ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ പച്ചക്കറി
പച്ചക്കറി
വല്ല്യപ്പച്ചന്റെ ഭാര്യയുടെ ബന്ധുവാണ്. കുര്യാപ്പിള്ളിയിലായിരുന്നു താമസം. ഇപ്പോ ഇവിടേക്ക് താമസം മാറി എത്തിയിരിക്കുകയാണ്. ഫ്രാൻസിസ് ചേട്ടൻ പുതിയ വീട് വച്ച് മാറിയപ്പോൾ അവരുടെ പഴയവീട് വാങ്ങിയത് ഇവരാണ്. ഞങ്ങളുടെ ചോർന്നൊലിക്കുന്ന ഓലവീട്ടിലിരുന്ന് അന്ന് അതുപോലൊരു വീട് .....ഇല്ല അഹങ്കാരമാവും. പഴയവീടാണെങ്കിലും ഒരുവിധം വലിപ്പമുണ്ടതിന്. മീനില്ലെങ്കിൽ ചോറിറങ്ങാത്ത ഞങ്ങളോട് പച്ചക്കറി കഴിക്കുന്നതിന്റെ മാഹാത്മ്യം വിളമ്പാൻ അവൻ ഒട്ടും മറന്നില്ല. കാശ് കൊടുത്ത് വാങ്ങാൻ പറ്റിയില്ലെങ്കിൽ ചൂണ്ടയിട്ട് ഞാനോ അനിയനോ അത് ഒപ്പിക്കും. കളിക്കുന്നിടത്തും അവന്റെ വീമ്പു പറച്ചിലെത്തി. പലരും എന്തൊക്കെയോ മണത്തു തുടങ്ങി. പക്ഷേ ഒന്നും പരസ്യമായി പറഞ്ഞില്ല. വന്നിരിക്കുന്നത് പണക്കാരനാണ്. എന്തങ്കിലും പറഞ്ഞാൽ നമുക്ക് തന്നെയാവും കുറ്റം. അസൂയയാണെന്നേ പറയൂ. ഒന്നും മിണ്ടിയില്ല. ഇടയ്ക്കിടക്ക് കണ്ണുകൾ അടക്കുന്നതിനാൽ അവന് വട്ടപ്പേര് കിട്ടാൻ താമസമുണ്ടായില്ല. ശരിയായ പേരിനേക്കാൾ വട്ടപ്പേരാണ് ആ നാട്ടിൽ കൂടുതൽ അറിയപ്പെടുക. ബനിയനിട്ട് നടക്കുന്ന മൈക്കിളിന് പേര് ബനിയൻ മൈക്കിൾ, കട നടത്തുന്ന മൈക്കിൾ കടമൈക്കിൾ, മീൻകെട്ട് നടത്തുന്ന മൈക്കിൾ കെട്ട് മൈക്കിൾ. മൂട്ടയും കൊഴുവയും കൂക്കയും പാപ്പനും കാക്കയും വെട്ടനും ഒക്കെ ഇങ്ങനെ വട്ടപ്പേരുകളാണ്.അങ്ങനെ രണ്ട് വട്ടപ്പേരുകൾ അവൻ സ്വന്തമാക്കി. ഒന്ന് അവന്റെ കണ്ണിന്റെ പ്രത്യകത വച്ച് തന്നെ. അതിവിടെ കുറിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. രണ്ടാമത്തെ പേര് പച്ചക്കറി. അവന്റെ ഒരു യോഗം. ഇവന്റെ വീമ്പ് പറച്ചിൽ കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാണ് ഈ പേര് അവൻ സ്വന്തമാക്കുമെന്ന്. നാട്ടിൽ കുട്ടിയും കോലും കളി തുടങ്ങിയപ്പോൾ അവൻ വന്നു. എന്താണ് സാധനമെന്ന് അറിയില്ലെങ്കിലും അവൻ വന്ന് വീമ്പ് തുടങ്ങി. കളി കണ്ട് ആദ്യമൊക്കെ എല്ലാവരും കളിയാക്കിയെങ്കിലും പിന്നീട് അവനെ തോല്പിക്കാൻ ആർക്കും കഴിഞ്ഞില്ല. അവനെ പൂട്ടാൻ ഒരു അവസരം നോക്കി എല്ലാവരും ഇരുന്നു. അതിൽ അവനോടുള്ള അസൂയയും ഉണ്ടായിരുന്നു. പക്ഷെ അതിനുമപ്പുറം അവന്റെ വീമ്പ് പറച്ചിലുകൊണ്ടുണ്ടായ നഷ്ടങ്ങളായിരുന്നു. സാധാരണ ഞങ്ങൾ ആരും ഒന്നും പഠിക്കാറില്ല. പുസ്തകം ചുമന്ന് പോകും. തിരിച്ച് ചുമന്ന് കൊണ്ട് വരും. സത്യത്തിൽ അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് പോലും ഒരാൾക്കും അറിയില്ല. അമ്മ പറയാറുണ്ട് ഏറ്റത്തിന് അങ്ങോട്ടും ഇറക്കത്തിന് ഇങ്ങോട്ടും. വൈകുന്നേരം വന്നാൽ മേശപ്പുറത്ത് വച്ച് ഒരു ഓട്ടം. പറമ്പിൽ അപ്പോഴേക്കും കളിക്കാനുള്ള ആളുകൾ എത്തിയിട്ടുണ്ടാകും. ഇവൻ വന്നതിന് ശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങണമെങ്കിൽ കവടിനിരത്തി നോക്കണം. കളിക്കാൻ പോയി വന്നാൽ വീട്ടിൽ നിന്ന് കിട്ടുന്ന അടിയുടെ എണ്ണവും കൂടി. അതുപിന്നെ വരുന്നത് എട്ടുമണിക്കും ഒൻപതു മണിക്കും ആകുമ്പോൾ പറയണ്ടല്ലോ. ഞങ്ങളേക്കാളും ഇഷ്ടം അവർക്ക് അവനോടായി. നല്ല കൊച്ച്. പഠിക്കാൻ മിടുക്കൻ. കണക്കിന്റ ചില സംശയങ്ങൾ അവനോട് ചോദിച്ചപ്പോൾ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. പുസ്തകം മറിച്ചുു നോക്കിയാലല്ലേ എന്തങ്കിലും അറിയൂ. അങ്ങനെ ഒരുദിവസം ശശീലൻമാഷ് ക്ലാസ്സിലെത്തി. ഈ ശശീലൻ മാഷ് എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര പുള്ളിയാണ്. കൊടിമൂത്ത മൂത്താപ്പമാർവരെ സാറിന്റെ ക്ലാസ്സിൽ നടുവിന് വടികെട്ടിയ പോലെ ഇരിക്കും. കൊതുകല്ല ഇനി ആന കുത്തിയാൽപ്പോലും അവന്മാർ അനങ്ങില്ല. താഴെ വീഴുന്ന സൂചിയല്ല അതുവഴിവരുന്ന കാറ്റ്പോലും വായ് പൊത്തിയേ പോകൂ. ദേഷ്യം വന്നാൽ പുസ്തകവും ചുരുട്ടി ചുണ്ട് ഒരഞ്ചാറ് പ്രാവശ്യം കടിച്ചുപിടിച്ച് കൊടുങ്കാറ്റ് പോലെ അലറിവിളിച്ച് ഒരു വരവുണ്ട്. ആവരവിൽത്തന്നെ ഏതാണ്ട് ഒരുമാതിരിയുള്ള വന്മാരുടെ ഒന്നും രണ്ടും പിന്നെ ബാക്കി വല്ലതുമുണ്ടെങ്കിൽ അതും കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ക്ലാസ്സിന് പുറത്ത് കണ്ടാൽ ഈ സാധനമല്ലല്ലോ അവിടെ കണ്ടത് എന്ന് തോന്നിപ്പോകും. വളരെ സൗമ്യൻ. എന്ത് സംശയവും ചോദിക്കാം. അങ്ങനെ ആ ക്ലാസ്സിൽ അന്ന് വിശേഷപ്പെട്ട ഒരു കാര്യമാണ് നടക്കുന്നത്. മിക്കവാറും കണക്ക് ക്ലാസ്സെന്ന് പറയുമ്പോൾ അമ്മായി അമ്മയും മരുമോളും പോലെയാണ് ഞങ്ങൾക്ക്. അതിനിടയ്ക്കാണ് ഇന്ന് റൂട്ട് കാണാൻ പഠിപ്പിക്കുന്നത്. (ഒരു സിനിമയിൽ പറയുന്നത് പോലെ എന്റെ ഐഡിയയായിപ്പോയി നിന്റെ എങ്ങാനും ആയിരുന്നങ്കിൽ.......) ശശീലൻ മാഷായിപ്പോയി. വേറെ വല്ലവരും ആയിരുന്നെങ്കി...... തീർത്തേനെ കണക്ക് പഠിപ്പിക്കല്.... സാറ് ക്ലാസ്സ് തുടങ്ങി. ഏഴരപ്പൊട്ടന്മാരെല്ലാം സ്ഥിരോത്സാഹികളെപ്പോലെ ബോർഡിൽനിന്നും കണ്ണെടുക്കാതെ ഗണിതഗവേഷണ വിദ്യാർത്ഥികളെപ്പോലെ ഇരിക്കുന്നു. ഒരുനിമിഷം പോലും അടങ്ങിയിരിക്കാത്ത ജയ്സൻപോലും കണ്ണ് ചിമ്മാതെ മിഴിനട്ട് ഇരിക്കുകയാണ്. അനങ്ങിയാൽ അവന്റെ ശവമടക്ക് നടക്കുമിന്ന്. അതവനുമറിയാം. വളരെ വിശദമായി ഒരു പ്രശ്നം അവതരിപ്പിച്ചു. ആദ്യത്തെബെഞ്ചിലെ രണ്ട് മിടുക്കന്മാരും ഇപ്പുറത്തെ ഏതാനും മിടുക്കികളും ഒഴിച്ചാൽ മറ്റാർക്കെങ്കിലും ഒരെത്തും പിടിയും കിട്ടുന്നുണ്ടോ എന്ന് അറിയില്ല. കാലാകാലങ്ങളായി ഗണിത അദ്ധ്യാപകരെ നാണംകെടുത്താൻ തുനിഞ്ഞിറങ്ങിയ ലാസ്റ്റ്ബെഞ്ചഴ്സ് എന്ന വംശപരമ്പരയിൽപ്പെട്ട എനിക്കും എന്റെ സഹ ബെഞ്ചന്മാർക്കും കുഴിയേതാ കരയേതാ എന്ന് അറിയാത്ത അവസ്ഥ. ചോദിച്ചാൽ ഇലവെട്ടി അരിവിതറി അതിൽ കയറി കിടന്നാൽ മതി. ബാക്കിയുള്ളത് അവിടെ നടന്നോളും. മുള്ളുകമ്പികൊണ്ടുള്ള പെട്ടിയിൽ പെട്ട അവസ്ഥ. ഒന്നു തിരിയാൻപോയിട്ട് കൈവിരൽപോലും പൊന്തുന്നില്ല. ഡെമോ കഴിഞ്ഞു. ഒരു ആശ്വാസം. പക്ഷേ അടുത്ത കുരിശ് വരുന്നതേയുള്ളൂ. ഈ കണക്ക് മനസ്സിലാകാത്തവരും സംശയമുള്ളവരും എഴുന്നേല്ക്കൂ. സാറിന്റെ അടുത്ത നടപടിയിലേക്കുള്ള പോക്കാണ്. സയൻസ് ക്ലാസ്സിലും സോഷ്യൽ ക്ലാസ്സിലും സംശയം തീരാത്ത ജയ്സൻ അണ്ണാക്കിൽ പിരിവെട്ടിയപോലെ ഇരിപ്പാണ്. സംശയം പോയിട്ട് മൂത്രമൊഴിക്കുന്ന കാര്യംപോലും അവൻ മറക്കുന്ന ആ സ്കൂളിലെ ഒരേയൊരു പിരീയഡാണിത്.വിച്ചുവാണെങ്കിൽ ഫെവികകോളിന്റെ പരസ്യംപോലെ ആനപിടിച്ചാലും അനങ്ങില്ലെന്ന മട്ട്. ഇംഗ്ലീഷ് പിരീയഡ് ഉച്ചഭക്ഷണത്തിന് കൊണ്ടുവന്ന മുട്ട വറുത്തത് തിന്നു തീർക്കുന്ന രാഗിയും നീതുവും തൊണ്ട പൊട്ടി ചത്താലും ഉമിനീരുപോലും ഇറക്കൂലാ എന്ന പോലെ. ഈ സമയമെല്ലാം നമ്മുടെ പച്ചക്കറി രണ്ടാമത്തെ ബെഞ്ചിലിരുന്ന് എന്തൊക്കെയോ ആലോചിക്കുന്നു. ശ്വാസമടക്കി നിന്ന എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവൻ ചാടി എഴുന്നേറ്റു. സാർ!!!! എന്ന ആ വിളിയിൽ ഞാനൊഴികെ എല്ലാവരും അമ്പരന്നു. എനിക്ക് നേരത്തേ അറിയാമല്ലോ അവന് കണക്കിന് നല്ല മാർക്കുണ്ടെന്ന് മാത്രമല്ല പഠിക്കുന്നവനല്ലേ സംശയവും ഉണ്ടാകൂ. ആ അദ്ധ്യാപകന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് അന്നുവരെ അത്ര തിളക്കമുണ്ടായിരുന്നില്ല. മിടുക്കൻ!!!! സാറിന്റെ ആ വാക്കുകൾക്ക് അത്ര മധുരം ഇതിന് മുമ്പുണ്ടായിട്ടില്ല. ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു മാഷിന്. തനിക്കൊരു പിൻഗാമിയെ കിട്ടിയപോലെ ഇനിയൊന്നും നേടാനില്ല എന്ന ഭാവം. ഒരു ശിഷ്യനെങ്കിലും എവിടെയോ എന്തോ കത്തിയിരിക്കകുന്നു. ഇനി അതിനെ ഊതിക്കാച്ചി തങ്കത്തിനൊത്ത തിളക്കമാക്കണം. സാറ് വളരെ എക്സൈറ്റഡ് ആണ്. അന്നേരത്തെ മാഷിന്റെ മുഖം എന്തായിരുന്നു എന്ന് പറയാൻ പറ്റിയ മലയാളം വാക്കൊന്നും കിട്ടുന്നില്ല. പറയെടാ മിടുക്കാ എന്താ നിന്റെ സംശയം. ഇത്രയും പേരുണ്ടായിട്ടും നീയൊരുത്തനല്ലേ ശ്രദ്ധിച്ചുള്ളൂ. ഇങ്ങനെ വേണം . കണക്ക് പഠിക്കുമ്പോൾ സംശയമുണ്ടാകണം. അത് മാറ്റിയെടുക്കുകയും വേണം. കണക്ക് മനസ്സിലാകുന്നവനാണ് ഏറ്റവും കൂടുതൽ സംശവും ഉണ്ടാകൂ. നീ ചോദിക്കെടാ മിടുക്കാ!!!!! എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത്രയ്ക്ക് സാറിനെ സ്വാധീനിക്കാൻ മാത്രം എന്ത് സംശയമാണ് ഈ പഹയൻ ചോദിക്കാൻ പോകുന്നത്. സംശയമെന്ന ഏത് കരടും എവിടെപ്പോയി ഒളിച്ചിരുന്നാലും അതിനെ കീറിയെടുത്ത് തന്റെ ശിഷ്യന്റെ മുമ്പിലിട്ട് കൊടുക്കും എന്ന ആത്മവിശ്വാസവുമായി നില്ക്കുന്ന പ്രതിഭാധനനായ ഒരു സർജന്റെ മുഖഭാവമുണ്ടായിരുന്നു മാഷിന്റെ മുഖത്ത്. ദുരാത്മാവിനെ നിഗ്രഹിക്കാൻ വാളോങ്ങി ചിറകുവിരിച്ചുനിൽക്കുന്ന ഗബ്രിയേൽ മാലാഖയെ എനിക്കോർമ്മ വന്നു. എല്ലാവരും കാത്തുനില്ക്കേ അവൻ അത് ചോദിച്ചു. സാറേ ആ ദിങ്ങനെ കെടക്കണ സാധനം ഉണ്ടല്ലോ അത് എങ്ങനെ അവിടെ വന്നു. √ റൂട്ടിന്റെ ചിഹ്നമാണ് പഹയൻ ചോദിക്കുന്നത്. ഗബ്രിയേൽ മാലാഖയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സ്ഥലകാല ബോധം നഷ്ടപ്പെട്ടവനെപ്പോലെ ജയ്സൻ കണ്ണുമിഴിച്ച് വായ്പിളർന്ന് ഒരു യന്ത്രം കണക്കേ തിരിഞ്ഞു. മുൻബെഞ്ചിലിരുന്ന പഠിപ്പികളുടെ ചെവിയിൽനിന്നും പുകയാണോ കിളിയാണോ പോയതെന്ന് കണ്ടില്ല. മാഷാണെങ്കിൽ വേലിക്ക് പത്തൽ കുഴിച്ചിട്ട പോലെ നിൽക്കുന്നു. തൊടുത്ത അസ്ത്രങ്ങളൊക്കെയും പാഴായിപ്പോകുമെന്ന് ഒരിക്കൽപ്പോലും വിചാരിക്കാത്ത അർജുനന് അതെല്ലാം പാഴായിപ്പോയി എന്നറിഞ്ഞാലുള്ള അവസ്ഥ. ക്ലാസ്സിലുള്ള ചിരിക്കുടുക്കകൾ ഇപ്പോൾ പൊട്ടും എന്ന അവസ്ഥ. അതുവഴിവന്ന കാറ്റ് വഴിമാറി അപ്പുറത്തെ മാവിൽ തലതല്ലി കടന്നുപോയി. മാവിലകൾ ചിരിച്ചതാണോ ആവോ? ചുവന്നുകലങ്ങിയ കണ്ണുമായി മാഷ് അവനെ ചേർത്തുപിടിച്ചു. അവന്റെ കണ്ണുകളിൽ നോക്കിനിന്നശേഷം പുറത്തേക്ക് പോയി. ഇന്റർവെല്ലിന് ഓഫീസിനുമുമ്പിൽതൂക്കിയ ഇരുമ്പ്നാക്ക് അപ്പോൾ ചലപിലാന്ന് കലമ്പിക്കൊണ്ടിരുന്നു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എർണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് പറവുർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എർണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എർണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് പറവുർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എർണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ