ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം പരമപ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിസംരക്ഷണം പരമപ്രധാനം

പാരിസ്ഥിതിക പ്രശ്നങ്ങളിൽപെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്.വികസനമാണ് മാനവപുരോഗതി എന്ന മനുഷ്യസമവാക്യവും പ്രകൃതിയോടുള്ള മനുഷ്യൻ്റെ ആക്രമണങ്ങളുമാണ് ഇതിന് കാരണം.രാജ്യത്തിൻ്റെ പുരോഗതിക്ക് വികസനം അനിവാര്യമാണ്.എന്നാൽ ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.തൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറമെ ആർഭാടത്തിനുവേണ്ടി ആർത്തിയോടെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ചൂഷണത്തെ വേണമെങ്കിൽ മോഷണമെന്നും വിളിക്കാം.വൻതോതിലുള്ള വികസനത്തിനും വലിയ അളവിൽ പ്രകൃതിയെ ചൂഷണം ചെയ്യൽ അനിവാര്യമായി.ഇത് കാരണം ഗുരുതരപ്രശ്നങ്ങളിലേക്ക് പരിസ്ഥിതി അധഃപതിച്ചു.

          ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.മനുഷ്യൻ്റെ നിലനിൽപ്പിനും അതുപോലെ ജീവജാലങ്ങൾക്കും ഭീഷണിയായി നിരവധിപാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നൂ.എല്ലാ രാജ്യത്തും വളരെ ആഴത്തിൽ ഗൗരവമുൾക്കൊണ്ട് പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻ്റെ വിപത്തിനെ കുറക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.ഇന്ത്യയിലേയും അതിലുപരി കേരളത്തിലേയും സ്ഥിതി മറിച്ചല്ല.ഈ പ്രതിസന്ധിഘട്ടത്തിൽ കേരളത്തിൻ്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ വിശദമായി പഠിക്കുകയും അതിനുള്ള പരിഹാരമാർഗ്ഗം കണ്ടെത്തുകയും അതിനനുസൃതമായ രീതിയിൽ നമ്മുടെ ജീവിതരീതി മാറ്റേണ്ടതും നമ്മുടെ ഓരോരുത്തരുടെയും സാമൂഹിക--ധാർമ്മിക ഉത്തരവാദിത്വത്തിൻ്റെ ഭാഗമാണ്.


       മനുഷ്യൻ്റെ സംസ്കാരം മണ്ണിൽ നിന്നാണ്.മലയാളത്തിൻ്റെ സംസ്കാരം പുഴയിൽ നിന്നും മലയോരങ്ങളിൽ നിന്നും വയലേലകളിൽ നിന്നുമാണ് ഉത്ഭവിച്ചത്.എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു.കാടിൻ്റെ മക്കളെ ആട്ടിപ്പായിച്ച്,കാട്ടരുവികളും തോടുകളും നികത്തി,വയലുകളും മരങ്ങളും എല്ലാം ഇല്ലാതാക്കി നാം നമ്മുടെ ഭൂമിയെ മരുഭൂമിയെപ്പോലെയാക്കിമാറ്റുന്നു.എല്ലാം നശിപ്പിച്ച്മുന്നേറുന്ന നാം നമ്മുടെ ഭൂമിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്.
        ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിന് അഭിമാനിക്കാൻ ഒട്ടേറെ പ്രത്യേകതകളുണ്ട്.ആരോഗ്യത്തിൻ്റെയും വൃത്തിയുടെയും സംസ്കാരത്തിൻ്റെയും സാക്ഷരതയുടെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്.പക്ഷെ പരിസ്ഥിതി സംരക്ഷണവിഷയത്തിൽ നാം വളരെ പിന്നിലാണ്.സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ച്,മറ്റെല്ലാം അധികാരികളും ഭരണകർത്താക്കളും നോക്കുമെന്ന് വിചാരിച്ച് സ്വാർത്ഥരായിക്കൊണ്ടിരിക്കുന്ന മലയാളനാടിനെ കൈയകലെയായി കാത്തിരിക്കുന്നത് വലിയ അപകടമാണ്.നാം ജീവിക്കുന്ന ചുറ്റുപാടിൻ്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ നാം ഓരോരുത്തരും ചെയ്യേണ്ട കാര്യമാണ്.
        ഭൂമിയുടെ നാഡീഞരമ്പുകളായ പുഴകൾ ഇന്ന് മലീമസമായിക്കൊണ്ടിരിക്കുന്നു.വനനശീകരണം,കാലാവസ്ഥാവ്യതിയാനം,ആഗോളതാപനം,വരൾച്ച ഇവയെല്ലാം പരിസ്ഥിതിനശീകരണത്തിൻ്റ പ്രത്യാഘാതങ്ങളാണ്.പരിസ്ഥിതിനശീകരണം മനുഷ്യരെ മാത്രമല്ല,മറ്റു ജീവജാലങ്ങളെയും സാരമായി ബാധിക്കുന്നു.ഇത് ഭൂമിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറുന്നു.അതുപോലെ തെരുവുനായശല്യവും മാലിന്യപ്രശ്നവും ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.തെരുവുനായ്ക്കൾ,മാലിന്യങ്ങൾ ഇവ രണ്ടും ഇന്ന് ധാരാളമായി ബാധിക്കുന്നത് വിദ്യാർത്ഥികളെയാകുന്നു.എത്രഎത്ര വിദ്യാർത്ഥികൾക്കാണ് ഈ ദുരന്തം കാരണം അവരുടെ വളർച്ച,അല്ല,ജീവിതം തന്നെ അപകടത്തിലായത്.എല്ലാ ജീവികളുടെയും ജീവന് വലിയ സ്ഥാനമുണ്ട്.അത് കാത്ത് സൂക്ഷിക്കപ്പെടേണ്ടതുമാണ് എന്ന യാഥാർത്ഥ്യം കൈവിടാതെത്തന്നെ ഉപദ്രവകാരികളായ ജീവികളിൽനിന്നും നാം നമ്മുടെ വിദ്യാർത്ഥികളെ സംരക്ഷിക്കണം.പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങളും ജീവിതരീതികളും നമ്മുക്ക് വേണ്ടായെന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം കാലം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല.പൂർവ്വികർ കാണിച്ച പാതയിലൂടെ നദികളെയും വനങ്ങളെയും പുണ്യസങ്കേതങ്ങളായി കണ്ടുകൊണ്ട് അതിനെ സംരക്ഷിക്കാൻ നാം തയ്യാറാകണം.
        പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആത്മാർത്ഥമായും നമുക്ക് താല്പര്യമുണ്ടെങ്കിൽ നാം ഓരോരുത്തരും പ്രകൃതിയിലേക്ക് മടങ്ങിവരേണ്ടതത്യാവശ്യമാണ്.പ്രകൃതി സംരക്ഷണം തുടങ്ങേണ്ടത് വീടുകളിൽ നിന്നാണ്.ചുരുങ്ങിയത് നമ്മുടെ വീടും പരിസരങ്ങളുമെങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുക,മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക.മനുഷ്യൻ ഭൗതികതലത്തിൽ വികാസം ഉണ്ടാക്കുമ്പോൾ പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയേ മതിയാവൂ.പരിസ്ഥിതി പ്രശ്നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിക്കാൻ നിൽക്കാതെ വിദ്യാർത്ഥി ജീവിതം മുതൽ പ്രകൃതിസംരക്ഷണബോധമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കാം.പരിസ്ഥിതി സംരക്ഷണം കൊണ്ട് തന്നെ ഏറെ വികാസവും മനോഹരവും ആനന്ദവും നിറഞ്ഞ ജീവിതം എല്ലാവർക്കും പ്രതീക്ഷിക്കാം.
അമീറ ഹന്ന
XII SCIENCE A2 ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020