എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുമ്പുളിക്കൽ ഗ്രാമചരിത്രം

    പൗരാണിക സമ്പത്തിന്റെ കലവറയായ പന്തളം ദേശചരിത്രത്തിന്റെ ഒരു അംശം ആണ് പെരുമ്പുളിക്കൽ. സാംസ്ക്കാരികവും ചരിത്രപരവും സാമൂഹികവും ആയ ഒട്ടനവധി മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്ന കൊച്ചുഗ്രാമമാണ് പെരുമ്പുളിക്കൽ. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പ‍ഞ്ചായത്തിൽ ഉൾപ്പെട്ട ദേശം. പഴയ തിരുവിതാംകൂർ രാജ്യത്ത് കുന്നത്തൂർ താലൂക്കിൽ ചെന്നീർക്കര സ്വരൂപത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു പെരുമ്പുളിക്കൽ പ്രദേശം. പ്രസ്തുത പ്രദേശത്തിന്റെ ഭരണാവകാശമുണ്ടായിരുന്ന ചെന്നീർക്കര സ്വരൂപത്തിന്റെ ആസ്ഥാനം കൊടുമൺ ആയിരുന്നു. അതിനോടനുബന്ധമായ പുളിക്കൽ തറവാടും കളരിയും ഇന്നും ചരിത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു. ചെന്നീർക്കര സ്വരൂപവുമായിഏറെ അടുപ്പമുണ്ടായിരുന്ന ജ്യോതിഭദ്രന്റേയും വരിക്കോലിലെ വലിയ കാരണവരുടെ സഹോദരിയായ പാർവ്വതിയുടേയും ബാന്ധവത്തിലെ സന്തതി പരമ്പരകൾക്കായി രാജാവ് കരമൊഴിവായി നൽകിയതാണ് പെരുമ്പുളിക്കൽ പ്രദേശം.

    പെരുമ്പുളിക്കൽ  എന്ന സ്ഥലനാമത്തിന്റെ ഉത്പത്തിയെക്കുറിച്ച് പണ്ഡിതശ്രേഷ്ഠരുടെ അഭിപ്രായങ്ങൾ വ്യത്യസ്തങ്ങളാണ്. പെരുന്തളികോയിക്കൽ ആവണം പിൽക്കാലത്ത് പെരുമ്പളിക്കലായി മാറിയിട്ടുണ്ടാവുക. പെരുന്തളികോയിക്കൽ എന്ന പേര് ലോപിച്ചാണ് പെരുമ്പുളിക്കൽ ഉണ്ടായതെന്ന് അഭിപ്രായപ്പെടുന്നു. പെരുന്തളി എന്നാൽ സ്ഥലത്തെ പ്രധാനപ്പെട്ട ക്ഷേത്രം എന്നാണ് അർത്ഥം. കോയിക്കൽ എന്നാൽ രാജാക്കന്മാരുടെ ആസ്ഥാനം എന്നാണ്. പഴയ കാലത്ത് രാജകൊട്ടാരത്തിനാണ് കോയിക്കൽ എന്ന പദം ഉപയോഗിക്കറുണ്ടായിരുന്നത്. നാടുവാഴി സ്ഥലത്തെ ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിർണയിക്കാൻ വേണ്ടി കോയിക്കൽ വന്നു താമസിക്കറുണ്ടായിരുന്നു. അങ്ങിനെ  നാടുവാഴി വന്നു താമസിച്ചിരുന്ന കോയിക്കൽ എന്നർത്ഥത്തിൽ പെരുന്തളികോയിക്കൽ , കാലാന്തരത്തിൽ പെരുമ്പുളിക്കൽ ആയിത്തീർന്നു എന്ന് അനുമാനിക്കാം.ഗ്രാമവിശുദ്ധിയും കാർഷികപാരമ്പര്യവും ആയോധനമുറകളുടെ സ്വാധീനവും കൊണ്ട് ചരിത്രത്താളുകളിൽ പ്രകീർത്തിക്കുന്ന പെരുമ്പുളിക്കൽ ദേശം മലനാടിന്റെ അംശമായി ശോഭിക്കുന്നു