സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/കുതിര

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുതിര

കാടിനുള്ളിലെ ഒരു ആദിവാസി ഗ്രാമം. ഒരു കുടിലിൽ രാമുവും അവന്റെ സുഖമില്ലാത്ത അമ്മയും താമസിക്കുന്നു. അടുത്തടുത്തായി മറ്റ് കുടിലുകൾ. കാട്ട് വിഭവങ്ങളുടെ ശേഖരണവും അവ അങ്ങാടിയിൽ കൊണ്ടുപോയി വിപണനവുമാണ് ഏതാണ്ടെല്ലാവരുടെയും തൊഴിൽ. അത്യാവശ്യം തേൻ ശേഖരണവും, ചെറിയ കൃഷിയും സർക്കാർ സഹായവുമൊക്കെയായി രാമുവും അമ്മയും കഴിഞ്ഞു പോന്നു. സുമാർ 4 കിലോമീറ്റർ അകലെയായിരുന്നെങ്കിലും അവന് സ്‌കൂളിൽ പോകാൻ ഇഷ്ടമായിരുന്നു. കാടിന് പുറത്തെ അതിവിശാല ലോകത്തിന്റെ കൗതുകമാർന്ന വാതായനങ്ങൾ അധ്യാപകർ ആ എട്ടാം തരക്കാരന്റെ മുന്നിൽ തുറന്നു കൊടുത്തു. എങ്കിലും കാടും അവിടുത്തെ ആവാസ വ്യവസ്ഥയുമായിരുന്നു എന്നും രാമുവിന്റെ പ്രചോദനം. അങ്ങനെയിരിക്കെ ഒരു ദിനം മാന്യമായി വസ്ത്രം ധരിച്ച രണ്ട് പേർ ഗ്രാമത്തിലെത്തി പറഞ്ഞു... "വേഗം ഈ സ്ഥലം വിട്ട് എല്ലാവരും പോകണം. ഇത് ഞങ്ങളുടെ കമ്പനി വക സ്ഥലമാണ്..പുതിയ പ്രോജെക്ട് വരികയാണ് ". വിവരറിഞ്ഞെത്തിയ ആദിവാസി മൂപ്പൻ പറഞ്ഞു "കാട് ആരുടെയെങ്കിലും സ്വന്തമല്ല... എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. പിന്നെ ഞങ്ങളെയെന്തിന് കൂടിയൊഴിപ്പിക്കണം" "10 ദിവസത്തിനകം എല്ലാവരും ഒഴിഞ്ഞ് പോകണം... അല്ലെങ്കിൽ നിർബന്ധമായും ഒഴിപ്പിക്കും" എന്ന് പറഞ്ഞ് അവർ മടങ്ങി. കാത്തിരുന്ന് കാണാമെന്ന് പറഞ്ഞ് മൂപ്പൻ എല്ലാവരെയും സമാധാനിപ്പിച്ചു. 10 ദിവസം കഴിഞ്ഞിട്ടും ഭീഷണിയൊന്നും ഇല്ലാതിരിക്കെ ഗ്രാമീണർക്ക് സമാധാനമായി.
സന്തോഷത്തോടെ കഴിയവേ ഒരു ദിവസം രാമു കാട്ടുപാതയിലൂടെ വരുമ്പോൾ വിചിത്ര വേഷധാരികളായ രണ്ട് പേരെ കണ്ടു. ശരീരം മുഴുവൻ മറക്കുന്ന കട്ടി വസ്ത്രവും, മൂക്കും വായയും മറയ്ക്കുന്ന മുഖം മൂടിയും ധരിച്ചിട്ടുണ്ട്. "മോൻ ഈ ഗ്രാമത്തിലെയാണോ?" അവൻ തലയാട്ടി. അവർ അവനെ പിന്തുടർന്ന് ഗ്രാമത്തിലെത്തി. വിചത്ര വേഷധാരികളെ കണ്ട് ആൾക്കാർ തടിച്ചു കൂടി. "ജനങ്ങളേ.. ഇനി കുറച്ച് നാളത്തേക്ക് നിങ്ങൾ കൂട്ടം കൂടരുത്... വീടിന് പുറത്തിറങ്ങരുത്. 'കൊറോണ' എന്നൊരു അസുഖം പടർന്നിട്ടുണ്ട്. ഇതിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. എല്ലാവരും ജാഗ്രത പാലിക്കണം. നിങ്ങൾക്കാവശ്യമുള്ള സാധനങ്ങൾ സർക്കാർ തരും". പെട്ടെന്ന് ആൾകൂട്ടത്തിൽ നിന്നൊരാൾ മുന്നോട്ട് വന്നിട്ട് ഞാനിവിടുത്തെ അറിയപ്പെടുന്ന വൈദ്യനാണ്... ഏത് രോഗത്തിനും മരുന്നുണ്ട്. ഞാൻ ചികിൽസിച്ച് ഭേദമാക്കിക്കോളാം...നിങ്ങൾ നിങ്ങളുടെ വഴിക്ക് പൊക്കോ.... വേഗം..." "മഠയത്തരം പറയാതിരിക്കൂ ലോകമാകെ പടർന്ന ഈ രോഗത്താൽ പതിനായിരങ്ങൾ മരിച്ചു കഴിഞ്ഞു..." അവരുടെ മുന്നറിയിപ്പ് വകവെക്കാതെ വൈദ്യൻ പറഞ്ഞു "എന്റെ മരുന്ന് കൊണ്ട് ഞാൻ ഈ രോഗത്തെ കീഴടക്കും" ആ മനുഷ്യർ പോയി. രാമു അവർ പറഞ്ഞത് വിശ്വസിച്ച്, അനുസരിച്ച് വീടിന് പുറത്തിറങ്ങാതെ ദിവസങ്ങൾ പോക്കി. കുറെ ദിനങ്ങൾ കഴിഞ്ഞു. ക്ഷീണിതനായ ഒരാൾ തലയിൽ ചുമടുമായി കാട്ടുപാതയിലൂടെ വരികയായിരുന്നു. പെട്ടെന്നയാൾ നെഞ്ചു പൊത്തിക്കൊണ്ട് താഴേക്ക് ഇരുന്നു. അയാൾ ചുമയ്ക്കാൻ തുടങ്ങി. കുതിര ചിനക്കുന്ന ശബ്ദത്തിൽ.. അയാൾ കുതിരയായി മാറിയോ....?ചിനച്ച് ചിനച്ച് അയാൾ ചോര തുപ്പി. അയാളുടെ കണ്ണുകൾ തള്ളി... തലയിൽ മാരകമായ പ്രഹരമേറ്റ പോലെ.. കുളമ്പുകൾ നിലത്തുറക്കാതെ കുതിര ചോര തുപ്പികൊണ്ട് മുന്നോട്ടോടാൻ ശ്രമിച്ചു. അടിതെറ്റി ബോധം കേട്ട് താഴേക്ക് പതിച്ചു. കണ്ടു നിന്നവർ അയാളെ പൊക്കി വൈദ്യന്റെ അടുത്തേക്കോടി... അതിന്റെ അപകടമറിയാതെ... വൈദ്യൻ പല മരുന്നുകൾ കുതിരയിൽ പരീക്ഷിച്ചെങ്കിലും ഒന്നും ഏശിയില്ല. അലംഘനീയമായ മരണത്തിലേക്ക് പാവം 'കുതിര' സ്വർണ്ണച്ചിറക് വീശി പറന്നു പോയി. വിവരണാതീതമായ ദുഖത്താൽ വൈദ്യൻ വാവിട്ട് കരഞ്ഞു. ഒരാൾ മരിച്ചത് ആ ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. അയാളുടെ ശവസംസ്കാരത്തിനെത്തിയ മൂപ്പന്റെ ഒരനുയായിക്ക് പെട്ടെന്ന് ശ്വാസതടസം വന്നു. അയാൾ ശ്വാസം കിട്ടാതെ വായ തുറന്നു...ഉഛ്വാസ വായുവിനൊപ്പം ചുവന്ന ചോര കടവായിലൂടെ പുറത്തേക്കൊഴുകി. വെള്ളം... വെള്ളം....മൂപ്പാ... ആ കുതിര ഞെളിപിരി കൊണ്ടു...ഓടിപ്പോകാൻ കൊതിച്ചെങ്കിലും കുളമ്പ് തെറ്റി താഴെ വീണു... പിടഞ്ഞ് പിടഞ്ഞ് കുതിരയുടെ ജീവൻ പറന്നകന്നു.... രാമു ജാലക വിടവിലൂടെ പുറത്തേക്ക് നോക്കി. എന്താണ് ബഹളം... മരണവെപ്രാളം കാട്ടുന്ന കടിഞ്ഞാണില്ലാത്ത അസംഖ്യം കുതിരകളുടെ ദീനരോധനങ്ങൾ അവന്റെ ചെവിയിൽ വന്നലച്ചു... ഉള്ളിൽ പൊന്തി വന്ന സങ്കടത്തിന്റെ അഗ്നിപർവതം ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു. അറിവുള്ളവരുടെ വാക്ക് കേൾക്കാതെ ഓടിയ കുതിരകൾ മൃത്യുവിന്റെ പിടിയിലമരുന്നത് വ്യസനത്താൽ നോക്കി നിൽക്കാനേ അവന് കഴിഞ്ഞുള്ളു... അപ്പോൾ ഈ ഭൂലോകത്ത് എത്ര കുതിരകളുണ്ട്? അവർ എങ്ങനെ കുതിരകളായി? ചോദ്യങ്ങളുടെ തീക്ഷണതയിൽ ഉത്തരം കിട്ടാതെ അവൻ ഭയപ്പെട്ടു. ആഴ്ചകൾ കൊഴിഞ്ഞ് വീണു. രാമു കണ്ണ് തുറന്നു. നിശബ്ദം!!! കച്ചവടത്തിന്റെ ബഹളങ്ങൾ ഒന്നും കേൾക്കുന്നില്ല. രാമു പുറത്തിറങ്ങി. സ്ഥലം ശൂന്യം. ശ്മശാന മൂകത തളം കെട്ടിനിൽക്കുന്ന ഗ്രാമപാത. രാമൂ...!! അവൻ ഞെട്ടി തിരിഞ്ഞു നോക്കി.. പരിചിത ശബ്ദത്തിന്റെ മാറ്റൊലികൾ അവന്റെ ഉള്ളിൽ മുഴങ്ങി...അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു. ദൃഷ്ടിയിൽപ്പെട്ടത് മൂപ്പന്റെ കുടിയാണ്. അവ്യക്തമായ ഒരു ശബ്ദം .. അവൻ കാതോർത്തു. കുതിര ചിനക്കുന്നു. ജനലിൽ കൂടി നോക്കാൻ പോലും അവന് ത്രാണിയില്ലായിരുന്നു. ഒരലർച്ചയോടെ കുതിരയുടെ ചിനക്കൽ എന്നെന്നേക്കുമായി നിലച്ചു.

മുഹമ്മദ് ഈസ ഹുസൈൻ
8 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ