ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഓർമച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇവിടെ ഇങ്ങനെയായിരുന്നു, വിദ്യാലയബന്ധുക്കൾ ഓർക്കുന്നു

ചരിത്രം മഹാന്മാരുടെ മഹാസംഭവമല്ല

ശറഫുന്നിസ പി
ഡിഇഒ.(റിട്ട)

സ്കൂൾ വിക്കിയിലേക്ക് ഓർമ്മക്കുറിപ്പ് എഴുതിത്തരണം എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകൾ: " ഏറ്റെടുത്ത ദൗത്യത്തിൽ അചഞ്ചലമായ വിശ്വാസവും അതിന്റെ നടത്തിപ്പിൽ അർപ്പണ നിരതമായ നിശ്ചയദാർഢ്യവുമുള്ള സുമനസ്സുകൾ വിചാരിച്ചാൽ ചരിത്രഗതിയെത്തന്നെ മാറ്റിയെടുക്കാനാവും. " ചരിത്രമെന്നത് മഹാന്മാർ മാത്രം രചിക്കുന്ന മഹാസംഭവമല്ല. ചെറിയ മനുഷ്യരായ നമ്മളും നമ്മുടെയൊക്കെ ചെറിയ ചെറിയ ഇടങ്ങളിൽ ചെയ്യുന്ന നിസ്സാരമെന്ന് തോന്നിച്ചേക്കാവുന്ന സൃഷ്ടിപരമായ ഇടപെടലുകളും ചരിത്രസൃഷ്ടി തന്നെയാണ്. 1997 ആഗസ്റ്റ് മാസം മുതൽ 2011 ഡിസംബർ വരെയുള്ളകാലഘട്ടത്തിൽ ഗണിത അധ്യാപികയായി സേവനമനുഷ്ഠിച്ച എന്നിലെ മാറ്റവും വളർച്ചയും ഇതിന്റെ അനുഭവസാക്ഷ്യമാണ്. പ്രിയങ്കരിയായ പ്രധാനാദ്ധ്യാപിക കല്യാണി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ഉയർന്ന അക്കാദമിക നിലവാരം, ഒരാഴ്ച നീണ്ടു നിന്ന ജൂബിലി ആഘോഷം , ശാസ്ത്ര / കലാമേളകളിലേക്ക് കുട്ടികളെ ഒരുക്കൽ, കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ, ലൈബ്രറി നവീകരണം, പിന്നാക്കക്കാരെ സ്കൂളിന്റെ മുഖ്യധാരയിലെത്തിക്കാൻ തുടങ്ങി വെച്ച ഹെൽപിങ് ഹാൻഡ്സ് പദ്ധതി തുടങ്ങിയവയെല്ലാം മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകളാണ്'. ഈയവസരത്തിൽ ഞാൻ ഒരു കാര്യം കൂടി പറയാനാഗ്രഹിക്കുന്നു. തുടർന്നുള്ള 8 വർഷത്തെ സർവ്വീസ് കാലത്ത് ആത്മവിശ്വാസത്തോടെയും ഊർജ്ജസ്വലതയോടുകൂടിയും പ്രവർത്തിച്ച് സംതൃപ്തിയോടെ സർവ്വീസ് പൂർത്തിയാക്കി ഇറങ്ങാൻ എനിക്ക് സാധിച്ചത് ഇവിടെ നിന്നും കിട്ടിയ നല്ല അനുഭവങ്ങൾ തന്നെയാണ്.

എൻ്റെ പ്രിയ വിദ്യാലയം

മിനി
എഇഒ.