ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


ആമുഖം

സ്കൂൾ നിൽക്കുന്ന പ്രദേശത്തെ ചരിത്രം, കല, സംസ്കാരം, സാഹിത്യം എന്നിവ ഒരു നാടിന്റെ സംസ്കാരിക മുഖമുദ്രകളാണെന്നിരിക്കെ, സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക 'ഭാഷാപ്രോജക്ട്' പ്രവർത്തനമാണ് "നാടോടി വിജ്ഞാന കോശ" നിർമ്മാണം.

കരിങ്കുന്നം ജോസഫ്

സോദോം ഗോമോറ

1935 ഡിസംബർ 6-ാം തീയതി രാമപുരത്ത് ജനിച്ചു. തേവര എസ്.എച്ച്. കോളേജിൽനിന്നും മലയാളം ഐശ്ചികമായെടുത്ത് ബി.എ. ബിരുദവും ഫാറുക്ക് ട്രെയിനിംഗ് കോളജിൽനിന്നും ബി.എഡ്. ബിരുദവും സമ്പാദിച്ചു. ദീർഘകാലം തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായിരുന്ന ശേഷം മറ്റത്തിപ്പാറ സ്കൂളിൽനിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. കരിങ്കുന്നം സഹൃദയ കലാ സാംസ്കാരിക വേദി പ്രസിഡന്റ്, മണക്കാട് വായനാ സഖ്യം മോഡ റേറ്റർ, തൊടുപുഴ സാഹിത്യവേദി അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്നു.

കരിങ്കുന്നം ജോസഫിന്റെ രണ്ടാമത്തെ കൃതിയാണ് സോദോം ഗോമോറ. കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള പതിനഞ്ച് കഥകളുടെ സമാഹാരമാണ് സോദോം ഗോമോറ.

കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളി

തിരുനാളാഘോഷം

കോട്ടയം അതിരൂപതയിൽ വി.ആഗസ്തിനോസ്സിന്റെ നാമധേയത്തിലുള്ള ഏകദേവാലയമാണ് കരിങ്കുന്നം സെന്റ് ആഗസ്റ്റിൻസ് പള്ളി. കൃഷിയിടങ്ങൾ തേടി വർഷങ്ങൾക്കു മുമ്പ് പൈങ്ങളം, വാകത്താനം, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കരിങ്കുന്നത്ത് കുടിയേറി പാർത്ത ക്നാനായക്കാർ ആദ്യകാലത്ത് തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് രാമപുരം പള്ളിയിലാണ് പോയിരുന്നത്. കരിങ്കുന്നത്ത് ഒരു ദേവാലയം പണിയാൻ മുൻകൈയെടുത്തതും 1873-ൽ പണി പൂർത്തിയാക്കിയ ആദ്യ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ നടത്തിയിരുന്നതും രാമപുരത്തു നിന്നുള്ള വൈദികർ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് രാമപുരം പള്ളിയുടെ മദ്ധ്യസ്ഥനായ വി. ആഗസ്തിനോസ്സിന്റെ നാമധേയത്തിൽത്തന്നെ കരിങ്കുന്നത്തും ദേവാലയം നിർമ്മിക്കപ്പെട്ടത്. പിന്നീടാണ് ചുങ്കം പള്ളിയുമായി ബന്ധപ്പെടുകയും ചുങ്കം ഫെറോനായുടെ കീഴിലുള്ള ഇടവകയായി തീരുകയും ചെയ്തത്.
മലയോര ജില്ലയായ ഇടുക്കിയിലെ തൊടുപുഴ താലൂക്കിൽ കോട്ടയം ജില്ലയിൽ അതിരിട്ടുനിൽക്കുന്ന നെല്ലാപ്പാറ കുന്നുകൾക്കും ഇല്ലിയാരി കുന്നുകൾക്കും മദ്ധ്യത്തിൽ തൊടുപുഴ-പാലാ റോഡിന്റെ ഇരുവശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്കുന്നം ഇടവകയിൽ ഇപ്പോൾ 24 കൂടാരയോഗ ങ്ങളിലായി 675 കുടുംബങ്ങളും 3500 ഇടവകാംഗങ്ങളും ഉണ്ട്. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാനത്ത ശനിയാഴ്ചയും ഞായറാഴ്ചയുമായി വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷപൂർവ്വം നടത്തി വരുന്നു. പുതുഞായറാഴ്ചയ്ക്കു ശേഷമുള്ള ഞായറാഴ്ച വിശുദ്ധ ഗീവർഗീസ്സിന്റെ തിരുനാളും ആഘോഷിച്ചു വരുന്നു. ആഗസ്റ്റ് 27,28 തീയതികളിൽ ഇടവക മദ്ധ്യസ്ഥന്റെ തിരുനാൾ 12 മണിക്കൂർ ആരാധനയോടു കൂടിയാണ് ആചരിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച നെല്ലാപ്പാറ കുരിശുപള്ളിയിൽ വി. പത്താം പീയുസ്സിന്റെ തിരുനാളും ആഘോഷിക്കുന്നുണ്ട്.

ക്നാനായർ

കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായർ. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ ക്നായി എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നു ഇവരുടെ ഐതിഹ്യം പറയുന്നു. ഭാഷ പണ്ഡിതർ ക്നായി എന്ന വാക്കിന്റെ അർഥം തെറ്റായ അനുമാനം ആണെന്നും ക്സായിൽ എന്ന് പറഞ്ഞാൽ വ്യാപാരി എന്ന അർഥം ആണ് നില നിന്നത് എന്നും വാദിക്കുന്നു. ഹിപ്പോളിറ്റസിന്റെ എഴുതുകളിൽ അരാമ്യക്കാരനായ ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72 ക്രിസ്തീയ കുടുംബങ്ങൾ എടെസ്സയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന് രേഖപെടുത്തിയിട്ടുണ്ട്. പോർച്ചുഗീസ് ചരിത്രകാരൻ ദിയഗോ ദോ ക്യൂഓട്ടോ ഇത് AD 811ൽ സംഭവിച്ചു എന്ന് തിട്ടപ്പെടുത്തുന്നു. ഇവർ വംശീയ ശുചിത്വത്തിന്റെ പേരിൽ വിവാഹം തങ്ങളുടെ സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്താറുള്ളു.
വിശേഷാവസരങ്ങളിൽ പ്രത്യേകിച്ച് വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങൾ ക്നാനായക്കാരുടെ ഇടയിൽ നിലവിലുണ്ട്. ഇവരെ മറ്റു ക്രിസ്ത്യാനി സമുദായങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതും ഇവ ആണ്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീൽ, ചന്തം ചാർത്തൽ, നെല്ലും നീരും കൊടുക്കൽ, വാഴൂപിടിത്തം, പാലും പഴവും കൊടുക്കൽ, കച്ച തഴുകൽ, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകൾ ഒട്ടേറെയുണ്ട്.

പ്രാദേശിക ആചാരങ്ങളെ തിരിച്ചറിയുന്നതിന് ചിത്രങ്ങളിൽ തൊടുക.

കുറിഞ്ഞിക്കാവ് മുനിയറകൾ

കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു (മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു. കേരളം പരശുരാമൻ ബ്രാഹ്മണന്മാർക്ക് ദാനമായി നൽകി. കേരളത്തിൽ 64 ഗ്രാമങ്ങൾ നിർമ്മിച്ചു. ഇവയിൽ 32 എണ്ണം പെരുംപുഴക്കും ഗോകർണ്ണത്തിനും ഇടയിലായിരുന്നു. ഇവിടത്തെ സംസാരഭാഷ തുളു ആയിരുന്നു. ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയിൽ മലയാളം സംസാരിക്കുന്ന ഭാഗത്തായിരുന്നു.

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ്കൃതം ദൂരെ നീങ്ങുവാൻ
ദു:ഖം പോക്കേണമെൻ പോറ്റി ദുർഗ്ഗാദേവീ നമോസ്തുതേ

കുറിഞ്ഞിയിലെ വനദുർഗ്ഗാദേവിക്ഷേത്രമാണ് കുറിഞ്ഞിക്കാവ്. മൂന്ന് ഏക്കറോളം വിസ്താരമുള്ള ഈ കാവിൽ ചെടികളും വള്ളികളും മരങ്ങളും ഔഷധച്ചെടികളും പാമ്പും തേനീച്ചയും കടന്നലും അടങ്ങുന്ന അനേകം ജീവജാലങ്ങളും സ്വച്ഛന്ദം ഇവിടെ കഴിയുന്നു. വനദുർഗ്ഗയുടെ ഈ പ്രകൃതിയെ ആരും കടന്നാക്രമിക്കുന്നില്ല. കാവിലെ വനദുർഗ്ഗയ്ക്ക് തുറന്ന ശ്രീകോവിൽ പണിതിരിക്കുന്നു. ശ്രീകോവിലിനടുത്തായി ഒരു മുനിയറ ഉണ്ട്, ഇത്തരം പന്ത്രണ്ട് മുനിയറകൾ ഇവിടെയുണ്ടത്രെ. അയ്യായിരത്തോളം വർഷം പഴക്കം ഈ മുനിയറകൾക്കുണ്ടത്രെ.

കേരളത്തിൽ ചെങ്കൽപാറപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മഹാശിലാസ്മാരകമാണ് മുനിയറ എന്നും മുനിമടകൾ എന്നും അറിയപ്പെടുന്ന ചെങ്കൽ ഗുഹകൾ. ബുദ്ധസന്യാസിമാർ നിർവാണമടഞ്ഞ ഗുഹകളായിരിക്കണം ഇവയിൽ പലതുമെന്ന് അഭിപ്രായമുണ്ട്. ബി.സി. രണ്ടോ മൂന്നോ നൂറ്റാണ്ടുകളായിരിക്കണം ഇവയുടെ കാലമെന്ന് കരുതുന്നു. ദക്ഷിണേന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം പല ഗുഹകളും ബൗദ്ധ-ജൈന സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്.

ആദിമ വനവാസികളുടെ ശവക്കല്ലറകളാണ് ഇത്തരം മുനിയറകളെന്നും പ്രചാരമുണ്ട്.കാവിലെ ഏറ്റവും പ്രധാനപ്പെട്ട തുറന്ന മുനിയരയ്ക്ക് മുന്നിലാണ് തുറന്ന ശ്രീകോവിൽ. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗലയങ്ങളിൽ ഒന്നാണത്രെ കുറിഞ്ഞിക്കാവ്.കേരളത്തിലെ പതിവ് ക്ഷേത്രചാരങ്ങളിൽ നിന്നും വ്യത്യസ്തമായി വ്രതമെടുത്തു പുരുഷന്മാർ താലമേന്തുന്ന കൗതുകകരമായ കാഴ്ചയും ഈ കാവിന് സ്വന്തം.ശ്രീകോവിലിനെ പ്രദക്ഷിണം വച്ച് താലങ്ങളുമേന്തി മൈതാനത്തു സ്ഥാപിച്ചിട്ടുള്ള പിണ്ടിവിളക്കിന് മുന്നിലെത്തി താലം മറിച്ച് താലം തുള്ളൽ തുടങ്ങുന്നു.ഓരോ വശത്തേക്കും മാറി മാറി താലം കൈമാറി താലം തുള്ളുന്ന കാഴ്ച രസകരമാണ്.കാവിൽ മറ്റൊരിടത്തായി ഇതേ സമയം 'തലയാട്ടം കളി' നടക്കുന്നു. പുലയ സമുദായത്തിൽപ്പെട്ട സ്ത്രീകളാണ് ഈ കളിയിൽ ഏർപ്പെടുന്നത്.ഇതാകട്ടെ അടുത്തകാലത്ത് തുടങ്ങിയതും. താലം തുള്ളൽ കാവിലെ അനുഷ്ഠാന കലാരൂപമാണ്.

പ്രാദേശിക ആചാരങ്ങളെ തിരിച്ചറിയുന്നതിന് ചിത്രങ്ങളിൽ തൊടുക.

"താളും, തകരയും"(ഭാഷാ പ്രൊജക്റ്റ്‌ )

നാലാം തരത്തിലെ " താളും, തകരയും" എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി അന്വേഷണാത്മക ഭാഷാ പഠനത്തിന്റെ ഭാഗമായി നാലാം തരത്തിലെ കൂട്ടുകാർ ഏറ്റെടുത്ത് നടത്തിയ ഒരു ഭാഷാ പ്രൊജക്റ്റ്‌ പരിചയപ്പെടാം.

ആമുഖം

സർവജീവജാലങ്ങൾക്കും ഭക്ഷണം കൂടിയേ തീരു. ജീവൻ നിലനിർത്തുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിനു വലിയ സ്ഥാനമുണ്ട്. നാവിലൂറുന്ന രുചികളിലൂടെയാണ് നാം ഈ ലോകത്തെ ആദ്യം അറിയുന്നത്. എരിവും പുളിയും മധുരവും പല സാഹചര്യങ്ങളിലെ രുചിയനുഭവങ്ങളായി പിന്നീട് നമ്മളിലെത്തുന്നു. പ്രിയമേറിയതു തിരഞ്ഞെടുക്കാനുള്ള പരിശീലനം ഈ രുചികളിൽ നിന്നാണ് ആരംഭിക്കുന്നതെന്നു പറയാം. കാലം മാറിയപ്പോൾ രൂചികൾ മാറി, ഭക്ഷണശീലം മാറി. അറിഞ്ഞുണ്ടിരുന്ന പഴയ തലമുറയെ പുതുതലമുറ മറന്നു തുടങ്ങി. ആഹാരത്തിലെ വിഭവവൈവിധ്യത്തെയും രുചിപ്പെരുമയെയും കാർഷിക സംസ്കൃതിയെയും നാടൻ പാരമ്പര്യത്തെയും പരിചയപ്പെടുത്തുന്നതാണ് മലയാളിയുടെ ആഹാരശീലങ്ങളിൽ ഒഴിവാക്കാനാവാത്ത രൂപികളായ ചക്കയും മാങ്ങയുമാണ് കുഞ്ഞുണ്ണിയുടെ താളും തകരയും എന്ന ലേഖനത്തിലെ പ്രമേയം. ഈ രണ്ടു ഫലവർഗ്ഗങ്ങളും കേരളീയ ഭക്ഷണത്തിൽ എണ്ണിയാലൊടുങ്ങാത്ത രുചിഭാവത്തോടെ കടന്നുവരുന്നു. മലയാളിയുടെ പഴയകാല ആഹാരശീലങ്ങളിലേയ്ക്കും രീതികളിലേക്കും കൂടി ഈ പാഠഭാഗം വെളിച്ചം വീശുന്നുണ്ട്

പ്രാദേശിക ആചാരങ്ങളെ തിരിച്ചറിയുന്നതിന് ചിത്രങ്ങളിൽ തൊടുക.

കയിൽ - ഭക്ഷണം കോരാൻ ഉപയോഗിക്കുന്നു

മരിക - കയിലിനേക്കാൾ വലിയ കോരികളാണ് മരിക

അമ്മി - കറിക്കുള്ള കൂട്ടുകൾ അരയ്ക്കാൻ

കടക്കോൽ - തൈര് കടയാൻ

ആട്ടുകല്ല് - ധാന്യങ്ങൾ ആട്ടിയെടുക്കാൻ

അടപലക - അരി വാർക്കാൻ ഉപയോഗിക്കുന്നു

മുറം - ധാന്യങ്ങളും പയറുമൊക്കെ മാലിന്യങ്ങൾ കളഞ്ഞു വൃത്തിയാക്കാൻ

ഭരണി - അച്ചാർ, ഉപ്പിലിട്ടവ തുടങ്ങിയവ സൂക്ഷിക്കുന്നതിന്

ഉറി - ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിന്

ഉരൽ - ധാന്യം പൊടിക്കാൻ

പുതുച്ചിറക്കാവ് - അനുഷ്ഠാന കലകൾ

പുതുച്ചിറക്കാവ്

ദൈവാരാധനയുമായി ബന്ധപ്പെട്ട കർമ്മങ്ങൾ നിർവഹിക്കാനുള്ള വിധികൾ, ചടങ്ങുകൾ, അനുഷ്ഠാനമുറകൾ എന്നിവയുടെ ഭാഗമായി മനുഷ്യസമൂഹം താളം നൃത്തം സംഗീതം ചിത്രകല തുടങ്ങിയവ കൂടി ഉപയോഗിക്കാൻ തുടങ്ങിയതോടെ രൂപം കൊണ്ട ദൃശ്യ-ശ്രാവ്യാവിഷ്കാരങ്ങളെയാണു അനുഷ്ഠാന രൂപങ്ങൾ എന്ന പേരുകൊണ്ടർഥമാക്കുന്നത്. കേവലം വിനോദം മാത്രം മുൻനിർത്തിയല്ലാതെ ആരാധനാക്രമങ്ങളുടെ ഭാഗമായി ഓരോ ആചാരങ്ങൾ കലാപരതയോടെ അനുഷ്ഠിക്കുമ്പോഴാണ് അവ അനുഷ്ഠാന രൂപങ്ങളായിത്തീരുന്നത്. ദൈവാരാധന, അനുഗ്രഹ ലബ്ദി, ദോഷങ്ങളിൽ നിന്ന് രക്ഷ, സന്താനലാഭം, രോഗശാന്തി, സമ്പൽസമൃദ്ധി, ബാധോച്ചാടനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി നടത്തി കൊണ്ട് പോകുന്നവയാണ് ഈ അനുഷ്ഠാനങ്ങളിൽ ഭൂരിഭാഗവും.

കുംഭകുടം

സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാ അനുഷ്ഠാന രൂപങ്ങളെയും അനുഷ്ഠാനകർമ്മങ്ങളുടെ പരിധിയിൽപെടുത്തുന്നു. കുംഭകുടം, കൂടിയാട്ടം, തെയ്യാട്ടം, അയ്യപ്പൻ പാട്ട് തുടങ്ങി അനുഷ്ഠാനളുടെ നിര നീണ്ടുപോകുന്നു. കേരളീയ അനുഷ്ഠാനങ്ങൾ മതപരം അർദ്ധമതപരം എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടുണ്ട്.

മുടിയേറ്റ്

മുടിയേറ്റ് - കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്. ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.

ഗരുഡൻ തൂക്കം - വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.

ഗരുഡൻ തൂക്കം

തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരിൽ ഓരോ ആളും ഓരോ ശിശുവിനെ കൈകളിൽ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കൾ നടത്തുന്ന നേർച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്ക തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാർ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാർ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതൽ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് നിർബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ തൂക്കക്കാർ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ്ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്.


...തിരികെ പോകാം...