Schoolwiki സംരംഭത്തിൽ നിന്ന്
റിസൽറ്റ് പോസിറ്റിവാണ്…………….
"മണി പന്ത്രണ്ടരയായിരിക്കുന്നു. ജനാലയ്ക്ക് പുറത്ത് ഭൂമി ഇരുൾ പുതച്ചുറങ്ങുന്നു. അങ്ങിങ്ങായി തെരുവു വിളക്കുകൾ തിളങ്ങുന്നുണ്ട്. അത്രയും വെളിച്ചം പോലും തന്റെ മനസ്സിനുള്ളിലില്ലോ എന്നവൾ വേവലാതി പെട്ടു. എങ്ങനെ വെളിച്ചമുണ്ടാവാനാ? ഇത്ര നേരമായി ഒന്നു വിളിക്കണം എന്ന തോന്നിയോ? എവിടുന്ന്? എന്നെക്കുറിച്ച് ചിന്തയുണ്ടായലല്ലേ അങ്ങനെയൊക്കെ തോന്നു. എന്തേലും ഒരു പ്രശ്നം വന്നാൽ ഇങ്ങോട്ട് ഒട്ടു പോരാനും പറ്റത്തില്ല! ഇവിടെ ലോക്ക്ഡൗണല്ലേ! അവളുടെ ചിന്തകൾ കാടുകയറി. ആ കണ്ണൂകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു. "നാളെയാ ടെസ്റ്റ് റിസൽറ്റ് വരുന്ന ! നീ ഒന്നു സൂക്ഷിച്ചോട്ടോ !" ആ വാക്കുകൾ ഇടിമിന്നൽ പോലെ കാതുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും റിസൽറ്റ്? ഇനി അത് പൊസിറ്റിവായത് കൊണ്ടാണോ വിളിക്കാത്തത്? നാശം! ഈ ദുഷിച്ച ചിന്തയെ മനസ്സിൽ വരു. അവൾ മനസ്സിനെ ശപിച്ചു. കുമിഞ്ഞുകൂടുന്ന ചിന്തകളിൽ നിന്ന് ഫോൺ കോളിന്റെ റിംഗ് ടോൺ അവളെ ഉണർത്തി. കട്ടിലിൽ അടുത്തു തന്നെ ഉണ്ടായിരുന്നു ഫോൺ തപ്പിയെടുത്തു അവൾ നോക്കി. പെട്ടെന്ന് അവളുടെ കണ്ണിലൂടെ ഒരു വെളിച്ചം പാഞ്ഞു പോകുന്നതായി കാണാമായിരുന്നു. "രാജേഷ്" അവളുടെ ചുണ്ടുകൾ മന്ദമധുരമായി മന്ത്രിച്ചു. വിറയ്ക്കുന്ന കൈളോടെ അവൾ പച്ചനിറത്തിൽ തിളങ്ങുന്ന കാൾ ബട്ടൺ അമർത്തി. പിന്നെ ഫോൺ പതിയെ ചെവിയോട് ചേർത്തു. "ഹലോ" ആ സൗണ്ട് നന്നെ തണുത്തുറഞ്ഞിരുന്നു. മറുപടിക്കുള്ള കാത്തിരിപ്പ് അസഹ്യമായിരുന്നു. അത്രയേറേ മോഹിച്ചിരുന്നവൾ ആ ശബ്ദം കേൾക്കാൻ! "ഹലോ മീര " മടിച്ചു മടിച്ചു വീഴുന്ന വാക്കുകൾ മീരയുടെ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടി. എങ്കിലും ആ ശബ്ദം തന്റെ ചൂടുപിടിച്ച മനസ്സിനെ കുളിർപ്പിക്കുന്നതായി അവൾക്ക് തോന്നി. ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ വാക്കുകൾക്ക് ഒരിക്കലുമില്ലാത്ത മടി. രണ്ടു വാക്കുകൾ മാത്രം അവയ്ക്കിടയിൽ നിന്ന് തെന്നി വീണു. " റിസൽറ്റ് എന്തായി?" ആ വാക്കുകൾ മറുതലയ്ക്കൽ തിരമാലകളേപോൽ അടിച്ചു കയറി. കൂറേ നേരത്തെ മൗനത്തിനുശേഷം ധൈര്യം സംഭരിച്ചപ്പോലെ മറുതലയ്ക്കൽ നിന്ന് മറുപടിയെത്തി." റിസൽറ്റ്.... റിസൽറ്റ് പോസിറ്റിവാണ്". മീരയുടെ കണ്ണൂകൾ നിറഞ്ഞൊഴുങ്ങി." എന്തേ, പേടിച്ചുപോയോ? എടോ ഇത് അത്ര വലിയ രോഗ മൊന്നുമല്ല. ഇത് ബാധിച്ചിട്ടും രക്ഷപെട്ടു പോയ എത്രയോ ആൾക്കാരുണ്ട്. ഇവിടെ നല്ല ചികിൽസയുമാണ് താനും. മാത്രവുമല്ല ഇവിടെ മറ്റു രാജ്യങ്ങളെ പോലെയല്ല. രോഗികൾ കുറവാ. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് നല്ല കെയറും കിട്ടും." "എനിക്കൊന്നു കാണണം. എവിടെയാ ഇപ്പോൾ?" "എടോ, ഞാനിവിടെ ഹോസ്പിറ്റലിലാ . ഇവിടെ നെറ്റ് സ്പീഡ് തീരെ പോര. ഇനി കണ്ടിട്ടെന്തിനാ? ഇരുന്ന് കരയാനല്ലേ. പോയി കിടന്നുറങ്ങെടാ! ഇവിടെ ഞാൻ സെയ്ഫാ! താൻ വെറുതെ ഇരുന്ന് കരഞ്ഞു കൊഴപ്പമാക്കാതിരുന്നാമതി. ഒരു കുഞ്ഞു വയറ്റിലുള്ളതാ! പറഞ്ഞില്ലെന്നുവേണ്ട. ശരിയെന്നാ,ഓക്കേ .ഞാൻ നാളെ വിളിക്കാം"ഫോൺ കട്ടായി. ഒരു ജീവച്ഛവംപോലെ അവൾ അവിടെ തന്നെയിരുന്നു. അവളുടെ കൈയിൽ നിന്ന് ഫോൺ മെല്ലെ ഊർന്ന് മടിയിലേക്ക് വീണു. ഒരു മഴ പെയ്തൊഴിഞ്ഞ പോലെ മീരയ്ക്ക് തോന്നി. ആ മഴ വെള്ളം അവളുടെ കൺപോളകളിൽ കെട്ടി നിൽക്കുന്നുണ്ടായിരുന്നു. പിന്നെ അവ തുള്ളി തുള്ളിയായി പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. നിലാവിൽ അവയ്ക്ക് ഇന്ദ്രനീലത്തിന്റെ തിളക്കം ഉണ്ടായിരുന്നു."
ഇത് വെറും സാങ്കൽപ്പികമായ ഒരു വർണനമാത്രമല്ല. ഇതേ അനുഭവത്തിലൂടികടന്നു പോയ എത്രയോ സ്ത്രീകൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. എന്തുകൊണ്ട് അവർ അവരുടെ പ്രിയരേ പിരിഞ്ഞിരിക്കേണ്ടി വരുന്നു? പ്രവാസികൾ എങ്കിലും അവരുടെയും നാടല്ലേ ഇന്ത്യ? അവർക്ക് ഒരു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ഈ നാടല്ലേ അവർക്ക് താങ്ങും തണലും ആകേണ്ടത്? എന്നിട്ടും ഗവൺമെൻറ് എന്തുകൊണ്ട് അവരെ ഇങ്ങോട്ട് കൊണ്ടുവരാൻ വേണ്ട നടപടികൾ എടുക്കുന്നില്ല?
കാരണം ഗവൺമെൻറ് ഇവരിൽ കൂടി അഥവാ പ്രവാസികളായ ഇന്ത്യക്കാരിൽ കൂടി സ്വദേശികളായ ഇന്ത്യക്കാരിലേക്ക് അഥവാ നമ്മളിലേക്ക് കോവിഡ് 19 അഥവാ കൊറോണ എന്ന വൈറസ് പകരുമെന്ന് ഭയപ്പെടുന്നു.അതായത് പ്രവാസികൾക്ക്, നമുക്ക് വേണ്ടി അവരുടെ ജന്മനാട്ടിൽ നിന്നും, ഇവിടെയുള്ള അവരുടെ പ്രിയരിൽ നിന്നും അകലം പാലിക്കേണ്ടതായി വരുന്നു.
എന്നാൽ നമ്മളോ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊറോണയ്‌ക്കെതിരെ പൊരുതാൻ ഒരുങ്ങിയ ഇന്ത്യയെയും, ഇന്ത്യൻ ഭരണഘടനയെയും, നിയമങ്ങളെയെയും വെല്ലുവിളിച്ചു നിരത്തിലിറങ്ങുന്നു. അതുവഴി പ്രവാസികളുടെയും, നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും, പോലീസിന്റെയും, മറ്റ് അധികൃതരുടെയും ത്യാഗങ്ങളെ നിഷ്ഫലമാക്കുന്നു.ഫലമോ, കോവിഡ് 19 എന്ന മഹാമാരി സാമൂഹ്യവ്യാപനമെന്ന് രാക്ഷസ രൂപം ധരിച്ച് നമ്മുടെ തന്നെ അന്ത്യം വിധിക്കുന്നു. അതുകൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടി നമുക്ക് നിർത്താം. സർക്കാരിൻറെ നിർദ്ദേശങ്ങളെ പിന്തുണച്ചുകൊണ്ട് ശാരീരിക അകലത്തിൽ നിന്ന് തന്നെ മാനസിക അടുപ്പം എന്ന ആശയത്തിലേക്ക് നമുക്കെത്താം.നാളെ വീണ്ടും കാണുന്നതിനായി ഇന്ന് നമുക്ക് കാണാതിരിക്കാം.
“So let's Break the Chain”.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ
|