലിംകളായിരുന്നു.
ഒന്നാം ക്ലാസ്സിൽ 79 ഉം രണ്ടാം ക്ലാസിൽ 19 ഉം ആയിരുന്നു തുടക്കത്തിൽ കുട്ടികളുടെ എണ്ണം. പൂനൂർ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. 2-11-1928 ൽ അധ്യാപകരുടെ എണ്ണം രണ്ടായി ഉയർന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടർന്നു. 1960-61 ൽ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാൻഡേർഡുവരെ മാത്രമായി ചുരുങ്ങി.
1968 ൽ പൂനൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ ഈ വിദ്യാലയത്തിൻറെ ഭാഗമായാണ് പ്രവർത്തനമാരംഭിച്ചത്. 
എന്നാൽ തൊട്ടടുത്ത വർഷം തന്നെ അത് പൂനൂരങ്ങാടിയിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. നാൽപതിലേറെ അധ്യാപകർ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ൽ എൽ.പി.വിഭാഗം ഇവിടെ നിന്നും വേർപെടുത്തപ്പെട്ടത്.
ഇപ്പോൾ 5, 6, 7 എന്നീ ക്ലാസുകൾ മാത്രം പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 21 ഡിവിഷനുകളുണ്ട്. 2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിക്കുകയും 2004 ൽ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂർ നരിക്കുനി റോഡിൻറെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തിൽ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂർണമായും മാറുകയും ചെയ്തു.
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവർത്തിപരിചയ-ഐടി മേളകളിൽ ചാമ്പ്യൻഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. 
സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളിൽ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ്. സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, നാട്ടുകാർ എന്നിവരുടെ കർമനിരതമായ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൻറെ വിജയരഹസ്യം.