അണ്ടത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24093 (സംവാദം | സംഭാവനകൾ) (''മലപ്പുറം ജില്ലയുടെ പിറവിക്ക് മുമ്പ് പാലക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'മലപ്പുറം ജില്ലയുടെ പിറവിക്ക് മുമ്പ് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു അണ്ടത്തോട്. പിന്നീട് ഇവിടം തൃശ്ശൂര്‍ ജില്ലയിലേക്ക് ചേര്‍ക്കപ്പെടുകയായിരുന്നു. കേരളത്തിന്റെ പ്രഥമ നിയമസഭയില്‍ ഒരു അസംബ്ലി മണ്ഡലമായിരുന്നു അണ്ടത്തോട്. ഇപ്പോഴുള്ള പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ ആദ്യകാലത്ത് അണ്ടത്തോട് പൊലീസ് സ്റ്റേഷനായിരുന്നു.കേരളത്തിന്റെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ നടപ്പാടകലെയുള്ള പ്രദേശമെന്ന നിലക്കും പൗരാണിക വൈജ്‍ഞാനിക പ്രഭ ചൊരിഞ്ഞുനിന്ന മേഖല എന്ന നിലക്കും അണ്ടത്തോടിന് പണ്ടേ പെരുമയുണ്ടായിരുന്നു. ഫതഹുല്‍ മുബീന്റെ രചയിതാവ് ശുജാഇ മൊയ്തുമുസ്‌ല്യാരുടെ ഈ നാട് ഇസ്‌ലാമിക കേരളത്തിന് പ്രിയപ്പെട്ടതായിരുന്നു. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് അണ്ടത്തോട് ജുമുഅത്ത് പള്ളി. പള്ളിക്ക് എതിര്‍വശത്ത് ഒരു ഇടവഴിയുണ്ടായിരുന്നു. അവിടെ തെളിവെള്ളമുള്ള ഒരു പൊയ്കയും അതില്‍ നിറയെ കടും പച്ച കുളച്ചണ്ടികളുമുണ്ടായിരുന്നു. ആ കുളച്ചണ്ടികളുടെ വേരുകള്‍ അഴുക്ക് മുഴുവന്‍ വലിച്ചെടുത്ത് ജലാശയത്തെ നിര്‍മ്മലമാക്കി നിര്‍ത്തിയിരുന്നു. പുന്നയൂര്‍ക്കുളം ,ഉപ്പുങ്ങല്‍ തുടങ്ങിയ വിദൂര ദേശങ്ങളില്‍ നിന്നു പോലും മയ്യിത്ത് മറമാടാന്‍ കൊണ്ട് വന്നിരുന്ന ഖബറിത്താനായിരുന്നു ഇത്. പള്ളിക്ക് വടക്കുഭാഗത്ത് പ്രസിദ്ധമായ ഒരു ചന്തയുണ്ടായിരുന്നു. ഇന്ന് ഇരുപത്തിനാല് മണിക്കൂറും ചീറിപ്പായുന്ന നാഷണല്‍ ഹൈവേയുടെ ഭാഗമായ റോഡ് സംവിധാനം ഇവിടുണ്ടായിരുന്നില്ല . പകരം ചരല്‍ വിരിച്ച നടവഴികളായിരുന്നു.അകലാട് പള്ളി മുതല്‍ ചാവക്കാട് വരെ പൂഴിമണ്ണായിരുന്നു. നടക്കുന്ന വഴി എന്ന അര്‍ത്ഥത്തില്‍ നടക്കായി എന്നാണ് റോഡിനെ വിളിച്ചിരുന്നത്. കനോലി കനാലാണ് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് .ചരക്കുവള്ളങ്ങള്‍ ഇവിടങ്ങളിലെ നിത്യ കാഴ്ചയായിരുന്നു. പനന്തറ ,അണ്ടത്തോട് എന്നിവയായിരുന്നു പ്രധാന കയറ്റിറക്കു കേന്ദ്രങ്ങള്‍. പാലം ഇല്ലാത്തതുമൂലം പുതുപൊന്നാനി വരെ മാത്രമേ റോഡ് സൗകര്യം ഉണ്ടായിരുന്നുള്ളൂ. 1968 ലാണ് ആദ്യമായി ബസ്സ് ഗതാഗതം തുടങ്ങിയത്. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിലെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പുന്നയൂർക്കുളം വില്ലേജിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണ് അണ്ടത്തോട്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലാണ് .മദ്രാസ് പ്രസിഡൻസിയുടെ കീഴിലെ മലബാർ ഡിസ്ട്രിക്ടിൽ ഉൾപ്പെട്ടിരുന്ന പ്രദേശമായിരുന്ന പുന്നയൂർക്കുളം. പിന്നീട് ഇത് അണ്ടത്തോട് ,ആറ്റുപുറം എന്നീ രണ്ടു പഞ്ചായത്തുകളായി വിഭജിച്ചുകിടക്കുകയായിരുന്നു. 1962-ലാണ് ഇന്ന് നിലവിലുള്ള ഏകീകൃത പുന്നയൂർക്കുളം പഞ്ചായത്തായി മാറിയത്. ആദ്യം കോഴിക്കോട് ജില്ലയിലും പിന്നീട് 1956-നു ശേഷം പാലക്കാട് ജില്ലയിലും ഉൾപ്പെട്ടിരുന്ന അണ്ടത്തോട് 1970-കൾക്കുശേഷമാണ് തൃശ്ശൂര്‍ ജില്ലയിലായത്.തെക്കേമലബാറിലെ വളരെ പ്രശസ്തമായ കളരിത്തറവാടായ അണ്ടത്തോട്ടെ ചെറായി കളരി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചെറായി പണിക്കന്മാർ നടത്തിയിരുന്ന ഈ കളരിയിൽ ഒതേനന്‍ ആയുധവിദ്യ അഭ്യസിക്കാൻ എത്തിയിരുന്നതായി ചരിത്രസൂചനയുണ്ട്. നാട്ടിൽ നിന്ന് പഠനം കഴിഞ്ഞ ഒതേനൻ ഉപരിപഠനാർത്ഥം രണ്ടുവർഷം കൊല്ലം ചെറായി കളരിയിൽ ആയുധവിദ്യ അഭ്യസിച്ചിട്ടുണ്ട്. ചില അപൂർവ്വ വിദ്യകൾ പഠിക്കാനായിരുന്നുവത്രേ ഒതേനൻ ഇവിടെ വന്നത്. ഇതിൽ നിന്നും മനസ്സിലാവുന്ന വസ്തുത, അണ്ടത്തോട് ചെറായി കളരിയുടെ പ്രശസ്തി വർഷങ്ങൾക്കു് മുമ്പുതന്നെ വടക്കേമലബാറിലും എത്തിയിരുന്നു എന്നാണ്. കേരളത്തിൽ ഏറ്റവുമധികം രാമച്ചം കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന ഗ്രാമങ്ങളിലൊന്നാണ് അണ്ടത്തോട്.വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് അസംസ്കൃതവസ്തുവായി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന പരമ്പരാഗതകാര്‍ഷികോല്‍പ്പന്നമാണ് രാമച്ചം.ഒരു ആയുര്‍വ്വേദ ഉല്‍പന്നമായ രാമച്ചം മറ്റു സംസ്ഥാനങ്ങളിലെത്തിച്ചു സംസ്കരിച്ച് കിടക്കകളും വിശറികളും ഉണ്ടാക്കി വീണ്ടും കേരളത്തിന്റെ മാര്‍ക്കറ്റുകളില്‍ തന്നെയെത്തുന്നു. ഒന്നാം കേരള നിയമസഭയില്‍ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത് കൊളാടി ഗോവിന്ദന്‍കുട്ടി മേനോന്‍ ആയിരുന്നു. 1957-ൽ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കെ.ജി. കരുമാകരമേനോനെ പരാജയപ്പെടുത്തി അണ്ടത്തോട് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം ഒന്നാം കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അണ്ടത്തോട് ഗ്രാമം സ്ഥിതിചെയ്യുന്ന പുന്നയൂര്‍ക്കുളം പഞ്ചായത്തിന്റെ മണ്ണില്‍ ജനിച്ചുവളര്‍ന്ന് സാഹിത്യ-സാംസ്കാരിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ നാലപ്പാട്ട് നാരായണമേനോന്‍,ബാലാമണിയമ്മ,കമലാസുരയ്യ(മാധവിക്കുട്ടി) എന്നിവര്‍ ഈ ഗ്രാമത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ എത്തിച്ചവരാണ്.വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് നാലാപ്പാട്ട് നാരായണമേനോനാണ്. മലയാളത്തിന്റെ അമ്മയായ ബാലാമണിയമ്മ എന്ന കവയിത്രിയെ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മകളാകട്ടെ മാധവിക്കുട്ടി, കമലാദാസ് എന്നീ പേരുകളില്‍ കഥയും കവിതകളുമെഴുതി ലോകപ്രശസ്തയായി മലയാളമണ്ണിന്റെ ഖ്യാതി ലോകമെങ്ങുമെത്തിച്ചു. അണ്ടത്തോട് ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയായ അറബിക്കടലിനോട് ചേര്‍ന്ന് ഏകദേശം 3 കിലോമീറ്റര്‍ വിസ്തൃതിയില്‍ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നു. ടിപ്പുസുല്‍ത്താന്‍ റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട്. മത്സ്യബന്ധനവും മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഏകദേശം 1000-ത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. കൂടുതലാളുകളും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ഈ അടുത്ത കാലങ്ങളിലായി പുതിയ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരും ധാരാളമായുണ്ട്.സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് എഴുത്താശാന്‍മാരുടെ കീഴില്‍ നിലത്തെഴുത്ത് അഭ്യസിക്കുകയായിരുന്നു വിദ്യാഭ്യാസത്തിന്റെ ആദ്യ പടി. കുടുക്കയില്‍ പൂഴിമണല്‍നിറച്ച് പനയോലകളും കൊണ്ടാണ് അന്നത്തെ വിദ്യാര്‍ത്ഥികള്‍ എഴുത്തുപള്ളിയില്‍ പോകുക. ചൂണ്ടാണിവിരല്‍ കൊണ്ടാണ് പൂഴിയില്‍ ഹരിശ്രീ കുറിക്കുക. അക്ഷരങ്ങള്‍ ഓലയില്‍ എഴുതിക്കൊടുക്കുകയും ചെയ്യും. അതായിരുന്നു അന്നത്തെ വിദ്യാഭ്യാസസമ്പ്രദായം. സവര്‍ണ്ണകുട്ടികളെ ഒരിടത്തും അവര്‍ണ്ണരെ മറ്റൊരിടത്തും മാറ്റിനിര്‍ത്തുകയും ചെയ്യും. ദേഷ്യം വന്നാല്‍ ആശാന്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥികളെ വടികള്‍ കൊണ്ട് കയ്യില്‍ അടിക്കുകയും അവര്‍ണ്ണവിദ്യാര്‍ത്ഥികളെ അയിത്തത്തിന്റെ പേരില്‍ വടികൊണ്ട് എറിയുകയുമായിരുന്നു പതിവ്. ജാതിയുടെ പേരില്‍ സ്വന്തം ശിഷ്യന്മാരോടു പോലും ആശാന്‍മാര്‍ വിവേചനം കാട്ടിയിരുന്നു. 1892-ലാണ് അണ്ടത്തോട് ഗ്രാമം ഉള്‍പ്പെടുന്ന പുന്നയൂര്‍ക്കുളത്ത് ആധുനികവിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചത്.1892-ല്‍ പുഴിക്കളയില്‍ ഹിന്ദു എലിമെന്ററി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. ഇതാണ് അണ്ടത്തോട് ഗ്രാമത്തിനടുത്തുള്ള ആദ്യത്തെ വിദ്യാലയം. ഇത് പിന്നീട് എലിയങ്ങാട്ട് രാജ ഏറ്റെടുത്ത് രാമരാജ സ്കൂള്‍ എന്ന പേരുനല്‍കി. കാലക്രമേണ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയുണ്ടായി. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനഫലമായി പരൂര്‍ എലിമെന്ററി സ്കൂള്‍, ചമ്മന്നൂരില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പ്രൈമറിവിദ്യാലയം, പുന്നയൂര്‍ക്കുളം ജി.എം.എല്‍.പി.എസ്, കടിക്കാട് പ്രവര്‍ത്തിച്ചിരുന്ന പ്രൈമറിവിദ്യാലയം തുടങ്ങിയവയൊക്കെ സ്വാതന്ത്ര്യസമ്പാദനത്തിനു മുമ്പുതന്നെ നിലവില്‍ വന്നിരുന്നു. 1993-ലാണ് കടിക്കാട് ഗവണ്‍മെന്റ് ഹൈസ്കൂള്‍ നിലവില്‍ വന്നത്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ട് വരികയും ഉയര്‍ന്ന സാമൂഹ്യ അവബോധവും ഉന്നത നിലവാരവും ഉള്ളവരാക്കി മാറ്റിയെടുക്കാനുമുള്ള ശ്രമകരമായ പ്രവര്‍ത്തനം മുന്നില്‍ കണ്ടുകൊണ്ട് സംഘടിപ്പിച്ച സംരംഭമായ തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് 1998ലാണ് അണ്ടത്തോട് തഖ്‌വ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. സാമ്പത്തികമായി പിന്നോക്കമായി എന്ന കാരണം കൊണ്ട് മതിയായ വിദ്യാഭ്യാസമോ ,സംസ്കാരമോ ലഭിച്ചിട്ടില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി പൂര്‍ണ്ണ സംരക്ഷണവും സഹായവും നല്‍കുക എന്ന ഉദ്ധേശത്തോടെ പ്രഥമ സംരംഭമായി അണ്ടത്തോട് തഖ്‌വ വനിതാ യത്തീംഖാനക്ക് തുടക്കമിട്ടു. തീരപ്രദേശമായ അണ്ടത്തോടിലെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഇംഗ്ലീഷ് വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനായി സ്ഥാപിക്കപ്പെട്ട തഖ്‌വ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ ഇന്ന് ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടുത്തെ മുഖ്യ ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന തീരപ്രദേശവും സമതലപ്രദേശങ്ങളുമടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം. മുഖ്യകൃഷി തെങ്ങ്, നെല്ല്, ഇടവിളകളായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറി എന്നിവയാണ്. പഴയകാലത്ത് തീരപ്രദേശങ്ങളില്‍ പ്രധാനമായും കശുമാവാണ് കൃഷി ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ എതാനും ദശകങ്ങളായി രാമച്ചകൃഷിയും കൂര്‍ക്ക കൃഷിയും ഈ പ്രദേശത്ത് വികസിച്ചു. കശുമാവുകൃഷി നാമമാത്രമായി ചുരുങ്ങി. .പുരാതന കലാരൂപമായ അറബനമുട്ട്, കോല്‍ക്കളി തുടങ്ങിയവ ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നു. എഴുപതുകളില്‍ എണ്ണ സമ്പന്നമായ അറബ്‌നാടുകളിലുണ്ടായ സാമ്പത്തിക പുരോഗതിയുടെ സ്വാധീനം അണ്ടത്തോടിനേയും ബാധിച്ചു. ഗള്‍ഫിലേക്കുള്ള കുടിയേറ്റമാണ് ഇന്ന് നാട്ടിലുള്ള പുരോഗതിയുടെ യഥാര്‍ത്ഥ ഹേതു. മതസൗഹാര്‍ദ്ധത്തിനും മതേതരത്വത്തിനും വളക്കൂറുള്ള മണ്ണാണ് അണ്ടത്തോട് .പഴക്കമുള്ള ജുമുഅത്ത് പള്ളി പോലെ തന്നെ പെരിയമ്പലം എന്നറിയപ്പെടുന്ന വേട്ടക്കൊരുമകന്‍ ക്ഷേത്രം പ്രദേശത്തെ ഭക്തജനങ്ങളുടെ ആശാകേന്ദ്രമാണ്.

"https://schoolwiki.in/index.php?title=അണ്ടത്തോട്&oldid=145344" എന്ന താളിൽനിന്ന് ശേഖരിച്ചത്