ജി.യു.പി.എസ്.കക്കാട്ടിരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1936ൽ ആണ് കക്കാട്ടിരിയിൽ ഈ സ്കൂൾ സ്ഥാപിതമായത്.


     

രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുൻപ് സ്ഥാപിതമായവിദ്യാലയം.

       കക്കാട്ടിരിയിലെ മനുഷ്യ സ്നേഹിയായ ശ്രീ കളത്തിൽ ഗോവിന്ദമേനോൻ പണികഴിപ്പിച്ച് സർക്കാരിന് വിട്ടു നല്കിയതാണ് ഈ കെട്ടിടവും അതിനോടനുബന്ധിച്ചുള്ള രണ്ട് ഏക്കറിലധികം വരുന്ന സ്ഥലവും.

       ശ്രീമാൻ മേലൂട്ട് വേലപ്പ,കുറുപ്പത്ത് കളത്തിൽഗോവിന്ദമേനോൻ, വിളക്കുമാടത്തിൽ നാണപ്പ മേനോൻ, കെ.സി.മൊയ്തുട്ടി ഹാജി, എം.കെ.പി.അച്യുതൻ നമ്പ്യാർ, കോട്ടയിൽ രാമൻകുട്ടി മേനോൻ, അംശം അധികാരി ആയിരുന്ന മഞ്ഞപ്ര ഗോവിന്ദമേനോൻ തുടങ്ങി ഒട്ടനവധി പേർ ഈ സ്കൂളിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചവരാണ്.

        ശ്രീമാൻ മേലൂട്ട് വേലപ്പ തുടങ്ങി വെച്ച ഏകാധ്യാപക സ്കൂൾ ആണ് പിന്നീട് ജി.എൽ.പി.സ്കൂൾ ആയി രൂപപ്പെട്ടത്.കുറുപ്പത്ത് വളപ്പിൽ ഗോവിന്ദമേനോന്റെ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് കെട്ടിടവും വടക്കുവശത്തെ പറമ്പും ഗവൺമെൻ്റിലേക്ക് അക്വയർ ചെയ്യാൻ അദ്ദേഹം തയ്യാറായി. മാത്രമല്ല, തെക്കുവശത്ത് 6 സെൻ്റ് സ്ഥലം സ്കൂളിനു വേണ്ടി സംഭാവന ചെയ്യുകയും ചെയ്തു.സംഭാവനയായി ലഭിച്ച സ്ഥലത്ത് ശ്രീ ഒ.കെ.രാമചന്ദ്രൻ മാഷുടെ പദ്ധതി പ്രകാരം ഒരു കെട്ടിടം ലഭിക്കാൻ മുൻകൈ എടുത്തത് കോട്ടയിൽ രാമൻകുട്ടി മേനോനാണ്. സ്കൂളിന്റെ കിഴക്കുവശം 10 സെൻ്റ് സ്ഥലം പണ്ടാരത്ത് വീട്ടുകാർ സംഭാവന നല്കി എന്നുള്ളതും എടുത്തു പറയേണ്ട വസ്തുതയാണ്.

      1956 വരെ ഈ വിദ്യാലയം ബോർഡ് എലിമെന്ററി സ്കൂളായി പ്രവർത്തിച്ചു. 1954 മുതൽ 1964 വരെ ശ്രീ. വി.പി.കുഞ്ഞിരാമ മേനോൻ ആയിരുന്നു ഹെഡ് മാസ്റ്റർ.ഈ കാലഘട്ടത്തിൽ 1956 ൽ ആണ് ജി.എൽ.പി.സ്കൂൾ, ജി.യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടത്.

       കക്കാട്ടിരി എന്ന ഗ്രാമം പാറത്തോട് എന്ന ഓമനപ്പേരുകൊണ്ടാണ് അറിയപ്പെട്ടിരുന്നത്. ഹരിതഭംഗിയോടെ അന്ന് തോടും കുളവും കായലും നിറഞ്ഞു നിന്നിരുന്നു. കോട്ടപ്പാടത്തു നിന്ന് പാറത്തോട്ടിലേക്കുള്ള യാത്രാ സൗകര്യം പരിമിതമായിരുന്നു. വാഹന സൗകര്യം തന്നെ കുറവായിരുന്ന ഒരു ഉൾനാടൻ ഗ്രാമമായിരുന്ന കക്കാട്ടിരിയിൽ ഒരു യു.പി.സ്കൂൾ, രണ്ട് പലചരക്കുകട,രണ്ടു ചായപ്പീടിക, ഒരു ബാർബർ ഷോപ്പ്, റേഷൻ കട, പോസ്റ്റ് ഓഫീസ്സ് ഇത്രയുമാണ് ഉണ്ടായിരുന്നത്. അന്യദേശങ്ങളിൽ നിന്നു വരുന്ന അധ്യാപകർക്ക് താമസ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിൽ നല്ലവരായ നാട്ടുകാർ സദാ സന്നദ്ധരായിരുന്നു..

          തോടിനു പാലം പോലും അക്കാലത്ത് ഇല്ലാതിരുന്നതിനാൽ വർഷക്കാലത്ത് സ്കൂൾ കുട്ടികളുടെ സംരക്ഷണം വലിയ ബാധ്യത തന്നെയായിരുന്നു. മലവെള്ളം കുത്തി ഒഴുകുമ്പോൾ തോട്ടിൽ നിലയുറപ്പിച്ച് കുട്ടികളെ ഇരുകയ്യിലേക്കും എടുത്തു മാറ്റുന്ന അരോഗദൃഢഗാത്രരായിരുന്ന നല്ല നാട്ടുകാരുണ്ടായിരുന്നു, അക്കാലത്ത്..

         വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഈ വിദ്യാലയത്തിന്റെ മടിത്തട്ടിൽ ജാതി മത വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചു പഠിച്ചു.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും കക്കാട്ടിരി സ്കൂളിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി. അന്ന് 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ഫാം ക്ലബ് നടത്തിയിരുന്നു. അതിൽ ഉൽപ്പാദിപ്പിച്ചിരുന്ന വിളകളും മറ്റും സ്കൂളിൽ വെച്ച് ലേലം ചെയ്തിരുന്നു. എല്ലാവർഷവും ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ വളരെ വിപുലമായി സേവനവാരം ആചരിച്ചിരുന്നു. സ്കൂൾ പരിസരം, കവലകൾ എന്നിവ കുട്ടികൾ ശുചീകരണ പ്രവർത്തനത്തിലൂടെ വൃത്തിയാക്കിയിരുന്നു.1960 കളിൽ തുടർച്ചയായി 5 വർഷം സബ് ജില്ലാ കായിക മേളയിൽ കക്കാട്ടിരി ജി.യു.പി.സ്കൂൾ ഒന്നാം സ്ഥാനം നേടി.വ്യക്തിഗത ചാമ്പ്യൻപട്ടം നേടിയിരുന്നതും മിക്കവാറും ഇവിടുത്തെ കുട്ടികൾ തന്നെയായിരുന്നു. ശ്രീ. പി.കെ.രാമക്കുറുപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് കലാപരമായും ഈ സ്കൂൾ നല്ല നിലവാരം പുലർത്തിയിരുന്നു.കലാമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.

      ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് സമൂഹത്തിന് കാണിച്ചു കൊടുത്ത മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ് വി.കെ.സുന്ദുവിന്റെ നേതൃത്വത്തിൽ കക്കാട്ടിരി ജി.യു.പി സ്കൂളിനു വേണ്ടി നടത്തിയത്.

      ആവശ്യമായ ഫണ്ട് ത്രിതല പഞ്ചായത്തുകളിൽ നിന്നും എസ്.എസ്.എ.യിൽ നിന്നും യഥാസമയങ്ങളിൽ ഇടപെട്ട് നേടിയെടുക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും പി.ടി.എ.കമ്മറ്റിക്കു കഴിഞ്ഞു.കൂടാതെ തൃത്താല എം.എൽ.എ. ശ്രീ വി.കെ.ചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കക്കാട്ടിരി സ്കൂൾ മതിലിനു വേണ്ടി ഫണ്ട് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത ആനുകൂല്യങ്ങൾ സ്കൂളിനു വേണ്ടി നേടിയെടുക്കുന്നതിൽ പി.ടി.എ.യ്ക്കൊപ്പം പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എ.പി.വേലായുധൻ മാസ്റ്റർ, വാർഡ് മെമ്പർ ടി.പി.മുഹമ്മദ് മാസ്റ്റർ,തൃത്താല എ.ഇ.ഒ.ആയിരുന്ന വി.പി.രാമനാഥൻ മാസ്റ്റർ, ബി.പി.ഒ ആയിരുന്ന ടി.ചന്ദ്രൻ മാസ്റ്റർ എന്നിവരുടെ പരിശ്രമം സ്തുത്യർഹമാണ്. സ്കൂൾ ഹാളിനുള്ളിലെ സ്റ്റേജ്, സെപ്പറേഷൻ വോളുകൾ, സ്കൂളിനു സ്വന്തമായി ഒരു മൈക്ക് സെറ്റ്, കുടിവെള്ളം സംഭരിച്ചു വെക്കാൻ വാട്ടർ ടാങ്ക്, കുട്ടികൾക്ക് ഉപയോഗിക്കാൻ സൗകര്യപ്രദമായ പൈപ്പ് ലൈൻ കണക്ഷനും വാട്ടർ ടാപ്പുകളും, കമ്പ്യൂട്ടർ ലാബ്, സ്പെഷൽ ലൈബ്രറി, റോഡിന് ഇരുവശത്തുമുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ മൂത്രപ്പുരകൾ, ടോയ് ലറ്റ് സൗകര്യങ്ങൾ, അപകട പ്രദേശം മതിൽ കെട്ടി ഗെയ്റ്റ് വെച്ച് സുരക്ഷിതമാക്കൽ, ക്ലാസുകളിൽ ആവശ്യമായ ഫർണിച്ചർ ഒരുക്കൽ, ഉച്ചഭക്ഷണം പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ ഒരുക്കൽ, തണൽവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ പി.ടി.എ ഏറ്റെടുത്ത് നടത്തുകയുണ്ടായി. ഉച്ചഭക്ഷണ പദ്ധതി നല്ല രീതിയിൽ നടപ്പാക്കുന്നതിലും പി.ടി.എ.യുടെ ഇടപെടൽ മാതൃകാപരമായിരുന്നു.പാലക ശാലയിലെ കുട്ടികളുടെ അന്നദാതാവ് പാഞ്ചാലി ചേച്ചി വേതനത്തോളുപരിയായി നിഷ്കളങ്കരായ കുട്ടികളെ സ്നേഹിച്ചു.ഇന്നും അവർ സ്കൂളിനു വേണ്ടി നിസ്വാർത്ഥമായ സേവനം തുടർന്നു കൊണ്ടിരിക്കുന്നു.

  തൃത്താല നിയോജകമണ്ഡലം എം.എൽ.എ ആയിരുന്ന ശ്രീ വി.ടി.ബൽറാം സ്കൂളിന്റെ പരിപാടികളും അസംബ്ലിയും മറ്റും സംഘടിപ്പിക്കുന്നതിന് വേണ്ടി മനോഹരമായ ഒരു ഓഡിറ്റോറിയം എം.എൽ.എ.ഫണ്ടുപയോഗിച്ച് സ്കൂളിനു പണിതു നൽകി. തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ ഗവൺമെൻ്റ് സ്കൂളുകളിലും ടെലിഫോൺ ബില്ലിന്റെ തുക എം.എൽ.എ ഫണ്ടുപയോഗിച്ച് അടയ്ക്കാൻ ശ്രീ വി.ടി.ബൽറാം എം.എൽ.എ. തീരുമാനം എടുത്തിരുന്നതും എടുത്തു പറയേണ്ട സ്തുതയാണ്. ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ ചെലവാക്കി നടത്തിയ വാർഷിക അറ്റകുറ്റപണികളും സ്കൂൾ കെട്ടിടങ്ങളെ ഒരു വിധം സുരക്ഷിതമാക്കാൻ സഹായിച്ചിട്ടുണ്ട്.

     വൈകിട്ട് സ്കൂൾ സമയത്തിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ പഠന പിന്നാക്കാവസ്ഥ നേരിടുന്ന വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയിരുന്ന പരിഹാരബോധന ക്ലാസ്സ് ഒരു പരിധി വരെ വിജയിക്കുകയും നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

      2002 മുതൽ 2005 വരെ കക്കാട്ടിരി ജി.യു.പി.സ്കൂളിൻ്റെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. എം.കെ.കൃഷ്ണൻ മാസ്റ്റർ മികച്ച അധ്യാപകൻ എന്നതിലുപരി മികച്ച പ്രധാനാധ്യാപകൻ എന്ന നിലയിൽ കൂടുതൽ ശോഭിച്ചു.കിട്ടാവുന്നിടത്തു നിന്നെല്ലാം ഫണ്ടുകൾ സംഘടിപ്പിച്ച് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തിയിരുന്നു.പoന നിലവാരം ഉയർത്തുന്നതിനു വേണ്ടി വിവിധ പരിപാടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. എല്ലാറ്റിനുമുപരി കൃഷ്ണൻ മാസ്റ്ററുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യവും ജനകീയവുമായിരുന്നു.

2005 മുതൽ 2017 വരെ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ച ശ്രീമതി സുലോചന ടീച്ചറുടെ കാലത്താണ് ഗ്രൗണ്ടിനോടടുത്ത് മികവുറ്റ ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടത്. ടീച്ചറുടെ കാലഘട്ടത്തിൽ തന്നെയാണ് കുട്ടികൾക്കായുള്ള അധിക ടോയ്ലറ്റുകൾ നിർമ്മിക്കപ്പെട്ടതും.

      പാഠ്യേതര പ്രവർത്തനകളിലും മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുടെ ക്ലബുകൾ സജീവമാണ്. ഇതൾ 1, ഇതൾ 2 എന്നീ പതിപ്പുകൾ, കക്കാട്ടിരി ഡോട്ട് കോം ന്യൂസ് മാഗസിൻ, വിളംബരം, ബ്ലാക് ബോർഡ് - എന്നീ സ്കൂൾ പത്രങ്ങൾ , പ്രണാമം - മാഗസിൻ, ഹാജർ - പ്ലാറ്റിനം ജൂബിലി സ്മരണിക.. എന്നിവ പി.ടി.എ., പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

      ഏറ്റവും പുതുതായി ഈ വിദ്യാലയത്തിനും വിദ്യാലയത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ട നാട്ടുകാർക്കും ലഭിച്ച സന്തോഷം നമ്മുടെ ബഹു: നിയമസഭാ സ്പീക്കറും 2021 മുതൽ തൃത്താല നിയോജക മണ്ഡലം എം.എൽ.എ.യുമായ ശ്രീ എം.ബി.രാജേഷ് അവർകൾ കക്കാട്ടിരി ജി.യു.പി.സ്കൂളിൻ്റെ വികസനത്തിനു വേണ്ടി 2 കോടി രൂപ അനുവദിച്ചതാണ്. അതിന്റെ തുടർനടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു..

       നമ്മുടെ സമൂഹത്തെ നല്ല വഴിയിലേക്ക് നയിക്കാൻ കെൽപ്പുള്ള ഭാവി പൗരൻമാരെ ഇനിയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിയട്ടെ..



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം