സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വർഷമെത്ര കഴിഞ്ഞിട്ടും....

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വർഷമെത്ര കഴിഞ്ഞിട്ടും.... | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർഷമെത്ര കഴിഞ്ഞിട്ടും....


"അമ്മേ, മുത്തശ്ശി ഇന്നെന്തിനാ മാമൻ്റെ വീട്ടിൽ പോയത്?" നന്ദുമോൻ വളരെ സങ്കടത്തോടെയാണ് നയനയോട് അത് ചോദിച്ചത്. "മുത്തശ്ശി അവിടെയല്ലേ താമസിക്കുന്നത്. മോന് അവധിയായോണ്ട് കുറച്ചൂസം ഇവിടെ നിന്നിട്ട് പോയതല്ലേ." നയന പറഞ്ഞു. "എന്നാലും മുത്തശ്ശി പോകണ്ടായിരുന്നു. മുത്തശ്ശി എനിക്കൊത്തിരി കഥ പറഞ്ഞു തരുമായിരുന്നു." അവൻ പരിഭവം പറഞ്ഞു. "മോൻ വിഷമിക്കണ്ട, ഓണാവധിക്ക് മുത്തശ്ശി മോനെക്കാണാൻ വരൂലോ. അപ്പൊ മുത്തശ്ശി കൊറേ കഥകള് പറഞ്ഞുതരും." നയന മകനെ ആശ്വസിപ്പിച്ചു. "ഇന്ന് അമ്മ എനിക്ക് കഥ പറഞ്ഞുതരോ?" "അമ്മയ്ക്ക് മുത്തശ്ശിയെപ്പോലെ കുറെ കഥയൊന്നും അറിയില്ല." നയന കളിയായി പറഞ്ഞു. "പ്ലീസ് അമ്മാ, ഒരു കഥ പറഞ്ഞുതാ." അവൻ ചിണുങ്ങി. "ശരി ശരി, അമ്മ പറഞ്ഞുതരാം. മോൻ വന്ന് കിടക്ക്." നയന മകനെ തൻ്റെ അരികിൽ കിടത്തി.

"അമ്മ പറയാൻ പോകുന്നത് ഒരു കഥയല്ല മോനെ. ഇത് ശരിക്കും ഈ ലോകത്ത് നടന്നൊരു സംഭവമാണ്. ഒരു പത്തിരുപത്തഞ്ചു വർഷം മുമ്പ്..." നയന പറഞ്ഞുതുടങ്ങി. നന്ദു കൗതുകത്തോടെ അമ്മ പറയുന്നത് കേട്ടു.

"അന്ന് അമ്മയ്ക്ക് ഏകദേശം മോൻ്റെ പ്രായമുണ്ടായിരുന്നു. മാർച്ച് മാസമായിരുന്നു. സ്‌കൂളുകളിലൊക്കെ പരീക്ഷകൾ നടക്കണ സമയം. ആ സമയത്താണ് ലോകത്ത് എല്ലായിടത്തും ഒരു മാരകരോഗം പടർന്നുപിടിക്കാൻ തുടങ്ങിയത്‌." "അതെന്ത് രോഗമാ അമ്മേ?" നന്ദു ആകാംഷയോടെ തിരക്കി. "ആ രോഗത്തിന്റെ പേരാണ് കോവിഡ് - 19." "അതെന്തു പേരാ?" നന്ദു അമ്മയെ മിഴിച്ചുനോക്കി. "കൊറോണ എന്നൊരു വൈറസാണ് ഈ രോഗത്തിന് കാരണം. 2019 ഡിസംബറിൽ ചൈനയിലാണ് ഈ രോഗം ആദ്യമായി വന്നത്." "ആ എന്നിട്ട്?" "ചൈനയിൽ ആ രോഗം വന്നപ്പോൾ ആരും അത് വല്യ കാര്യമായെടുത്തില്ല. പക്ഷെ മാർച്ച് മാസം ആയപ്പോഴേക്കും ആ വൈറസ് ലോകമെമ്പാടും പടർന്നു. ഇറ്റലിയിലും അമേരിക്കയിലും നമ്മുടെ ഇന്ത്യയിലും അടക്കം എല്ലാ രാജ്യങ്ങളിലും കൊറോണ പിടിപെട്ടു." "കേരളത്തിലും വന്നോ?" "ഉം. കേരളത്തിലും ഒരുപാട് പേർക്ക് ഈ അസുഖം വന്നു. കൊറോണയ്ക്കെതിരെ മരുന്നുകളോ വാക്‌സിനുകളോ ഒന്നും കണ്ടുപിടിക്കാനായില്ല. ലക്ഷക്കണക്കിന് ആളുകളാണ് ലോകത്തെമ്പാടും ഈ വൈറസിന് ഇരയായി മരണപ്പെട്ടത്." നന്ദുവിന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു. "കൊറോണ എങ്ങനെയാ എല്ലാവർക്കും പടർന്നത്?" "കൊറോണ ബാധിച്ച ഒരാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് മറ്റൊരാൾക്ക് അത് പകരുന്നത്. അതുകൊണ്ട് അധികം ആളുകളിലേക്ക് അത് പകരാതിരിക്കാൻ ആളുകൾ തമ്മിൽ അകലം പാലിക്കേണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ട് നമ്മുടെ സർക്കാർ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖാപിച്ചു." "ലോക്ക്ഡൗൺ എന്നു പറഞ്ഞാൽ?" നന്ദു ചോദിച്ചു. "എന്നുവെച്ചാൽ 21 ദിവസത്തേക്ക് ആരും സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പാടില്ല." "എങ്ങും പോകാൻ പാടില്ലേ?" "ഇല്ല, എല്ലാരും വീട്ടിൽ തന്നെ കഴിയണം. ജോലിക്കോ പൊതുപരിപാടികൾക്കോ ഒന്നും പോകാൻ പാടില്ല. സ്‌കൂളുകളും ഓഫീസുകളും ആരാധനാലയങ്ങളും കോടതികളും എല്ലാം അടച്ചു പൂട്ടി. പരീക്ഷകളൊക്കെ മാറ്റിവെച്ചു. എല്ലാരും വീട്ടിൽ തന്നെയിരുന്ന് ജോലികളൊക്കെ ചെയ്യാൻ തുടങ്ങി. അത്യാവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രമേ ആളുകൾ പുറത്തിറങ്ങിയുള്ളൂ. അതും മാസ്കൊക്കെ വെച്ച്, കൈകളൊക്കെ ഇടയ്ക്കിടെ കഴുകി..." "കൈ കഴുകിയാൽ കൊറോണ വരില്ലേ?" "കൈകൾ വൃത്തിയായി സൂക്ഷിച്ചാൽ കൊറോണ മാത്രമല്ല ഒട്ടുമിക്ക അസുഖങ്ങളും വരാനുള്ള സാധ്യത കുറയും." "ഉം എന്നിട്ട്?" "നമ്മുടെ സർക്കാരും ഡോക്ടർമാരും നേഴ്‌സുമാരും ആരോഗ്യപ്രവർത്തകരും പോലീസുകാരുമെല്ലാം നമുക്കെല്ലാവർക്കും വേണ്ടി രാപകലില്ലാതെ കഷ്ടപ്പെട്ടു. നമ്മുടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സാറും ആരോഗ്യമന്ത്രിയായിരുന്ന ഷൈലജ ടീച്ചറും ജനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും മറ്റു സഹായങ്ങളും ചെയ്തുതന്നു. ആരോഗ്യപ്രവർത്തകർ സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റെല്ലാവരുടെയും ആരോഗ്യത്തിനുവേണ്ടി പ്രയത്നിച്ചു. ശരീരം മുഴുവൻ മൂടിക്കെട്ടിയാണ് അവർ രോഗികളെ ശുശ്രൂഷിച്ചിരുന്നത്. പൊലീസുകാർ എല്ലാവരുടെയും സുരക്ഷക്കുവേണ്ടി വളരെ കഷ്ടപ്പെട്ടു. വീട്ടിലിരിപ്പുകാരണം വരുമാനം നഷ്ടപ്പെട്ട് പട്ടിണിയിലായവർ ഏറെയായിരുന്നു. പക്ഷിമൃഗാദികളും ഭക്ഷണം കിട്ടാതെ വലഞ്ഞു. അവർക്കെല്ലാം വേണ്ടി സന്മനസ്സുള്ള ഒത്തിരിപ്പേർ രംഗത്തുവന്നു. സാമൂഹിക അടുക്കള സജ്ജീകരിച്ച് അവർ മറ്റുള്ളവരുടെ വിശപ്പകറ്റി."

"അമ്മക്കൊക്കെ അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ?" "പട്ടിണിയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല മോനെ. പക്ഷെ അമ്മയുടെ കുടുംബം ഏറെ സങ്കടങ്ങൾ അനുഭവിച്ച കാലമായിരുന്നു അത്." "എന്തു സങ്കടം?" "കൊറോണകാലത്ത് ജനങ്ങളുടെ സുരക്ഷക്കായി പരിശ്രമിച്ച പൊലീസുകരിൽ ഒരാളാണ് മോന്റെ മുത്തശ്ശൻ..." "ശരിക്കും?" നന്ദുവിന്റെ കണ്ണുകളിൽ അതിശയം നിറയുന്നത് നയന കണ്ടു.

"ഉം, ആളുകൾ അനാവശ്യമായി പുറത്തിറങ്ങാതെ നോക്കേണ്ടതും അവരെ ബോധവത്കരിക്കേണ്ടതും പോലീസുകാരുടെ ഡ്യൂട്ടി ആയിരുന്നു. പലപ്പോഴും മുത്തശ്ശന് വീട്ടിൽ വരാൻ പോലും കഴിഞ്ഞിരുന്നില്ല. ആ സമയത്തു സമൂഹത്തിന്റെ അവസ്ഥ എത്ര ഭയാനകമാണെന്നു ഞാൻ മനസ്സിലാക്കിയത് എന്റെ അച്ഛന്റെ കഷ്ടപ്പാടിലൂടെയാണ്. രാപകലില്ലാതെ വെയിലും മഴയും കൊണ്ട് കൊറോണ വൈറസ് വ്യാപനം തടയാൻ അച്ഛനടക്കം കേരളത്തിലെ എല്ലാ പോലീസുകാരും പരിശ്രമിച്ചു. കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും പോലീസുകാർക്ക് സാധിച്ചിരുന്നില്ല."

"പാവം മുത്തശ്ശൻ... അമ്മ മുത്തശ്ശനെ കാണാതെ വിഷമിച്ചിരുന്നോ?"

"ഉം, എന്നും അച്ഛൻ്റെ കൂടെയാ ഞാൻ കിടന്നിരുന്നത്. അച്ഛനായിരുന്നു എനിക്ക് ചോറ് തന്നിരുന്നത്.ആ ദിവസങ്ങളിൽ അച്ഛനെ കാണാതെ ഞാൻ കരഞ്ഞിരുന്നു. അമ്മ എന്നെ ആശ്വസിപ്പിക്കുമായിരുന്നു. അമ്മയും അച്ഛന്റെ കാര്യമോർത്ത് വേവലാതിപ്പെട്ടിരുന്നു. വീട്ടിലെല്ലാവരും അച്ഛനെയോർത്ത് വിഷമിച്ചിരുന്നു." നയനയുടെ കണ്ണുകൾ നിറഞ്ഞു.

"പിന്നെങ്ങനെയാ അമ്മേ നമ്മൾ കൊറോണയിൽ നിന്ന് രക്ഷപ്പെട്ടത്?"

"ലോകം മുഴുവനും കൊറോണ നാശം വിതച്ചു. ഇന്ത്യയിലും അനേകം ആളുകൾക്ക് ഈ രോഗം പിടിപെട്ടെങ്കിലും നമ്മുടെ കേന്ദ്രസർക്കാറിന്റെ സമയോചിതമായ ഇടപെടൽ നമുക്ക് തുണയായി. പ്രധാനമന്ത്രിയായ നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ് വീണ്ടും നീട്ടിവെച്ചു. കേരളത്തിൽ ശുചിത്വം പാലിക്കണമെന്നും വഴിയരികിൽ തുപ്പരുതെന്നുമൊക്കെ നിയമം വന്നു. അതെല്ലാം പിന്നീട് നമ്മുടെ ശീലങ്ങളായി മാറി. പച്ചക്കറികൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നമ്മൾ അക്കാലത്ത് ക്ഷാമം വരാതിരിക്കാൻ സ്വയം കൃഷി ചെയ്യാൻ തുടങ്ങി. അങ്ങനെ ചിലരെങ്കിലും സ്വയം പര്യാപ്തവരാണ് തുടങ്ങി.സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കോറോണവ്യാപനം ഒരു പരിധിവരെ ഇല്ലാതായി."

"കേരളത്തിൽ ആരെങ്കിലും മരിച്ചോ അമ്മേ?"

"കുറച്ചുപേർ മരണപ്പെട്ടു. പക്ഷെ അനേകരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. കേരളത്തിലെ ചികിത്സ മറ്റേത് രാജ്യത്തെതിലും മികച്ചതായിരുന്നു. വിദേശികളെയും വൃദ്ധരെയും അടക്കം അനേകം പേരെ നമ്മുടെ നാട് രോഗവിമുക്തരാക്കി. ലോകത്തിന് മുന്നിൽ നമ്മുടെ കേരളം ഒരു മാതൃകയായി മാറി." നയന നന്ദുവിനെ നോക്കി പുഞ്ചിരിച്ചു. അവന്റെ മുഖത്തും സന്തോഷം തെളിഞ്ഞു.

"അങ്ങനെ ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമായി നമ്മൾ കൊറോണ എന്ന മഹാവിപത്തിനെ അതിജീവിച്ചു. നമുക്ക് വേണ്ടി കഷ്ടപ്പെട്ട സർക്കാരിനോടും ആരോഗ്യപ്രവർത്തകരോടും പൊലീസുകാരോടുമൊക്കെ നമ്മൾ എന്നും കടപ്പെട്ടവരാണ്. അവരില്ലെങ്കിൽ നമുക്ക് ഇന്നും ആ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷപെടാനാവില്ലായിരുന്നു."

"ശരിയാ, അവരൊക്കെ ശരിക്കും സൂപ്പർഹീറോസാണ്." നന്ദു ആവേശത്തോടെ പറഞ്ഞു. നയന പുഞ്ചിരിച്ചു.

"ഇനി മോൻ ഉറങ്ങിക്കോ." "അമ്മേ, ഞാൻ ഒരു കാര്യം പറയട്ടെ..." "ഉം, പറ" "വലുതാകുമ്പോൾ ഞാനും എന്റെ അച്ഛനെയും മുത്തശ്ശനെയും പോലെ ഒരു പൊലീസുകാരനാകും. എല്ലാവർക്കും വേണ്ടി കഷ്ടപ്പെടുന്ന ഒരു പോലീസുകാരൻ.." നായനയുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. അവൾ വാത്സല്യപൂർവ്വം നന്ദുവിന്റെ നെറുകയിൽ ചുംബിച്ചു.



ദിയമോൾ എം ആർ
10 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ