ജി.എൽ.പി.എസ് തിരുവില്വാമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവില്വാമല

തിരുവില്വാമല

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് തിരുവില്വാമല. തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രം

37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്.

പ്രധാന പൊതു സ്‌ഥാപനങ്ങൾ

വില്ലേജ് ഓഫീസുകൾ,

പഞ്ചായത്ത് ഓഫീസ്,

പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ

CSC RVJ ജന സേവന കേന്ദ്രം

കാർഷികം
നെല്ലും ‌തെങ്ങും റബ്ബറുമാണ് മുഖ്യ വിളകൾ. കൈത്തറിനെയ്ത്ത്, പനമ്പ്‌നെയ്ത്ത് കുട്ടനെയ്ത്ത്, ലോഹപ്പണി, , കളിമൺപാത്ര നിർമ്മാണം, ഓട്ടുപാത്രനിർമ്മാണം തുടങ്ങിയ നിരവധി പരമ്പരാഗത ചെറുകിട-കുടിൽ വ്യവസായങ്ങൾ ഇവിടെ നിലവിലുണ്ട്. ചിലയിടങ്ങളിൽ റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചുള്ള ആധുനിക ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ സുലഭമായി ലഭിക്കുന്ന കരിങ്കല്ല് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
പ്രത്യേകതകൾ

കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളിൽ പ്രധാനമാണ് തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥക്ഷേത്രം. തിരുവില്വാമല ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രം ചിരപുരാതനകാലം മുതൽ പ്രസിദ്ധമാണ്. കേരളത്തിലെ പ്രധാനപ്പെട്ട മറ്റു രണ്ടു ശ്രീരാമക്ഷേത്രങ്ങൾ തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ ക്ഷേത്രം, വടക്കൻ കേരളത്തിലെ തലശ്ശേരി തിരുവങ്ങാട് ക്ഷേത്രം എന്നിവയാണ്‌. കന്നിമാസത്തിലെ ‘നിറമാല‘യും കുംഭമാസത്തിലെ ഏകാദശിയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവ ഉത്സവങ്ങൾ. ഗുരുവായൂർ ഏകാദശിദിവസം തിരുവില്വാമലയിലെ "പുനർജനി"നൂഴൽ" പ്രധാന വിശേഷമാണ്. പ്രശസ്ത എഴുത്തുകാരായ വി.കെ.എൻ, മാർഷൽ, മാനസി, പി.എ. ദിവാകരൻ എന്നിവർ തിരുവില്വാമലക്കാരാണ്. ഭാരതപ്പുഴയും സഹ്യപർവ്വതവും തിരുവില്വാമലയ്ക്ക് സൌന്ദര്യം നൽകുന്നു. പ്രശസ്ത മദ്ദളവിദ്വാൻമാരായ വെങ്കിച്ചൻ സ്വാമി, അദ്ദേഹത്തിന്റെ ശിഷ്യൻ കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ തുടങ്ങിയവർ തിരുവില്വാമലയിലാണ് ജനിച്ചത്.പഞ്ചവാദ്യത്തിന്റെ പരമാചാര്യനായ വെങ്കിച്ചൻ സ്വാമി ഇവടത്തുകാരനായിരുന്നു. വില്വാദ്രിനാഥക്ഷേത്രത്തിൽ ചാക്യാർ കൂത്ത് കളിക്കുകയില്ല. അതിന്റെ ഐതിഹ്യം:പണ്ട് ഒരു കൂത്തുവേളയിൽ ഒരു നമ്പൂരിയച്ഛനെ കളിയാക്കിയ വേളയിൽ അദ്ദേഹം അത്യധികം ക്രുദ്ധനാവുകയും തിരിച്ച് അവിടെവെച്ചുതന്നെ ചാക്യാരുവേഷത്തെ പച്ചക്ക് അവഹേളിക്കുകയും ചെയ്തത്രേ! ചാക്യാർ അപ്പോൾ തന്നെ തലപ്പാവ് ഊരി ”‘ഇനി ഇവിടെ ഒരു ചാക്യാരും കൂത്തുചെയ്യില്ല, ഒരു വേഷത്തെ അപമാനിച്ച ആ തിരുമനസ്സു് മാപ്പു പറഞ്ഞാൽത്തന്നെ ഈ ശ്രീരാമങ്കൽ ഇനി ഈ കലയെ അപമാനിക്കാൻ ഇടവരരുത്’, എന്നു പറഞ്ഞുവത്രേ! തായമ്പക, ഇടയ്ക്ക, പഞ്ചവാദ്യം എന്നീ വാദ്യകലകളുടെ ഈറ്റില്ലം കൂടിയാണ് തിരുവില്വാമല.തായമ്പകക്ക് ഒരു പുതിയമാനം ഉണ്ടാക്കിയ കൊളന്തസ്സാമി ( ഘടം വില്വാദ്രിയുടെ ജ്യേഷ്ഠൻ) തിരുവില്വാമലയിൽ ജനിച്ച ആളാണ്. തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിനു അടുത്തായി പ്രവർത്തിക്കുന്ന വെങ്കിച്ചൻസ്വാമി സ്മാരക കലാകേന്ദ്രത്തിൽ ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾ അഭ്യസിപ്പിക്കുന്നുണ്ട്.

തൊട്ടടുത്ത സ്ഥലമായ കുത്താമ്പുള്ളിയിൽ നിന്ന് എത്തുന്ന കസവുതുണികൾക്ക് തിരുവില്വാമല പ്രശസ്തമാണ്.