ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതി യും തമ്മിലുള്ള ബന്ധം.

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്രകൃതി യും തമ്മിലുള്ള ബന്ധം.
ലേഖനം

പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി സത്യത്തേയും സന്തോഷത്തേയും വിശുദ്ധിയേയും ഒന്നിപ്പിക്കുന്നു. അനശ്വരമായ പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ അജ്‌ഞത മാത്രമാണ് അസന്തുഷ്ടിയുടെ ഹേതു. അതിപുരാതന കാലം മുതൽക്കേ മനുഷ്യൻ പ്രകൃതിയുടെ അമൂല്യമായ സംഭാവനകളെ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചു വരുന്നു. പ്രകൃതിയുടെ ഈ സമ്മാനങ്ങളെല്ലാം ഒരു ദിവസം അപ്രത്യക്ഷമാകുമെന്നുള്ള വസ്തുത മനുഷ്യൻ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി വനങ്ങൾ നിർദ്ദയം നശിപ്പിക്കപ്പെടുന്നു. കാടുകൾ ഇല്ലാതാകുന്നതോടെ നമ്മുടെ ചുറ്റുപാടുകളെല്ലാം കോൺക്രീറ്റ് വനങ്ങളായി മാറുന്നു. പ്രകൃതിയുടെ സംരക്ഷണ വലയമായ ഓസോൺപാളി ശോഷിച്ചുകൊണ്ടിരിക്കുന്നു. ഇത് ആഗോളതാപനത്തിന്റെ രൂപത്തിൽ ലോക ജനസംഖ്യയുടെ പകുതിയെയെങ്കിലും ദോഷകരമായി ബാധിക്കും. ഇതിനൊക്കെ പുറമെ മുമ്പൊരിക്കലുമുണ്ടാകാത്ത വിധത്തിൽ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുടെ വെല്ലുവിളികൾ നേരിടുന്നതിൽ മനുഷ്യൻ നേരിടുന്ന വിജയത്തെ മനുഷ്യന്റെ പുരോഗതിയുടെ മാനദണ്ഡമായി സ്വീകരിക്കാറുണ്ട്. എന്നാൽ വ്യവസായ ത്തിന്റെയും സാങ്കേതികതയുടേയും രംഗങ്ങളിൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ പാർശ്വ ഫലങ്ങൾ പതുക്കെപ്പതുക്കെപരിസ്ഥിതിയെ ബാധിക്കുകയും മനുഷ്യന്റെ നിലനിൽപ്പിനെത്ത ന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. കൂടുതൽ കൈയേറ്റങ്ങളെ നേരിടാനുള്ള വിശാല മനസ്കത പ്രകൃതിക്ക് ഇല്ലെന്ന് തോന്നുന്നു. പ്രകൃതിയുമൊത്ത് കൈകോർത്തു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഭൂമിയെ ഇനിയും മാനഭംഗപ്പെടുത്തുന്നത് അവൻ ഒരിക്കലും പൊറുക്കുകയില്ല. ഈ ഘട്ടത്തിലാണ് മനുഷ്യന്റെ സൗന്ദര്യബോധം അവന്റെ രക്ഷയ്ക്കെത്തുന്നത്. എല്ലാറ്റിനുമുപരിയായി മനുഷ്യൻ വ്യാവസായിക പുരോഗതി കൈവരിക്കാൻ ശ്രമിക്കുന്നത് ഈ ലോകത്തെ കൂടുതൽ മികച്ചതും സുന്ദരവും സുഖപ്രദവുമായ ഒരു സ്ഥലമാക്കി മാറ്റുന്നതിനുവേണ്ടിയാണ്. അധികാരത്തിനും സമ്പദ് സമൃദ്ധിക്കും വേണ്ടിയുള്ള ഭ്രാന്തമായ പാച്ചിലിനിടയിൽ പ്രകൃതി വിഭവങ്ങൾ വിപുലമാണെങ്കിലും പരിമിതമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നത്തെ പ്രവണത തുടരാൻ അനുവദിച്ചാൽ ഭൂമിയിൽ ജീവന്റെ ഭാവി അപകടത്തി ലാണാന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ പഴയ വിശുദ്ധി കാത്തു സൂക്ഷിക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മാതൃ-ശിശു ബന്ധം നിലനിർത്താനും നമുക്കു കൈകോർക്കാം.

ട്രിൻസി. ബി
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം