ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/സസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
00:05, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സസ്നേഹം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സസ്നേഹം

ഉച്ചമയക്കത്തിലായ പ്രകൃതി. ഓർമയിൽ ഒരു തൊട്ടുകളിയുടെ നിഴലാട്ടം . മരമുകളിലും താഴെയും തൊട്ടു തൊട്ടില്ലന്ന മട്ടിൽ ആഹ്ലാദാരവം . കിളികൾ താഴ്‌ന്നും പൊങ്ങിയും പറന്നു കൊണ്ടേയിരുന്നു.  യാതൊരു സങ്കോചവും കൂടാതെ കുഞ്ഞിക്കുരുവി ചെമ്പരത്തിപ്പൂവിന്റെ തേൻ നുകരുന്നു. അൽപ്പവും വിശ്രമമില്ലാതെ മാവിൻ കൊമ്പിലൂടെ വരി വയ്ക്കുന്ന നീറുകൾ . വെയിൽ മയക്കത്തിൽ തല  താഴ്ത്തുന്ന പൂവുകൾ , കാഴ്ചകൾ ഒപ്പിയെടുക്കുകയാണ് ഞാൻ . കാരണം ജനാലയ്ക്കരുകിൽ നിന്ന് പുറത്തേയ്ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ക്വാറന്റൈൻ കാലം . കേരളത്തിൽ കോവിഡ് മരണം രണ്ടാമത് സംഭവിച്ചത് ഞങ്ങളുടെ ഗ്രാമത്തിലാണ്  ഹോട്ട്സ്പോട്ട് പ്രഖ്യാപിച്ചിരിക്കന്നതിനാൽ ആരും പുറത്തിറങ്ങാറില്ല എല്ലാവരും വീട്ടിലുണ്ട് എന്നിട്ടും ഒറ്റപ്പെട്ടു പോകുന്നു  ഒറ്റപ്പെടൽ ചിന്തകളെ തട്ടിയുണർത്തുന്നു  എന്റെ അമ്മായി _ അച്ഛൻ പെങ്ങൾ- എപ്പോഴും ഉപദേശം തന്നെ . അത് കേൾക്കുമ്പോൾ ഈ തള്ളയ്ക്ക്  ഭ്രാന്തുണ്ടോയെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് . എന്നാൽ ആ ഉപദേശത്തിന്റെ പൊരുൾ ഞാനിന്ന് നന്നായി അറിയുന്നു . ഞങ്ങളുടെ കുഞ്ഞു വീടിന്റെ മുൻപിൽ അൽപ്പം മാറി എപ്പോഴും വെള്ളം നിറഞ്ഞിരിക്കുന്ന ഒരു വാൽക്കിണ്ടിയും ഇടം പിടിച്ചിട്ടുണ്ട് . കിണ്ടിയ്ക്ക് ഇരിപ്പു കുറവാണ് . എപ്പോഴും ആരുടെയെങ്കിലും കൈയിലായിരിക്കും . കൈകാൽ നന്നായി കഴുകി വായ്കുലുക്കി കഴുകി മുഖം കഴുകി അയയിലെ തോർത്തിൽ മുഖം തുടച്ച് അകത്ത് പ്രവേശനം . ഇത് പഠിച്ചതല്ല കണ്ടു ശീലിച്ചതാണ് മരണവീട്ടിൽ നിന്ന് മടങ്ങിയാൽ കുളിച്ചിട്ടാണ് വീട്ടിൽ പ്രവേശിക്കാറ് . മാറാനുള്ള വസ്ത്രം കുളിമുറിയിൽ വച്ചിട്ടാണ് യാത്ര പോകാറ് . മരണ വീട്ടിൽ പോയി വന്നാൽ കുളിച്ചില്ലേൽ ദൈവകോപം ഉറപ്പാണ് അമ്മായി ഭാഷയിൽ . ഇന്നു ഞാൻ അറിയുന്നു അണുവ്യാപനം തടയലായിരുന്നു അതെന്ന് . കൈ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം, തൂവാല കൊണ്ട് മുഖം പൊത്തണം, ശാരീരിക അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ മാധ്യമം വഴി അറിയുമ്പോൾ, അനുസരിക്കുമ്പോൾ മൺമറഞ്ഞ അമ്മായിയുടെ ഉപദേശത്തിന്റെ സ്നേഹസ്പർശം ഇളം കാറ്റുപോലെ അനുഭവപ്പെടുന്നു . അമ്മായിയുടെ തേൻ മൊഴികളാണോ ചെമ്പരത്തിയിലിരുന്ന് കുഞ്ഞിക്കരുവി നുകരുന്നത് കരിയിലകൾ വട്ടം ചുറ്റുമ്പോൾ രൂപപ്പെടുന്നത് അമ്മായി തന്നെയാണോ? എങ്കിൽ സസ്നേഹത്തോടെ കുസൃതിക്കുടുക്ക.

ആകാശ് എസ് ബിനു
8 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ