ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കണക്കിന്റെ മരണം

കെ.ദാമോദരൻ മുൻ വിജിലൻസ് ഡി.വൈ.എസ്.പി, കാസറഗോഡ് തച്ചങ്ങാട് യു.പി സ്കൂളിൽ നമ്മൾ പഠിച്ച കാലത്തെ അധ്യാപകരെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്ന പേരുകളിൽ ഒന്ന് അലക്സാണ്ടർ മാഷുടെതാണ്. ചുരുക്കം ചില കുട്ടികൾക്ക് അദ്ദേഹം നല്ല മാഷായിരുന്നെങ്കിലുംഞാനടക്കമുള്ള ഭൂരിപക്ഷം കുട്ടികൾക്കും അദ്ദേഹം അങ്ങനെ ആയിരുന്നില്ല. വീട്ടിൽ നിന്നും കൊണ്ടുവരുന്ന പല ടെൻഷനുകളും അദ്ദേഹം തീർത്തിരുന്നത് കുട്ടികളുടെ പുറത്തായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് സ്കൂൾ എന്ന് പറയുമ്പോൾ ഭയവും മടിയും ജനിപ്പിച്ചിരുന്നത് സ്കൂളിൽ അദ്ദേഹം അടക്കമുള്ള ചില അധ്യാപകരുടെ സാനിധ്യമായിരുന്നു. അന്നത്തെ പല കുട്ടികളുടെയും സ്കൂളിലേക്കുള്ള വരവിന്റെ ലക്ഷ്യം തന്നെ ഉച്ചക്ക് കിട്ടുന്ന 'സജ്ജിക 'ആയിരുന്നു. സ്കൂളിലേക്ക് വരാനുള്ള എന്റെ പ്രേരക ശക്തി എന്ന് പറയുന്നത് കളി ആയിരുന്നു. അഞ്ചാം ക്ലാസ്സിലാണെന്ന് തോന്നുന്നു ഞങ്ങളുടെ കണക്ക് മാഷ് അലക്സാണ്ടർ മാഷ് ആയിരുന്നു. കണക്ക് പീരിയഡ് എല്ലാ ദിവസവും ഉണ്ടാകും. അത് കടന്നു കിട്ടുക എന്നതായിരുന്നു ഓരോ ദിവസത്തെയും ഏറ്റവും വലിയ കടമ്പ. അലക്സാണ്ടർ മാഷിന് പനി വരുന്നതിനു ഞാൻ എത്രയോ തവണ സ്കൂളിന് സമീപത്തെ കുളിയൻ മരത്തിൽ പോയി നേർച്ച പറഞ്ഞിട്ടുണ്ട്. നേർച്ച ദ്രവ്യം എന്ന് പറയുന്നത് 'ഗഡി 'യുടെ കഷണമായിരുന്നു. അങ്ങനെ എത്രയോ ഗഡി ഞാൻ കുളിയന് സമർപ്പിച്ചിട്ടുണ്ട്. പിന്നെ ഒരു കാര്യം പനി വരാനല്ലാതെ ഒരു മാഷും മരിച്ചു പോകാൻ ഒരിക്കലും നേർച്ച നേർന്നിട്ടില്ല എന്ന് സത്യസന്ധമായി പറയാൻ കഴിയും. അത് അന്നത്തെ കുട്ടികളുടെ നന്മയുടെ ലക്ഷണമായിട്ടാണ് ഇന്ന് കാണാൻ കഴിയുന്നത്. നേർച്ച നേർന്നു ഗഡി പോയതല്ലാതെ അദ്ധ്യാപകൻ ക്ലാസ്സിൽ വരാതിരുന്നിട്ടില്ല. അന്ന് മുതൽ ആയിരിക്കാം ദൈവത്തിലുള്ള വിശ്വാസം ക്രമേണ കുറഞ്ഞു വന്നത് എന്നാണ് തോന്നുന്നത്. അലക്സാണ്ടർ മാഷ് ഹോം വർക്ക്‌ തരുമായിരുന്നു. അതും ഒരു പരീക്ഷണമായിരുന്നു. ചെറിയ ഒരു ആശ്വാസം എല്ലാവരും ഹോം വർക്ക്‌ ചെയ്തത് കാണിക്കേണ്ട എന്നതായിരുന്നു. ബെഞ്ച് ലീഡർക്ക് ആയിരുന്നു ആയതിനുള്ള ചുമതല. അത് നോക്കി മറ്റുള്ളവർ ചെയ്യുകയോ തെറ്റുണ്ടെങ്കിൽ തിരുത്തുകയോ വേണം. അത് കൊണ്ട് തന്നെ തല്ലു വാങ്ങാനുള്ള ചുമതലയും ലീഡ ർമാർക്കുള്ളതായിരുന്നു. ഞങ്ങളുടെ ബെഞ്ച് ലീഡർ നമ്മുടെ ട്രഷറർ ഗംഗാധരൻ ആയിരുന്നു. അവൻ കണക്കിൽ കേമനായത്തിനാൽ ഞങ്ങൾ എല്ലാം ചേർന്ന് അവനെ ആ ചുമതല ഏല്പിക്കുകയായിരുന്നു. എന്റെ അറിവിൽ അവൻ ചെയ്തു കൊണ്ടുവരുന്ന ഹോം വർക്ക്‌ തെറ്റിയതായോ അലക്സാണ്ടർ മാഷിൽ നിന്നും തല്ലു വാങ്ങിയതായോ ഇല്ല. അത് കൊണ്ട് തന്നെ ഗംഗാധാരനായിരുന്നു ഞങ്ങളുടെയൊക്കെ പ്രതീക്ഷ. ഗംഗാധരൻ ഹോം വർക്ക്‌ ചെയ്ത് കൊണ്ട് വരും ഞങ്ങൾ അത് നോക്കിയെഴുതും. സന്തോഷം. അങ്ങനെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കാലക്ഷേപം ചെയ്ത് കൊണ്ടിരിക്കെയാണ് ഹോം വർക്ക്‌ ഉള്ളദിവസം ഗംഗാധരൻ ലീവ് ആക്കിയതും ഹോം വർക്ക്‌ കാണിക്കാനുള്ള ചുമതല എന്നിൽ വന്നു ചേർന്നതും. ഗംഗാധാരനെ പ്രതീക്ഷിച്ചു നിന്ന എന്നെ സംബന്ധിച്ചിടത്തോളം സഹിക്കാൻ പറ്റുന്നതായിരുന്നില്ല അത്. ക്ഷിപ്രകോപിയായ അലക്സാണ്ടർ മാഷെ എങ്ങനെ അഭിമുഖീകരിക്കും എന്നും മാഷിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ച എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ബെല്ലടിച്ചു. അലക്സാണ്ടർ മാഷ് ക്ലാസ്സിൽ വന്നതോടെ ക്ലാസ്സിൽ മൂകത പരന്നു. ഓരോ ബെഞ്ച് ലീഡറും പുസ്തകം പണ്ട് റേഷൻ ഷോപ്പിൽ കാർഡ് വെക്കുന്നത് പോലെ ഒന്നിന് പിറകെ ഒന്നായി കൊണ്ടുവന്നു വെക്കണമായിരുന്നു. അതിനിടയിൽ ഹൃദയമിടിപ്പോടെ ഞാനും എന്റെ കണക്കു പുസ്തകം കൊണ്ടുവെച്ചു. അലക്സാണ്ടർ മാഷ് ഓരോരാളെ വിളിക്കാൻ തുടങ്ങി. ഞാൻ ബെഞ്ചിനടിയിൽ ഒളിക്കാൻ സ്ഥലമുണ്ടോ എന്ന് നോക്കി. ഒളിച്ചാൽ രക്ഷപ്പെടാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടതിനാൽ മിടിക്കുന്ന ഹൃദയവുമായി എന്റെ ഊഴവും കാത്തിരുന്നു. എന്റെ മുമ്പേ പോയവർ തല്ലുവാങ്ങുന്നതും ശകാരം കേൾക്കുന്നതും ഞാൻ അറിഞ്ഞതേയില്ല. അടുത്ത ബെല്ലടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതല്ലാതെ പരീക്ഷിച്ചു പരാജയപ്പെട്ട കുളിയൻ ദൈവ നേർച്ചക്ക് ഞാൻ മുതിർന്നില്ല. മുമ്പ് എത്രയോ തവണ ഇതു പോലുള്ള പ്രതിസന്ധി ഘട്ടത്തിൽ നേർച്ച നേർന്നിരിക്കുന്നു. ഗഡി നഷ്ടപ്പെട്ടതല്ലാതെ അലക്സാണ്ടർ മാസ്റ്റർക്ക് പനി പോയിട്ട് ഒരു ജലദോഷം വന്നത് പോലും എന്റെ ഓർമയിലില്ല. അതോടെ കുളിയനിലുള്ള എന്റെ വിശ്വാസം മെല്ലെ മെല്ലെ ഇല്ലാതായിരുന്നു. അതുകൊണ്ട് തന്നെ ഈ അവസാന നിമിഷം കുളിയനെ വെച്ചുള്ള ഒരു പരീക്ഷണം വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. വരുന്നത് വരട്ടെ എന്ന് ചിന്തിച്ചിരിക്കെ അതാ അലക്സാണ്ടർ മാഷിന്റെ ശബ്ദം എന്റെ കാതിൽ വന്നടിച്ചു.ആരാടാ ദാമോദരൻ?ഞാൻ വിറച്ചു കൊണ്ട് മാഷിന്റെ മുന്നിൽ വന്നു നിന്നു. മാഷ് എന്റെ പുസ്തകം തിരിച്ചും മറിച്ചും നോക്കി. ഒന്നുമില്ല. ഗംഗാധരനെ വിശ്വസിച്ചു വന്ന എന്റെ പുസ്തകത്തിൽ എന്ത് കാണാനാണ്. മാഷ് എന്റെ മുഖത്തേക്കും പുസ്തകത്തിലേക്കും മാറിമാറി നോക്കി. കൈയ്യിൽ ഉണ്ടായിരുന്ന സ്കെയിൽ പൊട്ടിത്തെറിക്കുന്ന ശബ്ദം മാത്രമേ ഞാൻ കേൾക്കുന്നുണ്ടായിരുന്നുള്ളൂ.എവിടെയാണ് അടി കൊണ്ടതെന്നോ എവിടെയൊക്കെ പൊട്ടിയെന്നോ അപ്പോൾ ഞാൻ അറിഞ്ഞില്ല. എന്തായിരുന്നു കണക്കെന്നോ, അതെങ്ങനെ ചെയ്യണമെന്നോ പ്രിയപ്പെട്ട അധ്യാപൻ പറഞ്ഞു തന്നതുമില്ല. പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല എന്ന് അദ്ദേഹം കരുതിക്കാണും. വീട്ടിൽ പോയി ആരോടും സംഭവം പറഞ്ഞില്ല. രാത്രി കുളിക്കാൻ നേരത്ത് വെള്ളം ദേഹത്തോഴിച്ചപ്പോൾ അനുഭവപ്പെട്ട നീറ്റലിൽ നിന്നാണ് എവിടെയൊക്കെ പരിക്ക് പറ്റി എന്ന് മനസ്സിലായത്. അരക്ക് താഴെ കാര്യമായ സ്ഥലം ബാക്കിയുണ്ടായിരുന്നില്ല. വീട്ടിൽ പറയാൻ അഭിമാനം സമ്മതിച്ചില്ല. പറഞ്ഞാൽ തന്നെ അവിടുന്നുള്ള പ്രതികരണം ചിലപ്പോൾ അതിനേക്കാൾ കഠിനമായേക്കാം എന്ന ചിന്തയും അതിൽ നിന്നും പിന്തിരിയാൻ കാരണമായി. പൊതുവെ എനിക്ക് കണക്കു ദഹിക്കാത്ത വിഷയമായിരുന്നു. അലക്സാണ്ടർ മാഷ് മനസ്സിൽ അവശേഷിച്ച കണക്കിന്റെ ബാക്കിയുള്ള അംശം കൂടി തുടച്ചു നീക്കി എന്നെ അതിൽ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ചു എന്ന് പറയുന്നതായിരിക്കും ശരി. SSLC ക്ക് ഫസ്റ്റ് ക്ലാസ്സിന് 12 മാർക്കിന്റെ കുറവുണ്ടായിരുന്നു. ആ കുറവ് സംഭാവന ചെയ്തത് രണ്ട് കണക്ക് പേപ്പർ ആയിരുന്നു എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ അലക്സാണ്ടർ മാഷിന്റെ സംഭാവന എത്രമാത്രമായിരുന്നു എന്ന് ഊഹിക്കാമല്ലോ. .................................................................................................................. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭാവിയെ യും അവരുടെ മനസ്സിനെയും എന്നു വേണ്ട തുടർ പഠനത്തെ വരെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്നതിന്റെ ഒരു ഉദാഹരണമെന്ന നിലയിലാണ് അലക്സാണ്ടർ മാഷെ ഉദ്ധരിച്ചു കൊണ്ട് ഞാൻ ഇതിന് മുമ്പ് ഒരു കുറിപ്പിട്ടത്. അത് ഒരു നെഗറ്റീവ് Impact ആണ് എന്റെ മനസ്സിൽ ഉണ്ടാക്കിയതെങ്കിൽ മനസ്സിന് ഊർജ്ജം നൽകുകയും ഉത്തേജിപ്പിക്കുകയും ചെയ്ത സംഭവവും തച്ചങ്ങാട് Gup സ്കൂൾ ജീവിതo എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അത്തരം ഒരു സംഭവമാണ് എനിക്ക് ഇത്തവണ പറയാൻ ഉള്ളത്. എന്റെ വിദ്യാലയ ജീവിതത്തിൽ ഉടനീളം ഞാൻ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. എന്നെ സ്കൂളിലേക്ക് നയിചത് തന്നെ കളിയും വിട്ടിൽ നിന്നുള്ള നിർബന്ധവുമായിരുന്നു. ഏഴാം ക്ലാസ്സ് തോറ്റു കിട്ടിയാൽ പഠിപ്പു നിർത്താഠ എന്ന പ്രതീക്ഷ എന്നിലുളവാക്കിയത് 'തോൽക്കുന്നത് വരെ പഠിക്കട്ടെ' എന്ന അച്ഛന്റെ വാക്കുകളായിരുന്നു. ഏഴാം ക്ലാസ്സിൽ തോൽക്കും അതിന് ശേഷം നിർത്താമെന്ന എന്റെ കണക്ക് കൂട്ടൽ തെറ്റിച്ചത് പി.വി.കെ. മാഷുടെ അപ്രതിക്ഷിതമായ ഇടപെടലായിരുന്നു. അത് വരെ പി.വി.കെ. മാഷ് എന്റെ ശത്രുക്കളുടെ പട്ടികയിലായിരുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. അഞ്ചാം ക്ലാസ്സിൽ ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം കടന്നുവന്നു. അദ്ധ്യാപകരില്ലാതെ പിള്ളേർ ബഹളം വെക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത കടന്നുവരവ്. എല്ലാവരും നിശബ്ദരായി. അടുത്ത നീക്കം എന്തായിരിക്കും എന്നറിയാതെ എല്ലാവരും ആകാംക്ഷയിലായി. മാഷിന്റെ കൈയ്യിൽ ഒരു വടിയുമുണ്ടായിരുന്നു. മാഷ് മേശക്ക് ചാരി നിന്ന് ഓരോരുത്തരെയായി നിരീക്ഷിക്കുകയായിരുന്നു. എന്നെ കാണാതിരിക്കുന്നതിനായി ഞാൻ നിലത്ത് ദൃഷ്ടിയുറപ്പിച്ച് ശ്വാസം പിടിച്ചിരുന്നു. അങ്ങനെ ഇരുന്നാൽ കാണില്ല എന്നായിരുന്നു അന്നത്തെ വിശ്വാസം. ആരൊക്കെയാണ് കുളിക്കാതെ സ്ക്കൂളിൽ വന്നതെന്നും അങ്ങനെയുള്ളവർ എഴുന്നേറ്റ നിൽക്കണണമെന്നും മാഷ് ആവശ്യപ്പെട്ടു. അതു കേട്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണതു്. കാരണം ഞാൻ എല്ലാ ദിവസവും കൂളിച്ചിട്ടാണ് സ്കൂളിൽ വരാറ്. അത് എന്റെ മിടുക്കല്ല. അമ്മ കുളിക്കാതെ സ്ക്കൂളിൽ പോകാൻ സമ്മതിക്കില്ലായിരുന്നു. കുളിക്കാത്തവർ ആരും എഴുന്നേറ്റ് നിന്നില്ല. പിന്നീട് അദ്ദേഹം വടിയെടുത്ത് കുട്ടികളുടെ നേരെ നീട്ടിപ്പിടിച്ച് ആരുടെ നേരെയാണോ വടി ചെന്ന് നിൽക്കുന്നത് അവർ കുളിച്ചിട്ടില്ലെന്നും എഴുന്നേറ്റ് നിൽക്കണമെന്നും ആജ്ഞാപിച്ചു. എല്ലാ ദിവസവും കുളിച്ചിട്ട് വരുന്ന ഞാൻ കുളിക്കാതെ വന്ന ആളുകളെ തേടിയുള്ള വടിയുടെ നീക്കം സാകൂതം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. വടി ആരുടെ നേരെ വന്നു നിൽക്കുന്നുവോ അവരൊക്കെ എഴുന്നേറ്റ് നിന്നുകൊണ്ടിരുന്നു. ഞാൻ ഇതൊക്കെ രസകരമായി നിരീക്ഷിച്ചു കൊണ്ടിരിക്കെ വടി നീങ്ങി നീങ്ങി എന്റെ നേരെ വന്നു നിന്നു. എന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി. മടിച്ച് മടിച്ച് ഞാൻ എഴുന്നേറ്റ് നിന്നു. 'ഞാൻ കുളിച്ചിട്ട് വന്നതാണ് സാർ 'എന്ന് ശബ്ദം താഴ്ത്തി ദയനീയ സ്വരത്തിൽ പറഞ്ഞെങ്കിലും 'എന്റെ ഈ വടി കളവ് പറയില്ല' എന്ന് പറഞ്ഞ് അദ്ദേഹം എന്റെ അപേക്ഷയുടെ മുന ഒടിച്ചു. സങ്കടമാണോ ദേഷ്യമാണോ ആ സമയം എന്റെ മനസ്സിൽ തോന്നിയത് എന്ന് കൃത്യമായി പറയാൻ കഴിയില്ല. അങ്ങനെ നിസ്സഹായനായി അന്ന് ആ പിരിയഡ് മുഴുവൻ മറ്റ് കുളിക്കാത്ത കുട്ടികളാടൊപ്പം ഞാനും നിന്ന് കഴിച്ചു കൂട്ടി. അന്ന് എനിക്ക് മറെറാരു സത്യം കൂടി മനസ്സിലായി. പി.വി. കെ. മാസ്റ്ററുടെ വടിയും കളവ് പറയുമെന്നുള്ള സത്യം. അന്നുമുതൽ പി.വി.കെ. മാഷ് എന്റെ ശത്രു പക്ഷത്തായിരുന്നു. പിന്നെ VI ആം ക്ലാസ്സിലാണ് അദ്ദേഹം മ മലയാളം പഠിപ്പിക്കാൻ വരുന്നത്. ആറാം ക്ലാസ്സിലെ വാർഷിക പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. തെക്കുഭാഗത്തുള്ള ഹാളിലായിരുന്നു പരീക്ഷ. രണ്ട് മലയാളം പേപ്പർ കഴിഞ്ഞിരുന്നു. ഉച്ചക്ക് ശേഷമുളള ഏതോ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ അദ്ദേഹം ഹാളിൽ വന്നു. മലയാളം പരീക്ഷയുടെ റിസൽട്ട് പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞു. സാധാരണ പോലെ ഒന്നും രണ്ടും സ്ഥാനത്ത് മോഹനനും സഞ്ജയനും ആയിരുന്നു. മുന്നാമത്തെ പേര് പ്രഖ്യാപിച്ചപ്പോഴായിരുന്നു യഥാത്ഥ അത്ഭുതം നടന്നത്. അത് എന്റെ പേരായിരുന്നു. പി.വി.കെ. മാഷെ പേടിച്ച് പുസ്തകം വായിച്ചിരുന്നു എന്നല്ലാതെ ഇങ്ങനെ ഒരു അത്ഭുതം പ്രതിക്ഷിച്ചിരുന്നില്ല.ആ സംഭവം എന്റെ ജീവിതം മാറ്റി മറിച്ചു എന്ന് പറയുന്നതാകും ശരി. എന്റെ ആത്മവിശ്വാസത്തെ പോലെ തന്നെ പുസ്തകം വായിക്കാനുളള താൽപര്യം കൂടി അത് വർദ്ധിപ്പിച്ചു. ആ സംഭവത്തിന് ശേഷം പി.വി.കെ. മാഷിന് എന്നോടുളള സമീപനം തന്നെ മാറി. ഗുരു-ശിഷ്യ ബന്ധത്തിലുപരിയായി ഞങ്ങൾ അടുത്ത സുഹൃത്തുക്കളെപ്പോലെയായി. തുടർന്നുള്ള ജീവിത യാത്രയിൽ ആ അനുഭവം കുറച്ചൊന്നുമല്ല എന്നെ സ്വാധീനിച്ചത്. ഒരു വിദ്യാർത്ഥിയുടെ ആത്മവിശ്വാസം പടുത്തുയർത്തുന്നതിലും തകർത്തു കളയുന്നതിലും അദ്ധ്യാപകരുടെ പങ്ക് ചെറുതല്ല എന്ന് പറഞ്ഞു വെക്കാനാണ് ഈ രണ്ട് വ്യത്യസ്ഥ സംഭവങ്ങൾ അടങ്ങിയ കുറിപ്പുകൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.