ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 24 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) (' == നെൽകൃഷി സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നെൽകൃഷി സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടീലുൽസവം.

നാടിനു നഷ്ടപ്പെട്ട നെൽകൃഷിയുടെ സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടീലുൽസവം സംഘടിപ്പിച്ചു. ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന 60 സെന്റ് നിലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. സ്കൂളിലെ സ്ഥലപരിമിതി വകവയ്ക്കാതെ നെൽകൃഷിക്കു പുറമേ കഴിഞ്ഞ മൂന്ന് വർഷമായി തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും കുട്ടികൾ ഏറ്റെടുത്ത് നടത്തി വിജയം നേടിയിട്ടുണ്ട്. മുദാക്കൽ കൃഷി ഭവന്റെ സഹകരണത്തോടെ നടത്തുന്ന നെൽകൃഷിയിലും രണ്ടാം വട്ടവും നൂറുമേനി വിളവ് പ്രതീക്ഷിക്കുകയാണ് കുട്ടികൾ . നെൽകൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ട് ഇടപെട്ട് കൃഷി രീതികൾ പഠിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് നിർദേശങ്ങളും ഉപദേശങ്ങളുമായി കൃഷി ഓഫീസറെ കൂടാതെ മുതിർന്ന കർഷകനായ രഘുനാഥനും കുട്ടികൾക്കൊപ്പമുണ്ട്. തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയിച്ചതിന് കൃഷി വകുപ്പിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കട്ടയിൽ കോണത്ത് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഞാറുനട്ടുകൊണ്ട് നടീലുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.വിജയകുമാരി, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, കൃഷി അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, അഗ്രോ സർവീസ് സെൻറർ കൺവീനർജി.സുന്ദരേശൻ നായർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വർഷം കുട്ടികളുടെ നേതൃത്വത്തിൽ തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയം കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കട്ടയിൽകോണം മേഖലയിലെ കൂടുതൽ കർഷകർ നെൽകൃഷി ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്.