എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരിഞ്ഞാലക്കുട.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു[1]. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. സംഭവബഹുലമായ പല ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ പരിവർത്തന പ്രക്രിയയുമായി ഇഴ ചേർന്നു നിൽക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്‌.

തൃശ്ശിവപേരൂരിൽ നിന്നും 22 കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശമായ ഇരിങ്ങാലക്കുടയുടെ സ്ഥലനാമം തന്നെ വിവിധ വ്യാഖ്യാനങ്ങൾക്ക്‌ വിധേയമായി ഭവിച്ചിരിക്കുന്നു. വടക്കുഭാഗത്തുള്ള ചാലക്കുടിപ്പുഴയ്‌ക്കും, തെക്ക്‌ സ്ഥിതി ചെയ്യുന്ന കുറുമാലിപ്പുഴയ്‌ക്കും ഇടയിലുള്ള പ്രദേശമെന്ന നിലയിൽ 'ഇരുചാലുക്ക്‌ ഇടൈ' എന്ന പേർ വന്നത്‌ ലോപിച്ച്‌ ഇരിങ്ങാലക്കുടയായി എന്ന വിശ്വാസവുമുണ്ട്‌. ഈ രണ്ട്‌ നദികളും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തനടുത്തുവച്ച്‌ സന്ധിച്ച്‌ തെക്കോട്ട്‌ ഒഴുകി കൊടുങ്ങല്ലൂർ കായലിൽ നിപതിച്ചിരുന്നതായി കരുതുന്നു. പിൽക്കാലത്ത്‌ പ്രകൃതിക്ഷോഭം മൂലം ഇവ രണ്ടും എടതിരിഞ്ഞ്‌ ഗതി മാറിപ്പോയ സംഭവം സചിപ്പിക്കുന്നതാണ്‌ എടതിരിഞ്ഞി എന്ന സ്ഥലനാമമെന്ന്‌ കരുതപ്പെടുന്നു. കുലീപനി മഹർഷി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടത്തിയ യാഗാന്ത്യത്തിൽ യജ്ഞദേവൻ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തിന്റെ കൂടെ ഇരുന്ന സംഭവത്തെ സൂചിപ്പിക്കുന്ന 'ഇരുന്നുശാലയിൽ കൂടെ' എന്ന പരാമർശത്തിന്റെ ചുരുക്കപ്പേരാണ്‌ ഇരിങ്ങാലക്കുട എന്നും വിശ്‌സിക്കപ്പെടുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നിരുന്ന വലിയ ആലിനെ സൂചിപ്പിക്കുന്ന വിരിഞ്ഞ ആൽകൂടൈ എന്ന പദം രൂപപരിണാമം പ്രാപിച്ച്‌ ഇരിങ്ങാലക്കുടയായി എന്ന വേറൊരു വാദം നിലനിൽക്കുന്നു. ജൈനമത സ്വാധീനം ചേർന്ന സ്ഥലങ്ങൾക്ക്‌ 'ഇരിങ്ങ' എന്ന ശബ്ദവുമായി ബന്ധമുണ്ടെന്നും (ഉദാ: ഇരിങ്ങണ്ണൂർ, ഇരിങ്ങോൾക്കാവ്‌, ഇരിങ്ങാലൂർ) അതുകൊണ്ടു തന്നെ ഇരിങ്ങാലക്കുടയ്‌ക്ക്‌ പ്രസ്‌തുത നാമം ലഭിച്ചതെന്നും സ്ഥലനാമ ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു. കുലശേഖരപ്പെരുമാളായ സ്ഥാണുരവിവർമ്മയുടെ ലിഖിതത്തിൽ ഇരിങ്ങാലക്കുടയെ 'ഇരിങ്കാടിക്കൂടൽ' എന്നും ദേവനെ 'തിരുവിരുങ്കാടി തിരുവടി' എന്നും പരാമർശിച്ചിട്ടുണ്ട്‌. പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഭരതൻ ആണ് ഇവിടത്തെ പ്രതിഷ്ഠ, എങ്കിലും വൈഷ്ണവ സിദ്ധാന്തികൾ ഇത് ഒരു വിഷ്ണു ക്ഷേത്രമായി പരിഗണിക്കുകയും ചെയ്തു. കേരളത്തിൽ ഏതാണ്ട് മുന്നൂറുവർഷം മുൻപ് ജീവിച്ചിരുന്ന ഉണ്ണായി വാര്യർ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. കഥകളിക്ക് അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളിൽ നളചരിതം ആട്ടക്കഥയും രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റ് ആട്ടക്കഥകളും ഉൾപ്പെടും.

കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്. ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യകാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകൾ ആണ്.