കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട് തൃക്കാക്കര
എറണാകുളം ജില്ലയിലെ കൊച്ചുഗ്രാമമായ തൃക്കാക്കര ഇന്ന് ഒരു മുന്‍സിപ്പാലിറ്റിയാണ്.കേരളീയരുടെ ദേശീയോത്സവമായ ഓണവും,മഹാബലിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് എന്റെ നാടിന്റെ കഥ.പെരുമാള്‍ ഭരണകാലത്ത് പ്രസിദ്ധമായ ഒരു സ്ഥലമായിരുന്ന തൃക്കാക്കര അന്ന് കാല്‍ക്കരനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രരേഖകളില്‍ കാണുന്നു.അക്കാലത്തുള്ള പല ശിലാഫലകങ്ങളും, ശില്പങ്ങളും തൃക്കാക്കരക്ഷേത്രപരിസരത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ ഉറവിടം ഐതീഹ്യപരമായി എന്റെ നാടായ തൃക്കാക്കരയാണ്. മഹാബലിരാജാവിന്റെ ഭരണതലസ്ഥാനം തൃക്കാക്കരയായിരുന്നു.മഹാവിഷ്ണുവിന്റെ പാദസ്പര്‍ശം ഏറ്റ സ്ഥലം തിരു-കാല്‍-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു.പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. തൃക്കാക്കരയുടെ സാംസ്ക്കാരിക പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തിരുവോണവും തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ഐതിഹ്യങ്ങളുടെയും പാരമ്പര്യങ്ങളും ഉറങ്ങുന്ന ത‌ൃക്കാക്കരയുടെ മണ്ണില്‍ പൗരാണികകാലം മുതല്‍ ഹൈന്ദവരും, മുസ്ളീങ്ങളും, ക്രിസ്ത്യാനികളും തികഞ്ഞ മതസൗഹാര്‍ദ്ദത്തോടെ കഴിയുന്നു.