ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഒരു ഓണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42035 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു ഓണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ഓണക്കാലം

ഇളം ചൂടുള്ള വെയിൽ ഉച്ചിഭാഗത്ത് തട്ടിയപ്പോഴാണ് ഞാൻ ഉറക്കത്തിൽനിന്നും വിമുക്തയായത്. എഴുന്നേറ്റ് ആദ്യം കണ്ടത് ചേച്ചി സ്കൂളിൽ പോകാൻ ഇറങ്ങുന്നതാണ്. കണിയായി മുന്നിൽ വന്നു നിന്നതിന് പഴിചാരുന്ന തിനിടയിലാണ് ചേച്ചി ആ വാർത്ത എന്നെ അറിയിച്ചത്. വല്യച്ഛനെ വണ്ടി തട്ടിയെന്ന്. പക്ഷേ ഞാൻ കാര്യമാക്കിയില്ല. കാരണം വണ്ടി തട്ടിയതേയുള്ളൂ എന്ന ഒരു ആശ്വാസമായിരുന്നു എന്റെ മനസ്സിൽ. ഞാൻ അന്ന് മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. അതിന്റെ വിവരം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നത്തേയും പോലെ ഞാൻ സ്കൂളിലെത്തി. അതൊരു ഓണക്കാലം ആയിരുന്നു. കൂടാതെ വെള്ളിയാഴ്ചയും. എല്ലാ വെള്ളിയാഴ്ചയും വല്യച്ഛനും വല്യമ്മയും അപ്പുവും എന്റെ വീട്ടിലേക്ക് വരുമായിരുന്നു. ഇപ്പോൾ ഓണം ആയതുകൊണ്ട് രണ്ടാഴ്ച നിൽക്കാമെന്ന് കഴിഞ്ഞ തവണ വന്നപ്പോൾ വല്യച്ഛൻ എനിക്ക് വാക്ക് തന്നിരുന്നു. അപ്പു അവരുടെ ഏക മകനാണ്. അപ്പുവും ഞാനും ആണ് കമ്പനി. അവൻ വന്നാൽ എനിക്ക് വളരെയധികം സന്തോഷം ആണ്. കാരണം എപ്പോഴും കളിക്കാം. രാവിലത്തെ സംഭവം എന്റെ മനസ്സിൽ നിന്ന് മാഞ്ഞു. ഇപ്പോൾ മനസ്സുനിറയെ അപ്പുവിന്റെ വരവാണ്. പിന്നെ ഞാനും അപ്പുവും ഓണം ആഘോഷിക്കുന്നതിന്റെയും . ബെൽ അടിച്ചു. ടീച്ചർ ക്ലാസ്സിൽ കയറി. ഹാജർ എടുത്തു. പഠിപ്പിക്കാൻ തുടങ്ങി. ടീച്ചർ പഠിപ്പിക്കുമ്പോഴും എന്റെ മനസ്സിൽ വീട്ടിൽ ചെന്ന് അവനോടൊപ്പം കളിക്കേണ്ട കളികളുടെ പേരുകൾ ആയിരുന്നു. പെട്ടന്ന് ബെൽ നിലവിളിച്ചു. അത് ഉച്ചഭക്ഷണത്തിന് ഉള്ളതാണ്. കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ കഞ്ഞിപ്പുര യിലേക്ക് ഓടി. ഞാനും എന്റെ കൂട്ടുകാരും ഭക്ഷണം കഴിഞ്ഞ് കുറെയധികം കളികൾ കളിച്ചു ക്ഷീണിച്ചിരിക്കുമ്പോഴാണ് തിരികെ ക്ലാസ്സിൽ കയറാനുള്ള ബെൽ അടിക്കുന്നത്. അന്നത്തെ നാലാം പീരീഡ്‌ ക്ലാസ്സിൽ ടീച്ചർ ഇല്ലായിരുന്നു. ഞാനാണ് ക്ലാസ്സ് നിയന്ത്രിച്ചത്. കുട്ടികളുടെ കലപില ശബ്ദത്തിന്റെ ഇടയിൽനിന്ന് ഗൗരവമാർന്ന ഒരു ശബ്ദം ഞാൻ കേട്ടു. വളരെ ആകാംക്ഷയോടെ തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ കണ്ടത് എന്റെ ചേട്ടനെ ആയിരുന്നു. സന്തോഷം കൊണ്ട് ഞാൻ ചേട്ടന്റെ അടുത്തേക്ക് ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. പക്ഷേ ഞാൻ പ്രതീക്ഷിച്ച സന്തോഷം ചേട്ടനിൽ നിന്നും കിട്ടിയില്ല. ചേട്ടന്റെ പുറകിൽ ചേച്ചിയും ഉണ്ടായിരുന്നു. ചേച്ചിയുടെ കണ്ണ് നിറഞ്ഞിരുന്നു. ടീച്ചറോട് വിവരം പറഞ്ഞു. ചേട്ടൻ ഞങ്ങളെയും കൊണ്ട് സ്കൂളിൽ നിന്നും ഇറങ്ങി. കാറിൽ കുറെ അധികം യാത്ര ചെയ്തപ്പോൾ ഒരു അയൽവാസി കാറിനുള്ളിൽ പ്രവേശിച്ചു. അവർ ചോദിച്ച ചോദ്യം എന്റെ മനസ്സിന്റെ താളം തെറ്റിച്ചു. "ബോഡി കൊണ്ടുവന്നോ"അതോടെ എനിക്ക് എല്ലാം മനസ്സിലായി. ആദ്യം നമ്മൾ എത്തിയത് ചേട്ടന്റെ വീട്ടിൽ ആണ്. ഞാൻ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച അപ്പു വളരെ സന്തോഷത്തോടെ നിന്ന് കളിക്കുന്നതാണ്. അവനെ കണ്ട് കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോൾചേട്ടൻ തടഞ്ഞു. അവരുടെ മനസ്സിൽ ഭയം ആയിരുന്നു. ഞാൻ അവനോട് എല്ലാ സത്യവും പറയുമോ എന്ന്. അവൻ എന്നെ കണ്ട് കാറിന് അരികിലേക്ക് ഓടി വന്നു. എന്നിട്ട് ചോദിച്ചു "എന്താ ഉച്ചയ്ക്ക് വന്നത് "എന്ന്. എന്നെ മറുപടി പറയാൻ സമ്മതിക്കാതെ ചേട്ടൻ കാർ മുന്നോട്ടെടുത്തു. എന്നെയും ചേച്ചിയെയും വീട്ടിലെത്തിച്ചു. വീടുനിറയെ എനിക്ക് അറിയാവുന്നതും അറിഞ്ഞുകൂടാത്ത തുമായ നിരവധി പേരുണ്ടായിരുന്നു. വല്യച്ഛന്റെ വാടകവീട് ആയതുകൊണ്ട് ബോഡി ഞങ്ങളുടെ വീട്ടിലേക്കാണ് കൊണ്ടുവരുന്നതെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ ശത്രുവും മിത്രവും എല്ലാവരും അടങ്ങിയിരുന്നു. അന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. നമ്മുടെ ശത്രുക്കൾ എല്ലാം മറന്ന് നമ്മളെ കാണാൻ വരുന്ന ഒരു നിമിഷം ഉണ്ടെങ്കിൽ അത് ഈ നിമിഷമാണ്. വലിയ പപ്പാ ഗൾഫിലാണ് നാളെയെ എത്തുകയുള്ളൂ. അനവധി ബന്ധുക്കളും എത്തിച്ചേരാൻ ഉണ്ട്. അപ്പു ഇതുവരെ വന്നിട്ടില്ല. ഇപ്പോഴും ചേട്ടന്റെ വീട്ടിൽ ആണ്. ചേട്ടൻ വാങ്ങിയ കളിപ്പാട്ടങ്ങൾ വെച്ച് കളിക്കുകയായിരിക്കും അവൻ.... ഓണക്കളി

ആർച്ച. പി.എസ്
7 G GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ