ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉള്ളത്തിൽ ഉണ്മ നിറയും നന്മയാണെന്റെ നാട്...💙💙

ഈ ഗ്രാമത്തിലെ പുഞ്ചപ്പാടങ്ങൾ
പൊന്നു വിളയുന്ന ഇവിടുത്തെ നെൽകൃഷി..



മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.

  ഇവിടുത്തെ പ്രകൃതി രമണീയമായ പാടശേഖരങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് നിരവധി സിനിമകൾ പിറവി കൊണ്ടിട്ടുണ്ട്. അഭ്യസ്തവിദ്യരും സംസ്കാര ചിത്തരുമായ ഒരു പാടു പ്രതിഭകൾക്കു ജൻമമേകാൻ ഈ മനോഹര ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.(കൂടുതൽ അറിയാം)

ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...

       ഭൂമിശാസ്ത്രം

കക്കാട്ടിരി ഗ്രാമം
കക്കാട്ടിരി തോട്

കോടമലയും കുറുങ്ങാട് കുന്നും, പുളിയപറ്റ കായലും അതിരിട്ടു നിൽക്കുന്ന കൊച്ചു ഭൂപ്രദേശം.വയലുകൾ കൊണ്ട് സമൃദ്ധമാണ് കക്കാട്ടിരി .കക്കാട്ടിരി സെൻ്ററിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്.പണ്ട്  വർഷ കാലത്ത്  ഈ തോട് നിറഞ്ഞു കവിയുമ്പോൾ പാലമില്ലാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോവാൻ ബുദ്ധിമുട്ടിയിരുന്നു.

പ്രധാനപ്പെട്ട  സ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ്



പുളിയപ്പറ്റ കായൽ


      പട്ടിത്തറ, തൃത്താല, നാഗലശ്ശേരി- എന്നീ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പുളിയപ്പറ്റ കായൽ കക്കാട്ടിരി ,മേഴത്തൂർ എന്നീ പ്രദേശങ്ങൾക്ക് അതിർത്തിയാണ്. മത്സ്യ ജലസമ്പത്തിനു പേരുകേട്ട ഈ കായൽ ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമായി പക്ഷിനിരീക്ഷകർ വിലയിരുത്തുന്നു. കായലിൽ നാടൻ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും യഥേഷ്ടമുള്ളതിനാൽ ഏതു സീസണിലും സ്വദേശികളും വിദേശികളുമായ പക്ഷികളെ ഇവിടെ കാണാൻ കഴിയും. കുംഭം, മീനം - മാസങ്ങളിൽ വരെയും ഈ കായലിൽ നിറയെ വെള്ളമുണ്ടാവാറുണ്ട്.

     162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ പ്രത്യേകതകളാണ്.

കക്കാട്ടിരി - പൂരങ്ങളുടെയും നേർച്ചകളുടെയും ആഘോഷവേദി

ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്
കക്കാട്ടിരിയിലെ ഉത്സവപ്പെരുമ

  

  ഇവിടുത്തെ പൂരങ്ങളുടെ മുഖ്യ ആകർഷണം ഗജവീരൻമാരുടെ എഴുന്നള്ളത്തോടു കൂടിയ വർണശബളമായ ഘോഷയാത്രകളാണ്. എല്ലാ മതസ്ഥരും ഒത്തുചേർന്ന് പൂരം ആഘോഷിക്കുന്നു. പൂരത്തലേന്നു തന്നെ ചെറുകിട കച്ചവടക്കാരെല്ലാവരും ഇവിടെ തമ്പടിച്ചിട്ടുണ്ടാകും.ജനഹൃദയങ്ങളിൽ ആഘോഷഹർഷത്തിനു തിരി തെളിയിക്കുവാൻ ഇത്തരം പൂരക്കൂട്ടായ്മകൾക്കാകുന്നു..

കക്കാട്ടിരി - ഫുട്ബോൾ ടർഫ്.

കക്കാട്ടിരി ഫുട്ബോൾ ടർഫ്- ഭാവിയുടെ വാഗ്ദാനം..
ദൂരെനിന്നും ഫുട്ബോൾ പ്രണയികളെ  മാടി വിളിക്കുന്ന ടർഫിലെ ഹൈഡ്രജൻ ബലൂൺ  🎾🎾

ഫുട്ബോൾ പ്രണയികൾക്ക് സ്വപ്ന സാക്ഷാത്കാരമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഫുട്ബോൾ ടർഫ് കക്കാട്ടിരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് പുതുതായി പണി കഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ആധുനിക രീതിയിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ടർഫിനോട് അനുബന്ധിച്ച് വിശ്രമമുറി, ലഘു ഭക്ഷണശാല എന്നിവ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ രംഗത്ത് നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ ഉദ്യമത്തിനു കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കക്കാട്ടിരി- വട്ടത്താണി പാത.

"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം

 


മല വട്ടത്താണി റോഡ്

കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.

      ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. (മനസ്സിനക്കരെ). ടി.വി.ചന്ദ്രൻ സംവിധാനം നിർവഹിച്ച "പൊന്തൻമാട "എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്.