എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/തടവ്
തടവ്
അട്ടഹസിക്ക്യാ... പുറത്ത് നിന്ന്... ന്നെ പരിഹസിക്കാൻ വേണ്ടി മാത്രാ... ഒര് നാണം കെട്ട ജിന്ന്...! പക്ഷേ ഒച്ച കേക്കുമ്പോ ചെലപ്പൊ പേട്യാവും. പതുക്കെ കുണുങ്ങിക്കുണുങ്ങ്യാ തൊടങ്ങ്വ...പിന്നെ അത് പതുക്കെപ്പതുക്കെ ഇങ്ങനെ കാതടപ്പിക്കുന്ന വല്ല്യ ഒച്ചേല് അട്ടഹസിക്കും. തകരഷീറ്റിന്റെ ദ്വാരങ്ങളിലൂടെ ദേഹത്തേക്ക് മൂർച്ചയുള്ള കല്ലു വലിച്ചെറിഞ്ഞ് വേദനിപ്പിക്കും. ഇങ്ങന്യൊക്കെ ചെയ്യാനും മാത്രം ഞാനെന്താ അതിനോട് ചെയ്തേ ? പണ്ട്...ന്റെ ഉറ്റ ചങ്ങാതി ആയിരുന്നു. അതിനോടാ എല്ലാം പറഞ്ഞിരുന്നേ... വേറാരു വിശ്വസിച്ചില്ലെങ്കിലും അതിന് മനസ്സിലാവുംന്ന് തോന്നി... അതേടോ... പുറത്ത് പെരുമ്പറ കൊട്ടിപ്പെയ്യണ മഴേനെക്കുറിച്ച് തന്ന്യാ ഈ പറേണെ... അടച്ച മുറീടെ ജനലഴീക്കൂട്യാ അതിനെ പരിചയപ്പെട്ടത്... ഒന്ന് തൊട്ടോട്ടേ... എന്ന് അതെന്നോട് ആദ്യായിട്ട് ചോയ്ച്ചപ്പോ ജനലിന്റെ രണ്ട് കതകും കൊട്ടിയടച്ച് അതിനോട് പെണക്കാ എന്ന് മിണ്ടാതെ മിണ്ടി... പിന്നെ വിചാരിച്ചു... അയിനും ണ്ടാവില്ല്യേ മോഹങ്ങള്...? പിറ്റേന്ന് എല്ലാർടേം കണ്ണുവെട്ടിച്ച് മഴയത്ത് വേണ്ടോളം തുള്ളിച്ചാടി...പെണക്കൊന്നൂല്ല്യാട്ടോ എന്ന് മാനത്തു നോക്കി ഉറക്കെ വിളിച്ചുകൂവി... പിറ്റേന്ന്... ബാക്കിള്ളോരു മുഴുക്കെ തന്നെ നോക്കിപ്പറഞ്ഞത് ഒന്നു മാത്രാ... ചെകുത്താൻ കുടിയിരിപ്പാ... വീട്ടിലു പൊറുപ്പിക്കാൻ കഴിയൂല്ല... അന്ന് തൊട്ട് അതിനെ പേടിയാ... അതിനോട് മിണ്ടാണ്ടായി... പക്ഷേ ഇപ്പൊ ഞാനൊറ്റയ്ക്കല്ലാട്ടോ... ഇപ്പഴും കൂട്ട്ണ്ട്... ഒന്നല്ല , ഒരായിരം... ശവത്തിന്റെ ഗന്ധം വീർപ്പുമുട്ടിക്കണ മുറീടുള്ളില് ചിറകുകൊഴിഞ്ഞ നൂറുകണക്കിന് ഈയലുകൾ... മേലുമുഴുവൻ അരിച്ചരിച്ച് ഇങ്ങനെ സമാധാനിപ്പിക്കാൻ തലോടും... അത്ങ്ങളെ എനിക്ക് പേടിയില്ല്യ... ന്നെപ്പോലെ മഴയത്ത് ചെറകുകൊഴിഞ്ഞതല്ലേ അവരും...? ഞങ്ങള് രണ്ടുകൂട്ടരും ഒന്നല്ലേ ??? പണ്ട്... ഒരാളേ ഉണ്ടായുള്ളൂ കൂട്ടായിട്ട്... ഇന്ന് എണ്ണമറ്റ കൂട്ടുകാരാ... സ്വപ്നങ്ങൾക്ക് ചെറക് കൊട്ത്ത് പറത്തിയ ഞങ്ങടെ ചെറക് തല്ലിക്കൊഴിച്ച് മുറീലടച്ച് വേദനിപ്പിക്ക്യാ... അട്ടഹസിച്ച് പേടിപ്പിക്ക്യാ... നാണം കെട്ട ജിന്ന്.... മഴ !
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിങ്ങാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിങ്ങാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ