ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.64 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കല്ലൂപ്പാറ പഞ്ചായത്ത്, പടിഞ്ഞാറ് കവിയൂർ, കുറ്റൂർ പഞ്ചായത്തുകൾ, കിഴക്ക് കോയിപ്രം പഞ്ചായത്ത്, തെക്ക് ചെങ്ങന്നൂർ നഗരസഭ എന്നിവയാണ്. പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 17 ആണ്. ഇരവിപേരൂർ പഞ്ചായത്ത് പണ്ട് ഇരവിപുരം ആയിരുന്നതായി പറയപ്പെടുന്നു. എ.ഡി.10-ാം നൂറ്റാണ്ടിനുമുമ്പ് പാഴൂർ രാജവംശം എന്ന രാജകുടുംബവും പത്തോളം ബ്രാഹ്മണ ഇല്ലങ്ങളും ഇവിടെ പ്രസിദ്ധിയാർജ്ജിച്ചിരുന്നതായാണ് ഐതിഹ്യം. പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ കാലത്താണ് ഈ സ്ഥലത്തിന് ഇരവിപുരം എന്ന പേരുണ്ടായത്. വളരെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമാണ്. സാമാന്യമായി പറഞ്ഞാൽ പമ്പാ നദിയുടേയും മണിമലയാറിന്റേയും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കുന്നും താഴ്വരയായ പാടശേഖരങ്ങളും ഉൾപ്പെട്ടതാണ് ഈ ഗ്രാമം. തിരു പുവപ്പുഴ ക്ഷേത്രത്തിലെ ദാരു ശില്പങ്ങൾ പഴമ കൊണ്ടും വൈദഗ്ദ്ധ്യം കൊണ്ടും ശ്രദ്ധേയങ്ങളാണ്. പഴയ കണക്കനുസരിച്ച് താന്ത്രിക വിഭജന രീതിപ്രകാരം വള്ളംകുളം ചെങ്ങന്നൂർ ഗ്രാമത്തിലും ഇരവിപേരൂർ തിരുവല്ല ഗ്രാമത്തിലുമാണ് ഉൾപ്പെട്ടിരുന്നത്. ഇരവിപേരൂർ കരക്കാരുടെ വകയായി പള്ളിയോടം ഉണ്ടായിരുന്നു. രാമയ്യർ ദളവയുടെ കാലത്ത് കണ്ടെഴുത്തു നടത്തിയ ഈ പ്രദേശം പണ്ടാരവക ഗവൺമെന്റ് സ്ഥലങ്ങളും ജന്മി സ്ഥലങ്ങളും ആയിരുന്നു. ജന്മിക്കരം പിരിക്കുന്ന ഏർപ്പാട് ഇവിടെ നിലനിന്നിരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂർ മാമ്പറ്റ ഇല്ലവും മറ്റ് ഒൻപത് വിഭാഗങ്ങളും തെക്കൻ മലബാറിൽ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയിൽ ഉണ്ടായിരുന്നു.ഏ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ പാഴൂർ രാജവംശം മൂവാറ്റുപുഴ താലൂക്കിൽ കുടിയേറി പാർത്തതായി പറയപ്പെടുന്നു. ചിങ്ങമാസത്തിലെ പൂരാടം നാളിൽ പൂരാടധർമ്മം (പൂരാടം കൊടുക്കൽ) ഈ പ്രദേശത്ത് ഇന്നും ആചരിച്ചുവരുന്നു. പാഴൂർ മനയുടെ വടക്കു വശം കോയിക്കൽ തമ്പുരാന്റെ വക വസ്തുക്കൾ ആയിരുന്നു. കോയിക്കൽ തമ്പുരാന്റെ ആരാധന മൂർത്തിയായ പരമ ശിവന്റെ നാമത്തിൽ പണി കഴിപ്പിച്ച ക്ഷേത്രം ആണ് മേത്യക്കോവിൽ ക്ഷേത്രം. ആറ്റുതീരത്ത് താമസിച്ചിരുന്ന സ്ത്രീകൾ വിറക് ശേഖരിക്കാനായി ആറ്റിൽ നിന്നു തടി പിടിച്ചു കയറ്റിയപ്പോൾ തടിയിൽ ഒരു ബാലസുബ്രഹ്മണ്യന്റെ രൂപം കണ്ടു എന്നും ആ സ്ഥലത്ത് സുബ്രഹ്മണ്യന്റെ ക്ഷേത്രം പണിതു എന്നും അങ്ങനെ പൂവപ്പുഴ ക്ഷേത്രം ഉണ്ടായി എന്നുമാണ് ഐതിഹ്യം. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂർ മാമ്പറ്റ ഇല്ലവും മറ്റ് ഒൻപത് വിഭാഗങ്ങളും തെക്കൻ മലബാറിൽ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയിൽ ഉണ്ടായിരുന്നു.മാമ്പറ്റ ഇല്ലത്തോടൊപ്പം ഇടശ്ശേരി നായന്മാർ, വെളുത്തേടത്ത് നായർ, ഗണക, ക്ഷുരക സമുദായങ്ങൾ കണക്കെഴുത്തുപിള്ള തുടങ്ങിയവരും വന്നിരുന്നുവത്രെ. വടക്കുനിന്നുവന്നവർ വിശ്രമത്തിനായി നോക്കുമ്പോൾ തറ കണ്ടുവെന്നും ഓം തറ എന്നു പറഞ്ഞുവെന്നും അങ്ങനെ ഓതറ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പുതുക്കുളങ്ങര ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്. 10001 പാളിയിൽ എഴുതിത്തീർക്കുന്ന അതിമനോഹരമായ ഭൈരവി കോലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഉള്ള ആളുകളെ ഉത്സവ ദിവസങ്ങളിൽ ഇവിടേക്ക് ആകർഷിക്കുന്നു. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗം തിരുവാമനപുരം എന്ന സ്ഥലമാണ്. ഇവിടെ അതിപ്രശസ്തമായ ഒരു വൈഷ്ണവക്ഷേത്രം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ശ്രീ വാമനപുരം ആണ് തിരുവാമനപുരം ആയത് എന്നാണ് ഐതിഹ്യം. ചെങ്ങന്നൂർ ക്ഷേത്രത്തിലെ 281/2 ദേവന്മാരിൽ അരദേവൻ ശ്രീവാമനനാണെന്നും, വാമനന്റെ പുരം എന്ന നിലയ്ക്ക് തിരുവാമനപുരം എന്ന് പേരുണ്ടായി എന്നും പറയപ്പെടുന്നു. അന്യാദൃശ്യമായ വട്ടശ്രീകോവിൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്രാവശിഷ്ടങ്ങളായ വൻ ഒറ്റക്കല്ലുകൾ ഇപ്പോഴും ഇവിടെ കാണപ്പെടുന്നു. തിരുവാമനപുരം പാലത്തിന്റെ പടിഞ്ഞാറുവശം തുരുത്തിയാണ്. തുരുത്ത് ആയിരുന്നതുകൊണ്ട് തുരുത്തി എന്നുപേരുണ്ടായി. ഇരവിപേരൂർ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറായിട്ടാണ് വള്ളംകുളം ഗ്രാമം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് വെള്ളംകുളം എന്നും പിന്നീട് അത് വള്ളംകുളം എന്നായി എന്നും വിശ്വസിക്കപ്പെടുന്നു. തിരുവാറന്മുള ഭഗവാന്റെ പ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടം ഈ കരയ്ക്ക് ഉണ്ടായിരുന്നു. ദേശവാസികൾക്ക് ഐശ്വര്യവും അനുഗ്രഹവും സമാധാനവും നൽകിക്കൊണ്ട് നന്നൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് പുത്തൻകാവുമല മഹാദേവക്ഷേത്രം. ക്ഷേത്രം നില്ക്കുന്ന സ്ഥലം എന്ന നിലയ്ക്ക് പുത്തൻകാവുമല എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്നു പറയപ്പെടുന്നു. 1893 നവംബർ 2-ാം തീയതി ആരംഭിച്ച ഏറ്റവും പുരാതനമായ ക്രൈസ്തവദേവാലയമാണ് ഇരവിപേരൂർ സെന്റ്മേരീസ് ക്നാനായ പള്ളി. സ്വന്തമായ സാമൂഹ്യാചാരങ്ങളും സാമൂഹ്യ വ്യക്തിത്വവും പുലർത്തുന്ന ഒരു ജനവിഭാഗമാണ് ക്നാനായക്കാർ. ഓതറയിലുള്ള ക്നാനായ സഭയുടെ നസ്രേത്ത് ആശ്രമം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സാധുക്കളായ കുട്ടികളെ എടുത്തു വളർത്തുക, ഫാമിലി കൌൺസിലിംഗ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ ക്നാനായ സഭയുടെ നാല് പള്ളികൾ ഈ പഞ്ചായത്തിലുണ്ട്. ഇരവി എന്നു പേരായ ഊരിൽ പരിലസിക്കുന്ന ദേവാലയമാണ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി. ഈ ദേവാലയം മാർത്തോമ്മാ സഭയുടെ ചരിത്രത്തിൽ ഉന്നതമായ സ്ഥാനം അർഹിക്കുന്നു. 100 വർഷത്തിലേറെ പിന്നിട്ട ഓതറ എബനേസർ മാർത്തോമ ദേവാലയവും മാർത്തോമ്മാ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ്. ഇവ കൂടാതെ മാർത്തോമാ സഭയുടെ 4 ദേവാലയങ്ങൾ കൂടി ഈ പഞ്ചായത്തിലുണ്ട്. ഓർത്തഡോക്സ് സഭയുടെ അഞ്ചുപള്ളികളും ഒരു സന്യാസിനി മഠവും ഇവിടെ ഉണ്ട്. സി എസ് ഐ സഭയുടെ മൂന്നു ദേവാലയങ്ങൾ മലങ്കര റീത്തിന്റെ 2 പള്ളികൾ, പെന്തക്കോസ്തു സഭയുടെയും, രക്ഷാസൈന്യത്തിന്റെയും വിശ്വാസ മന്ദിരങ്ങൾ, എസ്.എൻ.ഡി.പി യുടെ രണ്ടു ഗുരുമന്ദിരങ്ങൾ, ഓതറ ശുഭാനന്ദാശ്രമം തുടങ്ങിയ അസംഖ്യം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനില്ക്കുന്നു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി.ആർ.ഡി.എസ്) ആസ്ഥാനം ഇരവിപേരൂരിലാണ്.. കേന്ദ്രസർക്കാരിന്റെ താമ്രപത്രം നേടിയ ഇരവിപേരൂർ കാട്ടോലിൽ റ്റി വി രാഘവൻപിള്ള, ചിറത്തലയ്ക്കൽ സി പി വറുഗീസ് എന്നിവരും മഠത്തിങ്കൽ എം റ്റി ജോസഫ്, ഇടയ്ക്കാമണ്ണിൽ പറമ്പിൽ ഇ കെ കുരുവിള, വട്ടംപറമ്പിൽ പി വി ചെറിയാൻ, വടക്കും മുറിയിൽ വി സി ഏബ്രഹാം, ആന്റണി ജെ കടവിൽ, കെ സി ഉമ്മൻ കാറ്റാനശ്ശേരിൽ തുടങ്ങിയവരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ്. പനോടിൽ അന്നമ്മ, പടിപ്പുരയ്ക്കൽ പെണ്ണമ്മ, മുടപ്പിലാങ്ങൽ സരോജിനിയമ്മ തുടങ്ങിയ വനിതകളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഉയർന്ന സാക്ഷരതയും, സാമുദായിക ഐക്യവും പഞ്ചായത്തിന്റെ വളർച്ചയുടെ മകുടോദാഹരണങ്ങളായി ശോഭിയ്ക്കുന്നു. നന്നൂർ എസ് എസ് എൽ ലൈബ്രറി, വള്ളംകുളം സി എൻ പി പിള്ള മെമ്മോറിയൽ വൈ എം എ, ഇരവിപേരൂർ വൈ എം സി എ, ഓതറ വൈ എം സി എ, വൈസ് മെൻസ് ക്ളബ്, കെ പി എം എസ് ലൈബ്രറി, വിവിധ കലാ-കായിക സംഘടനകൾ, ഓതറ അനശ്വര വായനശാല തുടങ്ങിയവ ഈ രംഗത്ത് പ്രശംസനീയമായ സംഭാവന നൽകിവരുന്നു.