ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഹങ്കാരം

ദുഃഖവെള്ളിയാഴ്ചയുടെ ക്ഷീണം കൊണ്ട് അന്ന് വന്നയുടനെ ഭക്ഷണം കഴിച്ച് അപ്പോൾ തന്നെ കിടന്നുറങ്ങി. നല്ല ഉറക്കത്തിൽ എന്റമ്മേ എന്നെ കൊല്ലുന്നേ എന്ന കരച്ചിൽ കേട്ട് ഞെട്ടിയുണർന്നു. അതിരിൽ വച്ചുപിടിപ്പിച്ച ചെമ്പരത്തിച്ചെടികൾക്കടുത്ത് ഓലമേയാൻ ഇരിക്കുന്നിടത്തുനിന്നാണ് അത് കേട്ടതെന്ന് മനസ്സിലായി. പക്ഷേ ഈ നേരത്ത് ആരാണെന്നാണ് മനസ്സിലാകാ ഞ്ഞത്. ഉറക്കച്ചടവും പകപ്പുംകൊണ്ട് അമ്പരന്ന് നിൽക്കേ വീണ്ടും അലറിക്കരച്ചിൽ. ഇത്തവണ പക്ഷേ അത് ഒരു ആണിന്റേതായിരുന്നു. എല്ലാവരും ഓടി പുറത്തിറങ്ങി. വീട് പണിതുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതുവരെ കതക് പിടിപ്പിക്കാത്തത്കൊണ്ട് അത്യാവശ്യഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും ചാടി പുറത്തിറങ്ങാം.

ഒരു സ്ത്രീരൂപം വീണ് കിടക്കുന്നു. രണ്ട് മൂന്ന്പേർ ചുറ്റും നിൽക്കുന്നു. അതിൽ രണ്ട്പേർ ഒരാളെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുന്നു. മൂന്ന് പേരും ജ്യേഷ്ഠാനുജന്മാരായിരുന്നു. വീണുകിടന്നത് കൊച്ചന്നാന്റിയായിരുന്നു.

കൊച്ചന്നാന്റി എന്ന് പറയുമ്പോൾ അപ്പൂപ്പന്റെ ജ്യേഷ്ഠന്റെ മൂത്തമകൾ. മുതുകത്ത് ഒരു കൂനുണ്ടായിരുന്നു ആന്റിക്ക്. പൊക്കം ആവശ്യത്തിനില്ല, എന്നാൽ ആവശ്യത്തിനുണ്ട്. ചട്ടയും മുണ്ടുമാണ് സ്ഥിരം വേഷം. ഈ സംഭവം നടക്കുന്ന കാലത്ത് ആന്റിയും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്. മറ്റുള്ള അനിയത്തിമാരും ഒരു ആങ്ങളയും കല്ല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നു. ഓലമെടഞ്ഞും ആടിനെ വളർത്തിയും കിട്ടുന്ന വരുമാനമാണ് അന്നം മുട്ടാതെ അവരെ മുന്നോട്ട് കൊണ്ടുപോകുന്നത്. മഴക്കാലത്ത് ചേമ്പും താളും ഒക്കെ അവരുടെ വിശപ്പടക്കി.തൂമ്പയെടുത്ത് കിളക്കാൻ കഴിയാത്തത് കൊണ്ട് ചേമ്പിന് തടമെടുത്തിരുന്നത് ഒരു ചെറിയ വാക്കത്തികൊണ്ടായിരുന്നു. രണ്ടോ മൂന്നോ താറാവുകളും ഒന്നോ രണ്ടോ കോഴികളും ആ വീട്ടിൽ ഉണ്ടായിരുന്നു. കൊത്തിക്കിളക്കാൻ ആവതില്ലാതിരുന്നിട്ടും ഒരു മഴക്കാലം പോലും അവരുടെ നോട്ടപ്പറമ്പിൽ അവർ ജീവിച്ചകാലത്തോളം ചേമ്പ് വിത്ത് ഉണ്ടാകാതിരുന്നിട്ടില്ല. ആരോടും അങ്ങോട്ട് കയറി വയ്യായ്ക പറയുകയോ ഒരിക്കൽപ്പോലും കൈനീട്ടുന്നതോ കണ്ടിട്ടില്ല. അമ്മ മരിച്ചതിന് ശേഷം പിന്നീട് ഒറ്റയ്ക്കായിരുന്നു താമസം. ഉള്ളത്കൊണ്ട് അവർ അഭിമാനത്തോടെ ജീവിച്ചു.

വീണ്കിടക്കുന്ന ആന്റിയെ താങ്ങിയെഴുന്നേൽപ്പിച്ച് വീട്ടിലിരുത്തി. ആള് ഖബറടക്കം കഴിഞ്ഞു വരുന്ന വഴിയാണ്. ഇന്നത്തെ ദുഃഖവെള്ളിയാണെങ്കിൽ സംഭവബഹുലമാണ്. ഒരുപാട് കൊല്ലങ്ങൾക്ക്ശേഷം ആ ഇടവകയിലേക്ക് പുതിയ പാതിരി വന്നതാണ്. എല്ലാ കൊല്ലവും മൂന്നുമണിക്ക് തുടങ്ങുന്ന ദുഃഖവെള്ളി തിരുക്കർമ്മങ്ങൾ ഇക്കൊല്ലം പരിഷ്കരിച്ച് നാലരമണിക്കാക്കിയപ്പോഴേ ചില അജ ഗണങ്ങൾ മുറുമുറുപ്പ് തുടങ്ങിയതാണ്. പാതിരിയുടെ നിർഭാഗ്യമോ പൊട്ടിത്തെറി ക്കാൻ വെമ്പിനിന്ന അജഗണത്തിന്റെ ഭാഗ്യമോ എല്ലാം കഴി‍ഞ്ഞ് നഗരികാണി ക്കൽ പ്രദക്ഷിണത്തിന് ഇറങ്ങിയത് വൈകി. പകുതിപിന്നിട്ടപ്പോഴേക്കും ഇരുട്ട് കട്ട കുത്തി. വഴിയിലോ രൂപമഞ്ചത്തിലോ വെളിച്ചമോ ജനങ്ങളുടെ കൈയ്യിൽ തിരിയോ ഇല്ല. പള്ളിയിൽപ്പോലും നേരാംവണ്ണം കയറിയിട്ടില്ലാത്തവരായ പല അഭിമാനികളുടെയും കെട്ട് പൊട്ടി. പ്രദക്ഷിണം പള്ളിയിൽ കയറിതുമാത്രം ഓർ‍മ്മയുണ്ട്. കർത്തവീശോമിശിഹാ രൂപമല്ലാതെ ഒറിജിനൽ ആയിരുന്നെങ്കിൽ മഞ്ചലിൽ നിന്ന് ചാടിയെഴുന്നേറ്റ് ഓടി സങ്കീർത്തിനുള്ളിലെ ഖബറടക്കം ചെയ്യുന്ന പെട്ടിയിൽ ഒളിച്ചേനെ. അത്രക്കുണ്ടായിരുന്നു അവിടത്തെ പ്രയോഗഭാഷാ സാരള്യവും അതുവന്ന വായിലെ കള്ളിന്റെ പുളിച്ചുനാറിയ മണവും.

കൊച്ചന്നാൻറിക്ക് പള്ളിയെയോ പട്ടക്കാരനെയോ കുറ്റം പറയുന്നത് ഇഷ്ടമല്ല. അവരുടെ കൂടെ വിയർപ്പും അദ്ധ്വാനവുമാണ് ആ പള്ളി. ദാരിദ്ര്യത്തിലും അവർ മാറ്റിവച്ച ഓരോ അരിമണിയുടെയും നൊമ്പരമുണ്ട് ആ പള്ളിയുടെ ഓരോ അണുവിലും. അതിപ്പോൾ വേണ്ടാ എന്നുപറഞ്ഞാലും സമ്മതിക്കില്ല. എന്റെ പുണ്യാളനുള്ളത് ഞാൻ തരും. എത്രയോ തവണ ഈ വാക്കുകൾ കേട്ടിരിക്കുന്നു. അവരുടെ നിസ്സഹായതയിൽ അവർക്ക് താങ്ങായതും തണലായതും ഈ പള്ളിയും പുണ്യാളനും നൽകിയ പ്രതീക്ഷകളാണ്. പ്രതീക്ഷകളാണല്ലോ മുന്നോട്ട് ജീവിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അതില്ലായിരുന്നെങ്കിൽ മനുഷ്യ കുലത്തിന്റെ പകുതിയേ ഇന്നുണ്ടാകുമായിരുന്നുള്ളൂ.

പള്ളിയിൽ വച്ചുണ്ടായ സംഭവത്തിൽ കൊച്ചന്നാന്റി തന്റെ അഭിപ്രായം നേരെ തന്നെ അവതരിപ്പിച്ചു. പരിപാടികളുടെ പ്രധാന അവതാരകൻ സ്ഥലത്തെ പ്രധാനചട്ടമ്പികളിൽ ഒരാളാണെന്ന പേടിയോ ആജാനുബാഹുവായ ഭീകരനാണെന്നോ ഉള്ള ഭയമൊന്നും ആൾക്കുണ്ടായിരുന്നില്ല. അവിടെ വികാരിയെ ചീത്തവിളിച്ചതോ കള്ളുകുടിച്ചതോ അവരുടെ പ്രശ്നമായിരുന്നില്ല. നല്ലൊരു ദിവസത്തിന്റെ പ്രാധാന്യം ഇല്ലാതാക്കി എന്നതു മാത്രമാണ് അവരെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. അപ്പൻ ചത്തുകിടക്കുമ്പോൾ പ്രാർത്ഥിക്കുമോ അതോ കള്ളും മോന്തി ഭരണിപ്പാട്ടു പാടുമോ എന്നതായിരുന്നു അവരുടെ പ്രശ്നം. ഖബറടക്കം കഴിഞ്ഞുവരുമ്പോൾ വഴിയിലും സംസാരവിഷയം ഇതുതന്നെ. അവരുടെ രോഷം അവർ പറഞ്ഞുതീർത്തു. അതിന്റെ ബാക്കിയാണ് ചെമ്പരത്തിച്ചെടിയെ ബാക്കിനിർത്തി അവസാനിപ്പിച്ചത്.

പ്രതികരിക്കാനും പ്രതിരോധിക്കാനും അവർ സ്വയം പഠിച്ചു. ഞങ്ങളുടെ വീടിനെച്ചുറ്റി ആന്റിയുടെ വീടിനടുത്തുചെന്ന് അവസാനിക്കുന്ന ഒരു തോടുണ്ട്. ഒരിക്കൽ ആന്റി പറ‍ഞ്ഞു എടാ നമുക്ക് ഇതിൽ പരുത്തിയുടെയും ചീമക്കൊന്നയുടെയും ചില്ലകൾ കുത്തിനിർത്തിയാൽ ഈസ്റ്ററിനോ ക്രിസ്തുമസിനോ ഒക്കെ കരിമീൻ പിടിക്കാം. അങ്ങനെ കിട്ടിയകൊമ്പും ചില്ലകളും കുത്തിനിർത്തി തോട്ടിൽ നിറയെ കരിമീനും കണമ്പും ചെമ്മീനും നിറഞ്ഞു. ഏതോ കാ‍ർട്ടൂൺ കഥാപാത്രം പറഞ്ഞതുപോലെ പത്തായത്തിൽ നല്ല നെല്ലുണ്ടെങ്കിൽ എലി പാലക്കാട്ടുനിന്നും വരും. തോട്ടിൽ പുളയ്ക്കുന്ന മീനിനെകണ്ട പല നാട്ടുകാ‍ർക്കും പലവിധ അവകാശങ്ങളായി. തൊടുന്യായങ്ങളുമായി വന്നവർക്കൊന്നും അധികനേരം പിടിച്ചുനിൽക്കാൻ കഴിയാതെ പിന്മാറേണ്ടി വന്നു. കണ്ണിൽകുത്തിയാൽ തിരിച്ചറിയാത്ത അമാവസി നാളുകളിൽ അത്തരക്കാർ വടിവലയുമായി വന്ന് മീൻ പിടിച്ചു. തിണ്ണമിടുക്ക് കൈമുതലാ ക്കിയവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ. പക്ഷേ ആ രാത്രികളിലും തന്റെ അധ്വാനഫലം കവർന്നെടുക്കാനെത്തിയവരോട് അവർ കലഹിക്കുന്നത് പലവട്ടം കേട്ടു.

തന്റെ സഹോദരങ്ങളും അവരുടെ മക്കളും ഒക്കെ അവരുടെ സ്വകാര്യ അഹങ്കാരങ്ങളായിരുന്നു. ഇതിൽ സ്വന്തം സഹോദരങ്ങൾ മാത്രമല്ല. അവരുടെ കൊച്ചാപ്പന്മാരുടെ മക്കളും പേരക്കിടാങ്ങളും ഒക്കെ പെടും. അതിൽ വലുപ്പച്ചെറുപ്പം അവർ കണ്ടില്ല. ഇതിൽ ഒരുകുഞ്ഞിനെപ്പോലും മറ്റുള്ളവർ പരിഹസിക്കുന്നതോ ഉപദ്രവിക്കുന്നതോ അവ‍ർ വകവച്ചുകൊടുക്കില്ല. അവരെ സംബന്ധിച്ചിടത്തോളം ഞങ്ങളെല്ലാം അവരുടെ കൂടപ്പിറപ്പുകളാണ്. ആരെയും സഹായിക്കാൻ അവ‍ർ ഒരുക്കമായിരുന്നു. ഞങ്ങളുടെയൊക്കെ വീടുകളിൽ നടക്കുന്ന ഏതു ആവശ്യവും അവരുടെ സ്വന്തം വീട്ടിലെ ആവശ്യംപോലെ ആയിരുന്നു. ആ സമയങ്ങളിൽ ഒരു മൊട്ടുസൂചിപോലും അനാവശ്യമായി ഒരാൾ പാഴാക്കുന്നതുപോലും അവർ സമ്മതിക്കില്ലായിരുന്നു. എല്ലാം ഭംഗിയായി നിശ്ശബ്ദമായി അവർ കൈകാര്യം ചെയ്തു. ഒപ്പം പാചകവും. ആ സ്നേഹവും കരുതലും ഞാനും അനുഭവിച്ചിട്ടുണ്ട്. അമ്മയ്ക്ക് വയ്യാതെ ഒന്നരമാസം നഗരത്തിലെ വലിയൊരു ആശുപത്രിയിൽ കിടക്കേണ്ടിവന്നപ്പോൾ വല്ലാത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു ഞാൻ. വാർഡിൽ കിടക്കണമെങ്കിൽ ഒരു സ്ത്രീ കൂട്ടിരിപ്പുകാരിയെ വേണം. അല്ലെങ്കിൽ താങ്ങാൻ പറ്റാത്ത ഫീസ് നൽകി മുറിയിലേക്ക് മാറ്റണം. വന്ന് നിൽക്കാൻ ആർക്കും കഴിയാത്ത അവസ്ഥയും. സാമ്പത്തികമായി തകർന്ന് നിന്ന സമയമായിരുന്നതിനാൽ മുറിയിലേക്ക് മാറ്റുന്നത് സ്വപ്നം പോലും കാണാൻ കഴിയാത്ത സമയം. വിശേഷങ്ങളറിയാൻ വന്ന നേരത്ത് എന്റെ പിരിമുറുക്കം കണ്ട അവർ പറഞ്ഞു. ഞാൻ വന്നാൽ മതിയോടാ. വേണമെങ്കിൽ അവരുടെ അവശതകൾ വെച്ച് അവർക്ക് വരാതിരിക്കാമായിരുന്നു. അസുഖങ്ങളും വേദന കളും അവർക്കും ഉണ്ടായിരുന്നു. ഒരു മടുപ്പും ഇല്ലാതെ അമ്മയെ ‍ഡിസ്ചാർജ്ജ് ചെയ്യുന്നതുവരെ അവർ ഒപ്പമുണ്ടായിരുന്നു. അവരുടെ സാന്ത്വനവാക്കുകൾക്കും അമ്മയുടെ പരിചരണത്തിൽ വലിയ പങ്ക് വഹിച്ചു.

ആന്റിയുടെ അവസാന നാളുകളിൽ അവർ ജീവിച്ചത് അരിപ്പൊടി വിറ്റായിരു ന്നു. ഈ നാളുകളിലൊന്നും കടം വാങ്ങുന്നതോ കൈ നീട്ടുന്നതോ കണ്ടിട്ടില്ല. സ്നേഹത്തോടെ നൽകുന്നതുപോലും അവർ പലപ്പോഴും സ്നഹത്തോടെ നിരാകരിച്ചു. അവരുടെ നിസ്സഹായതയിൽ മാത്രം അവ‍ർ വാങ്ങിയാലായി.ജോലി കിട്ടിയ സന്തോഷത്തിൽ കുടുംബത്തിലെ മുതിർന്നവർക്കെല്ലാമായി ആദ്യശമ്പളം വീതിച്ചപ്പോൾ ഒരു പങ്ക് ഞാൻ ആന്റിക്കും കരുതിയിരുന്നു. ഞാൻ നല്കിയ എന്റെ ആദ്യശമ്പളത്തിന്റെ ഒരോഹരി സ്വീകരിക്കുമ്പോൾ ഒരിക്കൽ മാത്രം അവരുടെ കണ്ണ്നിറയുന്നത് ഞാൻ കണ്ടു. എന്താണ് എന്ന് ഇപ്പോഴും അറിയില്ല.

പലപ്പോഴും അനിയത്തിയുടെ കൂടെതാമസിക്കാൻ അവരെ ക്ഷണിച്ച പ്പോഴും അവർ സ്നേഹത്തോടെ ഒഴിഞ്ഞുമാറി. കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞപ്പോൾപോലും അവർ നേരെ വന്നത് അവരുടെ വീട്ടിലേക്കായിരുന്നു. ആരുമില്ല എന്നറിയാവുന്നതുകൊണ്ട് കുറച്ചുനാൾ അപ്പച്ചൻ ഭക്ഷണവുമായി പോകുന്നത് കാണാമായിരുന്നു. അതിന് അപ്പച്ചനെ ചീത്ത പറഞ്ഞോ എന്ന് അറിയില്ല. അവസാനനാളുകളിൽ ശ്വാസംമുട്ട് വർദ്ധിച്ചപ്പോഴും അവർ അവരുടെ അതിജീവനത്തിന്റെ തിരക്കിലായിരുന്നു. രണ്ടാം തവണയും അവർ ആശുപത്രിയിലേക്ക് പോയത് ഇനിയും കീഴടങ്ങില്ല എന്ന ഉറച്ച തീരുമാനത്തി ലായിരിക്കണം. ഞാൻ കാണാൻ ചെന്നപ്പോൾ നഴ്സുമാരെ വിളിച്ച് പരിചയപ്പെടു ത്തുന്നുണ്ടായിരുന്നു. ഇത് എന്റെ ആങ്ങളയുടെ മോനാണ്. അതിലുണ്ടായിരുന്ന അഹങ്കാരം അഭിമാനവും ഇന്നും ഓർമ്മയുണ്ട്.

ഒടുവിൽ എല്ലാ അദ്ധ്വാനവും അവസാനിപ്പിച്ച് ഒരു ഫെബ്രുവരിമാസത്തിൽ അവർ യാത്രയായി. അഹങ്കാരിയായിത്തന്നെ. മരണത്തിൽപ്പോലും അവർ ആർക്കും ഒരു ബുദ്ധിമുട്ടായില്ല. ശാന്തമായ ആ കിടപ്പിലും അവ‍ർ ജീവിത്തോട് കലഹിക്കുന്നെണ്ടെന്ന് തോന്നി. വെല്ലുവികളുടെ മുഖത്ത്നോക്കി ശാന്തമായി പകപ്പില്ലാതെ അവർ നടന്നുപോയി. പള്ളിയിലേക്കുള്ള അന്ത്യയാത്രയിൽപ്പോലും കാലത്തിന് തോല്പിക്കാൻ പറ്റാത്ത മുഖഭാവമുണ്ടായിരുന്നു. ഉള്ളിൽ ഒരുനൊമ്പരം ഉറപൊട്ടുന്നത് ഞാനറിഞ്ഞു. ആരും കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു. കണ്ണുനീ‍ർമുത്തുകൾ താഴെ വീഴാതിരിക്കാൻ ഞാൻ പരിശ്രമിച്ചു. ഇത്രയേറെ ജീവിതത്തെ വെല്ലുവിളികളോട് കൂടെത്തന്നെ സ്വീകരിച്ച അവരെ കണ്ണീരിൽ കുതിർത്തി യാത്രയാക്കുന്നത് നീതികേടായിരിക്കും. പെട്ടി കുഴിയിലേക്കിറക്കാൻ ഞാനും സഹായിച്ചു. കുഴിയിലേക്ക് ഇറക്കിയ പെട്ടിയിലേക്ക് ഒരു നഷ്ടബോധത്തോടെ ഞാൻ നോക്കി നിന്നു. ആ ശബ്ദം ഇനിയില്ല. ഇന്നും ഓ‍ക്കുമ്പോൾ ഉള്ളിലെവിടെയോ ഒരുതുള്ളി കണ്ണുനീർ പൊടിയുന്നുണ്ട്. ഒരു വിങ്ങലോടെ.

അവർ നട്ട കുമ്പളവും കുടമ്പുളിയും അപ്പോഴും തോൽക്കാനാവാതെ നിറയെ ഫലങ്ങളുമായി നിൽക്കുന്നുണ്ടായിരുന്നു. പെരുമഴയും വെയിലും തളർത്താതെ അവർ ജീവിച്ച വീടും ഇന്നും അങ്ങനെ തന്നെ നിൽക്കുന്നുണ്ട്. എന്തിന് ഇരമ്പിവന്ന പ്രളയത്തിൽപ്പോലും ആ വീട് ശാന്തമായി, കീഴടങ്ങാൻ മനസ്സില്ലാതെ അവിടെയുണ്ട്. കാലം ഓരോന്നായി ഇളക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീഴാൻ തയ്യാറാകാതെ ദ്രവിച്ച കല്ലുകളും പൊരുതിക്കൊണ്ടേയിരിക്കുന്നു. അഹങ്കാരത്തോടെ.........



ആന്റണി കെ എക്സ്
എൽ.പി.എസ്.എ ജി.വി.എച്ച്.എസ്.എസ് കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ