ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ Hunger Vs. Virus

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.എച്ച്. എസ്.കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ Hunger Vs. Virus എന്ന താൾ ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ Hunger Vs. Virus എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിശപ്പോ വൈറസോ?

അവൾ ഇനിയും അലയുകയാണ്... എങ്ങോട്ടെന്നില്ലാതെ... എന്തിനെന്നില്ലാതെ... മിഴികളിൽ നിന്നടർന്നു വീണ മുത്തുകൾ അവളുടെ ഒട്ടിയ കവിളുകൾ തലോടി നിലം പതിക്കുന്നുണ്ടായിരുന്നു. വിശപ്പിന്റെ മുള്ളു വിരിച്ച വഴികളിലൂടെ പറക്കലുറ്റാത്ത കുഞ്ഞിനേയുമേന്തി അവൾ മുന്നോട്ട് നടന്നു.

സുന്ദരിയാണവൾ... കരിയും പുകയുമേറ്റ് മങ്ങിയ നിറം, പാറിപ്പറക്കുന്ന തലമുടി പക്ഷെ അവളുടെ കണ്ണുകൾക്കൊരു വശ്യതയുണ്ടായിരുന്നു.പതിനേഴ് കാരിയുടെ അഴകാണവൾക്ക്. കഴുകന്മാർ പിച്ചിച്ചീന്തിയ അവളുടെ ശരീരത്തിന് പകരമായി പതിനഞ്ചാം വയസ്സിൽ അവൾക്ക് ലഭിച്ച സമ്മാനമാണ് കൈയിലുള്ളത്. അത് വിശപ്പിന്റെ വേദനകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. വഴിയരികിലെ പീടികത്തിണ്ണയിലേക്കിരുന്ന് അവൾ കുഞ്ഞിനെ മാറോട് ചേർത്തു. നഗരം നിശ്ചലമായിരുന്നു.ആയിരക്കണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് മനുഷ്യരും ഇടതടവില്ലാതെ തിങ്ങി നിറഞ്ഞ നഗരം. കഴിഞ്ഞ രണ്ടു ദിവസമായി നിശ്‌ചലമാണ്. കീറിയ കുപ്പായത്തിന്റെ തെല്ലൊന്ന് മടക്കിവെച് നീറിപ്പുകയുന്ന തന്റെ കാലിലേക്കവൾ നോക്കി. അവിടവിടെയായി രക്തം കട്ടപിടിച്ചിരിക്കുന്നു. നീറുന്ന മുറിവുകളിൽ ഈച്ചകൾ ആടിത്തിമിർക്കയാണ്.അവൾ കാൽ മെല്ലെ അനക്കി ഈച്ചകളെ അകറ്റാൻ ശ്രമിച്ചു അത് പിന്നെയും അവളിലേക്ക് തന്നെ തിരിച്ചു വന്നു.ചെറിയൊരു തുണി കൊണ്ട് അവൾ കാൽ മൂടിവെച്ചു.കാലത്ത് പോലീസുകാർ തല്ലിചതച്ചതിന്റെ വേദന വേറെയും...

ഒട്ടും വിശപ്പ് സഹിക്കവയ്യാതെയായപ്പോൾ ഒരു ഹോട്ടലിന്റെ ചവറ്റു കോട്ടയിൽ നിന്ന് കണ്ടെത്തിയ ഒരു കഷ്ണം ബ്രെഡ് കഴിക്കാൻ ഒരുങ്ങുകയായിരുന്നു അവൾ. നിനക്ക് ലോക്‌ഡോൺ ആണെന്നറിയില്ലേ... എന്നും പറഞ്ഞു പോലീസുകാർ അവളെ അവിടെ നിന്നാട്ടിയോടിച്ചു ച്ചു തനിക്കായി കരുതിയ ഭക്ഷണം നഷ്ടപ്പെട്ടു.അവൾ ഒരു നിമിഷം പൊട്ടിക്കരഞ്ഞുപോയി.അവളുടെ കണ്ണിൽ നിന്നുതിർന്നു വീണ തുള്ളികൾ നിലത്തു വീണ് കരിഞ്ഞു പോയി. കേറിക്കിടക്കാൻ ഒരു കൂര പോലുമില്ലല്ലോ എന്നോർത്ത് അവൾ കണ്ണുമിഴിച്ചു ഇരുന്നു. മുടിയിഴകളെ തഴുകിക്കൊണ്ട് കാറ്റ് കടന്നു പോയി. കാറ്റിനുപോലും കണ്ണീരിന്റെ നനവുണ്ടെന്ന് അവൾക്ക് തോന്നി. പിന്നീടെപ്പോഴോ അവൾ സ്വപ്നങ്ങളിലേക്ക് വഴുതി വീണു.

സൂര്യകിരണങ്ങൾ അവളുടെ മുഖത്ത് ചുംബിച്ചു. അവൾ പതിയെ കണ്ണുകൾ തുറന്നു. വിശപ്പ് അവളെ അപ്പോഴും വേട്ടയാടുന്നുണ്ടായിരുന്നു. അവൾ കുഞ്ഞിനെ അരികിലേക്ക് ചേർത്ത് കിടത്തി. ദൂരെ കുറേ ആളുകളെ പോലീസ് അടിച്ചോടിക്കുന്നുണ്ടായിരുന്നു."വീട്ടിലിരിക്കാൻ ബുദ്ധിമുട്ട് ആണ് സാറേ... " ഒരാൾ പറയുന്നത് കേട്ട് അവൾക്ക് ചിരിയാണ് വന്നത് "ഇവിടെ കുറെ പേർ പുറത്തു നിന്നകത്തേക്ക് പോകാൻ സ്വപ്നം കാണുന്നു... അവിടെ അകത്തു നിന്ന് പുറത്തേക്കോടുന്ന ചിലർ..."

അവൾ സ്വയം പിറുപിറുത്തു. പോലീസിന്റെ കണ്ണ് വെട്ടിച്ചു അവൾ അവിടെ നിന്നു മാറി. കുറച്ചകലെ ഒരു പൈപ്പിൻ ചോട്ടിൽ നിന്ന് ആർത്തിയോടെ വെള്ളം കുടിച്ചു.അവൾ ചുമക്കുന്നുണ്ടായിരുന്നു.ചിലപ്പോൾ ആ ചുമയെ ഭയന്നാവാം അവൾ താമസിച്ചിരുന്ന ചേരിയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടത്. സാധാരണ വീട്ടു ജോലികൾ ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് ആഹാരം കണ്ടെത്തുകയായിരുന്നു പതിവ്.പക്ഷെ ഇന്ന് എല്ലാം നിശ്ചലമാണ്... വീടുകളുടെ പടി അടച്ചിരിക്കുന്നു.ആളുകൾ സ്വന്തമെന്നതിലേക്ക് മുഖം തിരിച്ചിരിക്കുന്നു.ഒരല്പം കഞ്ഞി ലഭിക്കാൻ എന്ത് ചെയ്യണമെന്ന ആധിയിലായിരുന്നു അവൾ. തൊട്ടടുത്ത് നിന്ന് ആരുടെയോ തേങ്ങൽ കേട്ട് അവൾ തിരിഞ്ഞു നോക്കി.ഒരു വൃദ്ധൻ വീണു കിടക്കുന്നു. അടുത്തുള്ള ഫ്ലാറ്റിന്റെ ജനാലകളിലൂടെ പലരും അയാളെ നോക്കുന്നതും ഫോട്ടോ എടുക്കുന്നതുമല്ലാതെ ഒരാൾ പോലും അയാളെ സഹായിക്കാൻ മനസ്സ് കാണിച്ചില്ല .അവൾ അയാളുടെ അടുക്കലേക്ക് പോയി.അയാൾ അവശനായിരുന്നു.അവൾ അയാൾക്ക് അല്പം വെള്ളം കൊടുത്തു.കുറച്ചപ്പുറത്തേക്ക് തെറിച്ചു വീണ മൊബൈൽ ഫോൺ എടുത്തു തരാൻ അയാൾ ആവശ്യപ്പെട്ടു.മകനെ വിളിക്കുമോ എന്ന് അയാൾ ചോദിച്ചു.പക്ഷെ അവൾ നിസ്സഹായായിരുന്നു. കാരണം അവൾ ആദ്യമായാണ് മൊബൈൽ കാണുന്നത് തന്നെ . അയാൾ സ്വയം തന്നെ മകനെ വിളിച്ചു.അവൾ അയാളെ എഴുന്നേൽപ്പിച്ചിരുത്തി.അൽപ സമയത്തിനകം ഒരാംബുലൻസ് വന്നു. വെള്ള വസ്ത്രം മൂടിപ്പുതച്ച രണ്ടുപേർ ചേർന്ന് അയാളെ ആംബുലൻസിൽ കയറ്റി.ആരും അവളോട് ഒന്നും സംസാരിച്ചില്ല.ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ല.അവൾ പിന്നെയും നടന്നു വിശപ്പ് അവളുടെ കണ്ണുകളെ മൂടുന്നുണ്ടായിരുന്നു അതിനപ്പുറം മറ്റെന്തയൊക്കെയോ അവളെ അലട്ടിയിരുന്നു.

സൂര്യൻ രണ്ടു തവണ കിഴക്ക് ഉദിച്ചു പടിഞ്ഞാറ് അസ്തമിച്ചു.ദുർഗ്ഗന്ധ മേറുന്ന ഓവുചാലിനരികിൽ അവൾ ഇരുന്നു.കണ്ണുകളിൽ ഇരുട്ട് കയറുന്നപോലെ കണoത്തിൽ കുപ്പിച്ചില്ല് തറക്കുന്ന വേദന കൊണ്ടവൾ പുളഞ്ഞു.ചുമയ്ക്കുമ്പോൾ ജീവൻ തുപ്പുന്ന പോലെ.ശരീരമാസകലം വിറക്കുന്നുണ്ടായിരുന്നു.കയ്യിലുണ്ടായിരുന്ന കുഞ്ഞ് നിലം പതിച്ചു.അവൾ ഓവുചാലിലേക്കും...ആരും കണ്ടില്ല...ആരും അവളുടെ നിലവിളി കേട്ടതുമില്ല...

വെയിൽ കത്തുന്നുണ്ടായിരുന്നു... എന്തോ, അവളുടെ ദീനവിലാപം കേട്ട് മാനം പൊട്ടിക്കരഞ്ഞു പോയി..!

സന സൈനബ് സി.എച്ച്
9 E ജി.വി.എച്ച്. എസ്.കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 02/ 2022 >> രചനാവിഭാഗം - കഥ