കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വാർത്താപ്പെട്ടി

വാർത്താപ്പെട്ടി

സ്കൂളിലെ തനത് പ്രവർത്തനങ്ങളും വാർത്തകളും പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വാർത്താപ്പെട്ടി എന്ന പരിപാടി സ്കൂൾ യൂറ്റൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. കുട്ടികളിലെ വാർത്ത വായിക്കാനുള്ള അഭിരുചി വളർത്താൻ ഇത് സഹായിക്കുന്നു. പ്രൊഫഷണൽ മികവിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി സ്കൂളിന്റെ എടുത്തു പറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.

പൈതൃക-നടത്തം

പൈതൃക-നടത്തം

സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ മുസിരിസ് പൈതൃക കേന്ദ്രങ്ങളിലേക്ക് പഠന യാത്ര നടത്തി. പുരാതന തുറമുഖമായ മുസിരിസിൽ ആരംഭിച്ച പൈതൃക-നടത്ത പരിപാടിയുടെ ഭാഗമായാണ് പഠന യാത്ര നടത്തിയത്. 8ാം ക്ലാസ്സിലെ കുട്ടികളോടൊപ്പം സാമൂഹ്യശാസ്ത്ര അദ്ധ്യാപകരും പഠന യാത്രയിൽ പങ്കെടുത്തു . മുസിരിസിലെ സ്മാരകങ്ങളിലൂടെ കേരളത്തിന്റെ സമ്പന്നമായ ചരിത്രം സ്വയം മനസിലാക്കാൻ ഈ അനൗപചാരിക പഠനരീതി വിദ്യാർത്ഥികളെ സഹായിച്ചു. രാവിലെ 8.15 ന് സ്കൂളിൽ നിന്ന് പുറപ്പെട്ട യാത്ര വൈകീട്ട് 4 മണിക്ക് തിരിച്ചെത്തി.

വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകളുടെ വിതരണം

വിദ്യാകിരണം' പദ്ധതി

സ്കൂൾ വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന ‘വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ പി എച്ച് അബ്ദുൾ റഷീദ് വിതരണോദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന എസ് സി വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ലാപ്പ്‍ടോപ്പുകൾ വിതരണം ചെയ്തത്. മൂന്നുവർഷ വാറന്റിയുള്ള ലാപ്‍ടോപ്പിൽ കൈറ്റിന്റെ മുഴുവൻ സ്വതന്ത്ര സോഫ്‍റ്റ്‍‍വെയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഉപയോഗത്തിനു ശേഷം തിരികെ നൽകുന്ന രീതിയിലാണ് കുട്ടികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തിട്ടുള്ളത്.

അതിജീവനം

അതിജീവനം

കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടിയായ അതിജീവനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓൺലൈൻ പഠനം വിദ്യാർഥികളിലുണ്ടാക്കിയ സാമൂഹിക, വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പദ്ധതിയാണ് അതിജീവനം. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ക്കൂളിലേക്ക് തിരികെയെത്തിയ കുട്ടികളെ സന്തോഷകരമായ സ്ക്കൂൾ അനുഭവങ്ങളിലേക്ക് നയിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ നിലീന, ലിജി എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയും, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണവും, ദിനചര്യയും ശീലങ്ങളും തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.

യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ പരിശീലനം

യു എസ് എസ് പരിശീലനം

ഡിസംബർ 18 ന് നടന്ന യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്കായി സ്കൂളിലെ 43 വിദ്യാർത്ഥിനികൾ പങ്കെടുത്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ അധ്യാപകർ കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ നൽകിയിരുന്നു. മെയ് 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന യുഎസ്എസ് പരീക്ഷ, കോവിഡ് അതി തീവ്ര വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അർദ്ധവാർഷിക പരീക്ഷ, ടെസ്റ്റ് പേപ്പർ മാർക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്, കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ വാട്സാപ്പ് ഗ്രൂപ്പ്, ഓഡിയോ - വീഡിയോ ക്ലാസ്സുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോം തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ എല്ലാ വിഷയങ്ങളിലും ചിട്ടയായ പരിശീലനം നൽകി വന്നിരുന്നു. കുട്ടികളെ നാലഞ്ചു പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിൻ്റെയും പഠന പുരോഗതി ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകർ വിലയിരുത്തുന്നുണ്ട്. യു പി അധ്യാപകരായ രേഖ ടീച്ചർ, അനിൽ കുമാർ സർ എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

എയ്ഡ്സ് ദിനം

എയ്ഡ്സ് ദിനം

ഡിസംബർ 1 ന് എയ്ഡ്സ് ദിനം ആചരിച്ചു. ആരോഗ്യ ശുചിത്വ ക്ലബ്‌ കൺവീനർ വൽസ ടീച്ചർ എയ്ഡ്സ് രോഗം പകരുന്നതെങ്ങനെയെന്നും, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകി. എയ്ഡ്സ് രോഗികളെയല്ല രോഗത്തെയാണ് അകറ്റിനിർത്തേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. ക്ലാസ് തലത്തിൽ ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ

കൗൺസിലിംഗ് ക്ലാസുകൾ

സ്ക്കൂൾ ജാഗ്രത ക്ലബ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ പിഎച്ച് അബ്ദുൾ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. ഷീല ടീച്ചർ, നിലീന ടീച്ചർ എന്നിവർ ക്ലാസുകൾ നയിച്ചു.

ലോക ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ല‍ൂർ ബിആർസി സ്കൂൾ തലത്തിൽ ചിത്ര രചന മത്സരം നടത്തി. കൊടുങ്ങല്ല‍ൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. ഭിന്നശേഷി വിഭാഗത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്വാതി സതീഷ് ഒന്നാം സ്ഥാനവും മീനാക്ഷി എം നായർ മൂന്നാം സ്ഥാനവും നേടി. പൊതു വിഭാഗത്തിൽ ലക്ഷ്മി സി എൽ രണ്ടാം സ്ഥാനവും ജസീന പി എസ്, ശ്രീബദ്ര എം എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്

സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗന്സ്റ്റ് വുമൺ' ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ നൃത്തശില്പം, സ്കിറ്റ്, പോസ്റ്റർ , ഹാഷ് ടാഗ് ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികളിലൂടെ സ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തിൽനിന്ന് പൂർണമായും തുടച്ചു മാറ്റാൻ സാധിക്കുമെന്ന് സ്കൂളിലെ കൗൺസിലിംഗ് അദ്ധ്യാപിക പ്രീതി ടീച്ചർ പറഞ്ഞു.

എൻ ടി എസ് സി സ്കോളർഷിപ്പ് പരിശീലനം

എൻ ടി എസ് സി സ്കോളർഷിപ്പ് പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് വേണ്ടിയാണ് പരിശീലനം നടത്തുന്നത്. ആഗസ്റ്റിൽ ഓൺ ലൈനായാണ് പരിശീലനം ആരംഭിച്ചത്. സ്കൂളിൽ വച്ചുള്ള ആദ്യയോഗം സീനിയർ അസിസ്റ്റൻറ് ശ്രീലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഓരോ സബ്ജക്ട് കൺവീനർമാരും കുട്ടികളുമായി സംസാരിച്ചു. കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ

നവംബർ 20ന് യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു . സ്കൂളിലെ അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾ എച്ച് എം ഇൻ ചാർജ് ശ്രീലത ടീച്ചർ ഉത്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ വത്സ ടീച്ചർ , നിമ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും , വിവിധതരം ഗെയിമുകളും സംഘടിപ്പിക്കപ്പെട്ടു . ചിത്രരചനാ മത്സരത്തിൽ 8 എഫ് ലെ സുഹാന തസ്നിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 9 എ യിലെ സാനിയ കെ എസ്, 8 ഡി യിലെ സ്വാതി സതീഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം

ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം

വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചതോടെ ഉച്ചഭക്ഷണ വിതരണത്തിന് തുടക്കമായി. ചോറും സാമ്പാറും കൂട്ടുകറികളും ഉൾപ്പെടെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. പുതുതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കാണ് ഭക്ഷണം ഒരുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഭക്ഷണം വീടുകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

പഠനോപകരണ വിതരണം

കൊടുങ്ങല്ലൂർ ലയൺസ് ക്ലബിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലയൺസ് ക്ലബ് കൊടുങ്ങല്ലൂർ ഘടകം പ്രസിഡണ്ട് ശ്രീ രാജേഷ് മോഹൻ മുഖ്യാതിഥിയായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ശ്രീ സലീഷ് എൻ ശങ്കരൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകരും പിടിഎ ഭാരവാഹികളും വിദ്യാർത്ഥിനികളും സന്നിഹിതരായിരുന്നു.

എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തക വിതരണം

എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുസ്തക വിതരണം നടന്നു. മൂന്നാംഘട്ട പുസ്തക വിതരണമാണ് നടന്നത്. കുട്ടികൾക്ക് വിദ്യാലയത്തിൽ വെച്ച് നേരിട്ട് പുസ്തകങ്ങൾ അധ്യാപകരിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചു. 8 ഇ ക്ലാസ്സിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീലത ടീച്ചർ ആദ്യ വിതരണം നിർവഹിച്ചു .ബി എസ്,എസ് എസ്,മാത്സ് പുസ്തകങ്ങളുടെ സെറ്റ് ഫർഹാദിയ ക്കു നൽകിയാണ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ബുക്ക് സൊസൈറ്റി സെക്രട്ടറി സുജാത ടീച്ചർ സംസാരിച്ചു .ക്ലാസ്സ് അധ്യാപകരായ ലീന, റാണി ,റസീന, ലിറ്റി എന്നിവർ സന്നിഹിതരായിരുന്നു.

എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം

വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂൾ ബാൻഡ് സെറ്റ് അകമ്പടിയോടെയാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം നടന്നത്. പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കാൻ അധ്യാപകരും പിടിഎ ഭാരവാഹികളും സ്കൂൾ കവാടത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. കൈകളിൽ സാനിറ്റൈസർ പുരട്ടി താപനില പരിശോധിച്ച് അധ്യാപകർ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിച്ച‍ു. മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി ടി കെ ലത, പിടിഎ പ്രസിഡണ്ട് ശ്രീ പി എച്ച് അബ്ദുൾ റഷീദ്, എസ് എം സി ചെയർമാൻ ശ്രീ എം ആർ സുനിൽദത്ത് എന്നിവർ ആശംസകൾ നേർന്നു.