ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/അക്ഷരവൃക്ഷം/ആമി

Schoolwiki സംരംഭത്തിൽ നിന്ന്
ആമി

ഭ്രാന്തമായ മുടിയിഴകളിൽ തഴുകിക്കൊണ്ട് ആമി ഡോക്ടറെ നോക്കി.

പോസിറ്റീവ് ആണ്. അവൾ ഒന്നും മിണ്ടിയില്ല. മാസ്കും വെളുത്ത കുപ്പായവുമണിഞ്ഞ ഡോക്ടറെ അവൾ ഈറനണിഞ്ഞ കണ്ണുകളാൽ നോക്കി.

ഭയപ്പെടരുത്. ഇതും നീ നേരിടും, അതിജീവിക്കും. നിനക്ക് ഞങ്ങളുണ്ട് ഡോക്ടർ ജോസഫ് മുറിയിൽ നിന്നും പുറത്തിറങ്ങി

ഐസൊലേഷൻ മുറിയിലെ ഗന്ധം ആമിയെ എന്തെന്നില്ലാതെ അസ്വസ്ഥതപ്പെടുത്തി. പുറത്തു മഴയുണ്ടെന്ന് തോന്നുന്നു. എന്തെന്നില്ലാത്ത കുളിർമ. പണ്ട് മഴയത്ത് എന്ത് രസമായിരുന്നു. അച്ഛനും അമ്മയും അനിയത്തി ജെന്നിയും........ എല്ലാം ഒരു ഓർമ്മപോലെ അവളെ ഉണർത്തി.സന്തോഷമെല്ലാം ഇല്ലാതായത് ഇതുപോലൊരു മഴക്കാലത്തല്ലേ? ആ കാറപകടം...... ആമി, ആമി ആമി ഞെട്ടിയുണർന്നു. ഡോക്ടറാണ്. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് ആമി ഡോക്ടറെ നോക്കി. മാസ്ക്കിൽ ഈറനണിഞ്ഞത് ഡോക്ടർ മനസ്സിലാക്കിയിരുന്നു. ജോസഫ് തൻ്റെ കൃത്യനിർവഹണത്തിനു ശേഷം അടുത്ത മുറിയിലെ രോഗിയുടെ അടുത്തേക്ക് പോയി. ജോസഫിൻ്റെ ചേട്ടൻ്റെ മകളാണ് ആമി. കുടുംബത്തിൻ്റെ മരണശേഷം ഏറെ നാളുകഴിഞ്ഞാണ് അവൾ സാധാരണ നിലയിലായത്. ജോസഫിൻ്റെ സഹായത്തോടെയാണ് ആമി ഇറ്റലിയിൽ പഠനത്തിന് പോയത്. ആരും അറിഞ്ഞില്ലല്ലോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോൾ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ചു. ആമിയുടെ കണ്ണുകൾ നിറയാൻ കാരണം ഒന്നേയുള്ളു താൻ കാരണം രണ്ടു പേർ........

കണ്ണ് തുടച്ചു കൊണ്ട് അവൾ മനസ്സിലുറപ്പിച്ചു. തളരില്ല, പതറില്ല, നേരിടും; അതിജീവിക്കും; എല്ലാം പഴയരീതിയിലാകും.താൻ കണ്ട സ്വപ്നങ്ങളിൽ, അച്ഛൻ കണ്ട സ്വപ്നങ്ങളിൽ എത്താനാകും. അവൾ പതിയെ നിദ്രയിലാണ്ടു ....... തെല്ലിടെ അവൾ ചിന്തിച്ചു.

ഇതും ഒരു സ്വപ്നമായിരുന്നെങ്കിൽ......

അമൽരാജ് ആർ
10 A ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ