ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി
                മാനവരാശിയുടെ നിലനിൽപ്പിന് അടിസ്ഥാനം പരിസ്ഥിതിയാണ്. പ്രകൃതിയെ മാത്രം ആശ്രയിച്ച് ജീവൻ നിലനിർത്തുന്ന ഒട്ടനേകം ജീവികൾ ഈ ഭൂമിയിൽ വേറെയുമുണ്ട്. എന്നാൽ മനുഷ്യന്റെ പ്രവർത്തനങ്ങളിൽ പലതും അവന്റെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള ചൂഷണങ്ങൾ പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നു. വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുന്നതു പോലെ പരിസ്ഥിതിക്കും പ്രാധാന്യം നൽകുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
              നമ്മുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ പലതും പരിസ്ഥിതി ദിനത്തിൽ മാത്രം ഒരുങ്ങിപ്പോകുന്നു പ്രകൃതിയിൽ നിന്ന് നമുക്കുവേണ്ടതെല്ലാം എടുക്കുമ്പോൾ മറുഭാഗത്ത് പ്രകൃതിക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ നിലനിൽപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌. മരങ്ങൾ വെട്ടിമാറ്റുമ്പോഴും കുന്നിടിക്കുമ്പോഴും മാലിന്യങ്ങൾ കുന്നുകൂട്ടുമ്പോഴും പുഴയിൽ നിന്ന് മണൽ വാരുമ്പോഴും അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്നാണ് നാം ഓരോരുത്തരും കരുതുന്നത്.ഈ മനോഭാവം നാം മാറ്റേണ്ടതുണ്ട്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം. എല്ലാ രാജ്യങ്ങളിലും അത്തരം പ്രശ്നങ്ങളെപ്പറ്റി പഠനങ്ങളും ചർച്ചകളും നടന്നുകൊണ്ടിരിക്കുന്നു.
              മനുഷ്യൻ അടിസ്ഥാന ആവശ്യങ്ങൾക്കുപരി, ആർഭാടങ്ങൾക്കു വേണ്ടി പരക്കംപായാ നാരംഭിച്ചതോടെ ഉപഭോഗാസക്തി വർദ്ധിക്കുകയും പ്രകൃതി ചൂഷണത്തിന് അത് കാരണമായിത്തീരുകയും ചെയ്തു.
           കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ പ്രകൃതി - പുഴകൾ, മലകൾ, കാട് -എല്ലാം നമ്മുടെ സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തിന് അഭിമാനിക്കാൻ വകനൽകുന്ന ഒട്ടേറെ സവിശേഷതകളുണ്ട്. സാക്ഷരത, ആരോഗ്യം, വ്യക്തിശുചിത്വം, വൃത്തി, വിദ്യാഭ്യാസം എന്നിവയിലെല്ലാം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം വളരെ മുന്നിലാണ്. എന്നാൽ നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെ പിന്നിലാണ്. പരിസ്ഥിതി മലിനീകരിക്കുന്നതിൽ, കാടിന്റെ മക്കളെ കുടിയിറക്കുന്നതിൽ, കാട്ടുമരങ്ങൾ മുറിച്ച് കടത്തുന്നതിൽ, പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ് പുഴയോരം കയ്യേറു ന്നതിൽ, പുഴകളിൽമാലിന്യം നിറക്കുന്നതിൽ, മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നതിൽ നാം പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ്! ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ കേരള പ്രകൃതിയുടെ നാശത്തിന് വലിയ താമസമുണ്ടാകില്ല.
               നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പരിസ്ഥിതിയെ നേരിട്ട് ആ ശ്രയിക്കുന്നവർക്കാണ് പരിസ്ഥിതിനാശം പ്രത്യക്ഷാനുഭവമാകുന്നത്. എന്നാൽ ക്രമേണ അത് സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവരേയും ബാധിച്ചു തുടങ്ങുന്നു.എല്ലാവർക്കും ആവശ്യത്തിനുള്ളത് ഇവിടെയുണ്ടെന്നും അത്യാഗ്രഹത്തിനുള്ളത് ഇല്ലെന്നും മനസ്സിലാക്കേണ്ടത് അതി പ്രധാനമാണ്. നമ്മുടെ ചുറ്റുപാടുമായി ബന്ധപ്പെട്ട് കാലാവസ്ഥാ മാറ്റങ്ങളിൽ നിന്നും നാം കാര്യങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. ചുട് അസഹനീയമായതും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
                 വികസന പ്രവർത്തനങ്ങൾ നാട്ടിൽ നടക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ അത് പരിസ്ഥിതി സൗഹൃദപരമായിരിക്കണം.നമ്മുടെ നാട് നല്പത്തിനാല് നദികളാൽ സമ്പന്നമാണ്. എന്നാൽ മഴക്കാലത്തുപോലും ശുദ്ധജലത്തിന് ഇവിടെ ക്ഷാമമാണ്. പുഴകളുടെ മലിനീകരണം ശുദ്ധജല ക്ഷാമത്തിനിടയാക്കുന്നു. കാലം തെറ്റിവരുന്ന മഴ, കുടിവെള്ള ക്ഷാമം, ചുട്ടുപൊള്ളുന്ന പകലുകൾ, കീടനാശിനി പ്രയോഗത്താൽ മരവിച്ച കൃഷിയിടങ്ങൾ, വിഷാംശം നിറഞ്ഞ പച്ചക്കറികൾ, പലതരം വ്യാധികൾ ഇതെല്ലാം നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കാഴ്ചകളാണ്.
              പ്രകൃതിയെ മറന്നുള്ള വികസനം നമുക്കു വേണ്ടെന്നു പറയാനുള്ള ഇച്ഛാശക്തിയാണ് നാം പ്രകടിപ്പിക്കേണ്ടത്. പരിസ്ഥിതി സൗഹൃദപരമായി ജീവിക്കാൻ നാം ഓരോരുത്തരും തയ്യാറാവണം. എങ്ങനെയെല്ലാം പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കഴിയുമോ അതെല്ലാം ഏറ്റെടുക്കാൻ നാം തയ്യാറാകണം. പരിസ്ഥിതി ദിനാചരണങ്ങൾക്കപ്പുറം പരിസ്ഥിതി ജീവിതത്തിന്റെ ഭാഗവും തുടർച്ചയുമാണെന്ന തിരിച്ചറിവോടെ നമുക്കേവർക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമാറാകട്ടെ.
സ്വാതി ലക്ഷ്മി.എം.
8 F ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം