എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/പേരറിയാത്ത കിളി

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേരറിയാത്ത കിളി


                        പക്ഷികൾ എല്ലാം മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്ന സമയമാണല്ലോ വേനൽക്കാലം. പക്ഷേ, എല്ലാ വർഷവും വേനൽ അവധിക്ക്  വികൃതിക്കുട്ടന്മാർ വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളെ തട്ടിയെടുക്കാറുണ്ട്. ഇപ്രാവശ്യം കിളിയമ്മമാർ സന്തോഷിച്ചിരിക്കയായിരിക്കണം. കാരണം, വികൃതികൾ എല്ലാം  വീട്ടിലല്ലേ !എന്നാലും ചില വിരുതന്മാർ തത്തമ്മയെയും മാടത്തയെയും പിടിച്ചു കൂട്ടിൽ ആക്കിയിട്ട് വെട്ടിലിനെ പിടിക്കാൻ ഇറങ്ങിയിട്ടുണ്ട്. തല പോയതെങ്ങിന്റെ ഏറ്റവും മുകളിൽ കൂടുവയ്ക്കുന്ന കിളികൾ ആണ് ഇവ രണ്ടും. അവരുടെ കാര്യം ഇങ്ങനെ. അപ്പൊ, ബാക്കിയുള്ളതിന്റെ  കഥ പറയേണ്ടതില്ലല്ലോ!? 
               ഒരു ദിവസം എന്റെ വീടിനടുത്തുള്ള അശ്വമ്മ ചേച്ചി ചുള്ളി പെറുക്കാൻ തോടിന്റെ നടുക്കുള്ള ചിറയിൽ കയറിയപ്പോൾ കണ്ട കാഴ്ച എന്നെയും അമ്മയെയും അമ്പരപ്പിച്ചു! ഇതുവരെ ഇവിടെയെങ്ങും കണ്ടിട്ടില്ലാത്ത ഒരു കിളി അശ്വമ്മ ചേച്ചി വിറകു പെറുക്കാൻ കയറിയപ്പോൾ തൊട്ട് അവിടമാകെ ചുറ്റിക്കറങ്ങുന്നു. ആദ്യം ഞങ്ങൾ കരുതിയത് കുളക്കോഴിയാണെന്നാണ്. പക്ഷെ, അത്  കുളക്കോഴിയായിരുന്നില്ല. അതിന് കുളക്കോഴിയുടത്ര നീണ്ട കാലുകൾ ഇല്ലായിരുന്നു. ചുണ്ടിനും കണ്ണിനും ചുവപ്പു നിറം. കറുപ്പും വെള്ളയും തവിട്ടും നിറങ്ങളാണ് ദേഹത്തിന്. ഇളം മഞ്ഞ നിറത്തിലുള്ള കാലുകളും.... പിന്നീടാണ് അത് അവിടെ ചുറ്റിപ്പറന്നതിന്റെ കാര്യം മനസ്സിലായത്. ആ തോടിന്റെ നടുക്കുള്ള ചിറയിൽ അത് മുട്ടയിട്ടിരുന്നു. നാലു മുട്ടകൾ !!കണ്ടാൽ കാടമുട്ട പോലിരിക്കും. പക്ഷേ, കാടമുട്ടയെക്കാൾ വലുപ്പമുണ്ട്. കണ്ടപ്പോൾ എല്ലാവർക്കും കൗതുകം. പക്ഷേ കൗതുകത്തെക്കാളേറെ സംശയങ്ങളായിരുന്നു.പരുന്തും കാക്കയും ഉള്ള  സ്ഥലത്ത് ഇത് എങ്ങനെ കുഞ്ഞിനെ വളർത്തും? പോരാത്തതിന് മൂർഖൻ പാമ്പിന്റെ ശല്യവുമുണ്ട്..

പിന്നെ ഏറ്റവും പേടിക്കേണ്ടത് വികൃതിക്കുട്ടൻമാരെയാണ്. അറിഞ്ഞു കഴിഞ്ഞാൽ മുട്ടയോടെ എടുത്തോണ്ട് പോവുന്ന കൂട്ടരാണ് . മണ്ണിൽ മുട്ടയിടുന്ന പക്ഷിയെ അന്ന് ആദ്യമായി കണ്ടു. എന്തായാലും ഇക്കാര്യം ആരോടും പറയണ്ട എന്ന് പറഞ്ഞു ഞങ്ങൾ പോന്നു. പിറ്റേന്ന് അടുത്തുള്ള വീട്ടിലെ രണ്ടു ചേച്ചിമാർ -വിദ്യയും വീണയും -ഒരു കൗതുകത്തിന് അവിടെപ്പോയി നോക്കി. അവിടെ ആ അമ്മക്കിളി മാത്രമല്ല അച്ഛൻ കിളിയും ഉണ്ടായിരുന്നു. ശല്യപ്പെടുത്തേണ്ടെന്നു കരുതി അവർ തിരികെപ്പോയി. കിളികൾ രണ്ടും കൂട്ടിൽ ഇല്ലാതിരുന്ന സമയത്ത് അവർ പോയി ആ മുട്ടകളുടെ ഫോട്ടോ എടുത്തു. രണ്ടുദിവസത്തിനുള്ളിൽ അടുത്തുള്ള വീട്ടിലെ മുതിർന്നവർ എല്ലാം കാര്യം അറിഞ്ഞു. ആ വികൃതി ചെക്കന്മാർ അറിഞ്ഞാൽ അതിന്റെ കഥ കഴിയും. അതുകൊണ്ട് ആരും ഇക്കാര്യം പരസ്പരം ചർച്ച ചെയ്യുകയോ എന്തെങ്കിലും സൂചന നൽകുകയോ ചെയ്യരുതെന്ന് മുതിർന്നവർ ഉത്തരവിറക്കി. പിന്നീട് ഒരു ദിവസം അപ്പുറത്തെ വീട്ടിലെ ഷീലാന്റി പറയുന്ന കേട്ടു രാത്രി വലിയ ശബ്ദത്തിൽ നിലവിളിക്കുന്നത് ആ കിളിയാണെന്ന്. ഉറക്കം വരാതെ രാത്രി കണ്ണുതുറന്നു കിടന്നപ്പോൾ ഒരിക്കൽ ഞാനും കേട്ടിട്ടുണ്ട് ആ നിലവിളി. എന്തൊരു ശബ്ദമാ!

             ഏതായാലും പേരറിയാത്ത ആ കിളിയുടെ കുഞ്ഞുങ്ങൾ വിരിയുന്നതും കാത്തിരിക്കുകയാണ് ഞങ്ങളിപ്പോൾ.. വികൃതിക്കുട്ടൻമാർ കാണാതെ ഇടയ്ക്കിടെ അവിടെപ്പോയി നോക്കാറുണ്ട്. ഞങ്ങളെ കാണുമ്പോൾ അവ രണ്ടും പറന്നു പോവും. അവർ ചിറകു വിരിക്കുമ്പോൾ ചിറകിന്റെ താഴത്തെ അരികിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കാണുന്ന വെള്ള വരയാണ് അതിന്റെ ഭംഗി. എന്തു രസാന്നോ ആ കാഴ്ച്ച കാണാൻ........
റോസാ ജൂലിയസ്
+1 SCIENCE,NSS VOLUNTEER LEADER SCUGVHSS,PATTANAKKAD
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം