എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

സ്ക്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 2017-18 അദ്ധ്യയനവർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1 വ്യാഴാഴ്ച സ്ക്കൂൾ ഹാളിൽ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവഗാനത്തോടെ രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു ആദ്ധ്യക്ഷം വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.എൻ.പ്രഭകുമാർ 2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി. ലേഖാ കേശവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം മധുരം വിതരണം ചെയ്തു.


ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും കുടുംബസംഗമവും

യാത്രയയപ്പുസമ്മേളനം മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ഇരുപത്താറു വർഷത്തെ സ്തുത്യർഹമായ അദ്ധ്യാപനവൃത്തിക്കുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പ് നൽകി. 2017 മെയ് 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൂത്താട്ടുകുളം കുഴലനാട്ട് സോണിയ റിട്രീറ്റ് ഹാളിൽ നടന്ന സമ്മേളനം മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ പൂർവ്വാദ്ധ്യാപകരും അദ്ധ്യാപകേതരജീവനക്കാരും കുടുംബാംഗങ്ങളും തുടർന്നു നടന്ന കുടുംബസംഗമത്തിലും സ്നേഹവിരുന്നിലും പങ്കെടുത്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ സ്നേഹോപഹാരം സമർപ്പിച്ചു.


സ്ക്കൂൾ വാർഷികവും യാത്രയയപ്പും

സ്ക്കൂൾ വാർഷികസമ്മേളനം 2016-17 ഉദ്ഘാടനം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 2016-17 അദ്ധ്യയനവർഷത്തെ സ്ക്കൂൾ വാർഷികാഘോഷങ്ങൾ 2017 ഫെബ്രുവരി 2 വെളിയാഴ്ച സ്ക്കൂൾ ഹാളിൽ നടന്നു. രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി, ഉച്ചയ്ക്ക് 1 മണിവരെ വിദ്യാർത്ഥിനീവിദ്യാർത്ഥികളളൊരുക്കിയ കലാവിരുന്ന് അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം വാർഷിക സമ്മേളനം നടന്നു. കൂത്താട്ടുകുളം നഗരസഭാചെയർമാൻ ശ്രീ പ്രിൻസ് പോൾ, നഗരസഭാ വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയര്‌മാൻ സി. എൻ. പ്രഭാകുമാർ വിവിധ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. 2016 മാർച്ചിൽ എസ്.എസ്. എൽ. സി, പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അമൃത എം. സജീവ്, ആഷ്‌ലി എസ്. പാതിരിക്കൽ, പ്രവീണ ടി. സണ്ണി, ശ്രീലക്ഷ്മി എസ്., നീരജ രാജൻ, ദേവിക അശോക്, ഹരിഗോവിന്ദ് എസ്. എന്നിവർക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും നൽകി. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാമാക്കിയ കുട്ടികൾക്കുള്ള വിവിധ എൻ‍ഡോവ്മെന്റുകളും വിതരണം ചെയ്തു.


പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ 2017

കൂത്താട്ടുകുളം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ സ്ക്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. രാവിലെ 10 മണിക്ക് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംക്ഷികളും ചേർന്ന് വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടമായി നീക്കംചെയ്തു. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും വിദ്യാലയ അഭ്യുദയകാംക്ഷികളും സ്ഥലത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചേർന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. നഗരസഭാംഗം വത്സാ കുര്യാക്കോസ് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.


റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം 2017

കൂത്താട്ടുകുളം: ഭാരതത്തിന്റെ 67ആം റിപ്പബ്ലിക് ദിനം കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 ന് ഹെഡ്‌മിസ്ട്രസ് ലേഖാ കേശവൻ പതാക ഉയർത്തി. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ്ക്രോസ്, എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്തിൽ ദേശഭക്തി ഗാനാലാപനം, സ്ക്കൂൾ പരിസരശൂചീകരണം എന്നിവ നടന്നു. മധുര വിതരണത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.


ദേശീയ സമ്മതിദായകദിനം ആഘോഷിച്ചു

ബി.എൽ.ഓ.മാരും സമ്മതിദായകരും

കൂത്താട്ടുകുളം:പതിനെട്ട് വയസ് തികഞ്ഞവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ജനുവരി 25 ദേശീയ സമ്മതിദായകദിനമായി ആഘോഷിച്ചു. രാവിലെ സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ സമ്മതിദായകദിന പ്രതി‍ജ്ഞയെടുത്തു. പിറവം നിയോജകമണ്ഡലത്തിലെ മൂന്നു സമ്മതിദായകബൂത്തുകൾ പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽ നിരവധി സമ്മതിദായകർ പുതിയ വോട്ടർ കാർഡ് സ്വീകരിക്കുന്നതിനായി എത്തിച്ചേർന്നിരുന്നു. ബി.എൽ.ഓ.മാരായ ബിനു പി. എം., രാജേഷ് പ്രതാപ് എന്നിവരുടെ നേതൃത്വത്തിൽ വോട്ടർ കാർഡ് വിതരണം നടന്നു.


ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ അവാർഡുകൾ വിതരണംചെയ്തു

പിറവം എം.എൽ.എ. അനൂപ് ജേക്കബ് അവാർഡുകൾ വിതരണംചെയ്യുന്നു.

മൂവാറ്റുപുഴ: ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ അവാർഡുകൾ എസ്.എസ്.എൽ.സി., ഹയർസെക്കന്ററി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ പ്രതിഭകൾക്ക് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് പിറവം എം.എൽ.എ. അനൂപ് ജേക്കബ് വിതരണംചെയ്തു. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മക്കൾക്കാണ് ഈ അവാർഡുകൾ നൽകുന്നത്. കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിലെ ഹരിഗോവിന്ദ് എസ്., ആഷ്‌ലി എസ്. പാതിരിക്കൽ എന്നിവർ ഈ അവാർഡിന് അർഹരായി. ചടങ്ങിൽ എറണാകുളം ഡയറ്റ് പ്രിസിപ്പാൾ ബി. നന്ദകുമാർ, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആർ ഗീത തുടങ്ങിയവർ പങ്കെടുത്തു.


പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം

മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമും പിറവം എം.എൽ.എ. അനൂപ് ജേക്കബും സംയുക്തമായി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആസുത്രണംചെയ്ത് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം 2017 ജനുവരി 23 ന് മൂവാറ്റുപുഴ എസ്.എൻ.ഡി.പി. സ്ക്കൂളിൽ നടന്നു. മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമും പിറവം എം.എൽ.എ. അനൂപ് ജേക്കബും സംയുക്തമായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവർകൻ പ്രൊഫ. സീതാരാമൻ ഹരിതവിദ്യാലയ സന്ദേശം നൽകി. ജില്ലയിലെ വിവിധസ്ക്കൂളുകളിലെ പ്രധമാദ്ധ്യാപകർ, പി.ടി.എ. പ്രസിഡന്റുമാർ വിദ്യാർത്ഥിപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


പ്രഭാതസായാഹ്നക്ലാസ്സുകൾ ആരംഭിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പ്രഭാതസായാഹ്നക്ലാസ്സുകൾ ജനുവരി 10 ന് ആരംഭിച്ചു. 2017 മാർച്ചിൽ നടക്കുന്ന എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പിടിഎയുടെ ആഭിമുഖ്യത്തിൽ പ്രഭാതസായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരോടൊപ്പം രക്ഷകർത്താക്കളും ഈ പദ്ധതിയുടെ ഭാഗമായി രാവിലെയും വൈകുന്നേരവും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. രവിലെ എട്ടുമണി മുതലും വൈകുന്നേരം ആറുമണിവരെയുമാണ് ക്ലാസ്സുകൾ നടക്കുന്നത്.


സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും

സൗജന്യ നേത്രചികിത്സാ ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്യുന്നു.

കാരമല: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളിൽ 2016 ഡിസംബർ 30 ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും നടന്നു. ശ്രീധരീയം ആയുർവ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്തു. പാലക്കുഴ കൂത്താട്ടുകുളം മേഖലയിലെ നിരവധി ഗ്രാമവാസികൾ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.


എൻ. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്

ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു

കാരമല: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ സപ്തദിന സഹവാസക്യാമ്പ് കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളിൽ 2016 ഡിസംബർ 26 മുതൽ 2017 ജനുവരി 1വരെ നടന്നു. ശുചിത്വഭാരതം സുന്ദരഭാരതം മാലിന്യ നിർമ്മാർജന പരിപീടിയാണ് പൊതു വിഷയമായി തെരഞ്ഞെടുത്തിരുന്നത്. സേവനത്തിലൂടെ ഗ്രാമവികസനത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സ്ക്കൂൾ പരിസരം ശുചീകരിക്കുകയും ശ്രീധരീയം ആയുർവ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ഔഷധോദ്യാനം നിർമ്മിക്കുകയും ചെയ്തു. വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സാക്യാമ്പും മരുന്നു വിതരണവും നടക്കും.


വിദ്യാർത്ഥികൾക്ക് ആവേശമായി 'നവപ്രഭ'

നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം
റിപ്പോർട്ടർ

കൂത്താട്ടുകുളം: സെക്കന്ററി തലത്തിൽ ഒമ്പതാംക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നടത്തി പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളം ആവിഷ്കരിച്ച 'നവപ്രഭ' പദ്ധതി കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ 08-12-2016 വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ സ്വാഗതം ആശംസിച്ച യോഗം പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു ഉദ്ഘാടനംചെയ്തു. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബു ആദ്യക്ലാസ്സിന് തുടക്കം കുറിച്ചു. മാസ്റ്റർ അജിത് എൻ. കെ. യോഗത്തിന് കൃതജ്ഞതപറഞ്ഞു.

ഒൻപതാം ക്ലാസ്സിലെ പതിനാറ് വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി ഗണിതശാസ്ത്രം, ശാസ്ത്രം, മലയാളം എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം ലഭിക്കുക എന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.