ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി -*നല്ല നാളെക്കായി കൈ കോർക്കാം*......

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി -*നല്ല നാളെക്കായി ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി -*നല്ല നാളെക്കായി  കൈ കോർക്കാം*......

പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്.  എല്ലാ മനുഷ്യർക്കും ശുദ്ധവായുവും,  ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ പ്രമേയം. എല്ലാ വർഷവും ജൂൺ  5 നാണ് ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. ഇന്നത്തെ  നിലയിൽ മുന്നോട്ട് പോയാൽ 2050 ഓടെ ഭൂമിയിലെ ജനസംഖ്യയിൽ   അതിവർധനവുണ്ടാകും. ഉല്പാദനത്തിന്റെയും, ഉപഭോഗത്തിന്റെയും രീതി ഇങ്ങനെ തുടരുകയാണെങ്കിൽ, അപ്പോഴേക്കും നമുക്ക് നിലനിൽക്കാൻ 3 ഭൂമി കൂടി വേണ്ടി വരും. നഗരങ്ങളെല്ലാം മലിനീകരണത്തിൻറെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.(H1N1, നിപ, covid 19) ജലമലിനീകരണം, ഖരമാലിന്യത്തിൻറെ നിർമ്മാർജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ  വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിൻറെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിൽ വനപ്രദേശത്തിൻറെ വിസ്തൃതി കുറഞ്ഞ് വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ പ്രശ്നം  തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെള്ളത്തിൻറെയും വായുവിൻറെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു. ദിനംപ്രതി  ഏക്കറോളം വനം നാം നശിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങൾക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിൻറെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നരിക്കെ, കുടിവെള്ളത്തിന്റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും, ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാവുകയും ചെയുന്നു.               സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനംഅനിവാര്യമാണ് ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതിസംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. ദിവസേന അന്തരീക്ഷത്തിൽ എത്തി ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മിഥേൻ, ക്ളോറോ ഫ്ലൂറോ കാർബാനുകൾ,  നൈട്രസ് ഓക്സൈഡ്, എന്നീ വാതകങ്ങളുടെ അളവ് കൂടി കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുകയും തന്മൂലം ആഗോള താപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും, കാടുകളും സംരക്ഷിക്കുക, വന പ്രദേശങ്ങൾ വിസ്തൃത മാക്കാൻ ശ്രമിക്കുക, അതു വഴി ആഗോള പാരിസ്ഥിതിക സന്തുലനവും, കാലാവസ്സ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണ ത്തിന്റെ ലക്ഷ്യം. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും,വനനശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖപരവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

മുഹമ്മദ്‌ നിഹാൽ.എസ്
4 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം