എൽ എഫ് യു പി എസ് മാനന്തവാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

യനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ പെട്ട ഒരു നഗരസഭയാണ്‌ മാനന്തവാടി നഗരസഭ.വലുപ്പം കണക്കാക്കിയാൽ കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റി ആണ് മാനന്തവാടി. നഗരസഭയുടെ വിസ്തീർണം 80.1 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കുഭാഗത്ത് കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് കബനി നദിയുമാണ്. കേരളത്തിലെ വടക്കൻ മലയോര ജില്ലയായ വയനാട്ടിലെ ഒരു ചെറിയ പട്ടണമായ മാനന്തവാടി കബനീ നദിയുടെ ഉപനദിയായ മാനന്തവാടി പുഴയോട് ചേർന്ന് കിടക്കുന്നു. ഒരു കാലത്ത്‌ പഴശ്ശി രാജവംശം ഭരിച്ചിരുന്ന ഇവിടെയാണ്‌ പഴശ്ശി രാജാവിനെ അടക്കം ചെയ്തിരിക്കുന്നത്. ആദിവാസി മഹാസഭയുടെ ആസ്ഥാനം ഇവിടെയാണ്‌. വയനാട്ടിലെ ഗോത്രവർഗങ്ങളും, പാവപ്പെട്ട രോഗികളും പ്രധാനമായി ആശ്രയിക്കുന്ന വയനാട്‌ ജില്ലാ ആശുപത്രി ഈ പട്ടണത്തിലാണ്. പ്രസിദ്ധമായ ഹിന്ദു തീർഥാടന കേന്ദ്രമായ തിരുനെല്ലി ക്ഷേത്രം ഇവിടെ നിന്നും മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരെയാണ്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ നഗരസഭയാണ് മാനന്തവാടി. 36 വാർഡുകൾ ഇവിടെയുണ്ട്. 1962ൽ രൂപം കൊണ്ട മാനന്തവാടി ഗ്രാമപഞ്ചായത്തിനെ 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. 2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു.

സ്ഥലനാമ ചരിത്രം

വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയർത്തികാണിക്കപ്പെടുന്നു. ജൈനമതത്തിൻ്റെ സ്വാധീനം വെളിവാക്കുന്നതാണ് ഒണ്ടയങ്ങാടി, പയ്യമ്പള്ളി, ഊർപ്പള്ളി എന്നീ സ്ഥലനാമങ്ങൾ, ആദിവാസി വിഭാഗങ്ങൾക്കിടയിൽ മാന്തൊടി എന്ന പേരിലാണ് ഈ സ്ഥലം പരാമർശിക്കപ്പെടുന്നത്. പഴശ്ശിയുടെ കാലഘട്ടത്തിൽ ഇളംകൂർ നാട്ടിലുൾപ്പെട്ടതായിരുന്നു വേമോം എന്നറിയപ്പെട്ടിരുന്ന മാനന്തവാടി. ബ്രിട്ടീഷുകാരുടെ കാലത്ത് മാനൻടോഡി എന്നും വയനാട് ബസാർ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. മഹോദയപുരരാജാക്കന്മാരുടെ പതനത്തിനുശേഷം നഗരമായി തീർന്ന തിരച്ചുലരിയുടെയും, മുത്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പുത്തനങ്ങാടിയുടെയും ഇടയ്ക്ക് ഉയർന്നു വന്നതാകാം ഈ ഹൌസെങ്കാടി അഥവാ പുതിയങ്ങാടി. അടുത്തകാലഘട്ടങ്ങളിൽ മാനന്തവാടി ചെട്ടിത്തെരുവായും എരുമത്തെരുവായും അഞ്ചാം പീടികയായും അറിയപ്പെടുന്നു. മാനന്തവാടിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പാണ്ടിക്കടവ്.കാവേരി നദിയുടെ ഭാഗമായ കബനി നദി പാണ്ടിക്കടവിലൂടെ ഒഴുകുന്നു.വാണക്കൂടികുന്ന് പാണ്ടിക്കടവിലെ ഉയർന്ന മനോഹരമായ ഒരു സ്ഥലമാണ്.